ചോദ്യം: ഞാന്‍ എന്‍റെ സുഹൃത്തുക്കളോടു യോഗയേയും ധ്യാനത്തെയും കുറിച്ചു സംസാരിയ്ക്കുമ്പോഴെല്ലാം അവര്‍ പറയും;” ഓഹ് ഇല്ല. അതു പ്രായമായ ആളുകള്‍ക്കുള്ളതാണ്. ഞങ്ങള്‍ക്കതാവശ്യമില്ല. ഞങ്ങള്‍ക്കതില്‍ താല്പര്യമില്ല.” എന്തു കൊണ്ടാണ് ധ്യാനവും യോഗയും പ്രായമായ ആളുകള്‍ക്കുള്ളതാണെന്നും, യുവതലമുറയില്‍ പെട്ടവര്‍ക്ക് ഉള്ളതല്ലെന്നുമുള്ള കാഴ്ചപ്പാടുണ്ടാകന്നത്?

സദ്ഗുരു: ഒരു പക്ഷേ അവര്‍ കണ്ടുമുട്ടുന്നത് അത്തരത്തിലുള്ള ആളുകളെയായതു കൊണ്ടാകാം. അവര്‍ കാണുന്നത് ശിവകാശിയില്‍ പ്രിന്‍റു ചെയ്ത കലണ്ടറുകളിലുള്ള യോഗികളെ മാത്രമാണ്. അവര്‍ ചിന്തിയ്ക്കുന്നത് യോഗയെന്നതു കൊണ്ടുദ്ദേശിയ്ക്കുന്നത് നിങ്ങള്‍ക്കു ജീവിതത്തില്‍ താത്പര്യമില്ലെന്നാണ്. ഈ കാഴ്ചപ്പാടു മാറ്റുന്നതിന് എന്നെക്കൊണ്ടു സാദ്ധ്യമായ എല്ലാക്കാര്യങ്ങളും ഞാന്‍ ചെയ്യുന്നുണ്ട്.

യൗവ്വനത്തിലുള്ള ഒരു വ്യക്തിയെന്ന നിലയില്‍, ശരീരമുപയോഗിക്കേണ്ട എന്തെങ്കിലും പഠിയ്ക്കാന്‍ നിങ്ങള്‍ തുനിയാറുണ്ടല്ലോ? നിസ്സാരപ്പെട്ട ഒരു ബൈക്ക് ഓടിയ്ക്കുന്നതിനോ വിമാനത്തില്‍ നിന്നും പാരച്യൂട്ടില്‍ ചാടുന്നതിനോ ഹെലികോപ്റ്റര്‍ പറപ്പിയ്ക്കുന്നതിനോ സ്‌കീയിന്മേല്‍ തെന്നിപ്പായുന്നതിനോ ഒക്കെ. പഠിയ്ക്കാനായി നിങ്ങള്‍ മൂന്നോ അഞ്ചോ വര്‍ഷമെടുക്കുന്ന ഒരു കാര്യം ഞാന്‍ മൂന്നു മാസം കൊണ്ടു പഠിയ്ക്കും. അതും, ഈ പ്രായത്തില്‍. എപ്പോഴാണു നിങ്ങളിതു ചെയ്യാനാഗ്രഹിയ്ക്കുക? ചെറിയ പ്രായത്തിലോ, മരിയ്ക്കുമ്പോഴോ?

വിദ്യാര്‍ത്ഥികള്‍: ചെറിയ പ്രായത്തില്‍.

സദ്ഗുരു: അങ്ങനെയെങ്കില്‍ നിശ്ചയമായും നിങ്ങള്‍ യോഗ ചെയ്യുക!

തെറ്റായ കാരണങ്ങള്‍, ശരിയായ കാര്യങ്ങള്‍

ഞാന്‍ യോഗ ചെയ്തു തുടങ്ങിയത് തെറ്റായ കാരണങ്ങളാലാണ്. എന്നാല്‍, അതാണു ജീവിതത്തിന്‍റെ സൗന്ദര്യം. തെറ്റായ കാരണം കൊണ്ടായാലും, നിങ്ങള്‍ ശരിയായ കാര്യങ്ങള്‍ ചെയ്യുന്ന പക്ഷം, അതു ഫലം ചെയ്യും. എനിയ്ക്കു വെറും പതിനെന്ന്, പന്ത്രണ്ട് വയസ്സു മാത്രം പ്രായമുള്ളപ്പോള്‍, ഞങ്ങള്‍ വേനലവധിക്ക് ഞങ്ങളുടെ അപ്പൂപ്പന്‍റെ തറവാട്ടു വീട്ടില്‍ പോകുമായിരുന്നു. അവിടെ പിന്‍മുറ്റത്ത് ഏകദേശം എട്ടടി ചുറ്റളവും 150 അടി താഴ്ചയുമുള്ള ഒരു കിണറുണ്ടായിരുന്നു. വേനലില്‍, പൊതുവേ അതിലെ വെള്ളം തറനിരപ്പിനേക്കാള്‍ ചുരുങ്ങിയ പക്ഷം അറുപതു മുതല്‍ എഴുപതടി വരെ താഴുമായിരുന്നു.

