സദ്ഗുരു: ഏതൊരു സമൂഹത്തിലും "തീ" എന്ന വാക്ക് ഉച്ചത്തിൽ ഉച്ചരിക്കുന്നത് വളരെയധികം ഉദ്വേഗം സൃഷ്ടിക്കുന്നു. അഗ്നിയെ  പൊതുവിൽ  അപകടമായി കരുതുന്നു  - നിങ്ങൾ അത് ശരിയായി കൈകാര്യം ചെയ്യുന്നില്ലെങ്കിൽ അപകടമാണ്.നമുക്ക് അഗ്നിയുടെ പ്രാഥമികമായ  മാനം പരിശോധിക്കാം  - അഗ്നിയുടെ ആവിർഭാവങ്ങൾ , അത് നിർവഹിക്കാനുള്ള  വഴികൾ, സർവോപരി, അഗ്നിയെ നിയന്ത്രിക്കാനുള്ള മാർഗങ്ങൾ. പഞ്ചഭൂതങ്ങളിൽ   , മനുഷ്യ ശരീരത്തിന്റെ ഘടനയിൽ ഏറ്റവും കുറവ് അനുപാതം അഗ്നിയാണെങ്കിലും , അതിന്റെ സ്വാധീനം ബൃഹത്തരമാണ്. അഗ്നി ജീവനെ പല തരത്തിൽ  പ്രതിനിധീകരിക്കുന്നു. നിങ്ങളിൽ  ജീവനുണ്ടോ അതോ മരണം സംഭവിച്ചോ  എന്നതിനുള്ള ഒരു പ്രധാന സൂചകം  നിങ്ങളിൽ ഇപ്പോഴും തീ കത്തുന്നുണ്ടോ, അല്ലെങ്കിൽ നിങ്ങളുടെ ശരീരം തണുത്തുപോയിട്ടുണ്ടോ എന്നതാണ്.  ഈ ഗ്രഹത്തിലെ ജീവൻ അടിസ്ഥാനപരമായി സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്നു. ഭൂമിയിലെ ജീവന്  ഊർജം പകരുന്ന ഒരു വലിയ അഗ്നിഗോളം ആണ് സൂര്യൻ. പ്രവർത്തിക്കുന്ന ഏതൊരു യന്ത്രവും  സ്ഥിരമായി ചൂട് ഉത്പാദിപ്പിക്കുന്നു , കാരണം അടിസ്ഥാനപരമായി തീയാണ് ഇന്ധനം.നിങ്ങൾക്ക് അതിനെ  വൈദ്യുതി, പെട്രോൾ, മരം, കൽക്കരി എന്നെല്ലാം  വിളിക്കാം, എന്നാൽ നിങ്ങളുടെ ശരീരം ഉൾപ്പെടെ ഏത് യന്ത്രത്തെയും പ്രവർത്തിപ്പിക്കുന്നത്  തീയാണ്..

220px-Agni_18th_century_miniature.jpg

ഭാരതീയ സംസ്കാരത്തിൽ അഗ്നിയെ മൂർത്തീകരിക്കുന്നത് അഗ്നിദേവനാണ്- ഒരു  ജ്വലിക്കുന്ന ആട്ടുകൊറ്റന്റെ  പുറത്തു സഞ്ചരിക്കുന്ന ഇരുമുഖനായ ദൈവം. ഇരുമുഖങ്ങളും  അഗ്നിയെ ജീവദാതാവായും ജീവനെടുക്കുന്നവനായും പ്രതീകാത്മകമായി പ്രതിനിധാനം ചെയ്യുന്നു.  നമ്മുടെ ഉള്ളിൽ ജ്വലിക്കുന്ന അഗ്നിയില്ലാതെ ജീവിതമില്ല. എന്നാൽ നിങ്ങൾ ശ്രദ്ധാലുവല്ലെങ്കിൽ, അഗ്നി പെട്ടെന്ന്  നിയന്ത്രണാതീതമാവുകയും എല്ലാം ദഹിപ്പിക്കുകയും ചെയ്യും.  അത് നമ്മുടെ ശരീരത്തെ എരിക്കുമ്പോൾ  അതിനെ ദഹിപ്പിക്കൽ എന്ന് വിളിക്കുന്നു. മറ്റൊരു വശം, നാം പാചകം ചെയ്യാൻ തീ ഉപയോഗിക്കുന്നത് മൂലം നമുക്ക് ഭക്ഷ്യയോഗ്യമോ രുചികരമോ അല്ലാത്ത ഭക്ഷണങ്ങൾ ഭക്ഷിക്കാൻ കഴിയുന്നു.   . 

