ചോദ്യം: സദ്ഗുരു, കഴിഞ്ഞ ദിവസം കർമ്മത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ഒരു വ്യക്തിയിലേക്ക് കർമ്മം രേഖപ്പെടുത്തുന്നതിന് ജീവിതത്തിന് നിരവധി ബാക്കപ്പ് പ്രക്രിയകൾ ഉണ്ടെന്ന് അങ്ങ് പറഞ്ഞു; മനസ്സ്, ശരീരം, കൂടാതെ ഊർജ്ജവും. മനസ്സ് പോയാൽ പോലും, അത് ശരീരത്തിലും ഊർജ്ജത്തിലും കൊത്തിവച്ചിരിക്കുന്നു. ഇത് മനുഷ്യനെ ദുഃഖത്തിൽ നിലനിർത്താനുള്ള ഒരു സങ്കീർണ്ണവും കുടിലവുമായ തന്ത്രം പോലെ തോന്നുന്നു. എന്തുകൊണ്ടാണിത്? 

സദ്ഗുരു: നോക്കൂ, ഞാൻ സംസാരിക്കുമ്പോഴെല്ലാം, എന്റെ കർമ്മം രേഖപ്പെടുത്താൻ നിങ്ങൾക്ക് മൂന്ന് റെക്കോർഡറുകളുണ്ട്, ഞാൻ ഒരിക്കലും എന്റെ വാക്കിൽ നിന്ന് പിന്മാറാതിരിക്കാനുള്ള ഒരു കൗശലമാണത്. ജാഗരൂകമല്ലാത്ത ഒരു നിമിഷത്തിൽ ഞാൻ ഒരു വാഗ്ദാനം നൽകിയാൽ, അതിൽ നിന്ന് എനിക്ക് പിന്മാറാൻ കഴിയില്ലെന്ന് ഉറപ്പുവരുത്താവുന്ന മൂന്ന് റെക്കോർഡിങ്ങുകൾ നിങ്ങൾക്കുണ്ട്.
 
കർമ്മം നിങ്ങൾ മനസ്സിലാക്കുന്നതുപോലെയല്ല. അതിൽ ദുഷ്ടതയൊന്നുമില്ല. നിങ്ങളുടെ കർമ്മം കൊണ്ട് മാത്രമാണ് നിങ്ങൾ നിങ്ങളായിരിക്കുന്നത്. നിങ്ങൾ ജനിച്ച നിമിഷം മുതൽ ഈ നിമിഷം വരെ, നിങ്ങൾ ചെയ്ത, ചിന്തിച്ച, അനുഭവിച്ച എല്ലാ കാര്യങ്ങളും, അതാണ് നിങ്ങളുടെ കർമ്മം. അതാണ് നിങ്ങളെ ഇപ്പോൾ നിങ്ങളാക്കുന്നത്. അതാണ് നിങ്ങളെ ഈ സ്ഥലത്തേക്ക് കൊണ്ടുവന്നത്. അതുകൊണ്ട് കർമ്മം ഒരു ദുഷ്ട തന്ത്രമല്ല. അതെ, അത് ഒരു ബന്ധനമാണ്, പക്ഷേ കർമ്മം സംരക്ഷണവുമാണ്. കർമ്മം ഇപ്പോൾ നിങ്ങളുടെ ഭൗതിക നിലനിൽപ്പിന്റെ തന്നെ അടിസ്ഥാനമാണ്. കർമ്മത്തിന്റെ ഉള്ളടക്കമില്ലെങ്കിൽ, ഈ ശരീരവുമായി നിങ്ങൾക്ക് ബന്ധിക്കപ്പെടാൻ യാതൊരു മാർഗ്ഗവുമില്ല. കർമ്മം നിങ്ങളെ ഈ ശരീരവുമായി ബന്ധിപ്പിച്ചിരിക്കുന്ന സിമന്റ് പോലെയാണ്. നിങ്ങളുടെ എല്ലാ കർമ്മവും എടുത്തുകളഞ്ഞാൽ, ഈ നിമിഷം നിങ്ങൾ ശരീരം ഉപേക്ഷിക്കും. അതുകൊണ്ട്, നിങ്ങളുടെ ശരീരത്തിന്റെ തലത്തിൽ, മനസ്സിന്റെ തലത്തിൽ, സംവേദനത്തിന്റെയും ഊർജ്ജത്തിന്റെയും തലത്തിൽ, നിങ്ങളിൽ നിന്ന് ഒന്നും ഒരിക്കലും നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ് റെക്കോർഡിങ്ങുകൾ നടക്കുന്നത്.
 
