സദ്ഗുരുപരമശിവന്റെ വലിയ ഭക്തനായിരുന്ന രാവണൻ തെക്കുള്ള തന്റെ സാമ്രാജ്യത്തിൽ ഇരുന്നു കൊണ്ട് അഗാധമായി ശിവനെ ആരാധിച്ചിരുന്നു. പക്ഷെ കുറച്ചു കാലം പിന്നിട്ടപ്പോൾ അദ്ദേഹം ചിന്തിച്ചു, "എന്ത് കൊണ്ട് എനിക്ക് കൈലാസത്തെ എന്റെ വീടിനടുത്തേക്ക് കൊണ്ട് വന്നൂടാ?" അങ്ങനെ അദ്ദേഹം ശ്രീലങ്കയിൽ നിന്നും കൈലാസം വരെ നടന്ന് ചെല്ലുകയും, കൈലാസപർവ്വതത്തെ ഉയർത്താൻ തുടങ്ങുകയും ചെയ്തു. ഇത് കണ്ട പാർവതീദേവി വളരെ കോപത്തോടെ പരമശിവനോട് പറഞ്ഞു, "അങ്ങേയ്ക്ക് അയാൾ എത്രമാത്രം പ്രിയങ്കരനാണെന്ന് എനിക്ക് അറിയേണ്ടതില്ല, കൈലാസപർവ്വതത്തെ തെക്ക് ഭാഗത്ത് കൊണ്ട് പോകാൻ അങ്ങ് അനുവദിക്കരുത്." രാവണന്റെ അഹങ്കാരമുള്ള പ്രകൃതത്താൽ പരമശിവനും കോപാകുലനാവുകയും, കൈലാസത്തെ താഴേക്ക് അമർത്തുകയും ചെയ്തു, അതിനടയിൽ രാവണന്റെ കൈ അതിനുള്ളിൽ അകപ്പെട്ടുപോയി. രാവണൻ വേദനയോടെ നിലവിളിച്ചെങ്കിലും പരമശിവൻ അദ്ദേഹത്തെ മോചിപ്പിക്കാൻ തയ്യാറായില്ല.

രാവണൻ കഠോരമായ തപസ്സിരിക്കുകയും, പരമശിവനിൽ നിന്നും നേരിട്ട് തന്നെ ,വലിയ ശക്തിയുള്ള ഒരു ജ്യോതിർലിംഗം സ്വീകരിക്കുകയും ചെയ്തു


അങ്ങനെ തന്റെ കൈ കൈലാസത്തിനടിയിൽപ്പെട്ടിരിക്കുന്നസ്ഥിതിയിൽ നിന്ന് കൊണ്ട് തന്നെ, അയാൾ വളരെ സുന്ദരമായ ഈണങ്ങളിലൂടെ പരമശിവനെ വാഴ്ത്തി സ്തുതിക്കുവാൻ തുടങ്ങി. പരിപൂർണ്ണമായ സ്നേഹത്തിന്റെയും, സമർപ്പണത്തിന്റെയും 1001 സങ്കീർത്തനങ്ങൾ തയ്യാറാക്കികഴിഞ്ഞപ്പോൾ, പരമശിവൻ രാവണനെ മോചിപ്പിച്ച ശേഷം പറഞ്ഞു, “നീ ഒരു വരദാനത്തിന് യോഗ്യനാണ്, ചോദിക്കൂ എന്താണ് നിനക്ക് വേണ്ടത്?” രാവണന്റെ തനിനിറം വീണ്ടും പ്രകടമായി, അയാൾ ചോദിച്ചു, “എനിക്ക് പർവ്വതീദേവിയെ കല്യാണം കഴിക്കണം.” പരമശിവൻ പറഞ്ഞു, "ശരി, ദേവി മാനസ സരോവര തടാകത്തിൽ ഉണ്ടാവും. പോയി വേളി കഴിച്ചോളൂ." പരമശിവന് ചുറ്റുമുള്ള എല്ലാ ഗണങ്ങളും ഭയചകിതരായി, "ഇതെങ്ങനെ സംഭവിക്കും? ആ രാവണന് ദേവി പാർവ്വതിയെ തൊടാൻ പോലും എങ്ങനെ സാധിക്കും? ഇതൊരിക്കലും സംഭവിക്കാൻ പാടില്ല." അവരെല്ലാവരും മാനസസരോവര താടകത്തിൽ ഓടിയെത്തി ദേവി പാർവ്വതിയോട് പറഞ്ഞു. "രാവണൻ വരുന്നുണ്ട്! പരമശിവൻ അയാൾക്ക് അങ്ങയെ കല്യാണം കഴിക്കാൻ അനുവാദം കൊടുത്തിരിക്കുന്നു."