അഗ്നിയുടെ തരങ്ങൾ

#1  ജഠരാഗ്നി

അകത്തും പുറത്തുമായി അഗ്നിക്ക് നിരവധി മാനങ്ങൾ ഉണ്ട്.നമ്മുടെ ഉള്ളിൽ ജ്വലിക്കുന്ന അഗ്നിയുടെ മൂന്ന് രൂപങ്ങൾ നോക്കാം. ഒന്ന് ജഠരാഗ്നി എന്നറിയപ്പെടുന്നു. 'ജഠര' എന്നാൽ ആമാശയം അല്ലെങ്കിൽ ദഹനപ്രക്രിയ എന്നാണ് അർത്ഥമാക്കുന്നത്. നിങ്ങളുടെ വയറ്റിൽ അൽപം തീ ഇല്ലെങ്കിൽ, നിങ്ങൾ കഴിക്കുന്ന ഭക്ഷണം ദഹിക്കില്ല. നിങ്ങൾക്ക് ആവശ്യമായ ഊർജം പുറത്തുവിടാൻ  വിഭജിക്കേണ്ട  ഇന്ധനമായി ഭക്ഷണം പ്രവർത്തിക്കുന്നു. ദഹന അഗ്നി നന്നായി പോഷിപ്പിക്കപ്പെടുകയും ഇന്ധനം നൽകുകയും ചെയ്താൽ, അത് പ്രത്യുൽപാദന അഗ്നിയായി മാറുന്നു. ദഹനവും പ്രത്യുൽപാദനവും ജഠരാഗ്നിയെ  ആശ്രയിച്ചിരിക്കുന്നു.

