ശീലങ്ങളിൽ നിന്നുള്ള മോചനം - ബോധപൂർവ്വം ജീവിക്കാൻ
തൊട്ടിലിൽ രൂപപ്പെടുന്ന ശീലങ്ങൾ നമ്മെ ശ്മശാനം വരെ പിന്തുടരുന്നുണ്ടോ? ഒരു ശീലം നമുക്ക് സഹായകരമാണെന്ന് തോന്നിയേക്കാം, പക്ഷേ അത് ജീവിതത്തിന്റെ പല ഭാഗങ്ങളും അബോധാവസ്ഥയിൽ കഴിച്ചുകൂട്ടാൻ കാരണമാകുന്നു. ശീലങ്ങളുടെ സ്വഭാവത്തെക്കുറിച്ചും, കർമ്മത്തെക്കുറിച്ചും, ആത്മീയ പ്രക്രിയയെക്കുറിച്ചും സദ്ഗുരു വിശദമായി പ്രതിപാദിക്കുന്നു.

ചോദ്യം: പഴയ ശീലങ്ങൾ ഉപേക്ഷിക്കാൻ പ്രയാസമാണെന്ന് പറയാറുണ്ട്. തൊട്ടിലിൽ നിന്ന് തുടങ്ങുന്ന സ്വഭാവ വിശേഷങ്ങൾ മരണത്തോടെ മാത്രമാണോ അവസാനിക്കുന്നത്?
സദ്ഗുരു: ഈ ഒരു വിഷയത്തെ നമുക്ക് മറ്റൊരു രീതിയിൽ നോക്കാം. ഒരു ശീലം രൂപപ്പെടുന്നത് പ്രധാനമായും അത് നിങ്ങളുടെ ജീവിതത്തിൽ ഒരുതരം അനായാസത കൊണ്ടുവരുന്നതുകൊണ്ടാണ് - ഇത് നിങ്ങളുടെ ജീവിതത്തിലെ ചില ഭാഗങ്ങളെ യാന്ത്രികമാക്കുന്നു. അതിനെക്കുറിച്ച് ചിന്തിക്കുകയോ പരിഗണിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. അത് അനായാസമായി ചെയ്യാൻ കഴിയും.
മനുഷ്യൻ സ്വയരക്ഷയ്ക്കായി ചില ശീലങ്ങൾ രൂപപ്പെടുത്തുന്നത് സ്വാഭാവികമാണ്. മറ്റു മൃഗങ്ങളെപ്പോലെ നിശ്ചിതമായ സ്വഭാവങ്ങളോടെയല്ല നമ്മൾ ജനിച്ചിട്ടുള്ളത്. മറ്റു മൃഗങ്ങളിൽ, അവയുടെ സ്വഭാവസവിശേഷതകൾ ഏറെക്കുറെ നിശ്ചിതമാണ്. അതുകൊണ്ട് തന്നെ ഒരു നായയും മറ്റൊരു നായയും തമ്മിലോ, ഒരു പൂച്ചയും മറ്റൊരു പൂച്ചയും തമ്മിലോ ചെറിയ വ്യത്യാസങ്ങൾ മാത്രമേ കാണാൻ സാധിക്കൂ. അവയ്ക്ക് അതിൻ്റേതായ വ്യക്തിത്വമുണ്ടെങ്കിലും, ഭൂരിഭാഗം സ്വഭാവങ്ങളും നിശ്ചിതമാണ്. എന്നാൽ, മനുഷ്യരുടെ കാര്യത്തിൽ, വളരെ കുറച്ച് കാര്യങ്ങൾ മാത്രമേ സ്ഥിരമായി നിശ്ചയിക്കപ്പെട്ടിട്ടുള്ളൂ. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം എല്ലാ സാധ്യതകളും തുറന്നിരിക്കുന്നു. അതുകൊണ്ടാണ്, ഒരു കുട്ടിയായിരിക്കുമ്പോൾ, സ്വന്തമായ രീതികൾ സൃഷ്ടിച്ചുകൊണ്ട് നിങ്ങൾക്കുള്ളിൽ ഒരു സുരക്ഷാ മാതൃക രൂപപ്പെടുത്താൻ ശ്രമിക്കുന്നത്.
ശീലങ്ങൾ ഇല്ലാതാവണം
അതിജീവനത്തിനായി ഓരോ കുട്ടിയും ചില ശീലങ്ങൾ ഉണ്ടാക്കിയെടുക്കുന്നു. ഇത് അതിജീവന വാസനയാണ്. ഈ ശീലങ്ങൾ അവന് കാര്യങ്ങൾ എളുപ്പത്തിൽ ചെയ്യാൻ സഹായിക്കുന്നു. കുട്ടികളെ സംബന്ധിച്ച് ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാൽ സാധാരണയായി, കുട്ടികൾ വളരുമ്പോൾ, അവർക്ക് ലഭിക്കുന്ന അനുഭവങ്ങളുടെയും അറിവിന്റെയും അടിസ്ഥാനത്തിൽ ഈ ശീലങ്ങളിൽ നിന്ന് മാറിപ്പോകുന്നു. അനുഭവങ്ങളിലൂടെയോ വിദ്യാഭ്യാസത്തിലൂടെയോ ആളുകൾ മാറും. ആളുകൾ വലിയ രീതിയിൽ മാറുന്നു - മൂന്നു വർഷം പുറത്തു പോയി തിരിച്ചു വരുമ്പോൾ മാതാപിതാക്കൾക്ക് സ്വന്തം മക്കളെ തിരിച്ചറിയാൻ പോലും കഴിയാത്ത വിധം അവർ മാറിപ്പോകുന്നു. കാരണം, പുതിയ സാഹചര്യങ്ങൾ കാരണം അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടാകും.
