ജീവിതപാഠം #1: അസത്യങ്ങളെ കൊല്ലുക

 

സദ്ഗുരു: നിങ്ങളുടെ ജീവിതത്തിൽ ആവശ്യമില്ലാത്ത ഒരു കാര്യമെങ്കിലും തിരിച്ചറിയാൻ ഒരു മിനിറ്റ് സമയം ചിലവഴിക്കുക, അതിനെ ഇന്ന് തന്നെ കൊല്ലുക. "കൊല്ലുക" എന്ന് ഞാൻ പറയുമ്പോൾ നിങ്ങളുടെ ബോസിനെയോ അമ്മായിയമ്മയെയോ അയൽക്കാരനെയോ കുറിച്ച് ചിന്തിക്കാൻ തുടങ്ങരുത്. നിങ്ങളുടെ ജീവിതത്തിന് അനാവശ്യമായ എന്തെങ്കിലും നിങ്ങൾ ഇല്ലാതാക്കണം. "ഞാൻ എന്റെ കോപത്തെ കൊല്ലും" എന്നതുപോലുള്ള ഒന്ന് വളരെ സാമാന്യമായിരിക്കും, ഇത് നിശ്ചയദാർഢ്യത്താൽ നിങ്ങൾക്ക് നേടാനാകുന്ന ഒന്നല്ല - അതിന് അവബോധം ആവശ്യമാണ്.

 

 

എന്തിനെയൊക്കെ ഇല്ലായ്മ ചെയ്താലാണോ നിങ്ങളുടെ ജീവിതം കൂടുതൽ മെച്ചപ്പെടുന്നത്, അതിൽ ഒന്നിനെ തിരിച്ചറിയുക, നിങ്ങൾക്ക് ഇന്ന് കൃത്യമായ ഒരു ചുവടുവെപ്പ് നടത്താൻ കഴിയുന്ന ഒന്ന്  - അത് എത്ര ചെറുതാണെങ്കിലും പ്രശ്നമല്ല. എന്തുതന്നെയായാലും നിങ്ങൾ ഇനി അത് ചെയ്യില്ല എന്ന് നിശ്ചയിക്കാൻ കഴിയുന്ന ഒരു ചെറിയ കാര്യം തിരഞ്ഞെടുക്കുക. "ഞാൻ ദേഷ്യപ്പെടില്ല" എന്നത് ഒരു നുണയായിരിക്കും, കാരണം അത് ഇതുവരെ നിങ്ങളുടെ നിയന്ത്രണത്തിലല്ല, എന്നാൽ അത്  "ഞാൻ മോശം വാക്കുകൾ ഉപയോഗിക്കില്ല " എന്നതുപോലുള്ള ഒന്നായിരിക്കാം.

 

നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നതും നിങ്ങൾ ചെയ്യുമെന്നുമുള്ളതുമായ എന്തെങ്കിലും തീരുമാനിക്കുക. ഇങ്ങനെയാണ് ജീവതത്തിനെ പരിവർത്തനപ്പെടുത്തുന്നത്- ചെറിയ ചുവടുകൾ വെച്ചുകൊണ്ട്. എന്നാൽ നിങ്ങൾ അത് യഥാർത്ഥത്തിൽ ചെയ്യണം - അത് വീണ്ടും സംഭവിക്കരുത്. നിങ്ങൾ എന്തിനെയെങ്കിലും കൊല്ലുകയാണെങ്കിൽ, അത് മരിച്ചിരിക്കണം. നിങ്ങൾക്ക് ജീവിത സത്യത്തിലേക്ക് നീങ്ങണമെങ്കിൽ, സത്യമല്ലാത്തതിലുള്ള നിങ്ങളുടെ നിക്ഷേപം കുറയ്ക്കേണ്ടതുണ്ട്. എല്ലാം പെട്ടെന്ന് അപ്രത്യക്ഷമാകണമെന്നില്ല, പക്ഷേ നിങ്ങൾ അത് ഘട്ടം ഘട്ടമായി കുറയ്ക്കണം.