#2 ചിതാഗ്നി

രണ്ടാമത്തെ തരത്തിലുള്ള ആന്തരിക അഗ്നിയെ ചിതാഗ്നി എന്ന് വിളിക്കുന്നു.  മനസ്സിന്റെയും മനസിനതീതമായതിന്റെയും മാനമാണത് . ഭൗതിക രൂപത്തിന്റെ പരിമിതികളെ മറികടക്കുന്ന നിങ്ങളുടെ ഉള്ളിലെ ബുദ്ധിയുടെ ഒരു മാനമാണ് ചിത്ത. നിങ്ങളുടെ ഭൗതിക രൂപം നിങ്ങളുടെ ജനിതകത്തിന്റെയും കാർമികമായ  സ്മരണയുടെയും  ഫലമാണ്. നേരെമറിച്ച്, ചിത്ത എന്നത് സ്മരണയുടെ  കളങ്കമില്ലാത്ത ബുദ്ധിയുടെ ഒരു മാനമാണ്. ബുദ്ധിയുടെ അഗ്നിക്ക് വിവിധ തലങ്ങളിൽ പ്രകടമാകാൻ കഴിയും, ആ ആവിർഭാവത്തിന്റെ  ആദ്യ തലം ധിക്ഷണയാണ് . നിങ്ങളിലെ വ്യത്യസ്ത അഗ്നിയെ പരിശോധിക്കുകയാണെങ്കിൽ , നിങ്ങളുടെ ദഹനാഗ്നി നന്നായി നടക്കുന്നുണ്ടെങ്കിൽ മാത്രമേ പ്രത്യുൽപാദന അഗ്നി പ്രവർത്തനത്തിൽ വരൂ. നിങ്ങൾ  ഭക്ഷണം കഴിക്കുന്നില്ലെങ്കിൽ, പ്രത്യുൽപാദന സഹജവാസന അപ്രത്യക്ഷമാകും. അതുപോലെ, നിങ്ങളുടെ ചിതാഗ്നി ആവശ്യാനുസരണം ജ്വലിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ ധിക്ഷണ  ദുർബലവും നിഷ്ഫലവുമാകും.എന്നിരുന്നാലും, നിങ്ങളുടെ ചിതാഗ്നി ജ്വലിക്കുകയാണെങ്കിൽ, അത് ധിക്ഷണയുടെ  രൂപത്തിൽ ആവിർഭവിക്കും  - നിങ്ങൾ ബോധപൂർവ്വം ബുദ്ധിയുടെ മറ്റ് മാനങ്ങളിലേക്ക് പ്രവേശിക്കാൻ കഴിയുന്ന അവസ്ഥയിലല്ലെങ്കിൽ പോലും. നിങ്ങളുടെ ചിതാഗ്നി ജ്വലിക്കുന്നുണ്ടെങ്കിൽ, ഭക്ഷണത്തിലും ലൈംഗികതയിലും ശരീരത്തിന്റെ മറ്റ് കാര്യങ്ങളിലും നിങ്ങൾക്ക് താൽപ്പര്യം നഷ്ടപ്പെടും.ഈ പശ്ചാത്തലത്തിലാണ് നിർഭാഗ്യവശാൽ,  യഥാർത്ഥത്തിൽ അതീതമായത് എന്നതിന് പകരം, പരിത്യാഗമെന്ന്  പ്രചരിപ്പിക്കപ്പെടുന്നത്. 

#3 ഭൂതാഗ്നി

 ശരീരത്തിന്റെ അതിരുകൾ വളരെ വ്യക്തവും പരിമിതവുമാണ്. മനസ്സിന്റെ അതിരുകൾ വലുതാണ്. ഉദാഹരണത്തിന്, ലോകത്തിന്റെ മറ്റൊരു ഭാഗത്തെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും അറിയാമെങ്കിൽ, അത് നിങ്ങളുടെ മനസ്സിന്റെ അതിരുകൾക്കുള്ളിലാണ്. നിങ്ങളുടെ അറിവ് വികസിക്കുമ്പോൾ, നിങ്ങളുടെ മാനസിക അതിരുകളും  വികസിക്കും.എന്നാൽ ഭൂതാഗ്നിയുടെയോ മൂലകമായ അഗ്നിയുടെയോ പരിമാണത്തെകുറിച്ചു നിങ്ങൾ ബോധവാനാണെങ്കിൽ  നിങ്ങൾ അതിരുകളില്ലാത്ത ഒരു ജീവിയാകും, കാരണം മൂലകങ്ങളുടെ കളി എല്ലാ സൃഷ്ടിയിലും നടക്കുന്നു.   .

 

 

#4 സർവാഗ്നി

 

ഇതിനുമപ്പുറം  സർവാഗ്നി എന്നൊരു അഗ്നിയുണ്ട്. ആധുനിക ശാസ്ത്രമനുസരിച്ച് അസ്തിത്വത്തിന്റെ ഭൗതിക മാനം അഞ്ച് ശതമാനത്തിൽ താഴെയാണ്. അതായത് പ്രപഞ്ചത്തിന്റെ മുഴുവൻ ഭൗതിക മാനവും നിങ്ങൾക്കറിയാമെങ്കിൽപോലും , അസ്തിത്വത്തിന്റെ അഞ്ച് ശതമാനം മാത്രമേ നിങ്ങൾക്ക് അറിയൂ. മൂലകങ്ങളില്ലാത്ത, നിങ്ങൾക്കറിയാവുന്നതുപോലെ സൃഷ്ടികളില്ലാത്ത, മറ്റൊരു  വിധത്തിൽ പറഞ്ഞാൽ, ഭൗതിക പ്രകൃതിയില്ലാത്ത മാനത്തെ സർവാഗ്നി സ്പർശിക്കുന്നു.

