പതഞ്ജലിയുടെ യോഗ സൂത്രങ്ങളുടെ ശരിയായ പ്രകൃതം
അസാമാന്യ കഴിവുകൾ ഉള്ള ഒരു വ്യക്തി മാത്രമായിരുന്നില്ല പതഞ്ജലി, വൈദ്യം, ഭാഷ, വ്യാകരണം തുടങ്ങിയ വിഷയങ്ങളുടെ വ്യാഖ്യാതാവും പതിനെട്ട് തമിഴ് സിദ്ധരിൽ ഒരാളും അതിലുപരി പൂർണ സാക്ഷാത്കാരം നേടിയ ജ്ഞാനിയും കൂടിയായിരുന്നു അദ്ദേഹം. ഇന്ന് അദ്ദേഹം അറിയപ്പെടുന്നത് ആധുനിക യോഗയുടെ പിതാവ് എന്ന് മാത്രമായിരിക്കാം- അദ്ദേഹത്തിലുടെയാണ് യോഗ ശുദ്ധീകരിക്കപ്പെട്ടതും അതിന്റെ സത്ത മാത്രം അടങ്ങിയ ഇന്നത്തെ യോഗ സൂത്രങ്ങളായി മാറിയതും. ഈ യോഗസൂത്രങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് എങ്ങനെ എത്തിച്ചേർന്നു എന്നും അതിനോടുള്ള സമീപനം എന്തായിരിക്കണം എന്നും സദ്ഗുരു വിവരിക്കുന്നു; ആദ്യത്തെ രണ്ടു സൂത്രങ്ങളുടെ ആഴത്തിലുള്ള വിശദീകരണത്തിലൂടെ സംസ്കൃത പദങ്ങളിൽ നിഗൂഢമായിരുന്ന് പിന്നീട് കാവ്യഖണ്ഡങ്ങളായി മാറ്റിയെടുക്കപ്പെട്ട യോഗസൂത്രങ്ങളെ സദ്ഗുരു നമുക്ക് പരിചയപ്പെടുത്തി തരുന്നു.
പതഞ്ജലിയുടെ യോഗ സൂത്രങ്ങളുടെ ശരിയായ പ്രകൃതം
സദ്ഗുരു : സാക്ഷാത്കാരം ലഭിച്ച ഒരു വ്യക്തി എന്ന നിലയേക്കാൾ ഉപരിയാണ് പതഞ്ജലിയുടെ പ്രതിഭാവൈഭവം. ആധുനിക ശാസ്ത്രജ്ഞരെല്ലാം തന്നെ അദ്ദേഹത്തിന്റെ മുന്നിൽ നഴ്സറി തലത്തിലേ എത്തിനിൽക്കുന്നുള്ളു. അത്രക്ക് അഗാധമായിരുന്നു ജീവിത തലങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. പതഞ്ജലിയുടെ കാലഘട്ടത്തിൽ, അതായതു ആയിരത്തോളം വർഷങ്ങൾക്കു മുൻപ് നൂറുകണക്കിന് വിദ്യാലയങ്ങളിൽ യോഗ പ്രചുര പ്രചാരം നേടിത്തുടങ്ങി. ഇന്ന് വൈദ്യശാസ്ത്രത്തിൽ പ്രത്യേക വിഷയങ്ങളിൽ നേടിയെടുക്കുന്ന നൈപുണിക്കു തുല്യമായിരുന്നു അത്. മുപ്പതു വർഷങ്ങൾക്കു മുൻപ് നിങ്ങൾക്ക് ഒരു കുടുംബ ഡോക്ടറേ ഉണ്ടായിരുന്നുള്ളു. ഇന്ന് ഒരോ അവയത്തിനും വ്യത്യസ്ത ഡോക്ടർമാർ വേണം. ഏതാണ്ട് അമ്പതു വർഷം കഴിയുമ്പോൾ ഒരു വൈദ്യ പരിശോധനക്ക് നിങ്ങൾക്ക് നൂറു ഡോക്ടർമാരുടെ സേവനം ആവശ്യമാകും എന്ന അവസ്ഥയാണ് സംജാതമാകാൻ പോകുന്നത്. ഇത്രയും പേരുടെ ചികിത്സാ കാലയളവിനുള്ളിൽ ഒന്നുകിൽ നിങ്ങൾ പൂർണ സുഖം പ്രാപിച്ചിരിക്കും. അല്ലെങ്കിൽ നിങ്ങൾക്ക് മരണം