ഈശ യോഗ സെന്ററിലെ 21 ദിവസത്തെ ഹഠയോഗ പ്രോഗ്രാമിനിടയിൽ സദ്ഗുരുവുമായുള്ള ഒരു സെഷനിൽ നിന്നുള്ള ഭാഗമാണ് താഴെ കൊടുത്തിരിക്കുന്നത്. നിഗമനങ്ങളും അനുമാനങ്ങളും ഉണ്ടാക്കുന്നതിനു പകരം, അന്വേഷകനാകാനുള്ള ധൈര്യവും പ്രതിബദ്ധതയും ഉണ്ടായിരിക്കണമെന്ന് സദ്ഗുരു പറയുന്നു.

ചോദ്യം: ചെറുപ്പം മുതൽ ദൈവം ഉണ്ടെന്ന് വിശ്വസിക്കാൻ എന്നെ പഠിപ്പിച്ചു, അതിന്റെ ഫലമായി ഞാൻ ഒരു ഭക്തനായി. എന്നാൽ ഞാൻ ഇവിടെ ഹഠയോഗ പ്രോഗ്രാം തുടങ്ങിയപ്പോൾ, ഈശയുടെ മുഴുവൻ സമീപനവും കർമ്മത്തിൽ കേന്ദ്രീകൃതമാണെന്ന് മനസ്സിലായി. ഇതിനർത്ഥം എവിടെയും ദൈവം ഇല്ല എന്നാണ്. ഇരുപത്തിയൊന്ന് വർഷമായി ഞാൻ ദൈവത്തിൽ വിശ്വസിച്ചിരുന്നു - അത് ഇപ്പോൾ തകർക്കുക എന്നത് എളുപ്പമല്ല. ഇതിനെക്കുറിച്ച് മനസ്സിലാക്കാൻ എന്നെ സഹായിക്കൂ.

സദ്ഗുരു: ശങ്കരൻ പിള്ളയുടെ വിവാഹം പ്രതിസന്ധിയിലായിരുന്നു. അദ്ദേഹം ഒരു വിവാഹ കൗൺസിലറെ സമീപിച്ചു ചോദിച്ചു, "ഞാൻ എന്തു ചെയ്യണം? എന്തു ചെയ്താലും ഒന്നും ശരിയാകുന്നില്ല." വിവാഹ കൗൺസിലർ പറഞ്ഞു, "അവൾക്ക് യഥാർത്ഥത്തിൽ എന്താണ് വേണ്ടതെന്ന് നിങ്ങൾ ചോദിക്കണം," കൂടാതെ അത് എങ്ങനെ ചെയ്യണമെന്നതിനെക്കുറിച്ച് കുറച്ച് നിർദ്ദേശങ്ങളും നൽകി. ശങ്കരൻ പിള്ള വീട്ടിൽ തിരിച്ചെത്തിയപ്പോൾ, അദ്ദേഹത്തിന്റെ ഭാര്യ ഒരു വനിതാ മാസിക വായിക്കുകയായിരുന്നു, മുഖം ഉയർത്തി നോക്കാൻ പോലും ശ്രമിച്ചില്ല. എന്തു വാക്കുകൾ ഉപയോഗിക്കണമെന്ന് അദ്ദേഹം ഒരു നിമിഷം ആലോചിച്ചു; എന്നിട്ട് പറഞ്ഞു, "പ്രിയേ, നിനക്ക് ഒരു ബുദ്ധിമാനായ പുരുഷനെ വേണോ അതോ ഒരു സുന്ദരനായ പുരുഷനെ വേണോ?" അവൾ ഒന്നും പറഞ്ഞില്ല. പിന്നെ അദ്ദേഹം കൂടുതൽ അടുത്തേക്ക് നീങ്ങി, അവളുടെ അടുത്തിരുന്നു പറഞ്ഞു, "ഡാർലിംഗ്. നിനക്ക് ഒരു ബുദ്ധിമാനായ പുരുഷനെ വേണോ അതോ ഒരു സുന്ദരനായ പുരുഷനെ വേണോ?" മാസികയിൽ നിന്നും മുഖമുയർത്താതെ അവൾ പറഞ്ഞു, "രണ്ടും വേണ്ട - ഞാൻ നിന്നെ മാത്രമേ സ്നേഹിക്കൂ."

പ്രണയം തുടരുന്നതിനു പകരം വിവാഹബന്ധം നിലനിർത്താൻ അവൾക്ക് വേണ്ടത്ര ബുദ്ധിയുണ്ടായിരുന്നു. നമുക്ക് നിങ്ങളുടെ ഭക്തിയെ കുറിച്ച് നോക്കാം. നേരത്തെ, ദൈവം ഉണ്ടെന്ന നിഗമനത്തിലേക്ക് നിങ്ങൾ എത്തിയിരുന്നു. ഇപ്പോൾ നിങ്ങൾ ഇവിടെ പ്രോഗ്രാമിൽ വന്നു, ഈശ കർമ്മ കേന്ദ്രീകൃതമാണെന്ന നിഗമനത്തിലേക്ക് എത്തി! പ്രോഗ്രാമിന് ശേഷം നിങ്ങൾ പോകുമ്പോൾ, എന്തൊക്കെ നിഗമനങ്ങളിലേക്ക് എത്തുമെന്ന് ആർക്കറിയാം. നിഗമനങ്ങളുണ്ടാക്കുന്നത് നിർത്തൂ. യോഗ എന്നാൽ അന്വേഷിക്കുക എന്നാണർത്ഥം. അന്വേഷിക്കുക എന്നാൽ നിങ്ങൾക്ക് അറിയില്ലെന്ന് മനസ്സിലാക്കിയിരിക്കുന്നു എന്നാണർത്ഥം. കൂടാതെ ഈ ഘട്ടത്തിൽ, എന്തെങ്കിലും സൗകര്യപ്രദമായതുകൊണ്ട് മാത്രം ആ അനുമാനങ്ങളിൽ എത്തിച്ചേരാതെ, ഒരു സത്യസന്ധതയുടെ തലത്തിലേക്ക് നിങ്ങൾ എത്തിയിരിക്കുന്നു.