 

സാധാരണഗതിയിൽ, ജീവിതത്തിന്റെ  പ്രകൃതത്തിലേക്കു പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ഒരു യോഗിക്ക് ജഠരാഗ്നി, ചിതാഗ്നി, ഭൂതാഗ്നി എന്നിവയിൽ താൽപ്പര്യമില്ല. അവൻ സർവാഗ്നിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും, കാരണം ഇത് പരമമായ അഗ്നിയാണ് - എന്നാൽ ഇത് ഒരു തണുത്ത അഗ്നിയാണ്. ജഠരാഗ്നി വളരെ വ്യക്തമായ അഗ്നിയാണ്. ചിതാഗ്നി വ്യക്തമല്ല, പക്ഷേ അത് അവിടെ തന്നെയുണ്ട് . ഭൂതാഗ്നി അത്ര ദൃശ്യമല്ല, പക്ഷേ അവിടെ തന്നെയുണ്ട് . സർവാഗ്നി അനുഭവിക്കാൻ പ്രയാസമാണ്, പക്ഷേ അതില്ലാതെ ഒന്നും സംഭവിക്കില്ല. മറ്റെല്ലാ അഗ്നികളെയും ഉൾക്കൊള്ളുന്ന അടിസ്ഥാനപരവും ആത്യന്തികവുമായ അഗ്നിയാണ് അത്.

 

ആത്മീയ പാതയിൽ അഗ്നിയുടെ പ്രാധാന്യം

ആകാശം അല്ലെങ്കിൽ ഈഥറിന് ഏറ്റവും അടുത്തുള്ള മൂലകമാണ് അഗ്നി . അഗ്നി ഉള്ളിടത്ത് ആകാശിക് അല്ലെങ്കിൽ എതറിക് മാനങ്ങൾ കൂടുതൽ പ്രാപ്യമാണ് - പ്രത്യേകിച്ചും ചില ഇന്ധനങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ. ദക്ഷിണേന്ത്യയിൽ നമ്മൾ വിളക്കിന് നെയ്യോ എള്ളെണ്ണയോ ഉപയോഗിക്കുന്നു. രണ്ടും ലഭ്യമല്ലെങ്കിൽ കടല എണ്ണ; അതും ലഭ്യമല്ലെങ്കിൽ വെളിച്ചെണ്ണ. ഇത്തരം  എണ്ണകൾ  അടിസ്ഥാനമാക്കിയുള്ള അഗ്നിക്ക്  ഒരു സവിശേഷ  ഗുണമുണ്ട്. മറ്റ് ഇന്ധനങ്ങളെ അപേക്ഷിച്ച് അവയ്ക്ക് താരതമ്യേന ഉയർന്ന സ്മോക്ക് പോയിന്റുണ്ട്. അതുകൊണ്ടാണ്, നിങ്ങൾ തീജ്വാലയുടെ അരികിലേക്ക് നോക്കുകയാണെങ്കിൽ - നിങ്ങൾ തീജ്വാലയിലേക്ക് നോക്കരുത് - എതറിക് അളവ് കൂടുതൽ ലഭ്യമാകുന്നത്.  