നിങ്ങളിലെ ഏറ്റവും അടിസ്ഥാനപരമായ പ്രവണത സ്വയം സംരക്ഷിക്കുന്നതിനു വേണ്ടിയുള്ളതാണ്. നിങ്ങളെത്തന്നെ സംരക്ഷിക്കാൻ, നിങ്ങൾ നിങ്ങൾക്ക് ചുറ്റും ഒരു മതിൽ കെട്ടി, കുറച്ച് കാലത്തേക്ക് ഈ മതിലും അത് നൽകിയ സംരക്ഷണവും നിങ്ങൾ ആസ്വദിച്ചു. എന്നാൽ അതിരില്ലാത്ത വിധത്തിൽ വികസിക്കാൻ എപ്പോഴും ആഗ്രഹിക്കുന്ന നിങ്ങളുടെ മറ്റൊരു ഭാഗമുണ്ട്. ഇപ്പോൾ, നിങ്ങളുടെ ആ മാനം പെട്ടെന്ന് ഈ മതിൽ ഒരു ജയിലാണെന്ന് നിങ്ങളോട് പറയാൻ തുടങ്ങുന്നു. അത് മതിൽ തകർത്ത് പോകാൻ ആഗ്രഹിക്കുന്നു. എന്നാൽ മതിൽ കൂടുതൽ കൂടുതൽ കട്ടിയുള്ളതാക്കാൻ ആഗ്രഹിക്കുന്ന, സ്വയം സംരക്ഷണത്തിനായി പോരാടുന്ന നിങ്ങളുടെ മറ്റൊരു ഭാഗമുണ്ട്. ഒരു മനുഷ്യനെ നോക്കിയാൽ, ചാൾസ് ഡാർവിൻ പറയുന്നത് അനുസരിച്ച് പോലും, നിങ്ങളുടെ ചരിത്രം എന്നത് മൃഗത്തിന്റെ പ്രകൃതമാണ്; എന്നാൽ വികസനത്തിനായി നിരന്തരം കൊതിക്കുന്ന എന്തോ നിങ്ങളിലുണ്ട്. ഈ കൊതിയെ നോക്കിയാൽ, അത് ഒരു ഘട്ടത്തിലും അവസാനിക്കാൻ പോകുന്നില്ലെന്ന് നിങ്ങൾക്ക് കാണാം. അത് അതിരറ്റതാകുന്നതുവരെ തൃപ്തിപ്പെടില്ല.  

