സദ്‌ഗുരു: നിങ്ങൾ കോയമ്പത്തൂർ നിന്നും ഡൽഹി വരെ വിമാനത്തില്‍ യാത്ര ചെയ്യുകയാണെന്ന് വെക്കൂ; പുറത്തേക്കു നോക്കിയാൽ ഓരോ അഞ്ചു മിനുട്ടിലും നിങ്ങള്ക്ക് കാണാനാവുക ഒരു തവിട്ടു നിറത്തിലുള്ള മരുഭൂമിയായിരിക്കും. പശ്ചിമഘട്ടം മാത്രമാണ് ഇതില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നത്. ഈ അവസ്ഥയിലേക്ക് വഴിനടത്തിയത് നിരുത്തരവാദപരമായ കാർഷികവൃത്തിയാണ്. ഇന്ന് ഇന്ത്യൻ കരഭൂമിയുടെ 84 ശതമാനവും കൃഷിയാവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. നമുക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ 93 ശതമാനം ആളുകളും കൃഷി ചെയ്താണ് ഉപജീവനം നടത്തിയിരുന്നത്. പരമ്പരാഗതമായി നമ്മൾ കൃഷിക്കാരല്ലായിരുന്നു എന്നതാണ് ഇതിനു കാരണം. നമ്മുടെ രാജ്യത്തിൻറെ ചരിത്രം പരിശോധിച്ചാൽ മനസിലാവും, 250 വര്ഷങ്ങള്ക്കു മുൻപ് നമ്മളായിരുന്നു മറ്റു രാജ്യങ്ങളിലേക്ക് ഏറ്റവും അധികം തുണി കയറ്റുമതി നടത്തിയിരുന്നത്. ലോകത്തിലെ മൊത്തം കയറ്റുമതിയിൽ 33 ശതമാനവും ഇന്ത്യയിൽ നിന്നായിരുന്നു! നമ്മുടെ ജനസംഖ്യയുടെ ഏകദേശം 40-45 ശതമാനവും ആളുകൾ തുണിമില്ലുകളിലാണ് പ്രവർത്തിച്ചിരുന്നത്. നമ്മൾ ഒരിക്കലും അസംസ്കൃതമായ പരുത്തി കയറ്റുമതി ചെയ്തിരുന്നില്ല, കാരണം, നമ്മുടെ പരുത്തി അത് അത്രയും മെച്ചപ്പെട്ട ഗുണനിലവാരത്തിലുള്ളതായിരുന്നില്ല. പക്ഷെ, അതേ പരുത്തി ഉപയോഗിച്ച്, പിന്നെ സിൽക്കും(പട്ട്) ചണനൂലും എന്നുവേണ്ട മണ്ണില്‍ വളരുന്ന ഓരോ നാരിഴയും ഉപയോഗിച്ച് നമ്മൾ തുണിത്തരങ്ങളിൽ മന്ത്രികജാലങ്ങൾ നെയ്തെടുക്കുകയായിരുന്നു. വിവിധ തരത്തിലുള്ള 140 ലധികം നെയ്തുവേലകൾ ഒരു ജാലവിദ്യ പോലെ അതിമനോഹരമായി മെനഞ്ഞെടുത്തതിലൂടെ നമ്മൾ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാവുകയായിരുന്നു.

പക്ഷെ, കൊല്ലവർഷം 1800 നും 1860 നും ഇടയിൽ നമ്മുടെ തുണി കയറ്റുമതി 94 ശതമാനത്തോളം താഴോട്ടു പോയി. ഇത് ബ്രിട്ടീഷുകാർ കൃത്യമായി ഗൂഢാലോചനയിലൂടെ രൂപപ്പെടുത്തിയ ഒരു പദ്ധതി ആയിരുന്നു, അല്ലാതെ അപ്രതീക്ഷിതമായി ഇടിഞ്ഞു പോയതല്ല. അത് എങ്ങിനെയാണെന്നല്ലേ – ആദ്യം അവർ നമ്മുടെ നെയ്ത്തുയന്ത്രങ്ങൾ തല്ലിത്തകർത്തു - പിന്നെ, കടകമ്പോളങ്ങൾ നശിപ്പിച്ചു - കൂടാതെ, എല്ലാ തുണിത്തരങ്ങൾക്കും മൂന്ന് തവണയിലധികം നികുതി ചുമത്തി - അതിനുശേഷം അവരുടെ രാജ്യത്തുനിന്നും തുണികൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തു. ബ്രിട്ടീഷ് ഗവർണർ ജനറൽ വില്യം ബെന്റിങ്ക്‌ ഒരിക്കൽ പറഞ്ഞു, “ ഇന്ത്യൻ തുണി നെയ്ത്തുകാരുടെ എല്ലുകൾ കൊണ്ട് ഇന്ത്യയുടെ പാടശേഖരങ്ങൾ ചായം പൂശിയിരിക്കുന്നു” എന്ന്. ലക്ഷോപലക്ഷം ജനങ്ങൾ പട്ടിണി കൊണ്ട് മരിക്കാൻ തുടങ്ങി കാരണം അവരുടെ ഉപജീവനമാർഗം നശിപ്പിച്ചുകളഞ്ഞുവല്ലോ. ബാക്കിവന്നവർ നിലം ഉപയോഗിച്ച് തന്നെ എന്തൊക്കെയോ ചെയ്തു ഉപജീവനം നയിക്കാൻ തുടങ്ങി. നിലനിൽപ്പിനു വേണ്ടിയുള്ള കാര്ഷികവൃത്തിയായി പിന്നെ എല്ലായിടത്തും.