അനുകൂലമായ ഒരന്തരീഷം  സൃഷ്ടിക്കാൻ ആഗ്രഹിക്കുമ്പോൾ നിങ്ങൾ  ആദ്യം ചെയ്യേണ്ടത് എണ്ണയിലോ  നെയ്യിലോ  വിളക്ക് കത്തിക്കുക എന്നതാണ്. ഇത് ഇന്ത്യൻ ജീവിതത്തിന്റെ ഭാഗമാണ്. വിളക്കിനുള്ള ഇന്ധനം പരമാവധി പ്രയോജനത്തിനായി ഒരു പ്രത്യേക തരത്തിലുള്ളതായിരിക്കണം. മെഴുകുതിരികൾക്ക് പൊതുവെ ഒരേ ഫലമുണ്ടാകില്ല, പ്രത്യേകിച്ചും അവ രാസ മെഴുക് കൊണ്ടാണ് നിർമിച്ചിരിക്കുന്നതെങ്കിൽ. അടിസ്ഥാനപരമായി  നിങ്ങൾ ചെയ്യാൻ ശ്രമിക്കുന്നത് സ്വയം ഒരു പ്രത്യേക പ്രഭാവലയം സൃഷ്ടിക്കാൻ കഴിയുന്ന  വസ്തു ഉപയോഗിച്ച്  അഗ്നി  ഉണ്ടാക്കുകയാണ്, അതിലൂടെ  ആകാശം  ലഭ്യമാകാനായി . ഒരു എണ്ണ വിളക്ക് ഉപയോഗിച്ച്, നിങ്ങൾക്കും നിങ്ങളുടെ വീട്ടിലെ മറ്റുള്ളവർക്കും പ്രയോജനം ലഭിക്കുന്ന ഒരു ആകാശതലം  സൃഷ്ടിക്കുന്നു. പ്രത്യേകിച്ച് കുട്ടികൾ, ഗർഭിണികൾ, രോഗികൾ എന്നിവർക്കും, പൊതുവിൽ ആരോഗ്യത്തിനായും  നിങ്ങളുടെ വീട്ടിൽ എണ്ണ വിളക്ക് കത്തിക്കുന്നത് അത്യന്താപേക്ഷിതമാണ്. ഇത്തരമൊരു അഗ്നി നിങ്ങളുടെ ജഠരാഗ്നിയെ വർധിപ്പിക്കുകയും അതുമൂലം ശരീരത്തിന്റെ ആരോഗ്യത്തിനും ദൃഢതക്കും ഉപകരിക്കുകയും  മാത്രമല്ല,അത്  ചിതാഗ്നി, ആകാശത്തിന്റെ ലഭ്യത എന്നിവ  വർധിപ്പിക്കുകയും ചെയ്യുന്നു. ബുദ്ധിയുടെ അഗ്നി നിങ്ങളുടെ ഉള്ളിൽ കത്തേണ്ടത്  പ്രധാനമാണ്. നിങ്ങളുടെ ഉള്ളിൽ ശാരീരിക അഗ്നികൾ  മാത്രം ജ്വലിക്കുകയും  ബുദ്ധിയുടെ അഗ്നി ജ്വലിക്കാതിരിക്കുകയും ചെയ്യുമ്പോൾ ജീവിതം ദയനീയവും വികൃതവുമാകും. ജഠരാഗ്നി ഒരുപാടുണ്ടാവുകയും ചിതാഗ്നി ആവശ്യത്തിന് ഇല്ലാതെ വരികയും ചെയ്യുമ്പോൾ മനുഷ്യർ വിഡ്ഢിത്തരങ്ങൾ ചെയ്യുന്നു.  