 

ജീവിതപാഠം #2: നിലവിലുള്ള അവസ്ഥയെ മാറ്റുക

 

ജീവിതത്തിൽ മാറ്റണം എന്നു തോന്നുന്ന കാര്യങ്ങളിലേക്ക് നോക്കുക, അതിനെക്കുറിച്ച് എന്തെങ്കിലും ചെയ്യുക. നിങ്ങൾക്ക് മാറ്റാൻ കഴിയാത്ത കാര്യങ്ങളെക്കുറിച്ചോർത്ത് കരയുന്നത് തൽസ്ഥിതിയിൽ തുടരാനുള്ള ഒരു തന്ത്രമാണ്. മാസത്തിൽ ഒരിക്കലെങ്കിലും, എല്ലാ പൗർണ്ണമി ദിനത്തിലും, ബോധപൂർവം ഇതിലേക്ക് നോക്കുക, നിങ്ങൾ മാറ്റാൻ ആഗ്രഹിക്കുന്ന ഒരു ചെറിയ കാര്യത്തെ കണ്ടെത്തുക. "ഓരോ തവണയും ഞാൻ ഭക്ഷണം കഴിക്കുന്നതിനുമുമ്പ്, എന്റെ ഭാഗമാകാൻ പോകുന്ന ഈ ഭക്ഷണത്തോടുള്ള നന്ദിയോടെ ഞാൻ 10 സെക്കൻഡ് ചെലവഴിക്കും." അല്ലെങ്കിൽ, "മണ്ണ്, വെള്ളം, വായു, എന്നിങ്ങനെ എന്റെ ചുറ്റുമുള്ള,എന്റെ ജീവിതത്തിന്റെ അനിവാര്യ ഘടകമായ എന്തിനെയെല്ലാം ഞാൻ ഉപയോഗിക്കുമ്പോഴും അതിന്റെ 1% ഞാൻ സംരക്ഷിക്കും." അല്ലെങ്കിൽ, "എനിക്ക് ഭക്ഷിക്കാൻ കഴിയുന്നത് മാത്രമേ എന്റെ പാത്രത്തിലേക്ക് ഞാൻ എടുക്കുകയുള്ളൂ." ഈ ചെറിയ കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുകയും നിങ്ങളെ വേറിട്ടു നിർത്തുകയും ചെയ്യും.

 

ജീവിതപാഠം #3: നിങ്ങൾ മർത്യനാണെന്ന് ഓർക്കുക

 

ഓരോ മനുഷ്യനും ചെയ്യേണ്ട ഒരു സുപ്രധാന കാര്യം അവരുടെ ജീവിതത്തിലെ ഏറ്റവും അടിസ്ഥാനപരമായ വസ്തുതയ്ക്ക് ചുറ്റും അവരുടെ മാനസികവും വൈകാരികവുമായ ചട്ടക്കൂട് രൂപപ്പെടുത്തുക എന്നതാണ് - അത് അവരുടെ നശ്വരതയാണ്. ഇപ്പോൾ, ആളുകൾക്ക് തങ്ങൾ മർത്യരാണെന്ന് മനസ്സിലാക്കാൻ ഒരു ജീവിതകാലം ആവശ്യമാണ്; അത് അവരെ ഓർമ്മിപ്പിക്കാൻ അവർക്ക് ഹൃദയാഘാതമുണ്ടാവുകയോ ശരീരത്തിൽ എവിടെയെങ്കിലും ഒരു മുഴ വരുകയോ ചെയ്യണം.

 

നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും നിങ്ങൾ ആഘോഷിക്കുകയും ആസ്വദിക്കുകയും ചെയ്യേണ്ടതുണ്ട്, കാരണം ജീവിതം ഒരു നിമിഷം പോലും നിങ്ങൾക്കായി കാത്തിരിക്കുന്നില്ല. നിങ്ങൾ അനശ്വരനായിരുന്നുവെങ്കിൽ, നിങ്ങൾക്ക് വിഷാദം, ഉത്കണ്ഠ, ഭ്രാന്ത്, ദുരിതം എന്നിവയെല്ലാം ആസ്വദിച്ച് നൂറ് കണക്കിന് വർഷങ്ങൾ കഴിയാം, തുടർന്ന് 500-ാം വാർഷികത്തിൽ നിങ്ങൾക്ക് ആഹ്ളാദഭരിതനാകുന്നതിനെക്കുറിച്ച് ചിന്തിക്കാം. പക്ഷേ, സാഹചര്യം അങ്ങനെയല്ല. നിങ്ങൾ മർത്യനാണ്,സമയം പോയിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് ഈ ജീവിതത്തിൽ നിരാശയ്‌ക്കോ വിഷാദത്തിനോ ഉത്‌കണ്‌ഠയ്‌ക്കോ കോപത്തിനോ അനിഷ്ടത്തിനോ സമയമില്ല.

