ചോദ്യകർത്താവ്: ഞാൻ ഈ ദൈനംദിന കാര്യങ്ങളെല്ലാം ഉപേക്ഷിച്ച്, യഥാർത്ഥത്തിൽ "ഞാൻ" ആരാണെന്നതിനെക്കുറിച്ച് മനസ്സിലാക്കുന്നതിനായി എന്നെത്തന്നെ മുഴുവനായും സമർപ്പിക്കാനാഗ്രഹിക്കുന്നു. പക്ഷേ എന്റെ കുടുംബത്തെപ്പറ്റി ഞാൻ ചിന്തിക്കുന്ന നിമിഷം, സകലതും അപ്രധാനമായിപ്പോകുന്നു. ഇത്  ഞാൻ സന്തുലനം ചെയ്തെടുക്കുന്നതെങ്ങനെ?

സദ്ഗുരു: അപ്പോൾ, നിങ്ങളുടെ കുടുംബം വ്യാജമായ "നിങ്ങളോ”ടൊപ്പമാണ് ജീവിക്കുന്നത്. എത്ര ഭീകരം! ആളുകൾ “ആത്മസാക്ഷാത്‍കാരം” എന്ന വാക്ക്‌ കേൾക്കുമ്പോൾ, ഒരുപക്ഷേ അതവരുടെ മനസ്സിൽ ഏതോ ഒരു ഹിമാലയൻ ഗുഹയെക്കുറിച്ചുള്ള സങ്കല്പങ്ങളുണർത്തുന്നുണ്ടാകാം. ഇതുവരെ നിങ്ങളുടെ അനുഭവത്തിലില്ലാത്ത ഒരു കാര്യത്തെക്കുറിച്ച്  സംസാരിക്കുവാൻ ഞാനാഗ്രഹിക്കുന്നില്ല, കാരണം നമ്മളതിനെക്കുറിച്ചു സംസാരിക്കുന്ന നിമിഷം, നിങ്ങൾക്ക് യാഥാർത്ഥ്യവുമായുള്ള ബന്ധം നഷ്ടപ്പെട്ടുപോകും. ഇതുവരെ നിങ്ങളുടെ അനുഭവത്തിലില്ലാത്ത യാഥാർത്ഥ്യങ്ങളെ നിങ്ങൾ വിശ്വസിക്കാൻ തുടങ്ങിയാൽ, നിങ്ങൾ നിലനിൽക്കുന്ന യാഥാർത്ഥ്യത്തിൽ നിങ്ങൾക്കുള്ള ആനുകൂല്യം നഷ്ടപ്പെടും.

നിർഭാഗ്യവശാൽ, ഇതാണ് ലോകത്തിൽ ആത്മീയതയുടെയും മതത്തിന്റെയും പേരിൽ സംഭവിച്ചിരിക്കുന്നത്. കാര്യങ്ങൾ സാധ്യമാക്കുന്നൊരു ഘടകമല്ല ദൈവം, നിർഭാഗ്യവശാൽ ദൈവം മിക്ക ആളുകളുടെയും ജീവിതങ്ങളിൽ അസാധ്യത കൊണ്ടുവരുന്നൊരു ഘടകമാണ്, കാരണം അവർ വിശ്വസിക്കുന്നത് തങ്ങളുടെ ഭക്ഷണം, അതിജീവനം, ആരോഗ്യം, വ്യാപാരം എന്നീ കാര്യങ്ങളെല്ലാം ദൈവം നോക്കിക്കൊള്ളുമെന്നാണ്. അതിനാൽ, ഏതെങ്കിലും നിഗൂഢ മാർഗ്ഗത്തിലൂടെയോ മറ്റേതെങ്കിലും മാനത്തിലൂടെയോ നിങ്ങളെ അറിയുന്നതിനെക്കുറിച്ച് നമുക്ക് സംസാരിക്കേണ്ട. നമുക്ക് നിരീക്ഷിക്കുവാൻ കഴിയുന്ന ഏറ്റവും പ്രായോഗികമായ മാർഗ്ഗത്തിലൂടെ നിങ്ങളെ അറിയുന്നത് സംബന്ധിച്ച് നമുക്ക് സംസാരിക്കാം.

