ചോദ്യം: സദ്ഗുരോ, എന്‍റെ ഭാര്യയെ അഞ്ചാഴ്ച മുമ്പ് എനിക്ക് നഷ്ടപ്പെട്ടു. ഒരു നല്ല വ്യക്തിയായിരുന്നിട്ടും അവള്‍ക്ക് എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു?

സദ്ഗുരു: മരണമോ, അസുഖമോ, ബന്ധം വേര്‍പിരിയലോ ഏത് രീതിയിലായാലും നമ്മുടെ പ്രിയപ്പെട്ട ഒരാള്‍ നമുക്ക് നഷ്ടപ്പെടുമ്പോള്‍ ഏറ്റവും വലിയ പ്രശ്‌നം നമ്മുടെ ജീവിതത്തില്‍ അവര്‍ക്ക് ഉണ്ടായിരുന്ന ഇടം പെട്ടെന്ന് ശൂന്യമാകുമെന്നുളളതാണ്. നമ്മള്‍ മനസ്സിലാക്കേണ്ടത്, എന്നെങ്കിലും ഒരുനാള്‍ നിങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവരും മരിക്കുമെന്നത് ജീവിതത്തിന്‍റെ സ്വഭാവം തന്നെയാണെന്നുളളതാണ്. ആദ്യം മരിക്കുന്നതാരെന്ന് മാത്രമേ ചോദിക്കാനുളളു. “നമ്മളും നമുക്ക് ചുറ്റുമുളളവരും എന്നത്തേയ്ക്കും ഇവിടെ കാണുകയില്ലെന്ന് അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്”. കേള്‍ക്കുമ്പോള്‍ വളരെ ക്രൂരമായി തോന്നാം. എന്നാല്‍ അങ്ങനെ അല്ല ഉദ്ദേശിക്കുന്നത്.

ഇതുപോലുളളവയുമായി പൊരുത്തപ്പെടുകയാണ് പ്രധാനമായി വേണ്ടത്. അതല്ലെങ്കില്‍ നമ്മള്‍ നമ്മോടുതന്നെ സുന്ദരമായ കാര്യങ്ങള്‍ പറഞ്ഞ് ഇന്നും നാളെ രാവിലെയും താല്‍ക്കാലികമായ ആശ്വാസം കണ്ടെത്തിയാലും യാഥാര്‍ത്ഥ്യം വീണ്ടും വേദനിപ്പിച്ചുകൊണ്ടിരിക്കും. നമ്മള്‍ ഇതുതന്നെ വീണ്ടും വീണ്ടും ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയും ചെയ്യും. നമ്മളും നമുക്ക് ചുറ്റുമുളളവരും എന്നത്തേയ്ക്കും ഇവിടെ കാണുകയില്ലെന്ന് അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. നമ്മള്‍ ഇവിടെ ജീവിച്ചിരിക്കുമ്പോള്‍ എല്ലാവരോടും നല്ല രീതിയില്‍ ഇടപെടണം.

ഒരു ഡോക്ടര്‍ നാളെ നിങ്ങള്‍ മരിച്ചു പോകുമെന്ന് പറഞ്ഞാല്‍ മാത്രം എല്ലാപേരും നിങ്ങളോട് നല്ല രീതിയില്‍ പെരുമാറുമെന്നതാണ് കുഴപ്പം. “ഞാന്‍ ഒരു അന്‍പത് വര്‍ഷം കഴിഞ്ഞ് മരിക്കും”, എന്ന് നിങ്ങള്‍ പറഞ്ഞാല്‍ ഭൂരിപക്ഷവും അത് ശ്രദ്ധിക്കുകയേയില്ല. നാളെയാണോ അന്‍പത് വര്‍ഷം കഴിഞ്ഞാണോ മരണമെന്ന് ആര്‍ക്ക് പറയാന്‍ കഴിയും. നിങ്ങളും മരിക്കും, അവരും മരിക്കുമെന്ന് മാത്രമേ നിങ്ങള്‍ക്കറിയൂ. എപ്പോഴാണെന്ന് മാത്രമറിയില്ല. ആ സ്ഥിതിയ്ക്ക് അവരോട് പ്രസന്നവദനത്തോടെ ഇടപെട്ടുകൂടെ? ഞാന്‍ എന്റെ ഏറ്റവും ഹൃദ്യമായ മുഖം നിങ്ങളുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നത് നിങ്ങള്‍ തീര്‍ച്ചയായും മരിക്കുമെന്ന് അറിയാവുന്നതുകൊണ്ടാണ്. ചിലപ്പോള്‍ നിങ്ങള്‍ എപ്പോള്‍ മരിക്കുമെന്ന് എനിക്കറിയാമായിരിക്കും. കൂടുതലും നിങ്ങള്‍ എപ്പോള്‍ മരിക്കുമെന്ന് എനിക്കറിയാന്‍ കഴിയില്ല.

