നിർബന്ധപ്രരണകളാൽ അസംതൃപ്തരാണോ?
നിങ്ങളുടെ നിർബന്ധപ്രരണകളിൽ നിങ്ങൾ അസംതൃപ്തരാണോ? കർമ്മത്തിന്റെ ഭാരം കൂടുതൽ വർദ്ധിക്കുമ്പോൾ അത് കുഴിച്ചുമൂടുന്നത് സഹായകരമാകില്ലെന്ന് സദ്ഗുരു വിശദീകരിക്കുന്നു.

ചോദ്യം: സദ്ഗുരു, ഞാൻ സാധന ചെയ്യുമ്പോൾ നിർബന്ധപ്രരണകൾ ഉയർന്നുവരുന്നതിൽ ഞാൻ സന്തുഷ്ടനല്ല.
സദ്ഗുരു : നിങ്ങളുടെ നിർബന്ധപ്രരണകളിൽ സന്തോഷവാനാകാൻ നിങ്ങൾ പഠിക്കണം. എന്തായാലും നിങ്ങൾക്ക് നിർബന്ധപ്രരണയുണ്ട്. നിങ്ങൾ അതിൽ സന്തുഷ്ടനല്ലെങ്കിൽ, ഇപ്പോൾ നിങ്ങൾക്ക് രണ്ട് പ്രശ്നങ്ങളുണ്ട് - നിർബന്ധപ്രരണയും അസന്തുഷ്ടിയും! നിങ്ങൾക്ക് ഒരു പ്രശ്നം ഉള്ളപ്പോൾ തന്നെ, അടുത്തത് സൃഷ്ടിക്കരുത്. കുറഞ്ഞത് ഒരു പ്രശ്നമുണ്ടെങ്കിൽ, അത് കൈകാര്യം ചെയ്യാൻ എളുപ്പമാണ്.അസന്തുഷ്ടി എന്നത് അസുഖകരമായ അവസ്ഥയാണ്. നാം എപ്പോഴും സന്തോഷത്തെയും സ്നേഹത്തെയും കുറിച്ച് സംസാരിക്കുന്നത് നിങ്ങളുടെ മനസ്സിനെയും വികാരങ്ങളെയും പ്രസന്നമായി നിലനിർത്താനാണ്. ഇവ പ്രസന്നമായിരിക്കുമ്പോൾ, നിങ്ങൾ വഴക്കമുള്ളവരാകുന്നു, അപ്പോൾ നിങ്ങൾക്ക് പല കാര്യങ്ങളും ചെയ്യാൻ കഴിയും. നിങ്ങളുടെ മനസ്സും വികാരങ്ങളും അസുഖകരമാകുമ്പോൾ, നിങ്ങൾ കാഠിന്യമുള്ളവരാകുന്നു; നിങ്ങൾക്കപ്പോൾ ഒന്നും ചെയ്യാൻ കഴിയില്ല. നിങ്ങൾ പ്രസന്നമായിരിക്കുമ്പോൾ, ഏത് ആകൃതിയിലേക്കും നിങ്ങളെ മാറ്റിയെടുക്കാൻ നിങ്ങൾ സന്നദ്ധരായിക്കും. എന്നാൽ നിങ്ങൾ അസന്തുഷ്ടരാണെങ്കിൽ നിങ്ങളെ സ്പർശിക്കാൻ പോലും നിങ്ങൾ അനുവദിക്കില്ല.