നിങ്ങളുടെ സഹായപുസ്തകം വായിച്ചറിയൽ

നിങ്ങൾക്ക്‌ എന്തിനെയെങ്കിലും പ്രവർത്തിപ്പിക്കണമെങ്കിൽ, ഉദാഹരണമായി നിങ്ങൾക്ക് നിങ്ങളുടെ മോട്ടോർ സൈക്കിൾ അല്ലെങ്കിൽ കാർ ഓടിക്കണമെന്ന് കരുതുക. ആ യന്ത്രത്തെക്കുറിച്ച് നിങ്ങൾ കൂടുതൽ ഗ്രഹിക്കുന്നതിനനുസരിച്ച് അതുകൊണ്ട് നിങ്ങൾക്കെന്തൊക്കെ ചെയ്യാൻ കഴിയുമെന്ന കാര്യത്തിൽ നിങ്ങൾക്ക്  കൂടുതൽ നിയന്ത്രണശക്തിയും സ്വാതന്ത്ര്യവും ലഭിക്കുന്നു.

നിങ്ങളുടെ കാറായാലും കമ്പ്യൂട്ടറായാലും നിങ്ങളുടെ സെൽഫോൺ ആയാൽപ്പോലും, അതിനെക്കുറിച്ച്  നിങ്ങൾ എത്രയേറെ അറിയുന്നുവോ, അത്രയേറെ നന്നായി നിങ്ങൾക്കതിനെ ഉപയോഗപ്പെടുത്തുവാൻ കഴിയും. അല്ലെങ്കിൽ, നിങ്ങൾക്ക് ചുറ്റുമുള്ളവരുമായിപ്പോലും - നിങ്ങളുടെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ നിങ്ങളോടൊപ്പം ജോലി ചെയ്യുന്നവരോ -  അവരെ നിങ്ങൾ എത്രയേറെ നന്നായി അറിയുന്നുവോ, അത്രയേറെ നല്ല രീതിയിൽ നിങ്ങൾക്കവരുമായി ഇടപെടാൻ കഴിയുന്നു. നിങ്ങൾ കൈകാര്യം ചെയ്യുവാനാഗ്രഹിക്കുന്നത് എന്തുതന്നെയായാലും, അതിനെക്കുറിച്ച് നിങ്ങൾ കൂടുതൽ അറിയുന്നതിനനുസരിച്ച് നിങ്ങൾക്കതിനെ കൂടുതൽ നന്നായി കൈകാര്യം ചെയ്യുവാൻ സാധിക്കുന്നു.

നിങ്ങൾ ഈ വസ്തുത സ്വന്തം കാര്യത്തിൽ എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല? "ഞാൻ" എന്ന് നിങ്ങൾ സൂചിപ്പിക്കുന്ന ഈ ഒരു ശകലം ജീവനെക്കുറിച്ച് നിങ്ങൾ കൂടുതൽ അറിയുന്നതിനനുസരിച്ച് അതിന്മേൽ നിങ്ങൾക്കുള്ള സ്വാധീനവും അതിനെ കൈകാര്യം ചെയ്യുവാനുള്ള നിങ്ങളുടെ പ്രാപ്തിയും വർധിക്കുന്നു. ഇത് തീർച്ചയായും നിങ്ങൾക്ക് ജീവനിലേക്ക് കൂടുതൽ പ്രവേശനം നൽകുന്നു.

മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഈ ഒരു ശകലം ജീവനെ ഇപ്പോൾ നിങ്ങൾ അറിയുന്ന രീതിയെക്കാൾ എത്രയോ നന്നായി അറിയുന്ന ഒരു മാർഗ്ഗമാണ് ആത്മസാക്ഷാത്കാരം. നിങ്ങളുടെ ചിന്താപ്രക്രിയ, നിങ്ങളുടെ വ്യക്തിത്വം, നിങ്ങളുടെ മനോവികാരങ്ങൾ എന്നിവയെക്കുറിച്ച് നിങ്ങൾ കുറച്ചൊക്കെ അറിഞ്ഞിട്ടുണ്ടാകാം - ഇതിനകം നിങ്ങൾ മാനസികാപഗ്രഥനത്തിന് വിധേയമായിട്ടുണ്ടാകാം - എന്നിരിക്കിലും ഈ ജീവന്റെ പ്രകൃതത്തെക്കുറിച്ച് നിങ്ങൾ ഒന്നുമറിയുന്നില്ല - ഇതെങ്ങനെ സംഭവിക്കുന്നു, എവിടെ നിന്നാണിത് വരുന്നത്, എവിടേക്കാണിത് പോകുന്നത്, ഇതിന്റെ സ്വഭാവമെന്താണ്. നിങ്ങൾ കൈകാര്യം ചെയ്യുന്ന യന്ത്രത്തെക്കുറിച്ച്  നിങ്ങൾക്ക് ഒന്നുമറിയില്ലെങ്കിൽ, നിങ്ങളതിനെ കൈകാര്യം ചെയ്യുന്നത് ആകസ്മികമായിട്ടായിരിക്കും.

