സംയമ - അതിരുകൾക്കപ്പുറത്തേക്കുള്ള കവാടം.
ഒരു ചോദ്യോത്തര പംക്തിയിൽ ഒരു പരിശീലകൻ സദ്ഗുരുവിന്റെ സാന്നിധ്യത്തിൽ ഈശ യോഗ കേന്ദ്രത്തിൽ നടക്കുന്ന സംയമ പ്രോഗ്രാമിനെക്കുറിച്ചു ചോദിക്കുന്നു:-
ചോദ്യം: സംയമ, കർമയെ അടർത്തിമാറ്റാൻ സംയമ സഹായിക്കുമെന്ന് ഞാൻ കേട്ടിട്ടുണ്ട്. അത് എങ്ങനെ സാധിക്കുമെന്ന് അറിയാനാഗ്രഹമുണ്ട്. ഒപ്പം സംയമയിലൂടെ ജനന മരണ ചക്രങ്ങളിൽ നിന്ന് രക്ഷനേടാനാകുമോ?
സദ്ഗുരു: ഒരു ചോദ്യോത്തര പംക്തിയിൽ ഒരു പരിശീലകൻ സദ്ഗുരുവിന്റെ സാന്നിധ്യത്തിൽ ഈശ യോഗ കേന്ദ്രത്തിൽ നടക്കുന്ന സംയമ പ്രോഗ്രാമിനെക്കുറിച്ചു ചോദിക്കുന്നു:- സദ്ഗുരു: ആത്യന്തികമായി എല്ലാ ആധ്യാത്മിക പ്രക്രിയകളും നിങ്ങളുടെ ജീവിതത്തെ വേഗത്തിൽ മുന്നോട്ടു നയിക്കുന്നതിനാണ്. നിങ്ങൾ സാധാരണ മട്ടിൽ പോവുകയാണെങ്കിൽ അതിന് ഒരു പാട് കാലമെടുക്കും. എന്നാൽ ആത്മീയ പ്രക്രിയകൾ നിങ്ങളിലെ തിടുക്കമുള്ളവർക്കായി ഉള്ളതാണ്. അവർക്ക് അവരുടെ ലക്ഷ്യത്തിലേക്ക് സാധ്യമായതിൽ ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് എത്തിച്ചേരണം. എത്ര വേഗത്തിലാണ് നിങ്ങൾക്കത് വേണ്ടതെന്ന് പറയുകയാണെങ്കിൽ അതിന് ഉചിതമായ വിധം നിങ്ങളുടെ സാധനയെ ത്വരിതപ്പെടുത്താൻ ഞങ്ങൾക്കാകും. പക്ഷേ നിങ്ങൾ ഇക്കാര്യം തീർച്ചയായും അറിഞ്ഞിരിക്കണം; കാര്യങ്ങൾ വേഗത്തിൽ മുന്നേറുമ്പോൾ അതിനു തക്കതായ രീതിയിലുള്ള അച്ചടക്കം നിങ്ങളും നിലനിർത്തേണ്ടതുണ്ട്. -------
ഇപ്പോൾ നിങ്ങളൊരു തെരുവിലൂടെ ഒറ്റയ്ക്ക് നടക്കുകയാണെന്നു കരുതുക. അല്ലെങ്കിൽ ഒരു കാനനപാതയിലൂടെ. അപ്പോൾ നിങ്ങളൊരു പുളിമരം കാണുന്നു എന്നിരിക്കട്ടെ. നിങ്ങളുടെ വായിൽ വെള്ളമൂറും. നിങ്ങൾക്ക് പുളികൾ പറിക്കാൻ സാധിക്കും. മരത്തിലെ പൂക്കളും നല്ലതാണ്, നിങ്ങൾക്കതും അൽപ്പം കഴിച്ചു നോക്കാം. നിങ്ങൾ നടന്നു പോകുമ്പോൾ ഇവയെല്ലാം രസകരമാണ്. നിങ്ങൾക്കു വേണമെങ്കിൽ മരത്തിൽ വലിഞ്ഞുകയറി വേണ്ടുവോളം പുളി പറിച്ചെടുക്കുകയും ചെയ്യാം. ഇനി നിങ്ങളൊരു കാളവണ്ടിയിൽ സഞ്ചരിക്കുകയാണെന്നു കരുതൂ. നിങ്ങൾ തിടുക്കത്തിലായിരിക്കും. എന്താണോ ലഭ്യമായത് അത് പറിച്ചെടുത്ത് മുന്നോട്ടു പോകേണ്ടി വരും. തിരഞ്ഞെടുക്കാൻ അവസരം ലഭിക്കണമെന്നില്ല. ഇനി നിങ്ങളൊരു കാറിലാണെങ്കിലോ, പറിച്ചെടുക്കൽ ഒന്നുകൂടി അപകടകരമാകും. കൈകളിലൂടെ കടന്നുപോകുന്നതെന്തോ അവ മാത്രമേ പൊട്ടിച്ചെടുക്കാനാകൂ. ഇനിയിപ്പോൾ നിങ്ങൾ ഒരു വിമാനത്തിൽ പറക്കുകയാണെങ്കിലോ, ഈ വക കാര്യങ്ങൾ ഭാവനയിൽ കാണാൻ കൂടിയാകില്ല. കൈകൾ പുറത്തേക്കിടാൻ പോലും നിങ്ങളെക്കൊണ്ട് സാധിക്കില്ല.