സംഭവിച്ചിരിക്കും. പ്രായോഗിക തലത്തിൽ നോക്കിയാൽ വൈദഗ്ദ്ധ്യം എന്നത് ഒരു അവസ്ഥ പിന്നിട്ടാൽ തീർത്തും വിഡ്ഢിത്തമായി മാറുന്നു. അന്നത്തെ കാലഘട്ടത്തിലെ യോഗയ്ക്ക് സംഭവിച്ചതും ഈ അവസ്ഥയാണ്. യോഗയുടെ തന്നെ വ്യത്യസ്ത മാനങ്ങൾ കൈകാര്യം ചെയ്യുന്ന നൂറിൽ പരം വിദ്യാലയങ്ങൾ! ഇതിലെ അപ്രായോഗികത തിരിച്ചറിഞ്ഞ പതഞ്ജലി ഇരുന്നൂറു സൂത്രങ്ങളാക്കി യോഗയെ ക്രോഡീകരിച്ചു. യോഗ സൂത്രങ്ങൾ തത്ത്വശാസ്ത്രമല്ല ഏതൊരാൾക്കും പുസ്തകപ്രസിദ്ധീകരണം സാധ്യമായതുകൊണ്ടു നൂറിൽപരം വ്യാഖാനങ്ങളാണ് ഇന്ന് യോഗ സൂത്രങ്ങൾക്കുള്ളത്. എന്നാൽ വ്യഖാനിക്കാൻ ഇത് തത്വശാസ്ത്രമല്ല. അതൊരു അനുഷ്ഠാനവുമല്ല. ഒരു ശാസ്ത്രീയ പ്രമാണമാണ്. എന്തെല്ലാം അതിൽ ഉൾക്കൊണ്ടിട്ടുണ്ട് എന്നും എന്തെല്ലാം അതുകൊണ്ട് സാധ്യമാണെന്നും മാത്രമാണ് അതിൽ പ്രതിപാദിക്കുന്നത്. ആവശ്യമായ ശാരീരികവ്യതിയാനത്തെ ലക്ഷ്യം വച്ച് നിങ്ങൾക്കും ഏതാനും ക്രിയകൾ ആസൂത്രണം ചെയ്യാവുന്നതാണ്. ശെരിക്കും സൂത്ര എന്ന വാക്കിനർഥം നൂൽ എന്നാണ്. ഒരു പൂമാലയിൽ നൂൽ ഉണ്ട്, പക്ഷെ ആരും ആ നൂലിന് വേണ്ടി പൂമാല ധരിക്കാറില്ല. പലതരത്തിലുള്ള മുത്തുകൾ, പൂക്കൾ, രത്നങ്ങൾ എന്ത് തന്നെ ആയാലും അത് കോർത്തെടുക്കുന്ന വ്യക്തിയുടെ കഴിവിന് അനുസരിച്ചായിരിക്കും അതിന്റെ മനോഹാരിത. പതഞ്ജലി ഒരു നൂൽ മാത്രമാണ് നമുക്ക് നൽകുന്നത്. കാരണം നൂലില്ലാതെ മാലയുണ്ടാകുന്നില്ല. പക്ഷെ നൂലിന് വേണ്ടി ആരും മാല ധരിക്കാറുമില്ല. അതിനാൽ നൂലിനെ മാത്രം ആസ്പദമാക്കി ഒരിക്കലും ഒരു തീരുമാനത്തിൽ എത്തരുത്. സൂത്രങ്ങൾ ഒന്നും തന്നെ വായിക്കുവാനോ യുക്തിസഹമായി മനസ്സിലാക്കുവാനോ ഉള്ളതല്ല. ബുദ്ധിപരമായ സമീപനത്തോടെ യുക്തിസഹമായി മനസ്സിലാക്കുവാൻ ശ്രമിക്കുമ്പോൾ അത് ശുദ്ധ അസംബന്ധമായി തോന്നാം. ഒരുപാട് അനുഭവ തലങ്ങൾ ഉള്ള വ്യക്തികൾക്ക് ഈ നൂലുകള് സുപ്രധാനമാണ്. അവര് അതില് പൂമാല തന്നെ തയ്യാറാക്കും. പതഞ്ജലിയുടെ യോഗ സൂത്രങ്ങൾ ഒരു ഗ്രന്ഥമായി വായിച്ചെടുക്കാൻ ഉള്ളതല്ല. അതിൽ ഒരു സൂത്രം മാത്രമെടുത്ത് ജീവിതത്തിന്റെ യാഥാർഥ്യമാക്കി മാറ്റുക. അത് ജീവിതയാഥാർത്ഥ്യമായാൽ മറ്റു സൂത്രങ്ങൾ വായിക്കേണ്ട ആവശ്യം തന്നെ ഇല്ല.