ഏതായാലും നിങ്ങള്‍ മരിക്കുമെന്നതിനാല്‍ ഞാന്‍ നിങ്ങളോട് ഹൃദ്യമായി പെരുമാറിയോ എന്ന് ഉറപ്പാക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. എല്ലാ മനുഷ്യരെ സംബന്ധിച്ചും ഇത് സത്യമാണ്. ഓരോ ജീവനെ സംബന്ധിച്ചും ഇത് സത്യമാണ്. നിങ്ങളുടെ വീടിന് വെളിയിലുളള വൃക്ഷം എപ്പോള്‍ മരിക്കുമെന്നോ നിങ്ങള്‍ എപ്പോള്‍ മരിക്കുമെന്നോ ആര്‍ക്കറിയാം? നിങ്ങള്‍ക്കറിയാന്‍ കഴിയില്ല.

ദു:ഖത്തിന്‍റെയല്ല, ആനന്ദ കണ്ണീര്‍

അതുകൊണ്ട് നമ്മുടെ ഏറ്റവും വേണ്ടപ്പെട്ടവര്‍ മരിച്ചുപോകുമ്പോള്‍ ഓര്‍ക്കേണ്ട ഒരു കാര്യം, നമ്മുടെ ജീവിതത്തെ അവര്‍ ഒരു വിധത്തില്‍, ഒരുപക്ഷേ പലവിധത്തില്‍, ധന്യമാക്കിയതുകൊണ്ടാണ് അവര്‍ നമുക്ക് വേണ്ടപ്പെട്ടവരായത് എന്നതാണ്. നമ്മുക്ക് ചുറ്റുമുളളവര്‍ നമ്മുടെ ജീവിതത്തെ ധന്യമാക്കിയെങ്കില്‍ നമ്മള്‍ അവരെയും മനസ്സില്‍ വച്ച് സ്‌നേഹപൂര്‍വ്വം താലോലിക്കണം, തിര്‍ച്ചയായും സന്തോഷത്തോടെ തന്നെ ലാളിക്കണം- വിടവാങ്ങുമ്പോള്‍ ദു:ഖിക്കരുത്. നമ്മുടെ ജീവിതത്തില്‍ അവര്‍ വരുത്തിയ ഉല്‍ക്കര്‍ഷവും അവര്‍ നമ്മളുമായി പങ്കുവച്ച മാധുര്യവും, സഹൃദയത്വവും നമ്മള്‍ വിലമതിക്കണം. ചിലപ്പോഴെങ്കിലും നമ്മള്‍ പൂര്‍ണരായി എന്ന്, നമ്മുടെ ജീവിതം ഏതോവിധത്തില്‍ പൂര്‍ണതയില്‍ എത്തിയെന്ന്, തോന്നിപ്പിക്കാന്‍ അവര്‍ക്കായി.