 

അവരൊരിക്കലും പരമ്പരാഗത കൃഷിക്കാരായിരുന്നില്ല. വിവിധ തരത്തിലുള്ള തുണിവ്യവസായത്തിൽ ഉൾപ്പെട്ടിരുന്നവർ ഒരു നിവൃത്തിയുമില്ലാതെ ജീവിക്കാൻ വേണ്ടി കൃഷി ചെയ്യാൻ തുനിഞ്ഞിറങ്ങിയവരായിരുന്നു. ഇന്ത്യക്കു 1947 ൽ സ്വാതന്ത്ര്യം കിട്ടുമ്പോൾ 90 ശതമാനത്തിലധികം ആളുകളും കൃഷിക്കാരായിരുന്നു എന്നതാണ് വാസ്തവം. ഇന്നത് 70 ശതമാനമായി കുറഞ്ഞിരിക്കുന്നു. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, പത്തു പേർക്ക് ഭക്ഷണം കഴിക്കാനായി 7 പേർ അടുക്കളയിൽ പണിയെടുക്കുന്നു എന്ന് പറയുന്നതുപോലെയാണ്. അതൊരു കാര്യക്ഷമമായ പ്രവൃത്തിയല്ല, അല്ലെ? ഇതിനൊരു പ്രധാന കാരണം ഉണ്ട്, നമുക്കുള്ള കൃഷിയിടങ്ങളിലെല്ലാം കുറച്ചു കുറച്ചു മാത്രം ഉഴുത് മറിക്കുകയും അതിലൂടെയുള്ള നിര്‍മ്മിതി കുറവായത് കൊണ്ടുമാണ്. ഇത് ശരിയല്ല. വിപ്ലവകരമായൊരു മാറ്റത്തിലൂടെ ഈ പ്രക്രിയ നമ്മൾ ശുദ്ധീകരിച്ചില്ലെങ്കിൽ നമ്മുടെ പരമ്പരാഗത കാർഷികവൃത്തി നശിച്ചുപോവുകയേയുള്ളൂ.

ചില സ്ഥലങ്ങളില്‍ ആളുകൾ ആയിരക്കണക്കിന് വര്‍ഷങ്ങളായി തലമുറതോറും ഒരേ നിലം തന്നെ ഉഴുതുകൊണ്ടിരിക്കയാണ്. ആ നിലത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്നുവെച്ചാൽ, ഗുണനിലവാരം വളരെ താഴ്ന്നു താഴ്ന്ന് ഒരു മരുഭൂമി കണക്കെ അധപതിച്ചു പോയിരിക്കുന്നു. മരങ്ങളെല്ലാം വെട്ടിനശിപ്പിക്കുകയും കന്നുകാലികളെ ഇറച്ചിക്കുവേണ്ടി അന്യനാട്ടിലേക്കു കയറ്റുമതി നടത്തുകയും ചെയ്തതാണ് നിലത്തിന്റെ ഇപ്പോഴത്തെ ഈ ദുരവസ്ഥയില്‍ എത്തിയത്. നമ്മൾ ഒന്ന് മനസിലാക്കണം - നമ്മൾ മറ്റൊരു രാജ്യത്തേക്ക് കയറ്റുമതി ചെയ്യുന്നത് നമ്മുടെ മൃഗങ്ങളെയല്ല, നമ്മുടെ തന്നെ ഭൂമിയുടെ ഉപരിതലമാണ്. ഇത്തരമൊരു പ്രവര്‍ത്തി നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ ഈ ഭൂമിയെ പിന്നെങ്ങനെയാണ് നമ്മൾ സംരക്ഷിക്കുക? മണ്ണിനെ ഫലഭൂയിഷ്ടമാക്കണമെങ്കിൽ, ജൈവഘടകങ്ങൾ മണ്ണിനുള്ളിലേക്കു കടന്നുചെന്നേ മതിയാകൂ. വൃക്ഷലതാദികളും മൃഗമാലിന്യങ്ങളുമില്ലെങ്കിൽ മണ്ണിനെ അതിന്റെ തനിസ്വരൂപത്തിലേക്കു തിരിച്ചു കൊണ്ടുവരാനാകില്ല.