കർമ്മമാകുന്ന നിങ്ങളുടെ വീട്

നിങ്ങളുടെ ചരിത്രം മൃഗത്തിന്റേതാണ്. നിങ്ങളുടെ ഭാവി ദൈവീകമാണ്. ഇപ്പോൾ നിങ്ങൾ ഒരു പെൻഡുലം പോലെ രണ്ടിനുമിടയിൽ ആടുകയാണ്. നിങ്ങളുടെ ഒരു ഭാഗം, നിങ്ങളിലെ ഏറ്റവും ശക്തമായ സഹജാവബോധം, സ്വയം സംരക്ഷണമാണ്. നിങ്ങളുടെ മറ്റൊരു ഭാഗം എല്ലാ പരിമിതികളും തകർക്കാൻ ആഗ്രഹിക്കുന്നു. കർമ്മം ആത്മസംരക്ഷണത്തിന്റെ മതിലാണ്. ഒരു ഘട്ടത്തിൽ നിങ്ങൾ അത് വളരെ ശ്രദ്ധയോടെ നിർമ്മിച്ചു, എന്നാൽ ഇപ്പോൾ നിങ്ങൾക്ക് സ്വയം തടവിലാക്കപ്പെട്ടതായി തോന്നുന്നു. കർമ്മം നിങ്ങളെ ബന്ധിപ്പിക്കുന്ന, ഒരു തടവറയാകുന്ന, വീടാണ്. നിങ്ങൾക്ക് അത് മറികടക്കണം, എന്നാൽ അതില്ലാതെയും പറ്റില്ല. അതാണ് പ്രശ്നം. അതിനാൽ ഇപ്പോൾ നിങ്ങൾ നിങ്ങളുടെ ജയിലിന്റെ വലുപ്പം വികസിപ്പിക്കാൻ ശ്രമിക്കുന്നു, പക്ഷേ നിങ്ങളെ ഇവിടെ ആശ്രമത്തിൽ ഒരു ചെറിയ സെല്ലിൽ അടച്ചിട്ടിരിക്കുകയാണെന്ന് കരുതുക. നിങ്ങളുടെ ഇഷ്ടപ്രകാരമല്ല; ഞങ്ങൾ നിങ്ങളെ അവിടെ പൂട്ടിയിട്ടിരിക്കുകയാണ് - അപ്പോൾ നിങ്ങൾ സ്വാതന്ത്ര്യത്തിനായി കൊതിക്കും. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നിങ്ങളുടെ ആശയം ആ സെല്ലിന് പുറത്തുള്ള മതിലുകളായിരിക്കും. നിങ്ങളെ അതിൽ നിന്ന് പുറത്തു വിട്ടാൽ, അത് ഒരു വലിയ സ്വാതന്ത്ര്യമായി തോന്നും, പക്ഷേ മൂന്ന് ദിവസത്തിനുള്ളിൽ നിങ്ങൾ പർവതങ്ങളെ നോക്കും, ആകാശത്തെ നോക്കും, എന്നിട്ട് നിങ്ങൾ ആശ്രമത്തിന്റെ കവാടത്തിലേക്ക് നോക്കും. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നിങ്ങളുടെ ആശയം ആ കവാടത്തിൽ നിന്ന് മറ്റൊന്നിലേക്ക് വികസിക്കും. ശരി, നിങ്ങൾക്ക് അടുത്തുള്ള ഗ്രാമം വരെ പോയി വരാം എന്ന് ഞങ്ങൾ പറഞ്ഞാൽ കുറച്ച് സമയത്തേക്ക് അത് വലിയ സ്വാതന്ത്ര്യമായി നിങ്ങൾക്ക് തോന്നും. പക്ഷേ പിന്നീട് നിങ്ങൾക്ക് കോയമ്പത്തൂരിലേക്ക് പോകാൻ ആഗ്രഹമുണ്ടാകും. നിങ്ങൾ കോയമ്പത്തൂരിലേക്ക് മതിയായ യാത്രകൾ നടത്തിയാൽ, കോയമ്പത്തൂർ പോരാ എന്ന് നിങ്ങൾക്ക് തോന്നുന്നു. പരമ്പരാഗതമായ ആത്മീയതയാൽ വളരെയധികം സ്വാധീനിക്കപ്പെട്ട നിങ്ങളിൽ ചിലർക്ക് ഹിമാലയത്തിലേക്ക് പോകാൻ ആഗ്രഹമുണ്ട്. അല്ലെങ്കിൽ, നിങ്ങൾ ഒരു വലിയ നഗരത്തിലേക്കോ മറ്റോ പോകാൻ ആഗ്രഹിക്കുന്നു. അതിനാൽ നിങ്ങളുടെ തടവറ എന്ന ആശയം നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നിങ്ങളുടെ ആശയവും നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നു. 
 
ജീവിതത്തെ പടിപടിയായി മനസ്സിലാക്കാൻ ഒരു ആയുഷ്കാലം ചെലവഴിക്കുകയും ഒടുവിൽ ഒരു വിഡ്ഢിയായി മരിക്കുകയും ചെയ്യുന്നത് എന്തിനാണ്? അത് പരിശോധിക്കേണ്ട സമയമാണിത്. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നിങ്ങളുടെ ആശയം അതിരുകളില്ലാത്തതാണ്. നിങ്ങളുടെ അസ്തിത്വം അതിരുകളില്ലാത്തതല്ലാതെ മറ്റൊന്നിലും തൃപ്തിപ്പെടില്ല. നിങ്ങൾ സ്വയം പരിശോധിച്ചാൽ അത് വ്യക്തമാണ്. നിങ്ങൾക്ക് അതിരുകളില്ലാത്തവനാകണമെങ്കിൽ, ഭൗതികമായ തടസ്സങ്ങൾ തകർക്കുന്നത് നിങ്ങളെ അതിരുകളില്ലാത്തവനാക്കില്ല, കാരണം ഭൗതികമായത് ഒരിക്കലും അതിരുകളില്ലാത്തതായിരിക്കില്ല. നിങ്ങൾ ഭൗതിക യാഥാർത്ഥ്യത്തിന്റെ പരിമിതികളെ മറികടന്നാൽ മാത്രമേ, ഭൗതിക അസ്തിത്വത്തിനപ്പുറത്തേക്ക് പോയാൽ മാത്രമേ, അതിരുകളില്ലാത്തതിനുള്ള സാധ്യതയുള്ളൂ.  