അവരുടെ ഓര്‍മ്മകള്‍ എപ്പോഴും നിങ്ങളില്‍ ആഹ്ലാദവും സന്തോഷാശ്രുക്കളും ഒഴുക്കണം, സങ്കടങ്ങള്‍ അല്ല. “അവര്‍ നിങ്ങള്‍ക്ക് ഉദാത്തമായ പലതുമായിരുന്നുവെങ്കില്‍, അതേ വികാരം ഇപ്പോള്‍ നിങ്ങള്‍ക്ക് ചുറ്റും ജീവിച്ചിരിക്കുന്നവരോട് കാണിക്കൂ”. അവര്‍ പ്രിയപ്പെട്ടവരായത് ഏതോതരത്തില്‍ അവര്‍ നിങ്ങള്‍ക്ക് ആശ്ചര്യകരമായിരുന്നതിനാലാണ്. അവരെപ്പറ്റിയുളള ഓര്‍മ്മകള്‍ ആശ്ചര്യകരമായ കാര്യങ്ങളെ വീണ്ടും ഉണര്‍ത്തുന്നതാകട്ടെ ദു:ഖവും വിഷാദവും ജനിപ്പിക്കുന്നതിനുപകരം. ദു:ഖവും വിഷാദവും നിങ്ങളില്‍ നിറയുന്നുവെങ്കില്‍ അതിനര്‍ത്ഥം ജീവിതത്തിന്റെ മൂലതത്വമായ നശ്വരതയുമായി നിങ്ങള്‍ പൊരുത്തപ്പെട്ടിട്ടില്ലെന്നാണ്. അവര്‍ നല്ലവരായാലും കൊളളരുതാത്തവരായാലും മരിക്കുക തന്നെ ചെയ്യും. നിങ്ങളുടെ നഷ്ടത്തെ പരിഹസിക്കുകയല്ല. മരിച്ചുപോയവര്‍ നിങ്ങള്‍ക്ക് എത്രമാത്രം പ്രിയപ്പെട്ടവരായിരുന്നെന്ന് എനിക്കറിയാം.

അവര്‍ക്കുണ്ടായിരുന്ന അതുല്യമായ സവിശേഷതകളെ നിങ്ങള്‍ ഓര്‍ക്കണമെന്ന് തന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്. അവരുടെ വേര്‍പാട് നിങ്ങള്‍ക്ക് ഒരു ആഘാതമാകാതിരിക്കുന്നതിന് ഇതാവശ്യമാണ്. അവര്‍ക്ക് മുമ്പ് നിങ്ങളാണ് മരിച്ചുപോയതെങ്കില്‍ അവരെ വളരെ ദുഃഖകരമായ അവസ്ഥയിലാക്കുമായിരുന്നില്ലേ- അപ്പോള്‍ ഒരു മനുഷ്യനെന്ന നിലയില്‍ ദയവായി നേരിടുക. എന്തെല്ലാം വിശേഷപ്പെട്ട കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുഭവമായെങ്കില്‍, ഏതെങ്കിലും തരത്തില്‍ വെളിവാകണം. അവര്‍ നിങ്ങള്‍ക്ക് ഉദാത്തമായ പലതുമായിരുന്നുവെങ്കില്‍, അതേ വികാരം ഇപ്പോള്‍ നിങ്ങള്‍ക്ക് ചുറ്റും ജീവിച്ചിരിക്കുന്നവരോട് കാണിക്കൂ. ജീവിതം മുന്നോട്ട് പോകുന്നത് അങ്ങനെയാണ്.

തുന്നിച്ചേര്‍ത്ത ചിത്രത്തിന്‍റെ ചീന്തുകള്‍

“ജീവിതം” എന്ന് പറയുമ്പോള്‍, ജീവനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്, നിങ്ങളുടെ പ്രവര്‍ത്തികളെയല്ല. നിങ്ങള്‍ സാധാരണ ചിന്തിക്കുന്നത് ജീവിതമെന്നാല്‍ നിങ്ങളുടെ കുടുംബം, ജോലി, ബിസിനസ്സ്, ധനം തുടങ്ങിയ നിങ്ങള്‍ കൈവശം വച്ചിരിക്കുന്നവയാണെന്നാണ്. എന്നാല്‍ ഇവയെല്ലാം ജീവിതത്തിലെ സഹായഘടകങ്ങളാണ്. ജീവിതം ഏതെങ്കിലും വിധത്തില്‍ ധന്യമാക്കുമെന്ന് കരുതി നിങ്ങള്‍ പണം, സ്‌നേഹബന്ധങ്ങള്‍, കുട്ടികള്‍ തുടങ്ങിയവ കൈക്കലാക്കി. ധാരാളം ഭൗതികമായ സഹായ വസ്തുക്കള്‍ ശേഖരിച്ച്, അവയില്‍ മുഴുകി, ബന്ധനത്തിലായി, അവ നിങ്ങളാണെന്ന് തന്നെ കരുതിയതിനാല്‍ നിങ്ങളാകുന്ന ജീവനെ അനുഭവിച്ചറിഞ്ഞതേയില്ല.