തുടർച്ചയായി ഭയമുള്ളവരും സ്വയം സംരക്ഷിക്കാൻ ശ്രമിക്കുന്നവരുമായ ആളുകൾക്ക് അവരുടെ പഴയ ശീലങ്ങൾ ഉപേക്ഷിക്കാൻ കഴിയില്ല. എന്നാൽ സാഹസികവും ആവേശകരവുമായ ജീവിതം ഇഷ്ടപ്പെടുന്ന ആളുകൾക്ക് അവരുടെ ശീലങ്ങൾ എളുപ്പത്തിൽ ഉപേക്ഷിക്കാൻ സാധിക്കും. കാരണം അവർ നിലവിലെ സാഹചര്യങ്ങൾക്കനുസരിച്ച് തങ്ങളുടെ ജീവിതം പുനർനിർമ്മിക്കുന്നു.
മറ്റെന്തിനേക്കാളും ഉപരിയായി ഒരു വ്യക്തി ആത്മീയ പാതയിലേക്ക് മാറുമ്പോൾ, അയാളുടെ എല്ലാ ശീലങ്ങളും ഇല്ലാതാകും. കാരണം നല്ല ശീലം, ചീത്ത ശീലം എന്നിങ്ങനെയൊന്നും ഇല്ല. എല്ലാ ശീലങ്ങളും മോശമാണ്. ഒരുപക്ഷേ ജീവിതത്തിൻ്റെ ചില ഘട്ടങ്ങളിൽ അവ അതിജീവനത്തിനുള്ള ഒരു ഉപകരണം മാത്രമായിരിക്കാം. എന്നാൽ വളർന്നു കഴിയുമ്പോൾ നിങ്ങൾക്ക് നല്ലതോ ചീത്തയോ ആയ ഒരു ശീലവും ഉണ്ടാകരുത്, കാരണം ഒരു ശീലം എന്നാൽ നിങ്ങൾ ജീവിതം അബോധപൂർവ്വം നയിക്കാൻ പഠിക്കുന്നു എന്നാണ്. ഒരുപക്ഷേ അത് സുരക്ഷിതമായി തോന്നിയേക്കാം, പക്ഷേ പല തരത്തിൽ അത് ജീവിതത്തെ നിഷേധിക്കുകയാണ് ചെയ്യുന്നത്.
ശീലങ്ങളും കർമ്മവും
ബോധപൂർവ്വമല്ലാത്ത നമ്മുടെ എല്ലാ ശീലങ്ങളെയും മാറ്റിയെടുക്കാനുള്ള ഒരു പ്രധാനപ്പെട്ട ഉപകരണമാണ് ആത്മീയത. നമ്മൾ കർമ്മം എന്നു വിളിക്കുന്നതും ഇതു തന്നെയാണ്. കർമ്മം എന്നാൽ നിങ്ങൾ അറിയാതെ തന്നെ നിങ്ങൾക്കുള്ളിൽ ചില ശീലങ്ങൾ ഉണ്ടാക്കിയെടുക്കുന്നതാണ്. ഇത് നിങ്ങളുടെ സ്വഭാവത്തെക്കുറിച്ച് മാത്രമല്ല, നിങ്ങൾക്ക് എങ്ങനെ ജീവിതം സംഭവിക്കുന്നു എന്നതിനെക്കുറിച്ച് കൂടിയാണ്. ആളുകൾ അവരുടെ സ്വന്തം ജീവിതത്തെ പരിശോധിച്ചാൽ, സാഹചര്യങ്ങൾ ഉണ്ടാകുന്ന വിധം, അവസരങ്ങൾ വരുന്ന രീതി, ആളുകളെ കണ്ടുമുട്ടുന്ന രീതി, എന്നിവയെല്ലാം ചില പ്രത്യേക മാതൃകകൾക്ക് അനുസരിച്ചാണ് സംഭവിക്കുന്നത്. നിങ്ങൾ സൃഷ്ടിച്ച കർമ്മത്തിന്റെ മാതൃകകൾ കൊണ്ടു മാത്രമാണിത് നടക്കുന്നത്.