യോഗ സംസ്കാരത്തിൽ  അഗ്നി    

ഈ സംസ്കാരത്തിൽ, ആളുകളുടെ ജീവിതത്തിൽ പ്രാധാന്യമുള്ളതെല്ലാം  സംഭവിക്കുന്നത് അഗ്നിക്ക് ചുറ്റുമാണ്. അഗ്നി  ഇല്ലാതെ ആരാധനയോ വിവാഹമോ വിശേഷ സംഭവങ്ങളോ  ഇല്ലായിരുന്നു. ഹോമങ്ങളും ഹവനങ്ങളും പോലുള്ള യാഗങ്ങൾ ഉൾപ്പെടെ അഗ്നിയുടെ വ്യത്യസ്ത ആവിർഭാവങ്ങളും  അഗ്നി ഉപയോഗിക്കുന്ന രീതികളും ഈ സംസ്കാരത്തിൽ സ്ഥാപിക്കപ്പെട്ടു. അഗ്നി ആകാശത്തെ അല്ലെങ്കിൽ ഈതറിനെ കൂടുതൽ പ്രാപ്യമാക്കുന്നു. എന്റെ ശരീരത്തിലെയും നിങ്ങളുടെ ശരീരത്തിലെയും ഭൂമി അടിസ്ഥാനപരമായി ഒന്നുതന്നെയാണ്, എന്നാൽ നിങ്ങളുടെയും എന്റെയും  ശരീരത്തിൽ എന്താണ് അടങ്ങിയിരിക്കുന്നത് എന്നതിന്റെ   അടിസ്ഥാനത്തിൽ, അത് വ്യത്യസ്തമാണ്. നിങ്ങളുടെ ഉള്ളിലെയും എന്റെ ഉള്ളിലെയും ജലം വ്യത്യസ്തമാണ് - ഇപ്പോൾ  അത് വ്യത്യസ്ത പാത്രങ്ങളിലാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് നിങ്ങൾക്ക് പറയാം. എന്നാൽ നമ്മൾ ശ്വസിക്കുന്ന വായുവിനെ വേർപെടുത്താനാവില്ല. അത് എല്ലാ സമയത്തും കൈമാറ്റം ചെയ്യപ്പെടുന്നു. നമ്മളിലെ  അഗ്നി ഇതിലും വലിയ അളവിൽ പങ്കിടപ്പെടുന്നു . ആകാശം  പൂർണ്ണമായും പങ്കിട്ടിരിക്കുന്നു. നമ്മൾ എല്ലാവരും ഒരേ ആകാശത്തിലാണ്. ഏതെങ്കിലും അന്തരീക്ഷത്തിലെ ആകാശം  വർദ്ധിപ്പിക്കുകയാണെങ്കിൽ, മനുഷ്യർക്കിടയിൽ ഒരു പ്രത്യേക ബന്ധം സംഭവിക്കുന്നു. അഗ്നിക്ക്  ചുറ്റും ഐക്യവും ആശയവിനിമയവും വളരെയധികം മെച്ചപ്പെടുന്നു , കാരണം അഗ്നി  ഉള്ളിടത്ത് ആകാശം കൂടുതൽ പ്രബലമാകുന്നു.  

ചുരുക്കത്തിൽ, അഗ്നിയുടെ അളവ് നിങ്ങളിൽ കുറവാണെങ്കിലും, അതിന്റെ അതുല്യമായ പ്രകൃതം കാരണം, ഗുണത്തിൽ , അത് വളരെ പ്രാധാന്യമുള്ളതാകുന്നു. അഗ്നിയെ സ്പർശിക്കാനുള്ള നിങ്ങളുടെ കഴിവ് പരിമിതമാണ്. അതേ സമയം, നിങ്ങൾ ഏറ്റവും കൂടുതൽ സംവേദനക്ഷമമാകുന്ന  മൂലകവും അഗ്നിയാണ്.ആശയവിനിമയം നടത്താനും, സ്വീകാര്യത സൃഷ്ടിക്കാനും, പരിമിതികളെ മറികടക്കാനും, നിങ്ങൾക്ക് ദൈവമെന്നോ ദൈവികമെന്നോ അല്ലെങ്കിൽ സൃഷ്ടിയുടെ ഉറവിടം എന്നോ  വിളിക്കാൻ ആഗ്രഹിക്കുന്ന മറ്റൊരു മാനം സ്പർശിക്കുന്നതിനുള്ള അന്തരീക്ഷം സജ്ജീകരിക്കാനും  അഗ്നി ഒരു മാർഗമാകുന്നു .