“യാഥാര്‍ത്ഥ്യമെന്തെന്നാല്‍ ഇപ്പോഴും നിങ്ങളാകുന്ന ജീവകണം ഇവിടെതന്നെ ഉണ്ട് - സഹായഘടകങ്ങളാണ് കാലം കഴിയുമ്പോള്‍ നഷ്ടപ്പെടുന്നത്”. ഭൂരിപക്ഷംപേരും ചിന്തിക്കുന്നത് അവര്‍ ശേഖരിക്കുന്ന തുന്നിച്ചേര്‍ക്കുന്ന ചിത്രങ്ങളാണ് ജീവിതമെന്നാണ്. അതില്‍ ഒന്ന് നഷ്ടപ്പെട്ടാല്‍ ജീവിതം തന്നെ തകര്‍ന്നു പോയതായി സ്വയം ചിന്തിക്കുന്നെങ്കിലും- യാഥാര്‍ത്ഥ്യമതല്ല. ചില വ്യക്തികള്‍ നിങ്ങളുടെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്നതിന് മുമ്പും നിങ്ങള്‍ സജീവമായിരിക്കുകയും, ചിരിക്കുകയും സന്തോഷമെന്തെന്ന് അറിയുകയും ചെയ്തിരുന്നു. നിങ്ങളുടെ ജീവിതം കുറച്ചുകൂടി അര്‍ത്ഥപൂര്‍ണമാകുമെന്ന് വിശ്വസിച്ചിട്ടോ, അതല്ലെങ്കില്‍ ചിലതെല്ലാം സഫലമാകേണ്ട ആവശ്യമുളളതുകൊണ്ടോ, നിങ്ങള്‍ കൂടുതല്‍ പേരെ ജീവിതത്തില്‍ ഉള്‍ക്കൊള്ളിച്ചു. അതെല്ലാം നല്ലതുതന്നെ, പക്ഷേ നിങ്ങളുടെ താദാത്മ്യപ്പെടുത്തലുകള്‍ കാരണം, ഇപ്പോള്‍ ഒരു പ്രതേ്യക വ്യക്തി പോയാല്‍, ജീവിതത്തിന്റെ ഒരു ഭാഗം തന്നെ പോയതായി നിങ്ങള്‍ കരുതുന്നു. യാഥാര്‍ത്ഥ്യമെന്തെന്നാല്‍ ഇപ്പോഴും നിങ്ങളാകുന്ന ജീവകണം ഇവിടെതന്നെ ഉണ്ട് - സഹായഘടകങ്ങളാണ് കാലം കഴിയുമ്പോള്‍ നഷ്ടപ്പെടുന്നത്.

നിങ്ങള്‍ക്ക് പ്രായം കൂടുമ്പോള്‍ നിങ്ങളുടെ അപ്പുപ്പന്‍ മരിക്കും, നിങ്ങളുടെ പിതാവ് മരിക്കും, ചിലപ്പോള്‍ നിങ്ങളുടെ ജീവിതപങ്കാളി മരിക്കും. ചില ആളുകളുടെ തലമുടിനഷ്ടപ്പെടും, ചിലരുടെ തല തന്നെ നഷ്ടപ്പെടും - ഇതൊരു തമാശയല്ല. ചില ആളുകളുടെ ശരീര അവയവങ്ങള്‍ നഷ്ടപ്പെടും. ചിലരുടെ പ്രണയബന്ധങ്ങള്‍ നഷ്ടമാകും. ചില ആളുകളുടെ വസ്തുക്കള്‍, അധികാരം, സ്ഥാനം, ധനം എന്നിവയും നഷ്ടപ്പെടും. ഇവയെല്ലാം നിങ്ങളുടെ യാത്രപറയലിന്‍റെ ഒരുക്കങ്ങളാണ്. നിങ്ങളുടെ ഭാരം അല്പം കുറയുമ്പോള്‍, നിങ്ങള്‍ പോകുന്നത് കുറച്ചുകൂടി എളുപ്പമാകുന്നു. ഇതൊരു തത്വചിന്തയല്ല. ജീവിതം ഇങ്ങനെയാണ്. ജീവിതത്തിന്‍റെ യഥാര്‍ത്ഥ മുഖം കാണാന്‍ നിങ്ങള്‍ തയ്യാറല്ല. നിങ്ങളുടെ മനസ്സില്‍ നിങ്ങളുടെതന്നെ ഭാവനകള്‍ സൃഷ്ടിക്കുന്നു. നിങ്ങളുടെ മനസ്സിലുളള ഈ ഭാവനാ ചിത്രങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ നിങ്ങള്‍ അഭിലഷിക്കുന്നു. നിങ്ങള്‍ മനസ്സില്‍ സൃഷ്ടിച്ച നാടകങ്ങള്‍ ഒരിക്കലും യാഥാര്‍ത്ഥ്യമാകില്ല. നിങ്ങള്‍ എന്നെങ്കിലും തിരശ്ശീല താഴ്‌ത്തേണ്ടി വരും. എത്രയുംനേരത്തെ മായയില്‍ നിന്നും മുക്തമാകുമോ, അത്രയും നല്ലത്. നിങ്ങള്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കുമോ അതോ ദു:ഖിതനാകുമോ. അത് നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം.