 

ആശ്രമത്തിൽ ഞാൻ എപ്പോഴും ആളുകളോട് പറയും, നിങ്ങൾ എന്ത് ജോലി ചെയ്താലും, എല്ലാ ദിവസവും നിങ്ങളുടെ വിരലുകൾ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഭൂമിയിൽ പതിയണം. ഇത് സ്വാഭാവികമായ ഒരു ഭൗതിക സ്മരണ, നിങ്ങൾ മർത്യനാണെന്നുള്ള ഒരു ശാരീരിക സ്മരണ, ഉണ്ടാക്കും.

 

ജീവിതപാഠം #4: ബുദ്ധിപരമായ ജീവിതം തിരഞ്ഞെടുക്കുക

 

നിങ്ങളുടെ ഉള്ളിൽ, സ്‌നേഹിക്കുന്നതാണോ അതോ ദേഷ്യവും വെറുപ്പും അസൂയയും ഉള്ളതാണോ കൂടുതൽ സുഖകരം? ജീവിക്കാൻ കൂടുതൽ ബുദ്ധിപരമായ മാർഗം ഏതാണ്? സ്നേഹിക്കുന്നത്, അല്ലേ? ഞാൻ പറയുന്നത് ഇത് മാത്രമാണ്, ദയവായി വിവേകത്തോടെ ജീവിക്കുക. ഇത് മറ്റാരുടെയും ആവശ്യത്തിന് വേണ്ടിയല്ല. ഇത് നിങ്ങളുടെ ജീവിതം മനോഹരമാക്കാനാണ്. സ്‌നേഹനിർഭരമായ ഒരു ലോകം സൃഷ്ടിക്കുക എന്നത് നിങ്ങൾ മറ്റൊരാൾക്ക് വേണ്ടി ചെയ്യുന്ന സേവനമല്ല. അത് ജീവിക്കാനുള്ള ഒരു ബുദ്ധിപരമായ മാർഗമാണ്.

 

നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ചെയ്യുന്ന ഓരോ പ്രവർത്തനത്തിലും നിങ്ങൾക്ക് ഒരു സ്നേഹനിർഭരമായ ലോകം സൃഷ്ടിക്കാൻ കഴിയും. സ്നേഹനിർഭരമായ ഒരു ലോകം സൃഷ്ടിക്കുക എന്നതിനർത്ഥം എന്തെങ്കിലും കൂടുതലോ കുറവോ ചെയ്യുക എന്നല്ല. നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ നിരന്തരം ശ്രദ്ധ കേന്ദ്രീകരിച്ചാണ് നിങ്ങൾ നിങ്ങളുടെ ജീവിതം നയിക്കുന്നതെങ്കിൽ, അത് സംശയാതീതമായി നിങ്ങളുടെ ചുറ്റിലും സംഭവിക്കും, കൂടാതെ വലിയ ചുറ്റുപാടുകളിലും അത് സംഭവിക്കാൻ തുടങ്ങും.

 

 

ജീവിതപാഠം #5: നിങ്ങളുടെ ജീവിതനിലവാരം നിർണ്ണയിക്കുക

 

പല തരത്തിൽ, മിക്ക ആളുകളുടെയും സന്തോഷവും സമാധാനവും സ്നേഹവും ബാഹ്യ സാഹചര്യങ്ങൾക്ക് പണയപ്പെട്ടിരിക്കുകയാണ്. അതിനാൽ, സ്റ്റോക്ക് മാർക്കറ്റ് ഉയരുകയാണെങ്കിൽ നിങ്ങൾ സന്തോഷവാനാണ്, സ്റ്റോക്ക് മാർക്കറ്റ് താഴേക്ക് പോയാൽ നിങ്ങൾ അസന്തുഷ്ടനാണ്. എന്നാൽ ജീവിത നിലവാരം എന്നത്  നിങ്ങൾക്ക് ചുറ്റുമുള്ളതിനെക്കുറിച്ചല്ല. ഇവിടെ സന്തോഷത്തോടെ ജീവിക്കാനുള്ള നമ്മുടെ കഴിവ് നമ്മൾ താമസിക്കുന്ന വീടിന്റെ വലുപ്പത്തെയോ ഓടിക്കുന്ന കാറിനെയോ ആശ്രയിക്കുന്നില്ല. ഈ കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തെ സുഖകരവും സൗകര്യപ്രദവുമാക്കുന്നു, എന്നാൽ നിങ്ങളുടെ ജീവിതത്തിന്റെ പ്രധാന ഗുണം നിങ്ങൾ ഇപ്പോൾ നിങ്ങളുടെ ഉള്ളിൽ എങ്ങനെയിരിക്കുന്നു എന്നതാണ്.