ദേവി പാർവ്വതി, തവളകളുടെ രാജ്ഞിയായ മണ്ഡൂകത്തെ വിളിച്ചിട്ട്, അതിനെ ഒരു സുന്ദരിയായ യുവതിയായി രൂപാന്തരപ്പെടുത്തി. രാവണൻ ദേവിയെ ഒരിക്കലും കണ്ടിട്ടില്ലാത്തതു കൊണ്ട്, സുന്ദര യുവതിയായ മണ്ഡൂകത്തെ കണ്ടപ്പോൾ വളരെ ആകൃഷ്ടനാവുകയും, അങ്ങനെ കല്യാണം കഴിക്കുകയും ചെയ്തു. ആ സുന്ദരിയാണ് മണ്ഡോദരി.

ഇതുകഴിഞ്ഞു രാവണൻ കഠോരമായ തപസ്സിരിക്കുകയും, പരമശിവനിൽ നിന്നും നേരിട്ട് തന്നെ,വലിയ ശക്തിയുള്ള ഒരു ജ്യോതിർലിംഗം സ്വീകരിക്കുകയും ചെയ്തു. സാമൂഹികമായി സ്വീകാര്യമാണോ എന്നൊന്നും പരമശിവന് വിഷയമേ അല്ല. ആത്മാർഥമായി സംഭവിക്കുന്ന എന്തിനെയും അദ്ദേഹം സ്നേഹിക്കും. രാവണന്, ആ ജ്യോതിർലിംഗത്തെ തന്റെ നാട്ടിൽ കൊണ്ട് പോകാൻ അനുവാദം കൊടുക്കുകയും, ആ ജ്യോതിർലിംഗത്തെ എവിടെ വയ്ക്കുന്നുവോ അവിടെ തന്നെ അത് പ്രതിഷ്ഠിക്കപ്പെടുമെന്നും അരുൾ ചെയ്തു. ഒരേയൊരു നിർബന്ധം അതായിരുന്നു- ജ്യോതിർലിംഗത്തെ അലക്ഷ്യമായി തറയിൽ വയ്ക്കാൻ പാടില്ല, കാരണം എവിടെയാണോ വയ്ക്കുന്നത്, അവിടെ തന്നെ പ്രതിഷ്ഠിക്കപ്പെടും.

 

gokarna ganapati


ഗോകർണ്ണാ ക്ഷേത്രം

അതീവ ശ്രദ്ധയോടെ രാവണൻ ജ്യോതിർലിംഗവുമായി സഞ്ചരിച്ചു. ആ വ്യക്തി എല്ലാ നിഷ്ഠകളും അതുപോലെ പാലിക്കുന്ന ഒരു യോഗി തന്നെയായിരുന്നു- അയാൾ ഭക്ഷിച്ചില്ല, അയാൾ മൂത്രമൊഴിച്ചില്ല, ഏതൊരു മനുഷ്യനെന്റെയും ശ്രദ്ധ വ്യതിചലിപ്പിക്കുന്ന യാതൊന്നിനും അടിമപ്പെടാതെ അയാൾ മൂവായിരത്തോളം കിലോമീറ്ററുകൾ നടന്ന് കർണ്ണാടകയിലെ ഗോകർണ്ണാ എന്ന സ്ഥലത്ത് എത്തിച്ചേർന്നു. സാധാരണ മനുഷ്യന് ആവശ്യമായ യാതൊന്നും ചെയ്യാതെ നടന്നതിനാൽ വളരെയധികം ക്ഷീണിതനായ അയാൾക്ക് പിടിച്ചു നിർത്താൻ പറ്റാത്ത രീതിയിൽ മൂത്രശങ്കയുണ്ടായി. ഭക്ഷണമൊന്നും കഴിക്കാത്തതിനാൽ ഒരുപക്ഷെ അയാൾ വെള്ളം കുടിച്ചിരുന്നിട്ടുണ്ടായിരിക്കാം. അയാളുടെ മൂത്രസഞ്ചി ഒരു ആയിരം ഗ്യാലൺ നിറഞ്ഞു, അവിടെയെത്തിയതോടെ അയാൾക്ക് പിടിച്ചു നിൽക്കാൻ പറ്റാതെയായി! പക്ഷെ ആ ലിംഗം അദ്ദേഹത്തിന് നിലത്തു വെക്കാൻ കഴിയില്ല. അത് കയ്യിൽ വച്ച് കൊണ്ട് മൂത്രമൊഴിക്കുന്നതു പോലുള്ള ഒരു പ്രവൃത്തി ചെയ്യാനും അദ്ദേഹത്തിന് മനസാക്ഷിക്കുത്തുണ്ടായി.