നിങ്ങളുടെ നിർബന്ധപ്രരണകളെ സന്തോഷത്തോടെ നോക്കുക
നിങ്ങൾക്കുള്ള ഏത് നിർബന്ധപ്രരണകളേക്കാളും വലിയ പ്രശ്നമാണ് അസന്തുഷ്ടി. ഇത് വളരെ വലിയ പ്രശ്നമാണ് കാരണം ഇപ്പോൾ നിങ്ങളെ സ്പർശിക്കാനോ, രൂപപ്പെടുത്താനോ, സഹായിക്കാനോ കഴിയില്ല. നിങ്ങൾ എന്ത് അസംബന്ധമാണെങ്കിലും, ആദ്യം സന്തോഷവാനും സ്നേഹമുള്ളവനുമാകാൻ പഠിക്കുക. നിങ്ങൾക്ക് നിർബന്ധപ്രരണകളുണ്ട് - അവയെ സന്തോഷത്തോടെ നോക്കാൻ പഠിക്കുക. അപ്പോൾ നിങ്ങളുമായി പ്രവൃത്തിക്കാനും, നിങ്ങളെ സഹായിക്കാനും, നിങ്ങളിലേക്ക് എത്തിച്ചേരാനും - നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്കപ്പുറം കാര്യങ്ങൾ ചെയ്യാനും എളുപ്പമാകും. നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളാണ് ഏറ്റവും അടിസ്ഥാനപരമായ നിർബന്ധപ്രരണകൾ; നിങ്ങളെ ഇവയിൽ നിന്ന് മോചിപ്പിക്കാൻ, നിങ്ങൾ സന്തോഷാവസ്ഥയിലായിരിക്കണം. നിങ്ങൾ അസുഖകരമായ അവസ്ഥയിലാണെങ്കിൽ, നിങ്ങൾക്ക് ഇഷ്ടമില്ലാത്തത് ചെയ്യാൻ കഴിയില്ല; നിങ്ങൾക്ക് ഇഷ്ടമുള്ളത് മാത്രമേ ചെയ്യൂ. സന്തോഷമില്ലാത്ത ആളുകൾ കൂടുതലായി ഇങ്ങനെ നിർബന്ധം പിടിക്കും, "ഞാൻ ഇത് മാത്രമേ ചെയ്യൂ. ഞാൻ ഇങ്ങനെയാണ്!" സന്തോഷമുള്ള ആളുകൾ വഴക്കമുള്ളവരാണ് - അവരെക്കൊണ്ട് നൃത്തം ചെയ്യിപ്പിക്കാം, കരയിപ്പിക്കാം, ചാടിക്കാം, തമാശകൾ ചെയ്യിപ്പിക്കാം, ഇഴഞ്ഞു നീങ്ങാൻ ആവശ്യപ്പെടാം; അവർ സന്തോഷവാന്മാരായിരിക്കുമ്പോൾ എല്ലാം ചെയ്യും. അവർ വഴക്കമുള്ളവരാണ്.
നിങ്ങളുടെ വഴക്കം നഷ്ടപ്പെടുത്തരുത്. അതാണ് ഏറ്റവും പ്രധാനം. മനസ്സിലോ വികാരത്തിലോ ഏതെങ്കിലും തരത്തിലുള്ള അസുഖകരമായ അവസ്ഥയിലായിരിക്കുമ്പോൾ വഴക്കം സാധ്യമല്ല. സന്തോഷവും സ്നേഹവും സമാധാനവുമുള്ളവരായിരിക്കുക എന്നത് ഇതിനാൽ വളരെ പ്രധാനമാണ് - കാരണം നിങ്ങൾക്ക് നിരവധി നിർബന്ധപ്രരണകളുണ്ട്.
കർമ്മമാകുന്ന ഉരുളക്കിഴങ്ങുകൾ
കർമ്മം ഒരു സഞ്ചി ഉരുളക്കിഴങ്ങ് പോലെയാണ്. ഈ നിർബന്ധപ്രരണകൾ എത്ര ആഴത്തിൽ കുഴിച്ചിടുന്നോ, അത്രയും അവ വളരും. അവ വീണ്ടും മുളയ്ക്കാൻ കഴിയാത്ത വിധം പുറത്തെടുത്ത് ഉണക്കാനാണ് സാധന. നിങ്ങൾ തീവ്രമായ സാധനയിലൂടെ കടന്നുപോകുമ്പോൾ, എന്നിട്ട് ലോകത്തിലേക്ക് പോകുമ്പോൾ, നിങ്ങളുടെ പല നിർബന്ധപ്രേരണകളും ഇല്ലാതായതായി കാണാം. എന്നാൽ ഇനിയും ധാരാളം ഉരുളക്കിഴങ്ങുകൾ പുറത്തെടുക്കാനുണ്ട്. എല്ലാ ദിവസവും അവയെ പുറത്തെടുത്ത് വീണ്ടും മുളയ്ക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് ഉണക്കേണ്ടതുണ്ട്.