ഒരു അനുമാനത്തിൽ നിന്ന് മറ്റൊരു അനുമാനത്തിലേക്ക്

നിങ്ങളുടെ സമൂഹത്തിൽ, കുടുംബത്തിൽ, ദൈവവിശ്വാസം വളരെയധികമുണ്ട്. അവരെല്ലാം ദൈവത്തിൽ വിശ്വസിച്ചു, നിങ്ങളും വിശ്വസിച്ചു. എന്നാൽ ഇവിടെ വന്നപ്പോൾ "രാം രാം" "ശിവ ശിവ" എന്നൊക്കെ പറഞ്ഞാൽ ആളുകൾ ചിരിച്ചേക്കുമെന്നു നിങ്ങൾ കരുതി. "കർമ്മകേന്ദ്രീകൃത"മായി എത്ര വേഗമാണ് നിങ്ങൾ മാറിയത്! ഈ പരിവർത്തനത്തിന് നിങ്ങൾ എത്ര സമയമെടുത്തു? നിങ്ങളോടുതന്നെ ഇത് ചെയ്യരുത്. നിങ്ങൾക്കിത്ര എളുപ്പം മാറാൻ കഴിയുന്നതിന്റെ കാരണം അന്വേഷകനാകാനുള്ള ധൈര്യവും പ്രതിബദ്ധതയും കാണിക്കാതെ ഒരു അനുമാനത്തിൽ നിന്ന് മറ്റൊരു അനുമാനത്തിലേക്ക് മാറുന്നതു കൊണ്ടാണ്. അന്വേഷകനാവുക എന്നാൽ നമുക്കറിയില്ലെന്ന് സമ്മതിക്കുക എന്നാണ്. ഈ ലോകം ഭരിക്കുന്നത് ദൈവമാണോ കർമ്മമാണോ എന്ന് നിങ്ങൾക്കറിയില്ല - ഇതാണ് വാസ്തവം.

ആദ്യമൊക്കെ ഇത് നിങ്ങളെ ഭയപ്പെടുത്തും. എന്നാൽ നിങ്ങൾ എന്തിനെ ഭയപ്പെടുന്നുവോ അതിനോട് കുറച്ചു കഴിയുമ്പോൾ നിങ്ങൾക്ക് പരിചിതരാകാം. തീ തുപ്പുന്ന ഒരു ഡ്രാഗണുള്ള മുറിയിൽ നിങ്ങളെ പൂട്ടിയിട്ടാൽ, നിങ്ങൾ കത്തിച്ചാമ്പലാകാതിരുന്നാൽ, മൂന്നു ദിവസം കഴിയുമ്പോൾ പതിയെ ഡ്രാഗണുമായി നിങ്ങൾ സംസാരിച്ചു തുടങ്ങും. അതുകൊണ്ട് അനുമാനങ്ങളുണ്ടാക്കരുത്, ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് മാറിക്കൊണ്ടിരിക്കുകയും വേണ്ട. കാര്യം വ്യക്തമാണ് - നിങ്ങൾക്കറിയില്ല. രാവിലെ എഴുന്നേറ്റ് യോഗ ചെയ്യാൻ ഇത് നിങ്ങളെ പ്രേരിപ്പിക്കും. മുകളിൽ സ്വർഗ്ഗമോ നരകമോ, ദൈവമോ പിശാചോ ഉണ്ടെന്ന് ആർക്കറിയാം. കുറഞ്ഞപക്ഷം നിങ്ങൾ അറിയേണ്ടത് - നിങ്ങളുടെ ശരീരം, നിങ്ങളുടെ മനസ്സ്, നിങ്ങളുടെ ഊർജ്ജം, നിങ്ങളുടെ വികാരം - ഇവയെല്ലാം നന്നായി സൂക്ഷിക്കുക.

സ്വർഗ്ഗത്തിൽ പോകുമ്പോൾ അത് ആസ്വദിക്കാൻ നിങ്ങൾ നല്ല രൂപത്തിലായിരിക്കണം. നരകത്തിൽ പോകുമ്പോൾ അത് സഹിക്കാനും അതിജീവിക്കാനും നിങ്ങൾ നല്ല രൂപത്തിലായിരിക്കണം! രണ്ടായാലും നല്ല രൂപത്തിലായിരിക്കണം. ഈ ഭൂമിയിൽ ജീവിക്കാനും നന്നായി പ്രവർത്തിക്കാനും നിങ്ങൾ നല്ല രൂപത്തിലായിരിക്കണം. അതുകൊണ്ട് ദൈവത്തിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും ശാരീരികമായും മാനസികമായും വൈകാരികമായും ഊർജ്ജപരമായും നല്ല രൂപത്തിലായിരിക്കണം.