അപ്പോൾ അദ്ദേഹം പൈക്കളെ മേച്ചു കൊണ്ടിരുന്ന, സുന്ദരനും നിഷ്കളങ്കനുമായ ബാലനെ കണ്ടു. ആ കുട്ടി അത്രയും നിഷ്കളങ്കനായി കാണപ്പെട്ടിരുന്നു. സമർത്ഥനായ ആർക്കെങ്കിലും നിങ്ങൾ വിലപ്പെട്ട എന്തെങ്കിലും കൊടുത്താൽ, അവർ ഓടിപ്പോകാൻ സാധ്യതയുണ്ട്. എന്നാൽ ആ കുട്ടിയെ കണ്ടപ്പോൾ ഒരു മണ്ടനെ പോലെ തോന്നിയത് കൊണ്ട്, രാവണൻ പറഞ്ഞു, "ഞാൻ മൂത്രമൊഴിക്കുന്ന നേരം, നീ ഇത് ഒരൽപ്പം സമയം കൈയ്യിൽ പിടിച്ചു കൊണ്ട് നിന്നാൽ ഞാൻ നിനക്ക് രത്നങ്ങൾ തരാം. പക്ഷെ നിലത്ത് വയ്ക്കരുത്." ആ കുട്ടി പറഞ്ഞു, "ശരി." അങ്ങനെ രാവണൻ ആ കുട്ടിക്ക് ലിംഗത്തെ കൊടുത്തിട്ടു തിരിഞ്ഞു നിന്നുകൊണ്ട് മൂത്രമൊഴിക്കാൻ തുടങ്ങി. ആ ലിംഗം ലങ്കയിൽ എത്തിയാൽ അയാൾ അമാനുഷിക ശക്തിയുള്ളവനായി മാറും എന്നതിനാൽ, അത് ഒരു കാരണവശാലും സംഭവിക്കാൻ പാടില്ല എന്ന് ആഗ്രഹമുള്ളത് കൊണ്ട് ഗണപതിയായിരുന്നു ശരിക്കും, കുട്ടിയുടെ രൂപത്തിൽ അവിടെ എത്തിയത്. കയ്യിൽ കിട്ടിയ ഉടനെ ഗണപതി അതിനെ നിലത്ത് വയ്ക്കുകയും ലിംഗം ഭൂമിയിലേക്ക് താഴുകയും ചെയ്തു. നിങ്ങൾ ഗോകർണ്ണയിൽ പോയാൽ, ഇന്നും അവിടെ കല്ലിൽ, ഒരു കുഴി മാത്രമേയുള്ളു- അതിനുള്ളിൽ വിരൽ കൊണ്ട് മാത്രമേ ലിംഗത്തെ സ്പർശിക്കാൻ സാധിക്കുകയുള്ളു കാരണം അത് ഉള്ളിൽ പോയിരിക്കുന്നു.

 

gokarna

ഗോകർണ്ണ ഗണപതി

രാവണൻ വളരെയധികം കുപിതനാവുകയും ആ കുട്ടിയുടെ തലയിൽ പ്രഹരിക്കുകയും ചെയ്തു, അതുകൊണ്ടാണ് ഇന്നും ഗോകർണ്ണയിലെ ഗണപതിയുടെ തലയിൽ ഒരു ചതവ് ഉള്ളതായി കാണാം. ഇത്രയും ദൂരം കൈലാസത്തിലേക്ക് തിരിച്ചു പോയി വീണ്ടും ഇതെല്ലാം ചെയ്യാനുള്ള ധൈര്യം ഇല്ലാത്തത് കൊണ്ട്, വിദ്വേഷത്തോടെയും നിരാശയോടെയും, അദ്ദേഹം ശ്രീലങ്കയിലേക്ക് നടന്നു.

നിങ്ങൾ നല്ലവനാണോ മോശപ്പെട്ടവനാണോ എന്ന വേർതിരിവില്ലാതെ, നിങ്ങൾ സന്നദ്ധനാണെങ്കിൽ, ദൈവികത ലഭ്യമാവും. എന്നാൽ അതിനെ നിങ്ങൾ ഒരു അനുഗ്രഹമാക്കി മാറ്റുമോ അതോ ശാപമാക്കി മാറ്റുമോ എന്ന് തീരുമാനിക്കുന്നത്, നിങ്ങൾ ഏതു തരത്തിലുള്ള പ്രകൃതമാണ് ഉള്ളിൽ കൊണ്ട് നടക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. ഏത് തരത്തിലുള്ള കാഴ്ചപ്പാടുകളും മനോഭാവവുമാണോ നിങ്ങൾ നിങ്ങളുടെയുള്ളിൽ വളർത്തുന്നതൊ അതാണ്- ഈ അസ്തിത്വത്തെ നിങ്ങൾ എങ്ങനെയാണ് ഉപയോഗിക്കുക എന്നത് നിശ്ചയിക്കുന്നത്.