സൂത്ര 1: “ ...ഇനി, യോഗ”
യോഗസൂത്രങ്ങൾ ജീവിതത്തെ കുറിച്ചുള്ള വിപുലമായ പ്രമാണമാണ്. പതഞ്ജലി ഈ ഗ്രന്ഥം ആരംഭിച്ചിരിക്കുന്നത് തന്നെ ഒരു പ്രത്യേക രീതിയിലാണ്. അദ്ധ്യായത്തിന്റെ ആരംഭം ഭാഗികമായ വാചകത്തിലൂടെയാണ് “ ...ഇനി, യോഗ”.നിങ്ങൾ പുതിയ വീട്, ജീവിത പങ്കാളി, വാഹനം, ധനസമ്പാദനം എന്നിവയെ പറ്റി കൂടുതലായി ചിന്തിക്കുകയാണെങ്കിൽ നിങ്ങൾക്കിനിയും യോഗയ്ക്കായുള്ള സമയം ആയിട്ടില്ലെന്നാണ് ഈ അർദ്ധവാചകം കൊണ്ട് വിവക്ഷിക്കുന്നത്. ഇവയെല്ലാം ലഭ്യമായ ശേഷം ഇതൊന്നും ഒരു തരത്തിലും ജീവിതം സാർത്ഥമാക്കുന്നില്ലെന്ന് തിരിച്ചറിവിലാണ് “ ...ഇനി, യോഗ”.
സൂത്ര 2: യോഗയും മനസ്സിന്റെ കേന്ദ്രീകരണവും
ചോദ്യകർത്താവ് : സദ്ഗുരു- പതഞ്ജലിയുടെ രണ്ടാം യോഗ സൂത്രത്തിൽ പറയുന്നത് “യോഗശ് ചിത്ത വൃത്തിനിരോധഃ” എന്നാണ്. അതായത് മനസ്സ് ഒരൊറ്റ വസ്തുവിൽ മാത്രം കേന്ദ്രീകരിച്ച്, യാതൊരു അശ്രദ്ധയും ഇല്ലാതിരിക്കുക. ഇതുകൊണ്ടു വാസ്തവത്തിൽ എന്താണ് അർത്ഥമാക്കുന്നത്?
സദ്ഗുരു : ഇതാണ് ധാരണ. നിങ്ങളും ഒരു വസ്തുവും മാത്രമായിരിക്കുമ്പോൾ നിങ്ങളുടെ ശ്രദ്ധ ആ വസ്തുവിൽ മാത്രം കേന്ദ്രീകൃതമാണ്. നിങ്ങളുടെ പരിപൂർണ ശ്രദ്ധ അതിലേക്കു മാത്രം ആകുമ്പോൾ അൽപ സമയത്തിന് ശേഷം നിങ്ങളുടെയോ അല്ലെങ്കിൽ ആ വസ്തുവിന്റെയോ മാത്രം സാന്നിദ്ധ്യമേ അനുഭവപ്പെടൂ. ഇതാണ് ധ്യാനം. ഇതാണ് ശ്രദ്ധാ കേന്ദ്രത്തിൻറെ അടുത്ത ഘട്ടം. നിങ്ങൾ ധ്യാനനിരതനായി തുടരുമ്പോൾ നിങ്ങളോ ആ വസ്തുവോ ഇല്ലാതെ മറ്റെന്തോ ശക്തിയുടെ സാന്നിധ്യം അനുഭവവേദ്യമാകുന്നു. ഇതാണ് സമാധി.പരിശീലനത്തിലൂടെ നേടിയെടുക്കുന്ന അഭ്യുന്നതിയുടെ ഘട്ടങ്ങളാണിത്. നിങ്ങളുടെ “ശ്രദ്ധ ഒരു വസ്തുവിൽ കേന്ദ്രീകരിക്കുക” എന്ന് പറയുമ്പോൾ ഈശ്വരനെ ആരാധിക്കുക അല്ലെങ്കിൽ വിശിഷ്ടമായി എന്തെങ്കിലും ചെയ്യുക എന്നാണ് എല്ലാവരും ചിന്തിക്കുന്നത്. അല്ല, നിങ്ങൾക്ക് ഒരു പൂവിനെയോ, ഇലയെയോ, മണൽ തരിയെയോ, അതുമല്ലെങ്കിൽ ഒരു പുഴുവിനെയോ ശ്രദ്ധിക്കാം -അതിനൊരു പ്രസക്തിയും ഇല്ല. പക്ഷെ നിങ്ങൾക്കു ഒരു വസ്തുവിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എങ്കിൽ ആ വസ്തുവിന് നിങ്ങളിൽ ഉത്സാഹവും വൈകാരികതയും ഉണർത്തിയെടുക്കാൻ പാകത്തിലുള്ള സ്വാധീനം ഉണ്ടാകണം. എങ്കിലേ നിങ്ങളിലെ ശ്രദ്ധ സ്ഥായിയാകു. പാഠപുസ്തകത്തിൽ ആവശ്യമായ ശ്രദ്ധ ചെലുത്താൻ കുട്ടികൾക്ക് കഴിയാത്തതെന്തുകൊണ്ട്? അവനു താല്പര്യമുള്ള ഒരു പെൺകുട്ടി അയൽപക്കത്തു ഉണ്ടെങ്കിൽ അവനോടു, “അവളെ ഓർമ്മിക്കുന്നോ” എന്ന് ചോദിക്കേണ്ട ആവശ്യമില്ല. അവന്റെ ശ്രദ്ധ എന്തായാലും അവളിൽ തന്നെ ആയിരിക്കും. കാരണം ഒരു പ്രത്യേകമായ വൈകാരികത അതിന് പിന്നിലുണ്ട്. വ്യത്യസ്ത ഭാവത്തിലുള്ള ഈശ്വരന്മാരുടെ ആവിർഭാവത്തിനും കാരണം ഇത് തന്നെ. നിങ്ങൾക്ക് ഇണങ്ങുന്ന എന്തിലും ശ്രദ്ധ കേന്ദ്രീകരിക്കാം. ഒരൊറ്റ ഈശ്വര സങ്കൽപ്പം ഒരു പക്ഷെ നിങ്ങൾക്ക് സ്വീകാര്യമാകില്ല. അപ്പോൾ മറ്റൊന്ന് തിരഞ്ഞെടുക്കുന്നു. അത് പറ്റില്ലെങ്കിൽ മറ്റൊന്ന്. അതും, യാതൊന്നും തന്നെ സ്വീകാര്യം ആകുന്നില്ലെന്നു വരുമ്പോൾ നിങ്ങൾ മറ്റൊന്ന് സൃഷ്ടിക്കുന്നു. ഇതാണ് ഇഷ്ട ദേവത. ഏറ്റവും ഉത്കൃഷ്ടമായ ഒന്നിൽ നിങ്ങൾ ആശ്രയിച്ചില്ലെങ്കിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതെ വരും. നിങ്ങൾക്ക് തീരെ താൽപ്പര്യമില്ലാത്ത ഒന്നിലാണ് ശ്രദ്ധിക്കുന്നതെങ്കിൽ അത് നിങ്ങളെ ശൂന്യമാക്കും. ഒന്നിനോടുള്ള തീർത്ത അഭിനിവേശമാണ് നിങ്ങളുടെ ശ്രദ്ധാ തലത്തെ ഉയർത്തുന്നത്. ഒരു സിനിമ കാണുന്നത് അല്ലെങ്കിൽ ഒരു പുസ്തകം; വായിക്കുന്നത് പോലെ തന്നെ ലളിതമാണിത്. അതായതു നിങ്ങൾ ഒരു പാഠപുസ്തകം;വായിക്കുന്നു, അത്;സാധാരണ ബുദ്ധി നിലവാരത്തിലുള്ളവർക്കു വേണ്ടിയുള്ളത് തന്നെയാണ്. എന്നിട്ടു കൂടി പത്തു വട്ടം വായിച്ചാലും അത് നിങ്ങൾക്ക് മനസ്സിലാകുന്നില്ല. നേരെ മറിച്ചു നിങ്ങൾ വായിക്കുന്നത് ഒരു പ്രണയ കഥയോ ഉദ്വേഗ ജനിതകമായ കഥകളോ ആണെന്നിരിക്കട്ടെ, മണിക്കൂറിൽ എഴുപതു താളുകൾ വായിച്ചാലും അതിലെ ഓരോ വാക്കും. നിങ്ങൾക്ക് ഓർമ്മ നിൽക്കുന്നു. ശ്രദ്ധ കേന്ദ്രീകരിക്കുന്ന വസ്തു നിങ്ങളിൽ അതിയായ ആവേശം ജനിപ്പിക്കുന്നതാകണം. അല്ലെങ്കിൽ ശ്രദ്ധ എന്നത് നിങ്ങള്ക്കുള്ളില് കാരാഗൃഹവാസം പോലെ ആയി തീരും. അത് പീഡനമായി മാറുന്നു.