ബോധപൂർവ്വം തിരഞ്ഞെടുത്ത് ജീവിക്കുക

കർമ്മം നിങ്ങളെ ഭൗതികതയിൽ വേരുറപ്പിക്കുന്ന ഒന്നാണ്. അതില്ലാതെ, വേരൂന്നാൻ ഒരു വഴിയുമില്ല. അതിനാൽ പ്രകൃതി അല്ലെങ്കിൽ സ്രഷ്ടാവ് നിങ്ങൾക്ക് ജീവിക്കാൻ ഒരു അടിത്തറയുണ്ടെന്ന് ഉറപ്പാക്കുന്നു. ശരീരത്തെ മുറുകെ പിടിക്കാതെ ഒരു അന്വേഷണവുമില്ല. ശരീരമില്ലാത്ത ഒരു ജീവിയ്ക്ക് സ്വന്തം തിരഞ്ഞെടുപ്പിലൂടെ അന്വേഷിക്കാൻ കഴിയില്ല. ഒരു നിശ്ചിത ഘട്ടത്തിലേക്ക് പരിണമിച്ചില്ലെങ്കിൽ, അവന് പ്രവണതകളിലൂടെ മാത്രമേ അന്വേഷിക്കാൻ കഴിയൂ, ഒരിക്കലും അത് സ്വയം തിരഞ്ഞെടുക്കാൻ ആ ജീവന് സാധിക്കില്ല. എന്നാൽ വാസ്തവത്തിൽ, ഒരു ശരീരമുള്ള വ്യക്തിക്ക്, ഓരോ നിമിഷവും ഒരു തിരഞ്ഞെടുപ്പാണ്. നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ബോധവാനാണെങ്കിൽ, ഓരോ നിമിഷവും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.  

നിങ്ങൾക്ക് ഏതുതരം കർമ്മമുണ്ടെങ്കിലും - ഈ നിമിഷത്തിന്റെ കർമ്മം എല്ലായ്പ്പോഴും നിങ്ങളുടെ കൈകളിലാണ്.

 
ബ്രഹ്മചര്യം അല്ലെങ്കിൽ സന്യാസം എന്നാൽ നിങ്ങൾ ബോധപൂർവ്വം തിരഞ്ഞെടുത്ത് ജീവിക്കുന്നു എന്നാണർത്ഥം. ഈ തിരഞ്ഞെടുപ്പിന്റെ പ്രക്രിയയെ ഒരു ജീവിത യാഥാർത്ഥ്യമാക്കി മാറ്റാൻ നമ്മൾ യോഗയിൽ പല കാര്യങ്ങളും രൂപപ്പെടുത്തിയിട്ടുണ്ട്. രാവിലെ നിങ്ങൾക്ക് കിടക്കയിൽ കിടന്ന് ഉരുളാൻ തോന്നും. അത് ശരീരത്തിന്റെ സ്വാഭാവിക പ്രവണതയാണ്, പക്ഷേ ഇപ്പോൾ നിങ്ങൾ രാവിലെ ആസനങ്ങൾ ചെയ്യുന്നു. നിങ്ങൾക്ക് അബോധാവസ്ഥയിൽ കിടക്കയിൽ ഉരുളാം, പക്ഷേ രാവിലെ അബോധാവസ്ഥയിൽ ആസനം ചെയ്യാൻ കഴിയില്ല. സ്വാഭാവികമായും ശരീരചലനത്തിന്റെ മുഴുവൻ പ്രക്രിയയും ബോധപൂർവ്വമാകുന്നു. നിങ്ങളുടെ ജീവിതത്തിലേക്ക് ബോധപൂർവ്വമായ പ്രവർത്തനത്തിന്റെ ഈ വശം കൊണ്ടുവരാൻ നിങ്ങൾ ആഗ്രഹിക്കുന്നു - ബോധപൂർവ്വമായ ചിന്ത, ബോധപൂർവ്വമായ വികാരം, ബോധപൂർവ്വമായ നിലനിൽപ്പ്. ജീവശക്തി തന്നെ ബോധപൂർവ്വമാകുന്നു, കാരണം നിങ്ങൾ ബോധവാനാകുമ്പോൾ മാത്രമേ നിങ്ങളുടെ ജീവിതം നിങ്ങളുടെ തിരഞ്ഞെടുപ്പിലൂടെ സംഭവിക്കൂ. അല്ലാത്തപക്ഷം നിങ്ങളുടെ ജീവിതം നിർബന്ധപ്രേരണകളിലൂടെ സംഭവിക്കും. സ്വാതന്ത്ര്യത്തിനും അടിമത്തത്തിനും ഇടയിലുള്ള വ്യത്യാസം എന്നത്, നിങ്ങൾ നിർബന്ധിതമായാണോ അതോ ബോധപൂർവ്വമായ തിരഞ്ഞെടുപ്പിലൂടെയാണോ പ്രവർത്തിക്കുന്നത് എന്നതാണ്.  
 