അതേ ഉരുളക്കിഴങ്ങുകൾ ദശലക്ഷക്കണക്കിന് ഉരുളക്കിഴങ്ങുകളായി വളരുന്നുവെങ്കിൽ, അത് അതിശയോക്തിപരമായ ഉരുളക്കിഴങ്ങാണ്. അഞ്ച് മിനിറ്റ് നേരം വേദന, ഭയം, പീഡനാനുഭവം, അല്ലെങ്കിൽ നിങ്ങൾക്ക് വെറുപ്പുളവാക്കുന്ന മറ്റെന്തെങ്കിലും തീവ്രമായ അനുഭവമുണ്ടായെന്ന് കരുതുക. ഈ അഞ്ച് മിനിറ്റിന്റെ ഉരുളക്കിഴങ്ങുകൾ, അവ പെരുകി പെരുകി നിങ്ങളുടെ മുഴുവൻ ജീവിതത്തെയും നിയന്ത്രിക്കും. നിങ്ങൾ എവിടെ പോയാലും, നിങ്ങൾ അതിനെക്കുറിച്ചാണ് സംസാരിക്കുക, ചിന്തിക്കുക. നിങ്ങൾ അവയെ കുഴിച്ചിട്ടു, അവ പെരുകുകയാണ്. അവ, അതേ വെറുപ്പുളവാക്കുന്ന തരത്തിലുള്ള ദശലക്ഷക്കണക്കിന് ഉരുളക്കിഴങ്ങുകളായി മാറും. അപ്പോൾ ഈ ഉരുളക്കിഴങ്ങ് ഉണക്കി അവിടെ സൂക്ഷിച്ചാൽ, അത് ഒരു നല്ല അനുഭവമാണ്. നിങ്ങൾ വളരെ മോശമായ അനുഭവത്തിലൂടെ കടന്നുപോയാൽ പോലും, അത് ഒരു നല്ല അനുഭവമാണ് കാരണം ജീവിതത്തിലെ അസുഖകരമായ നിമിഷങ്ങളിലൂടെ നിങ്ങൾ പഠിക്കുന്നത് വിലമതിക്കാനാവാത്തതാണ്. മറക്കാൻ ശ്രമിക്കുന്നത് വിഡ്ഢികൾ മാത്രമാണ്. നിങ്ങൾ ബുദ്ധിമാനാണെങ്കിൽ, വിദ്വേഷമോ കോപമോ ഇല്ലാതെ - നിങ്ങൾക്കുണ്ടായ എല്ലാ അസുഖകരമായ അനുഭവങ്ങളും എപ്പോഴും ഓർമ്മിക്കണം, അതേ സാഹചര്യങ്ങളിൽ വീണ്ടും പെടാതിരിക്കാൻ.
നമുക്ക് ഉരുളക്കിഴങ്ങുകളെ ഒഴിവാക്കണമെന്നില്ല; നമുക്ക് വേണ്ടത് അവയെ പുറത്തെടുത്ത് വീണ്ടും മുളയ്ക്കാൻ കഴിയാത്ത വിധം ഉണക്കുക എന്നതാണ്. നമുക്ക് ഉരുളക്കിഴങ്ങുകളെ സംരക്ഷിക്കണം; അല്ലെങ്കിൽ നാം വീണ്ടും അജ്ഞരായ വിഡ്ഢികളായി മാറും, അതേ കാര്യങ്ങൾ വീണ്ടും വീണ്ടും ചെയ്യും. ജീവിതാനുഭവത്തിന്റെ മൂല്യം വലിച്ചെറിയാൻ കഴിയില്ല. പക്ഷേ നിങ്ങൾ അതിനെ നിങ്ങൾക്കുള്ളിൽ വളരാൻ അനുവദിച്ചാൽ, അത് നിങ്ങളുടെ മുഴുവൻ ജീവിതത്തെയും വിഷമയമാക്കും. കർമ്മം, അല്ലെങ്കിൽ അനുഭവത്തിന്റെ ഓർമ്മ മാത്രമാണ് നിങ്ങൾക്ക് ജ്ഞാനം നൽകുന്നത്, പക്ഷേ അതിന് മാത്രമാണ് നിങ്ങളെ ബന്ധിപ്പിക്കാൻ കഴിയുന്നതും - നിങ്ങളുടെ ജീവിതത്തെ അത്രമേൽ വിഷമയമാക്കി നശിപ്പിക്കാൻ അവയ്ക്ക് കഴിയും. അതുകൊണ്ട്, കർമ്മം പ്രശ്നമല്ല; നിങ്ങൾ അത് എങ്ങനെ വഹിക്കുന്നു എന്നത് മാത്രമാണ് പ്രശ്നം.