ചിന്തിച്ച് നോക്കൂ. ഈ ഒരു ശകലം ജീവനെക്കുറിച്ച് നിങ്ങൾക്കെന്തറിയാം? നിങ്ങൾ ആകസ്മികമായി ജീവിക്കുകയും ഒരാകസ്മികതയായി ഇവിടെ നിലകൊള്ളുകയും ചെയ്‌താൽ, നിങ്ങൾ ഒരു സംഭവിക്കാവുന്ന  വിപത്താണ്. യഥാർത്ഥത്തിൽ നിങ്ങൾ ഒരു വിപത്തായിത്തീർന്നാലും ഇല്ലെങ്കിലും, സംഭവിക്കാൻ സാധ്യതയുള്ള ഒരു വിപത്താണ് നിങ്ങൾ. നിങ്ങളിവിടെ ഒരു വിപത്തിന്റെ സാധ്യതയായാണ്  ജീവിക്കുന്നതെങ്കിൽ, ഉൽക്കണ്ഠയും ഭയവും തികച്ചും സ്വാഭാവികമാണ്. അങ്ങനെയാണ് ജീവിതം സംഭവിക്കുന്നത്.

ആത്മസാക്ഷാത്കാരമെന്നത് ഏതോ ഒരു യോഗി ഹിമാലയത്തിലെ ഒരു ഗുഹയിലിരുന്നു ചെയ്യുന്ന വിചിത്രമായ എന്തോ സംഗതിയാണെന്ന് കരുതരുത്. അത് അതിനെ സംബന്ധിക്കുന്നതല്ല. നിങ്ങൾക്ക് ഒരുതരം അനായാസതയോടെ ജീവിക്കണമെന്നുണ്ടെങ്കിൽ, ഈ ജീവനെ നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട് എന്നത്  മാത്രമാണത്. ഇത് നിങ്ങൾ അന്വേഷിച്ചറിയുന്നില്ലെങ്കിൽ, അനായാസതയോടെ നിങ്ങളെങ്ങനെ ജീവിക്കും? അനായാസത ഇല്ലെങ്കിൽ പിന്നെ ആനന്ദത്തിന്റെ വിഷയം ഉദിക്കുന്നേയില്ല.

നിങ്ങളുടെ ജീവിതത്തിൽ അനായാസതയും ആനന്ദവുമില്ലെങ്കിൽ, "നിലനിൽക്കണോ വേണ്ടയോ?" എന്നിങ്ങനെ ചോദ്യങ്ങളുയർന്നുവരും. ഇതു വളരെ വിവേകപൂർണ്ണമായൊരു ചോദ്യമാണെന്ന് ആളുകൾ കരുതുന്നു. നിങ്ങൾക്ക് സ്വയം ചോദിക്കാവുന്ന ഏറ്റവും വിവേകശൂന്യമായ കാര്യമാണിത്. ഈ ജീവനപ്രക്രിയ എത്രയും ബൃഹത്തായൊരു പ്രതിഭാസമാണ്, എന്നിട്ടും നിങ്ങൾ ചോദിക്കുന്നു, "നിലനിൽക്കണോ വേണ്ടയോ?" എന്ന്. മനസ്സിൽ ഇത്തരം നിസ്സാരമായ ചോദ്യങ്ങളുയരാൻ കാരണം, മനുഷ്യനായിരിക്കുക എന്നതിന്റെ ബാഹുല്യം ആളുകൾ ഗ്രഹിച്ചിട്ടില്ല എന്നതാണ്. ആത്മസാക്ഷാത്‌കാരമെന്നത് ഒരു തിരഞ്ഞെടുക്കൽ അല്ല; അത് നിർബന്ധമായി വേണ്ടതാണ്.