കർമ്മബന്ധങ്ങളുടെ ഒരു ചെറിയ രൂപമാണ് ശീലം. നിങ്ങൾ ഒരു പ്രത്യേക വിവരത്തെ ഉൾക്കൊള്ളുകയും അതിൽ നിന്ന് ഒരു മാതൃക ഉണ്ടാക്കുകയും ചെയ്യുന്നു. അതാണ് നിങ്ങളുടെ ശീലമായി മാറുന്നത്. ഒരു ആത്മീയ പ്രക്രിയ എന്നാൽ, നിങ്ങളുടെ ഉള്ളിൽ അബോധാവസ്ഥയിൽ ഒന്നും സംഭവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല. അബോധമായി ജീവിതം നയിക്കുന്നത് വിവേകപൂർണ്ണമായ ജീവിത രീതിയല്ല. നിങ്ങൾ ഈ ശീലം തൊട്ടിലിൽ വെച്ചാണോ അതോ അമ്മയുടെ ഗർഭപാത്രത്തിൽ വെച്ചാണോ അല്ലെങ്കിൽ അതിനു മുൻപാണോ നേടിയെടുത്തത് എന്നത് ഒരു വിഷയമല്ല. നിങ്ങൾ പരിണാമം അന്വേഷിക്കുകയാണെങ്കിൽ, മോചനമോ മുക്തിയോ തേടുകയാണെങ്കിൽ, നിങ്ങളുടെ എല്ലാ മാതൃകകളും തകർക്കണം - നല്ലതോ ചീത്തയോ ആയതുമാത്രമല്ല, എല്ലാം തന്നെ തകർക്കണം. നിങ്ങൾ മരണം വരെ കാത്തിരിക്കേണ്ടതില്ല. മരണം പോലും എല്ലാ മാതൃകകളും തകർക്കുന്നില്ല.
നിങ്ങൾ ശ്മശാനത്തിൽ പോയാലും, നിങ്ങളുടെ ശരീരം ദഹിപ്പിക്കപ്പെട്ടാലും, നിങ്ങളുടെ കർമ്മബന്ധങ്ങൾ അവസാനിക്കുന്നില്ല. അതാണ് കർമ്മം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ശരീരം നഷ്ടപ്പെടുന്നതിലൂടെ ഈ മാതൃകകൾ തകരാത്തതിനാൽ അത് അതിനപ്പുറത്തേക്കും പോകുന്നു. അതുകൊണ്ട് നിങ്ങൾ ജീവനോടെയും ഉണർന്നിരിക്കുമ്പോഴും ഈ മാതൃകകൾക്ക് അതീതമായി പോകാൻ ശ്രമിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ഈ മാതൃകകളെ തകർത്ത് നിങ്ങളുടെ ജീവിതം ബോധപൂർവ്വം നയിക്കുക. ഉദാഹരണത്തിന്, ഞാൻ ഇപ്പോൾ സംസാരിക്കുന്നു - എനിക്ക് ശീലമനുസരിച്ചോ ബോധപൂർവ്വമോ സംസാരിക്കാം. അതാണ് വ്യത്യാസം. ഞാൻ വെറുതെ ഇരുന്ന് ഗോസിപ്പ് പറയുകയാണെങ്കിൽ പോലും, പതിനായിരം പേർ അത് കേൾക്കാൻ ആഗ്രഹിക്കുന്നു, കാരണം ഓരോ വാക്കും ബോധപൂർവമാണ് പറയുന്നത്, അല്ലാതെ ശീലങ്ങൾക്കനുസരിച്ചല്ല അവ ഉച്ചരിക്കപ്പെടുന്നത്. ഇതിൽ ശീലമായുള്ളതൊന്നും തന്നെയില്ല. ഞാൻ പറയുന്നതിന്റെ ഉള്ളടക്കം എന്തുതന്നെയായാലും, ആളുകൾ അത് കേൾക്കാൻ ആഗ്രഹിക്കുന്നു, കാരണം ഓരോ വാക്കും ബോധപൂർവ്വം പുറത്തുവരുന്നതാണ്, അതിന് ശക്തിയുണ്ട്. നിങ്ങൾ ഓരോ ശ്വാസവും ബോധപൂർവ്വം എടുക്കുകയും പുറത്തുവിടുകയും ചെയ്യുകയാണെങ്കിൽ, പെട്ടെന്ന് നിങ്ങളുടെ ശ്വാസത്തിന് വ്യത്യസ്തമായ ശക്തി കൈവരും. നിങ്ങളുടെ ജീവിതത്തിലെ ഓരോ ചലനവും ബോധപൂർവ്വമാക്കിയാൽ, ഓരോ ചലനത്തിനും അതിശയകരമായ ശക്തിയുണ്ടാകും. നിങ്ങൾക്ക് ജീവിതത്തിന്റെ ശക്തി അറിയണമെങ്കിൽ, നിങ്ങൾ അതിനെക്കുറിച്ച് ബോധവാന്മാരായിരിക്കണം, അല്ലെങ്കിൽ അത് നിലനിൽക്കുന്നതുപോലും നിങ്ങൾ അറിയില്ല.