 

പ്രഭാവലയം ശുദ്ധീകരിക്കുന്നതിനുള്ള അഗ്നി സ്നാനം ( ക്ലേശ നാശന ക്രിയ )  

നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ നിങ്ങൾ ധാരാസ്‌നാനം(ഷവർ)  ചെയ്യുമ്പോൾ - അല്ലെങ്കിൽ ഇന്ത്യയിൽ  പറയുന്നതുപോലെ കുളിക്കുമ്പോൾ - ജലത്തിൽ  മുങ്ങുകയല്ല, മറിച്ച് നിങ്ങളുടെ ശരീരത്തിലൂടെ ജലം  ഒഴുകുമ്പോൾ, പ്രത്യേകിച്ച് തണുത്ത ജലമാണെങ്കിൽ , നിങ്ങൾക്കു കാണാൻ കഴിയും അത് നിങ്ങളുടെ  ചർമ്മത്തെ ശുദ്ധീകരിക്കുകയോ  നിങ്ങളുടെ ചർമ്മത്തിലുണ്ടാകുന്ന അഴുക്കുകളും മാലിന്യങ്ങളും കഴുകകയോ മാത്രമല്ല ചെയ്യുന്നത് . നിങ്ങളെ അത് പുനരുജ്ജീവിപ്പിക്കുകയും  പല കാര്യങ്ങളിൽ നിന്നും നിങ്ങളെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. നിങ്ങൾ  ദേഷ്യത്തോടെയും അസ്വസ്ഥതയോടെയും പോയാലും കുളിച്ച് പുറത്തിറങ്ങുമ്പോൾ അസംബന്ധമെല്ലാം ഇല്ലാതായതായി അനുഭവപ്പെടും .തണുത്ത ജലം  ശരീരത്തിലൂടെ ഒഴുകുന്നതും നാഡികളെ  ശാന്തമാക്കുന്നതും മാത്രമല്ല ഇതിന് കാരണം. അതും തീർച്ചയായും സംഭവിക്കുന്നു, എന്നാൽ  അതിനുമപ്പുറം , നിങ്ങളിലെ  ആകാശികമാനത്തിന്റെ ഒരു നിശ്ചിത ശുദ്ധീകരണം അവിടെ സംഭവിക്കുന്നു..

അഗ്നിയുടെ അടുത്ത മാനത്തെ ഭൂതാഗ്നി എന്ന് വിളിക്കുന്നു- മൂലകമായ അഗ്നി. നിങ്ങളുടെ മൂലകമായ തീ ആളിപ്പടരുകയാണെങ്കിൽ, ശരീരത്തിന്റെയും മനസ്സിന്റെയും അഭ്യാസം  നിങ്ങൾക്ക് നിരർത്ഥകമാകുന്നു.നിങ്ങളുടെ താൽപ്പര്യവും ശ്രദ്ധയും ശരീരത്തിന്റെയും മനസ്സിന്റെയും ചേഷ്ടകളിൽ നിന്ന് സൃഷ്ടിയുടെ കൂടുതൽ അടിസ്ഥാനപരമായ ഒരു വശത്തേക്ക് മാറും - ജീവന്റെ ഉറവിടത്തിലേക്ക്. നിങ്ങൾക്ക്  ജഠരാഗ്നിയിൽ  നിയന്ത്രണം  ഉണ്ടെങ്കിൽ , നിങ്ങൾക്ക് ആരോഗ്യകരവും കരുത്തുറ്റതുമായ ശരീരമുണ്ടാകും. നിങ്ങളുടെ ചിതാഗ്നിയുടെ നിയന്ത്രണം നിങ്ങൾ ഏറ്റെടുക്കുകയാണെങ്കിൽ, നിങ്ങൾക്ക് പല തരത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു മനസ്സുണ്ടാകും. നിങ്ങളുടെ ഭൂതാഗ്നിയുടെ നിയന്ത്രണം  നിങ്ങൾ ഏറ്റെടുക്കുകയാണെങ്കിൽ, ജീവിത പ്രക്രിയയിൽ നിങ്ങൾക്ക് അടിസ്ഥാനപരമായ നിയന്ത്രണശക്തി ഉണ്ടാകും