ജീവിതം നിങ്ങളെ മിഥ്യാഭ്രമങ്ങളിലാക്കുമ്പോള്‍

ജീവിതം നിങ്ങളെ മായയില്‍ നിന്നും മുക്തമാക്കുമ്പോള്‍, നിങ്ങള്‍ നോക്കിയിരിക്കേ ബോധോദയം ഉണ്ടാകും, അതല്ലെങ്കില്‍ വിഷാദമഗ്നനാകും. എല്ലാതരത്തിലുളള മായികഭ്രമങ്ങളും അകലുമ്പോഴുളള സ്ഥിതിയെ ആണ് ആത്മ സാക്ഷാത്കാരം എന്ന് വിളിക്കപ്പെടുന്നത്. ഇപ്പോള്‍ നിങ്ങള്‍ മായാഭ്രമങ്ങളില്‍ മുഴുകി, അവയെ വിലപ്പെട്ടതായി കരുതി, അവയുമായി അത്രത്തോളം താദാത്മ്യപ്പെടുന്നതിനാല്‍ അവയെ കാത്തു സൂക്ഷിക്കുന്നതിനുളള സമരത്തിലാണ്. യാഥാര്‍ത്ഥ്യമെന്നതുപോലെ കടന്നുപോകുന്നത് പെട്ടെന്ന് അപ്രത്യക്ഷമാകുന്നു അതാണ്- മായ. “മായികഭ്രമങ്ങളെ നിങ്ങള്‍ ഉപേക്ഷിക്കാത്തിടത്തോളം ജീവിതത്തിന്‍റെ അത്യത്ഭുതകരമായ തലങ്ങള്‍ നിങ്ങളെ സ്പര്‍ശിക്കുകയേയില്ല.” നിങ്ങള്‍ക്ക് എങ്ങനെയോ എപ്പോഴും അറിയാം. നിങ്ങള്‍ ജനിച്ച നിമിഷം മുതല്‍ നിങ്ങളുടെ ഘടികാരം ചലിച്ചു കൊണ്ടിരിക്കുകയാണെന്നും ഒരു ദിവസം അത് നിശ്ചലമാകുമെന്നും. ആ കാലയളവിനെ നീട്ടാനും സാവധാനത്തിലാക്കാനുമാണ് നാം ശ്രമിക്കുന്നത്. നമുക്കുളള സമയത്തെ പരമാവധി ഉപയോഗപ്പെടുത്താന്‍ നാം ശ്രമിക്കുന്നു. അതിനെ കഴിയുന്നിടത്തോളം ഗംഭീരമാക്കാന്‍ നാം ശ്രമിക്കുന്നു. ജീവിതം നിങ്ങളെ സ്പര്‍ശിക്കണമെന്നുളളത് പ്രധാനമാണ്.