ഇന്ത്യയിലെ എല്ലാ കാർഷിക കുടുംബത്തിനും ഈ അടിസ്ഥാനജ്ഞാനം ഉണ്ടായിരുന്നു – കൃത്യമായി പറഞ്ഞാൽ, ഒരു പ്രത്യേക അളവ് ഭൂമിയെ ഫലഭൂയിഷ്ടമാക്കാൻ എത്ര മാത്രം മൃഗങ്ങളും എത്ര മാത്രം വൃക്ഷങ്ങളും കൂടെ വേണമെന്നുമുള്ള അറിവ്. ഇന്ത്യയിലെ പഴയ പ്ലാനിംഗ് കമ്മീഷൻ്റെ അഭിലാഷമായിരുന്നു നമ്മുടെ ജനസംഖ്യയുടെ 33 % ആളുകളെങ്കിലും ഒരു വൃക്ഷത്തണലിൽ വിശ്രമിക്കാനുള്ള അവസരമുണ്ടാകണമെന്നത്. നമ്മുടെ മണ്ണിനെ സംരക്ഷിക്കണമെങ്കിൽ വൃക്ഷങ്ങൾ അനിവാര്യമാണ് എന്നതായിരുന്നു അതിന്റെ ലക്‌ഷ്യം. ഇനി പറയാൻ പോകുന്ന കാര്യം ഈ രാജ്യത്തെ ഒരു നിയമമാക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്, അതെന്താണെന്ന് വച്ചാല്‍- ആർക്കെങ്കിലും ഒരു ഹെക്ടർ എങ്കിലും ഭൂമി ഉണ്ടെങ്കിൽ, അഞ്ചു കന്നുകാലികളെങ്കിലും നിർബന്ധമായും ആ ഭൂമിയിൽ അധിവസിച്ചിരിക്കണം. അതിനു തയ്യാറല്ലെങ്കിൽ ആ ഭൂമി മറ്റാർക്കെങ്കിലും കൈമാറിയിരിക്കണം - അങ്ങിനെ സംഭവിച്ചില്ലെങ്കിൽ താമസിയാതെ ആ ഭൂമി നശിച്ചു പോകും. നിങ്ങള്‍ ആ ഭൂമിയെ കൊല്ലുകയാണ്..

 

നമ്മുടെ മണ്ണിനെപ്പറ്റി അതിശയകരമായ ഒരു വാസ്തവമുണ്ട് – ഇതിനു ശാസ്ത്രീയമായ അടിസ്ഥാനമുണ്ട് എങ്കിലും ശാസ്ത്രീയമായി വിശദീകരിക്കാനാവുന്നില്ല. അതെന്താണെന്നുവെച്ചാൽ, ഈ നാട്ടിലെ ഏതെങ്കിലും ഒരിടത്തെ ഫലഭൂയിഷ്ഠമായ ഒരു പ്രദേശത്തുപോയി ഒരു ക്യൂബിക് മീറ്റർ മണ്ണെടുത്തു പരിശോധിച്ചാൽ ആ ചെറിയ സാംപിളിൽ തന്നെ പതിനായിരത്തിലധികം വിവിധ തരത്തിലുള്ള ജീവജാലങ്ങളെ നമുക്ക് കാണാനാകും. ഇത്രയധികം ജീവൻ ഇത്ര ചെറിയ ചുറ്റളവിൽ തിങ്ങിപ്പാർക്കുന്നതു ഈ ലോകത്തെന്നല്ല മറ്റൊരു ഗ്രഹത്തിലും കാണാനാകില്ല. എന്തുകൊണ്ടങ്ങിനെ എന്ന് ആർക്കും പറയാനാകില്ല. അത്രയും വിശിഷ്ടമായ ഈ ഭൂമിക്കു നമ്മുടെ ഒരു ചെറിയ സഹായം ആവശ്യമുണ്ട്. അത് നിറവേറ്റിക്കൊടുത്താൽ പെട്ടെന്നുതന്നെ നമുക്ക് അതിനുള്ള പ്രതിഫലം കിട്ടും. പക്ഷെ, ആ കൊച്ചു സഹായമെങ്കിലും നിറവേറ്റിക്കൊടുക്കാനുള്ള മാനസികാവസ്ഥ ഇന്നത്തെ തലമുറയ്ക്ക് ഉണ്ടാകുമോ അതോ ഒന്നും ചെയ്യാതെ കണ്മുന്നിൽ അതിന്റെ മരണത്തെ കണ്ടുകൊണ്ട് വെറുതെ ഇരിക്കുമോ?