 

സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നത് നിങ്ങൾക്ക് പുതിയ കാര്യമല്ല. ഒരു കുട്ടിയായിരുന്നപ്പോൾ നിങ്ങൾ അങ്ങനെയായിരുന്നു, അല്ലേ? അതിനാൽ, ഞാൻ നിങ്ങളെ അതീതമായതിലേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ചല്ല സംസാരിക്കുന്നത്, നിങ്ങളുടെ ജീവിതത്തിന്റെ ആരംഭത്തിൽ നിന്ന് തുടങ്ങുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്.

 

ജീവിതപാഠം #6: വിനയം ബുദ്ധിവൈഭവത്തിന്റെ ലക്ഷണമാണ്

 

ഒരു വിഡ്ഢിയും ബുദ്ധിമാനായ വ്യക്തിയും തമ്മിലുള്ള വ്യത്യാസം, ബുദ്ധിയുള്ള ഒരാൾക്ക് താൻ എത്ര വിഡ്ഢിയാണെന്ന് അറിയാം എന്നതാണ്; ഒരു വിഡ്ഢിക്ക് അതറിയില്ല. നിങ്ങളുടെ വിഡ്ഢിത്തരം അറിയുന്നതിന് ബുദ്ധി ആവശ്യമാണ്. ഈ പ്രപഞ്ചത്തിലുള്ള എന്തും - ഒരു മരം, ഒരു പുല്ല്, ഒരു മണൽ തരി, ഒരു ആറ്റം - ഇവയിലേതെങ്കിലും നിങ്ങൾക്ക് പൂർണ്ണമായി മനസ്സിലാക്കാൻ കഴിയുന്നുണ്ടോ? ഇല്ല. നിങ്ങളുടെ ബുദ്ധിയുടെയും ധാരണയുടെയും നിലവാരം ഇതായിരിക്കുമ്പോൾ, നിങ്ങൾ എങ്ങനെയാണ് ലോകത്തിലൂടെ നടക്കേണ്ടത്? സൗമ്യമായി, നിങ്ങൾക്ക് ചുറ്റുമുള്ള എല്ലാറ്റിനോടും അൽപ്പം വിനയത്തോടും ബഹുമാനത്തോടും സ്നേഹത്തോടും കൂടി. സ്നേഹമില്ലെങ്കിൽ, കുറഞ്ഞത് അൽപ്പം വിസ്മയത്തോടെയെങ്കിലും, കാരണം നിങ്ങൾക്ക് ഈ ലോകത്ത് ഒന്നിനെക്കുറിച്ചും ഒന്നും മനസ്സിലാകുന്നില്ല.

 

നിങ്ങൾ ഇതുപോലെ നടക്കാൻ പഠിച്ചാൽ, ആത്മീയ പ്രക്രിയ നിങ്ങൾക്ക് സംഭവിക്കും. നിങ്ങൾക്ക് ഒരു ശിക്ഷണവും ആവശ്യമില്ല. എന്തായാലും നിങ്ങൾക്ക് അത് സംഭവിക്കും. അതുകൊണ്ടാണ് പൗരാണിക  സംസ്‌കാരങ്ങളിൽ, ഒരു പാറയോ മൃഗമോ മനുഷ്യനോ, എന്തിനെ കണ്ടുകഴിഞ്ഞാലും നിങ്ങൾ കുമ്പിടുന്നത്. നിങ്ങൾ നടക്കുന്ന ഭൂമിയോടും, നിങ്ങൾ ശ്വസിക്കുന്ന വായുവിനോടും, നിങ്ങൾ കുടിക്കുന്ന ജലത്തോടും, നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തോടും, നിങ്ങൾ സമ്പർക്കം പുലർത്തുന്ന ആളുകളോടും, നിങ്ങളുടെ ശരീരവും മനസ്സും ഉൾപ്പെടെ നിങ്ങൾ ഉപയോഗിക്കുന്ന മറ്റെല്ലാ കാര്യങ്ങളോടും ആദരവ് സൂക്ഷിക്കുക എന്നത് നമ്മൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയം ഉറപ്പാക്കുന്നതിനുള്ള ഒരു മാർഗമാണ്.