ജീവിതം നിങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കണമെങ്കില്‍ നിങ്ങള്‍ മനസ്സില്‍ സൃഷ്ടിച്ച ലോകത്തെ തച്ചുടയ്ക്കണം. മായികഭ്രമങ്ങളെ നിങ്ങള്‍ ഉപേക്ഷിക്കാത്തിടത്തോളം ജീവിതത്തിന്‍റെ അത്യത്ഭുതകരമായ തലങ്ങള്‍ നിങ്ങളെ സ്പര്‍ശിക്കുകയേയില്ല. നാടകം മാത്രം തുടര്‍ന്നുകൊണ്ടിരിക്കും. ഇത് ആരുടെയെങ്കിലും മരണത്തെക്കുറിച്ചുളള ചോദ്യം മാത്രമല്ല, ജീവിതത്തെക്കുറിച്ച് നിങ്ങളുടെ അടിസ്ഥാനപരമായ അജ്ഞതയുടെതുമാണ്. നിങ്ങള്‍ ബോധവാനാകേണ്ട സമയമാണിത്. നിങ്ങളുടെ എല്ലാ മിഥ്യാഭ്രമങ്ങളും ഇപ്പോള്‍തന്നെ അവസാനിപ്പിച്ച് ഭ്രമങ്ങളില്‍ നിന്നും പൂര്‍ണമായി മുക്തനാകുകയാണെങ്കില്‍ നിങ്ങള്‍ക്കും ബോധോദയമുണ്ടാകും. പക്ഷേ മായയില്‍ നിന്നും മുക്തനാകാന്‍ നിങ്ങള്‍ നിങ്ങളെതന്നെ അനുവദിക്കുന്നില്ല. ഒരു മായ അവസാനിക്കുമ്പോള്‍ നിങ്ങള്‍ വേറൊന്ന് സൃഷ്ടിക്കുന്നു.

ഒരു ഗ്ലാസ്സ് വെളളം

നാരദനെക്കുറിച്ചുളള ഒരു കഥയുണ്ട്. ഒരു ദിവസം കൃഷ്ണനും നാരദനും ഒന്നിച്ച് നടക്കുകയായിരുന്നു. ഒരു ഗ്രാമം കഴിഞ്ഞ് വനത്തില്‍ എത്തിയപ്പോള്‍ കൃഷ്ണന്‍ ഒരിടത്തിരുന്നിട്ട് പറഞ്ഞു, “നാരദരെ, എനിക്ക് വലിയ ദാഹം തോന്നുന്നു. എനിക്കൊരു ഗ്ലാസ്സ് വെളളം കൊണ്ടുവന്ന് തരില്ലേ?” ഉടനെ നാരദന്‍ പറഞ്ഞു, “അതിനെന്താ? ഞാനിപ്പോള്‍തന്നെ ഗ്രാമത്തില്‍ പോയി വെളളം കൊണ്ടുവന്ന് തരാം”.

നാരദന്‍ തിരികെ ഗ്രാമത്തിലേയ്ക്ക് നടന്നു. ആദ്യം കണ്ട വീടിന്‍റെ വാതില്‍ക്കല്‍ മുട്ടി. വാതില്‍ തുറന്ന് വളരെ സുന്ദരിയും യൗവ്വനയുക്തയുമായ ഒരു യുവതി ഇറങ്ങി വന്നു. നാരദന്‍ അവളെ നോക്കിയതും ഇടിവെട്ടേറ്റവനെ പോലെയായി. അവളോട് കടുത്ത പ്രണയമായി. അവരെ വിവാഹം ചെയ്ത് തരണമെന്ന് അവരുടെ പിതാവിനോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പിതാവ് സമ്മതിച്ചു. നാരദന്‍ അവരെ വിവാഹം കഴിച്ചു.

വിവാഹം കഴിഞ്ഞതും അദ്ദേഹത്തിനും അവര്‍ക്കും താമസിക്കാനായി ഒരു ചെറിയ വീട് പണിതു. പിന്നെ ഭൂമി ഉഴാനും തുടങ്ങി. തുടര്‍ന്ന് കുട്ടികള്‍ ഉണ്ടായി- ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്. കുട്ടികള്‍ വളര്‍ന്നു. അവരും വിവാഹിതരായി. അവര്‍ക്കും കുട്ടികള്‍ ആയി. സുന്ദരമുഖമുളള പൗത്രന്മാര്‍ അവിടെയെല്ലാം ഓടിക്കളിച്ചു. എല്ലാം ഭംഗിയായി നടന്നുവന്നു.