ഉദാഹരണത്തിന്, കാവേരി നദീതടപ്രദേശം ഏകദേശം 85,000 കിലോമീറ്റർ സമചതുരത്തിലാണ് പരന്നുകിടക്കുന്ന്നതു. കഴിഞ്ഞ 50 വർഷത്തിനുള്ളിൽ, 87% പച്ചപ്പ്‌ കാവേരിയിൽ നിന്നും നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ കാവേരിയെ ഉദ്ധരിക്കാനായി “കാവേരി കോളിംഗ് ” എന്ന് പേരിൽ ഞാൻ ഒരു പ്രചാരണം തുടങ്ങി. മൂന്നില് ഒരു ഭാഗമെങ്കിലും കാവേരി നദീതടം മറയ്ക്കണമെങ്കിൽ 242 കോടി മരങ്ങൾ നട്ടുപിടിപ്പിക്കേണ്ടതുണ്ട്. അതായതു 2.42 ശതകോടി മരങ്ങൾ. ഇത് മുഴുവൻ ഇഷ ഫൌണ്ടേഷൻ നട്ടുപിടിപ്പിക്കാൻ പോകുന്നുവെന്നല്ല. കാർഷിക വനവൽക്കരണമെന്ന ആശയം സാമ്പത്തികമായി ലാഭകരമാണെന്നു കാണിച്ചുകൊടുത്തു കർഷകരെ ബോധവൽക്കരിക്കുകയാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം..

കർണാടകത്തിലെ ഒരു ശരാശരി കൃഷിക്കാരൻ ഒരു ഹെക്ടറിന് 42,000 രൂപ വരെ സമ്പാദിക്കുന്നുണ്ട്. തമിഴ്‌നാട്ടില് അത് 46,000 രൂപയാണ്. ആദ്യത്തെ അഞ്ചു വർഷം കൊണ്ടുതന്നെ, ഈ കൃഷിക്കാരന്റെ ശരാശരി സമ്പാദ്യം 45,000 ത്തിൽ നിന്നും 360,000 രൂപയായി ഉയർത്താൻ കഴിയും. ഒരിക്കൽ ആളുകൾ ഇതിന്റെ സാമ്പത്തിക നേട്ടം മനസിലാക്കിയാൽ പിന്നെ നമ്മൾ ആരെയും ഒന്നും ബോധ്യപ്പെടുത്തേണ്ടതില്ല. അവരതു താനേ ചെയ്തോളും. ഇവിടുത്തെ എല്ലാ ആളുകളും അവരുടെ കൈവശഭൂമിയുടെ മൂന്നിലൊന്നു കാർഷിക വനവൽക്കരണത്തിനായി വിനിയോഗിച്ചാൽ, അവരുടെ വരുമാനം അളവറ്റുയരുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടാ. അതുവഴി ഈ മണ്ണ് സമ്പുഷ്ടമാവുകയും ചെയ്യും.

Editor’s Note: 242 കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിനും കാവേരി സംരക്ഷിക്കുന്നതിനും കർഷകരെ സഹായിക്കാനുള്ള പ്രചാരണമാണ് കാവേരി കോളിംഗ്. ഇത് തടത്തിൽ വെള്ളം നിലനിർത്തുന്നത് വർദ്ധിപ്പിക്കും, അതേസമയം കർഷകരുടെ വരുമാനം അഞ്ചിരട്ടിയായി ഉയർത്തും. മരങ്ങൾ നട്ടുപിടിപ്പിക്കാൻ സംഭാവന ചെയ്യുക. സന്ദർശിക്കുക : CauveryCalling.Org or call 80009 80009. #CauveryCalling