ഇത് ആരുടെ കർമ്മമാണ്?
ഒരു കുടുംബാംഗത്തിന്റെ കർമ്മം നിങ്ങളെ ബാധിക്കുമോ? നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം നിങ്ങൾ ചെയ്യുന്നതാണെന്ന് സദ്ഗുരു ഓർമ്മിപ്പിക്കുന്നു.

ചോദ്യം: എന്നോട് അടുപ്പമുള്ളവർ എന്റെ കർമ്മത്തെ സ്വാധീനിക്കുന്നുണ്ടോ? അങ്ങനെയാണെങ്കിൽ, ഞാനത് എങ്ങനെ കൈകാര്യം ചെയ്യണം?
സദ്ഗുരു: നിങ്ങളുടെ കുടുംബമാണ് ശുദ്ധീകരിക്കപ്പെടേണ്ടത് എന്ന ചിന്ത വേണ്ട! ആര് ആരുടെ കർമ്മമാണ് അനുഭവിക്കുന്നതെന്ന് ആർക്കറിയാം? ഒരുപക്ഷേ അവർക്ക് വേറെ എന്തെങ്കിലും പറയാനുണ്ടാകും! നിങ്ങൾക്ക് നിങ്ങളുടെ കുടുംബം മോശമാണെന്ന് തോന്നുന്നുണ്ടെങ്കിൽ - അവർ അങ്ങനെ ആയിക്കാണും, പക്ഷേ എന്നും അങ്ങനെ ആയിരിക്കണമെന്നില്ല. ചന്ദ്രനെപ്പോലെ അവർക്കും വ്യത്യസ്ത ഘട്ടങ്ങളുണ്ട്. ചിലപ്പോൾ പ്രസന്നമായ മുഖവും മറ്റു ചിലപ്പോൾ അപ്രസന്നമായ മുഖവും. കുടുംബത്തിൽ വളരെയധികം അടുപ്പമുള്ളതുകൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത്.
നിങ്ങളുടെ ജീവിതം, നിങ്ങളുടെ ഉത്തരവാദിത്തം
നിങ്ങളുടെ ജീവിതത്തിൽ നടക്കുന്നതെല്ലാം നിങ്ങളുടെ ഉത്തരവാദിത്തമാണ്. അതായത് അത് നിങ്ങളുടെ കർമ്മമാണ്, നിങ്ങളുടെ ചെയ്തിയാണ്. ആത്മീയപാതയിൽ ചരിക്കുമ്പോൾ, "കർമ്മം" എന്ന വാക്ക് ഉപയോഗിക്കുമ്പോൾ അത് എപ്പോഴും നമ്മെത്തന്നെ സൂചിപ്പിക്കണം. മറ്റൊരാൾക്ക് എന്തെങ്കിലും ദുരനുഭവം ഉണ്ടാകുമ്പോൾ അത് അയാളുടെ കർമ്മമാണെന്ന് വിചാരിക്കുന്നത് തികച്ചും തെറ്റായ സമീപനമാണ്. ഒരു മോശം കാര്യത്തിലൂടെ കടന്നുപോകുന്ന ഒരാളെ വിലയിരുത്തുകയും അത് അവന്റെ/ അവളുടെ കർമ്മമാണെന്ന് കരുതുകയും ചെയ്യുന്നത് തികച്ചും തെറ്റായ സമീപനമാണ്. അങ്ങനെ ചെയ്താൽ നമ്മുടെ അടിസ്ഥാനപരമായ മാനുഷികത നഷ്ടമാകും. മറ്റൊരാളുടെ കർമ്മം ഒരിക്കലും നിങ്ങളുടെ കാര്യമല്ല. മറ്റൊരാൾക്ക് അപ്രിയകരമായ എന്തെങ്കിലും സംഭവിക്കുന്നത് കാണേണ്ടി വരുന്നത് നിങ്ങളുടെ കർമ്മമാണ്.