അപ്പോഴാണ് വെളളപൊക്കമുണ്ടായതും നദി വഴി മാറിയതും, സാഹിത്യ ഭാഷയില്‍ പറഞ്ഞാല്‍ ഗ്രാമത്തെ മുഴുവന്‍ വെളളംകൊണ്ടുപോയി. നാരദനും, ഭാര്യയും, മക്കളും, ചെറിയ കുഞ്ഞുങ്ങളും ഒരു മരത്തില്‍ പിടിച്ചുകയറി , തൂങ്ങി കിടന്നു. പക്ഷേ, വെളളം ഉയര്‍ന്നുയര്‍ന്നു വന്നു. സുന്ദരമുഖമുളള പൗത്രന്മാര്‍ വെളളത്തില്‍ ഒഴുകി പോയി. നാരദന്‍ അലറി കരഞ്ഞു. പിന്നെ ഒന്നൊന്നായി മക്കള്‍, അവരുടെ ഭാര്യമാര്‍ എല്ലാപേരും ഒഴുകിപ്പോയി. അദ്ദേഹം ഭാര്യയെ ചുറ്റിപ്പിടിച്ചിരുന്നു. പക്ഷേ കുറച്ചുകഴിഞ്ഞപ്പോള്‍ അവരും ഒഴുകിപ്പോയി.

പിന്നീട് അദ്ദേഹത്തിന് സ്വന്തം ജീവനോടായി മമത.

എല്ലാപേരെയും നഷ്ടപ്പെട്ട് അങ്ങേയറ്റം നിരാശയോടെ അദ്ദേഹം അലറി കരഞ്ഞു, “ കൃഷ്ണാ!”

കൃഷ്ണന്‍ ചോദിച്ചു, “എനിക്കുളള ഒരു ഗ്ലാസ്സ് വെളളം എവിടെ?”

നാരദന്‍ ഉടനെ ഉണര്‍ന്ന് ചോദിച്ചു, “എനിക്കെന്ത് സംഭവിച്ചു?”

കൃഷ്ണന്‍ പറഞ്ഞു, “ഇതാണ് മായ”.

മായ എന്നാല്‍ നിങ്ങള്‍ മനസ്സില്‍ നെയ്യുന്ന അനേകം ഭ്രമങ്ങള്‍ യാഥാര്‍ത്ഥ്യത്തെക്കാളും യാഥാര്‍ത്ഥ്യമായി തോന്നുന്നതാണ്. നിങ്ങളുടെ മനസ്സില്‍ തോന്നുന്നതും , വൈകാരികമായി സംഭവിക്കുന്നതും ശരിക്കും യാഥാര്‍ത്ഥ്യമായി തോന്നുന്നു. ഒരു സിനിമാ തിയേറ്ററില്‍ ശബ്ദവും വെളിച്ചവും രണ്ടു തലത്തിലുളള ചലച്ചിത്രം സൃഷ്ടിക്കുന്നതു പോലെയാണ് ഇതും. നിങ്ങളുടെ കൂടെ ഇരുപത്തഞ്ച് വര്‍ഷമായി താമസിക്കുന്ന വേണ്ടപ്പെട്ടവരെക്കാളും നിങ്ങള്‍ സിനിമാ താരങ്ങളെ സ്‌നേഹിക്കുന്നു. നിങ്ങള്‍ ആ താരങ്ങളെ യഥാര്‍ത്ഥ ജീവിതത്തില്‍ ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടുണ്ടാവില്ല. എന്നാലും അവര്‍ നിങ്ങള്‍ക്ക് ജീവിതത്തെക്കാളും വലുതാണ്.

ഇതുപോലെ നിങ്ങള്‍ക്ക് മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍, ജീവനെക്കാളും വലുതാണ്. പക്ഷേ ഒരു ദിവസം പ്രകാശം തെളിയും. അത് ആത്മസാക്ഷാത്കാരത്തിന്‍റെ പ്രകാശമാകുമോ അതോ നിങ്ങളുടെ ചിത കത്തുന്നതിന്‍റെ വെട്ടമാകുമോ- നിങ്ങള്‍ക്കുതന്നെ തെരഞ്ഞെടുക്കാം.