മനുഷ്യർക്ക് വിവിധ തരത്തിലുള്ള കർമ്മങ്ങളുണ്ട്. അതിന്റെ ഫലം എപ്പോഴും ഉണ്ട്, പക്ഷേ അനുനിമിഷം അതിൽ നിന്ന് നിങ്ങൾ എന്താണ് രൂപപ്പെടുത്തുന്നത് എന്നത് എപ്പോഴും നിങ്ങളുടെ കൈകളിലാണ്. നിങ്ങൾക്ക് എന്ത് തരം കർമ്മമാണുള്ളതെന്നത് പ്രശ്നമല്ല - ഈ നിമിഷത്തെ കർമ്മം എപ്പോഴും നിങ്ങളുടെ കൈകളിലാണ്. ഈ നിമിഷത്തെ സന്തോഷവും ദുഃഖവും, നിങ്ങൾ ബോധവാനാകാൻ തയ്യാറാണെങ്കിൽ, 100% നിങ്ങൾക്ക് തിരഞ്ഞെടുക്കാം. അപ്പോൾ, കർമ്മം രേഖപ്പെടുത്തുന്നതോ, അല്ലെങ്കിൽ എന്നെ രേഖപ്പെടുത്താൻ നിങ്ങൾ മൂന്ന് സംവിധാനങ്ങൾ ഉപയോഗിക്കുന്നതോ ഒരു പ്രശ്നമല്ല, കാരണം ഞാൻ എന്റെ വാക്കുകളിൽ നിന്ന് പിന്നോട്ട് പോകില്ല. അപ്പോൾ എനിക്ക് അതുകൊണ്ട് എന്താണ് പ്രശ്നം? നിങ്ങൾക്കിഷ്ടമെങ്കിൽ 300 റെക്കോർഡറുകൾ ഉപയോഗിക്കൂ. അതേ കാര്യം തന്നെയായിരിക്കും നിങ്ങൾ റെക്കോർഡ് ചെയ്യുക. പ്രകൃതി ലക്ഷക്കണക്കിന് രീതികളിൽ രേഖപ്പെടുത്തുന്നുണ്ട്. അതിൽ നിങ്ങൾക്കെന്താണ് പ്രശ്നം? നിങ്ങൾക്ക് മുന്നോട്ട് മാത്രമേ പോകാൻ കഴിയൂ. നിങ്ങൾക്ക് പിന്നോട്ട് പോകാൻ കഴിയില്ല. അതുകൊണ്ട് അവർ റെക്കോർഡ് ചെയ്യട്ടെ. ദേവന്മാരും പിശാചുക്കളും എല്ലാവരും റെക്കോർഡ് ചെയ്യട്ടെ. മരങ്ങളും മൃഗങ്ങളും കീടങ്ങളും നിങ്ങളുടെ കർമ്മം റെക്കോർഡ് ചെയ്യട്ടെ. അതിലെന്താണ് പ്രശ്നം?