 

ജീവിതപാഠം #7: നല്ലതും ചീത്തയും ഇല്ല

 

നിങ്ങളുടെ ആന്തരിക ലോകം - നിങ്ങൾ അതിനെ അങ്ങനെ വിളിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ - നിങ്ങൾക്ക് ചുറ്റുമുള്ളതിന്റെ പ്രതിഫലനം മാത്രമായിരിക്കണം. ബാഹ്യവും ആന്തരികവും പരസ്പരം സ്പർശിക്കരുതെന്ന് പറയുന്ന ചില ധാർമ്മിക സിദ്ധാന്തങ്ങൾക്ക് ഇത് തികച്ചും വിപരീതമായിരിക്കാം, അല്ലാത്തപക്ഷം നിങ്ങൾക്ക് ചുറ്റുമുള്ള എല്ലാ കാര്യങ്ങളാലും നിങ്ങൾ പെട്ടെന്ന് തന്നെ ദുഷിക്കപ്പെടുമത്രേ. അത് സത്യമല്ല. എല്ലാറ്റിനെയും കുറിച്ച് നിങ്ങൾക്ക് അഭിപ്രായങ്ങൾ ഉള്ളപ്പോൾ മാത്രമാണ് നിങ്ങൾക്ക് ചുറ്റുമുള്ളവയാൽ നിങ്ങൾ ദുഷിക്കപ്പെടുന്നത്.

 

നിങ്ങൾ ഒരു കാര്യത്തെ നല്ലതായി കാണുന്നു, മറ്റൊന്നിനെ മോശമായി കാണുന്നു. നിങ്ങൾ നല്ലതായി കരുതുന്ന കാര്യങ്ങളുമായി നിങ്ങൾ ബന്ധനസ്ഥനാവുന്നു. നിങ്ങൾ മോശമായി കരുതുന്നത് ഒഴിവാക്കാൻ നിങ്ങൾ തീവ്രമായി ശ്രമിക്കുന്നു, തീർച്ചയായും അത് നിങ്ങളെ ഉള്ളിൽ നിന്ന് ഭരിക്കും. ഇതല്ല അതിന്റെ മാർഗം. എല്ലാറ്റിനേയും അതുപോലെ തന്നെ കാണുക - ആന്തരികതയിൽ ജീവിക്കാനുള്ള മാർഗ്ഗമതാണ്. ഉള്ളതല്ലാതെ മറ്റെന്തെങ്കിലും നിങ്ങൾ കാണുകയാണെങ്കിൽ, നിങ്ങളുടെ അഭിപ്രായങ്ങളും മുൻവിധികളും ഉപയോഗിച്ച് നിങ്ങൾ ലോകത്തെ മലിനമാക്കുന്നു എന്നാണ് ഇതിനർത്ഥം.

 

സൃഷ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് നിങ്ങൾ അത് അതുപോലെത്തന്നെ കാണണം എന്നതിനായാണ്, അത് നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ നിർമ്മിക്കാനല്ല. സ്രഷ്ടാവിന്റെ സൃഷ്ടിയോട് മനുഷ്യരാശി ചെയ്യുന്ന അശ്ലീലതയാണിത്. അത്തരമൊരു മഹത്തായ സൃഷ്ടി - നിങ്ങൾക്ക് എന്താണ് ചെയ്യാനുള്ളത്? നിങ്ങൾക്ക് കഴിയുമെങ്കിൽ  ഉൾക്കൊള്ളുക - കൂടുതലൊന്നുമില്ല- അത് പോലും ലളിതമല്ല, കാരണം സൃഷ്ടി അസാധാരണമാംവിധം ഒന്നിലധികം തലങ്ങളുള്ളതാണ്. നിരവധി പ്രതിഭാസങ്ങൾ ഇവിടെ സംഭവിക്കുന്നു - ഒന്ന് മറ്റൊന്നിനുള്ളിൽ, എല്ലാം ഒരു സ്ഥലത്ത്, എല്ലാം ഒരേ സമയം.

 

ഭൂതകാലമെന്ന് നിങ്ങൾ കരുതുന്നതെല്ലാം, ഭാവിയായിരിക്കുമെന്ന് നിങ്ങൾ കരുതുന്നതെല്ലാം, ഇവിടെയുണ്ട്. നിങ്ങൾ എല്ലാം അതേപടി കാണുന്നുവെങ്കിൽ, മുഴുവൻ സൃഷ്ടിയും നിങ്ങളുടെ ഉള്ളിൽ പ്രതിഫലിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് നിങ്ങളുടെ ഉള്ളിൽ സൃഷ്ടിയെ അതേ പടി ഉൾക്കൊള്ളാൻ കഴിയുമെങ്കിൽ, നിങ്ങൾ സൃഷ്ടിയുടെ ഉറവിടമാകും. ആന്തരികമായും ബാഹ്യമായും നിലനിൽക്കാനുള്ള മാർഗ്ഗമതാണ്.