മറ്റൊരാളുടെ കർമ്മത്തെക്കുറിച്ച് പരാമർശിക്കുന്ന നിമിഷം, നിങ്ങൾ ഒരു ദുഷ്ട ശക്തിയായി മാറും. തിന്മ എന്നത് എപ്പോഴും നെഗറ്റീവ് ആയ ഉദ്ദേശത്തോടെ ചെയ്യുന്നത് മാത്രമല്ല. തിന്മ എന്നാൽ നിങ്ങൾ എന്തു തന്നെ ചെയ്താലും, നിങ്ങളുടെ ചുറ്റുമുള്ള ആളുകൾക്ക് അത് നെഗറ്റീവായി ഭവിക്കുന്നുവെന്നാണ്. മറ്റൊരാളുടെ കർമ്മത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങുമ്പോൾ, നിങ്ങൾ ആ ദിശയിലേക്ക് നീങ്ങുകയാണ്.
ആത്മീയതയിൽ നാം പരിഹരിക്കാൻ ശ്രമിക്കുന്നത് ഇതാണ് - എന്തു തന്നെ സംഭവിച്ചാലും അത് നിങ്ങളുടെ പ്രവൃത്തിയാണെന്ന് തിരിച്ചറിയുക. അത് നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്നു, അതിനാൽ അത് നിങ്ങളുടെ കർമ്മമാണ്. നിങ്ങളുടെ ചുറ്റുമുള്ള ആളുകളെ നാം കഷ്ടപ്പെടുകയോ ആസ്വദിക്കുകയോ ചെയ്യുന്നുവോ, അത് നമ്മുടെ കർമ്മമാണ്. നിങ്ങളുടെ ചുറ്റുമുള്ള ആളുകളെ നിങ്ങൾ ആസ്വദിക്കുകയാണോ അതോ ദുരിതമായി അനുഭവിക്കുകയാണോ ചെയ്യുന്നത് എന്നത് നിങ്ങളുടെ കർമ്മമാണ്.
അതിനാൽ കുടുംബത്തിൽ നിന്നുള്ള കർമ്മത്തെക്കുറിച്ച് ആകുലപ്പെടേണ്ടതില്ല - അങ്ങനെയൊന്നില്ല. "കുടുംബം" നമ്മുടെ മനസ്സിൽ മാത്രമാണ്. ആരാണ് നമ്മുടെ കുടുംബം, ആരാണ് കുടുംബമല്ലാത്തത്, ആരാണ് പ്രിയപ്പെട്ടവർ, ആരാണ് അപ്രിയരായവർ എന്ന ആശയം പൂർണമായും നിങ്ങളുടെ മനസ്സിൽ സൃഷ്ടിക്കപ്പെട്ടതാണ്. നിങ്ങൾക്ക് മനസ്സ് ഇല്ലായിരുന്നെങ്കിൽ, കുടുംബം എന്ന സങ്കൽപ്പം നിങ്ങൾക്ക് നിലനിൽക്കില്ലായിരുന്നു. അതായത് അവർ നിങ്ങളുടെ ചെയ്തിയാണ്, നിങ്ങളുടെ കർമ്മമാണ്. നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്നതെന്തും നിങ്ങളുടെ ചെയ്തിയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. അത് തിരിച്ചറിഞ്ഞാൽ, നിങ്ങൾ ഒരൊറ്റ വ്യക്തിയായി മാറുന്നു. അല്ലാത്തപക്ഷം, നിങ്ങൾ ചിതറിക്കിടക്കുകയാണ്. ആളുകൾ ഒരുപാട് ചിതറിക്കിടക്കുന്നതിനാലും, അവരുടെ ചുറ്റുമുള്ള ഒരുപാട് കാര്യങ്ങളുമായി താദാത്മ്യം പ്രാപിച്ചിരിക്കുന്നതിനാലും, അവരെ ഒരു സമഗ്രമായ ഒന്നായി സംയോജിപ്പിക്കാൻ ഒരുപാട് സമയമെടുക്കുന്നു. ഒരിക്കൽ അത് സംഭവിച്ചാൽ, നിങ്ങൾ അന്വേഷിക്കുന്നതെന്തും ക്ഷണനേരം കൊണ്ട് നിങ്ങൾക്ക് ലഭ്യമാകും.