ഞാന്‍ യോഗ ചെയ്തു തുടങ്ങിയത് തെറ്റായ കാരണങ്ങളാലാണ്. എന്നാല്‍, അതാണു ജീവിതത്തിന്‍റെ സൗന്ദര്യം. തെറ്റായ കാരണം കൊണ്ടായാലും, നിങ്ങള്‍ ശരിയായ കാര്യങ്ങള്‍ ചെയ്യുന്ന പക്ഷം, അതു ഫലം ചെയ്യും.

ഞങ്ങള്‍ ചെറിയ ആണ്‍കുട്ടികള്‍ക്കുണ്ടായിരുന്ന ഒരു കളി, ആ കിണറ്റിലേയ്ക്കു ചാടുകയും തിരികെക്കയറുകയും ചെയ്യുകയെന്നതായിരുന്നു. നിങ്ങള്‍ ചാടുമ്പോള്‍, ശ്രദ്ധയോടെ വേണം അതു ചെയ്യാന്‍. അല്ലെങ്കില്‍ നിങ്ങളുടെ തലച്ചോറു ചിതറും. തിരിച്ചു കയറാന്‍ പടികളോ കാലുറപ്പിയ്ക്കുന്നതിനുള്ള ഇടങ്ങളോ ഇല്ല. പാറക്കല്ലില്‍ പിടിച്ചു കൊണ്ടു വേണം മുകളിലേയ്ക്കു കയറാന്‍. എനിയ്ക്കു വളരെയൊന്നും ഭാരമില്ലായിരുന്നു. എന്നാല്‍, എന്‍റെ നഖങ്ങളില്‍ നിന്നും ചോര പൊടിഞ്ഞിരുന്നു. പരിക്കു കൊണ്ടല്ല, ഇരപിടിയ്ക്കുന്ന ജന്തുക്കളുടെ കാല്‍നഖങ്ങളെ അനുസ്മരിപ്പിയ്ക്കും വിധം, രണ്ടോ മൂന്നോ വിരലുകളുപയോഗിച്ച് പാറക്കല്ലില്‍ തൂങ്ങിക്കിടക്കുന്നതിനാലുണ്ടാകുന്ന സമ്മര്‍ദ്ദം കൊണ്ടായിരുന്നു അത്. എന്നിട്ടും, ഞാനങ്ങനെ ചെയ്തിരുന്നു. അതിനുള്ള പാടവത്തില്‍ അഭിമാനവും തോന്നിയിരുന്നു.

ഒരിക്കല്‍, എഴുപതു വയസ്സിനു മേല്‍ പ്രായമുള്ള ഒരു മനുഷ്യന്‍ ഞങ്ങളെ നോക്കിക്കൊണ്ടു നിശ്ശബ്ദനായി അവിടെ നില്‍പ്പുണ്ടായിരുന്നു. ഞങ്ങള്‍ അയാളെ അവഗണിയ്ക്കുകയാണുണ്ടായത്. കാരണം, ഞങ്ങളെ സംബന്ധിച്ചിടത്തോളം എഴുപതു വയസ്സെന്നാല്‍, ആ മനുഷ്യന്‍ മിക്കവാറും മരിച്ചതിനു തുല്യമായിരുന്നു! അന്നേരം, ഒരു വാക്കു പോലുമുരിയാടാതെ, ആ മനുഷ്യന്‍ നടന്നുവന്ന് ആ കിണറ്റിലേയ്ക്കു ചാടി.

ഞാന്‍ കരുതി, അയാളുടെ കഥ കഴിഞ്ഞുവെന്ന്. എന്നാല്‍, അയാള്‍ എന്നേക്കാള്‍ വേഗത്തില്‍ വെളിയില്‍ വന്നു! എനിയ്ക്കതിഷ്ടപ്പെട്ടില്ല. ഞാന്‍ ചോദിച്ചു; “എങ്ങന?”അയാള്‍ പറഞ്ഞു;”വരൂ, യോഗ ചെയ്യൂ. ”ഒരു നായ്ക്കുട്ടിയെപ്പോലെ ഞാന്‍ അയാളുടെ പിറകേ പോയി. കാരണം, ഒരു ചെറുപ്പക്കാരനും ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ചെയ്യുന്ന അയാള്‍ അത്ര മേല്‍ അതിമാനുഷനായാണ് എനിയ്ക്കു തോന്നിയത്.

എല്ലാവിധ തെറ്റായ കാരണങ്ങളും ഹേതുവായാണ് ഞാന്‍ യോഗ ചെയ്യാന്‍ തുടങ്ങിയത്. എന്നാല്‍, എങ്ങനെ ഉള്ളില്‍ക്കടന്നുവെന്നത്, ഏതു കവാടത്തിലൂടെ പ്രവേശിച്ചുവെന്നത് വിഷയമല്ല. നിങ്ങള്‍ ശരിയായ കാര്യങ്ങള്‍ ചെയ്യുന്നുവെങ്കില്‍ മാത്രം ഫലമുണ്ടാകും..