ഓരോരുത്തരും അവരുടെ സന്നദ്ധതയ്ക്കനുസരിച്ചുള്ള യാത്രാമാർഗങ്ങൾ തിരഞ്ഞെടുക്കുന്നു. ലക്ഷ്യത്തിലേക്കെത്താനുള്ള ആഗ്രഹം എത്ര മാത്രം ഉണ്ട് എന്നതിന്റെയോ , അല്ലെങ്കിൽ ലക്ഷ്യത്തെക്കാൾ കൂടുതൽ എത്രമാത്രം യാത്രയെ ആസ്വദിക്കാൻ താല്പര്യപ്പെടുന്നു എന്നതിന്റെയോ അടിസ്ഥാനത്തിൽ ആളുകൾ യാത്രാമാർഗ്ഗങ്ങൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. ലക്ഷ്യത്തെ കുറിച്ച് അവർ വേവലാതിപ്പെടുന്നില്ല എന്നല്ല - വേവലാതിയില്ല എന്ന് ആർക്കും പറയാനുമാകില്ല. അവർ ഇവിടെയായിരിക്കുമ്പോൾ അവർക്ക് ഒന്നിലും വേവലാതിപ്പെടേണ്ടതില്ല. കാരണം അവരിവിടെ സന്തുഷ്ടരായിരിക്കും. എന്നാൽ കാലം കടന്നു പോകുമ്പോൾ അവരും ചിന്തിക്കാൻ തുടങ്ങും. ഏവർക്കും ലക്ഷ്യത്തിലെത്തിപ്പെടണം. പക്ഷേ ചോദ്യമെന്തെന്നാൽ നിങ്ങളെല്ലാവരും അതിനായി എത്രകാലം കാത്തിരിക്കാൻ സന്നദ്ധരാണ്?
സംയമ ഒരു പ്രത്യേക പ്രക്രിയയാണ്. അതിലൂടെ ഞങ്ങൾ നിങ്ങളുടെആത്മീയ സാധനയുടെ വേഗത വർദ്ധിപ്പിക്കുന്നു, പക്ഷേ തീർത്തും സുരക്ഷിതമായ ഒരന്തരീക്ഷത്തിൽ. ഇത്തരമൊരു ചുറ്റുപാടിലല്ലാതെ നിങ്ങൾ ഇത് സ്വയം ചെയ്തു നോക്കുന്നത് അപകടകരമാണ്. ഒരു പക്ഷേ നിങ്ങളുടെ തലച്ചോറിനുപോലും ഈ ശ്രമം ആഘാതമേൽപ്പിച്ചേക്കാം. സംയമ പ്രക്രിയയിലേക്കുള്ള ആളുകളുടെ തിരഞ്ഞെടുപ്പ് ഞങ്ങൾ കൂടുതൽ കണിശമാക്കിയിരിക്കുന്നു. കാരണം കർശനമായ അച്ചടക്കവും എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ചുള്ള ശ്രദ്ധയും ഇതിലെ പങ്കാളികൾക്ക് ഉണ്ടായിരിക്കണം. മറിച്ചാണെങ്കിൽ, നിങ്ങൾ ബസ്സിൽ സഞ്ചരിക്കുകയാണെങ്കിൽകൂടി പുളിമരച്ചില്ലയിൽ നിന്ന് പിടിവിടാതിരുന്നാൽ ഒന്നുകിൽ ബസ്സ് നിർത്തേണ്ടതായുണ്ട് അല്ലെങ്കിൽ നിങ്ങളുടെ കൈത്തണ്ട ഉപേക്ഷിക്കണ്ടതായി വരും! ഇവ ഒഴിവാക്കണമെങ്കിൽ നിങ്ങൾ കൈകൾ പുറത്തിടാതെ നോക്കണം. ഈ ലോകം ചലിക്കുന്നത് നിങ്ങൾ വെറുതെ വീക്ഷിക്കൂ. നിങ്ങൾ സഞ്ചരിക്കുന്നതു പോലെയല്ല അത്. ഒരുപാടു സമയം അതിനാവശ്യമാണ്. ഒരു പക്ഷേ കോയമ്പത്തൂരിലെത്താൻ പോലും വലിയ കാലമെടുത്തേക്കാം!