മനുഷ്യനെന്ന യന്ത്രം

നിങ്ങള്‍ക്ക് ഒരു സെല്‍ഫോണോ ഏതെങ്കിലും യന്ത്രമോ ഉണ്ടെങ്കില്‍, അതിനെക്കുറിച്ച് കൂടുതലറിയുന്തോറും അതു നിങ്ങള്‍ക്കു കൂടുതല്‍ നനായി ഉപയോഗിക്കാന്‍ കഴിയും. ഇതാണ് എഞ്ചിനിയറിങ് നല്‍കുന്ന പാഠം. അതായത്, എല്ലാറ്റിനെയും കുറിച്ച് കൂടുതലായി മനസ്സിലാക്കുക. അപ്പോള്‍, നിങ്ങള്‍ക്കവ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ നിര്‍മ്മിക്കാനും ഉപയോഗിക്കാനും കഴിയും. എന്തു കൊണ്ട് മനുഷ്യനെന്ന യന്ത്രത്തിന്‍റെ കാര്യത്തില്‍ ഇതു ശരിയാകാതിരുന്നു കൂടാ? ഇതേക്കുറിച്ചു നിങ്ങള്‍ കൂടുതലറിയുന്തോറും, അതു നിങ്ങള്‍ക്കു കൂടുതല്‍ നന്നായി ഉപയോഗിക്കാന്‍ കഴിയും. ഇതേക്കുറിച്ചുള്ളതാണു യോഗ.

ഇതാണ് എഞ്ചിനിയറിങ് നല്‍കുന്ന പാഠം. അതായത്, എല്ലാറ്റിനെയും കുറിച്ച് കൂടുതലായി മനസ്സിലാക്കുക. അപ്പോള്‍, നിങ്ങള്‍ക്കവ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ നിര്‍മ്മിക്കാനും ഉപയോഗിക്കാനും കഴിയും. എന്തു കൊണ്ട് മനുഷ്യനെന്ന യന്ത്രത്തിന്‍റെ കാര്യത്തില്‍ ഇതു ശരിയാകാതിരുന്നു കൂടാ?

ഈ ഭൂതലത്തില്‍ നിങ്ങള്‍ കണ്ടിട്ടുള്ള യന്ത്രങ്ങളില്‍, മനുഷ്യനെന്ന യന്ത്രമാണ് ഏറ്റവും സങ്കീര്‍ണ്ണമായത്. എന്തു കൊണ്ട് ഈ യന്ത്രം സംബന്ധിച്ച സങ്കീര്‍ണ്ണതകള്‍ മനസ്സിലാക്കുന്നതിന് നിങ്ങള്‍ ശ്രദ്ധ നല്‍കുന്നില്ല? കാരണം, നിങ്ങളതിന്‍റെ യൂസേഴ്‌സ് മാന്വല്‍ വായിച്ചിട്ടില്ല. എന്നിട്ടും നിങ്ങള്‍ ലോകരോട് അബദ്ധങ്ങള്‍ എഴുന്നെള്ളിക്കാനാഗ്രഹിക്കുന്നു. ഇക്കാരണത്താലാണ്, വിദ്യാഭ്യാസമെന്ന ഏറ്റവും ലളിതമായ പ്രക്രിയ പോലും സമ്മര്‍ദ്ദപൂര്‍ണ്ണമായിരിക്കുന്നത്. ഈ ലോകത്തു നിങ്ങള്‍ എന്തെങ്കിലും സൃഷ്ടിയ്ക്കാനാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് ഒരുപാടു വെല്ലുവിളികളെ നേരിടേണ്ടി വരും.

മനുഷ്യനെന്ന ഈ യന്ത്രത്തെ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് നിങ്ങള്‍ക്കു തികവുറ്റ ധാരണയുണ്ടായാല്‍, നിങ്ങള്‍ക്ക് ആത്മസാക്ഷാത്കാരം സിദ്ധിച്ചുവെന്ന് ഞങ്ങള്‍ പറയും. “ആത്മസാക്ഷാത്കാരം”എന്നു പറയുമ്പോള്‍ ഉദ്ദേശിക്കുന്നത്, നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍പ്പോയെന്നല്ല. മനുഷ്യനെന്ന യന്ത്രസംവിധാനത്തെക്കുറിച്ചു നിങ്ങള്‍ക്ക് തികവുറ്റ ധാരണയുണ്ടെന്നാണ്. ഈ യന്ത്രത്തിനു ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളുടെ വ്യാപ്തിയെക്കുറിച്ച് നിങ്ങള്‍ക്കു നിശ്ചയം കൈവരും. ഇത്രയുമാണ് എനിക്കു ജീവിതത്തില്‍ അറിയാവുന്നത്. എനിക്ക് ഈ ജീവന്‍റെ കഷ്ണത്തെ അതിന്‍റെ തുടക്കം മുതല്‍ പാരമ്യം വരെ അറിയാം. ആളുകള്‍ കരുതുന്നത് എനിക്കെല്ലാമറിയാമെന്നാണ്. അതവരുടെ കുഴപ്പം. എനിക്ക് ഇതു മാത്രമേ അറിയാവൂ.