അതിനാൽ സംയമ അപകടകരമാണ് എന്നതല്ല ആരെങ്കിലും അതിനു ഒരുക്കമാണോ അല്ലയോ എന്നതും അല്ല. എല്ലാവരും അതിലേക്ക് നയിക്കപ്പെടുന്നുണ്ട്, കൃത്യമായ തയ്യാറെടുപ്പുകൾ ഇല്ലാതെ ഈ ദിശയിലേക്കുള്ള നീക്കം പ്രയാസം നിറഞ്ഞതായിരിക്കാനിടയുണ്ട്. അതുകൊണ്ട് ഞാൻ പറയുന്നു, ഒരു നല്ല ജീവിതം ആണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ - നല്ലതെന്നാൽ സമാധാനപൂർവവും സന്തോഷഭരിതവും സ്നേഹനിർഭരവും ആയ ഒന്ന് - ഇന്നർ എഞ്ചിനീയറിങ്ങ്, ഭാവസ്പന്ദന എന്നീ പ്രക്രിയകൾ മാത്രം മതിയാകും. എന്നാൽ നിങ്ങൾക്ക് ജീവിതത്തിന്റെ മൂലസ്രോതസ്സിനെപ്പറ്റി അറിയാനുള്ള അതിതീവ്രമായ വാഞ്ഛ ഉണരുന്നെങ്കിൽ അതിനു വേണ്ടി കൂടുതൽ ഗൗരവമായ ശ്രമം നടത്താൻ നിങ്ങൾ തയ്യാറാണെങ്കിൽ സംയമ അതിനുള്ളതാണ്. അതായത് നിങ്ങൾ പതിയെ നിങ്ങളെ അപ്രധാനമാക്കാൻ പരിശീലിക്കുന്നു. എന്നിട്ട് നിങ്ങൾ തന്നെയാണ് സൃഷ്ടിപ്രക്രിയ മനസ്സിലാക്കുന്നതിനുള്ള ഏക തടസ്സമെന്ന് തിരിച്ചറിയാൻ സന്നദ്ധരാകുന്നു. അതേസമയം നിങ്ങൾ ഒരു കവാടമായി സ്വയം മാറുന്നു. ശരിക്കും ഒരു വാതിൽ പോലെത്തന്നെ. വാതിൽ അടഞ്ഞുകിടക്കുമ്പോൾ അതൊരു തടസ്സമാണ് എന്നാൽ തുറന്നുകിടക്കുമ്പോഴോ അതൊരു പ്രവേശന മാർഗവും. നിങ്ങളുടെ കാര്യത്തിലെങ്ങനെ നിങ്ങൾക്ക് തന്നെ സാദ്ധ്യതയും തടസ്സവും ആകാൻ കഴിയും? വാതിൽ അടഞ്ഞുകിടക്കുന്നു എന്നാൽ നിങ്ങൾക്കതിലൂടെ കടന്നുപോകാനാവില്ല എന്നുതന്നെയാണർത്ഥം. എന്നാൽ വാതിൽ തുറക്കാനൊരു മാർഗമുണ്ടെങ്കിലോ? ഇപ്പോൾ അടഞ്ഞുകിടക്കുകയായിരിക്കാം എന്നാൽ തുറക്കാനുള്ള ഒരു സാധ്യത നിലനിൽക്കുന്നുണ്ടല്ലോ. വാതിൽ പാറകൊണ്ട് ഉള്ളതാണെങ്കിൽ അതൊരു വ്യത്യസ്ത വിഷയമാണ്. എന്നാൽ ഇപ്പോഴുള്ളത് ഒരു വാതിലാണെന്നു കരുതുക. ആരോ അത് അടച്ചിട്ടിരിക്കുകയാണ്. എന്നാൽ നിങ്ങൾ സന്നദ്ധരെങ്കിൽ നിങ്ങൾക്ക് അത് തുറക്കാൻ സാധിക്കും.
അതുകൊണ്ട് സംയമ എന്നത് ആ തലമാണ് - എന്താണോ അതാര്യമായത് നമുക്കത് സുതാര്യമാക്കാം. പൂർണമായും സുതാര്യമാക്കാനായില്ലെങ്കിൽക്കൂടി പ്രകാശഭേദ്യമായ ഒന്നാക്കി മാറ്റാം. ജീവിതത്തിന്റെ ഇതുവരേ അപ്രാപ്യമായിരുന്ന ഒരു തലത്തിലേക്ക് പൂർണമായി അലിയാൻ കഴിഞ്ഞില്ലെങ്കിലും കുറഞ്ഞ പക്ഷം അങ്ങനെയൊന്നുണ്ട് എന്ന് വ്യക്തമായി കാണാൻ നിങ്ങൾക്കു കഴിയും. ഒരിക്കലെങ്കിലും ആ കാഴ്ച സാധ്യമായാൽ പിന്നീടൊരിക്കലും സ്വയം വിഡ്ഢിയായിരിക്കാൻ നിങ്ങൾക്കാവില്ല. നിങ്ങൾക്കറിയാം നിങ്ങൾക്ക് അതിലേക്ക് എത്തിച്ചേരണമെന്ന്.
Editor's Note: Learn more about the Samyama program.