കൂട്ടായ കർമ്മം - അത് നിങ്ങളെ എങ്ങനെ ബാധിക്കുന്നു?
ഒരു വ്യക്തിയുടെ സ്വന്തം കർമ്മത്തിനപ്പുറം, കുടുംബങ്ങൾ, സമൂഹങ്ങൾ, രാജ്യങ്ങൾ, എന്നിവ കൂടാതെ മുഴുവൻ മനുഷ്യരാശിയ്ക്കിടയിൽ പോലും പങ്കിടുന്ന ഒരു കൂട്ടായ കാർമ്മിക സ്മരണയും ഉണ്ടെന്ന് സദ്ഗുരു പറയുന്നു. എന്നിരുന്നാലും, നമ്മുടെ ജീവിതം എങ്ങനെ അനുഭവിക്കുന്നു എന്നത് അപ്പോഴും നമ്മൾ തന്നെയാണ് നിർണയിക്കുന്നത്.

ചോദ്യം:പ്രണാമം സദ്ഗുരു. ജീവിതത്തിൽ സംഭവിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം കർമ്മം മൂലമാണോ അതോ സാഹചര്യങ്ങളാൽ സംഭവിക്കുന്നതാണോ?
സദ്ഗുരു: വ്യക്തിപരമായ കർമ്മവും കൂട്ടായ കർമ്മവും ഉണ്ട്. ഒരു കുടുംബമെന്ന നിലയിൽ, ഒരു സമൂഹമെന്ന നിലയിൽ, ഒരു രാഷ്ട്രമെന്ന നിലയിൽ, മനുഷ്യരാശിയെന്ന നിലയിൽ, നമ്മൾ നമ്മുടെ ഇടയിൽ കാർമ്മിക സ്മരണ പങ്കിടുന്നു. വ്യക്തിപരമായി നമ്മൾ ഒന്നും ചെയ്തിട്ടില്ലായിരിക്കാം. പക്ഷേ നമ്മുടെ സമൂഹം ചില കാര്യങ്ങൾ ചെയ്യുന്നുണ്ട്. അതുകൊണ്ട്, അതിന്റെ പരിണതഫലങ്ങൾ ഉണ്ടാകും. കർമ്മത്തെ ഒരു പ്രതിഫലവും ശിക്ഷയും നൽകുന്ന വ്യവസ്ഥയായി മനസ്സിലാക്കരുത്. അതങ്ങനെയല്ല. അത് ജീവിതത്തിന്റെ അടിസ്ഥാനമാണ്. ഓർമ്മയില്ലാതെ ജീവിതമില്ല. ഓർമ്മകൾ വഹിക്കുന്ന വസ്തുക്കളില്ലാതെ ഒരു അമീബയെയോ മനുഷ്യനേയോ സൃഷ്ടിക്കാൻ സാധ്യമല്ല. ജീവന് സ്വയം പകർപ്പുകളുണ്ടാക്കാൻ കഴിയണമെങ്കിൽ അതിന് ഓർമ്മ ആവശ്യമാണ്. കർമ്മം ജീവിതത്തിന്റെ ഓർമ്മയാണ്. ശരീരത്തിന്റെ ഘടന തന്നെ ഇങ്ങനെയായിരിക്കുന്നത് ഒരു ഏകകോശ ജീവിയിൽ നിന്ന് മറ്റെല്ലാ രൂപങ്ങളിലേക്കുമുള്ള ജീവന്റെ ഓർമ്മ ഉള്ളതുകൊണ്ടാണ്.
സാമൂഹിക യാഥാർത്ഥ്യങ്ങൾകൊണ്ടോ ലോകത്തിന്റെ യാഥാർത്ഥ്യങ്ങൾകൊണ്ടോ സാഹചര്യങ്ങൾ നിങ്ങൾക്ക് സംഭവിക്കാം. തങ്ങൾ ഒരിക്കലും ചെയ്തിട്ടില്ലാത്ത കാര്യങ്ങൾ കാരണം ദിവസവും ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുന്ന നിരവധി സാഹചര്യങ്ങളുണ്ട്. ചുറ്റുമുള്ള സംഭവങ്ങളുമായി യാതൊരു ബന്ധവുമില്ലാതെ ധാരാളം ആളുകൾ നിരവധി തലങ്ങളിലുള്ള കഷ്ടപ്പാടുകളും വേദനയും അനുഭവിക്കുന്നുണ്ട്. എന്നാൽ അവർ ആ സാഹചര്യത്തിലാണ് - അതാണ് അവരുടെ കർമ്മം.
"ഇത് എന്റെ തെറ്റാണോ? ഞാൻ ഇത് ചെയ്തിട്ടില്ല. എന്തുകൊണ്ടാണ് ഇത് എനിക്ക് സംഭവിച്ചത്?" എന്നിങ്ങനെയാണ് നിങ്ങൾ കർമ്മത്തെ നോക്കിക്കാണുന്നത്. കർമ്മം അങ്ങനെയല്ല. കർമ്മം വെറും ഒരു മെമ്മറി സിസ്റ്റം മാത്രമാണ്. ഈ ഓർമ്മയില്ലാതെ യാതൊരു തരത്തിലുള്ള ഘടനയും ഇല്ല. എല്ലാ ഘടനകളും നിർമ്മിക്കപ്പെട്ടിരിക്കുന്നു, പ്രത്യേകിച്ച് ജീവന്റെ ഘടനകൾ ആവർത്തിക്കാൻ കഴിയുന്നത് ഓരോ ജീവനിലും സുരക്ഷിതമായ ഓർമ്മ ശേഖരണം ഉള്ളതുകൊണ്ട് മാത്രമാണ്. എനിക്ക് ഓർമ്മയില്ലാത്ത എന്തെങ്കിലും എനിക്ക് സംഭവിച്ചു എന്ന് കരുതുക. എന്നാൽ നിങ്ങൾക്ക് ചുറ്റുമുള്ള സമൂഹത്തിന് അത് ഓർമ്മയുണ്ട്, അതുകൊണ്ട് ആ സാഹചര്യങ്ങൾ സംഭവിക്കുന്നു. ലോകത്തിന് ഓർമ്മയുണ്ട്, അതുകൊണ്ട് ആ സാഹചര്യങ്ങൾ സംഭവിക്കുന്നു. നിങ്ങൾക്ക് ചുറ്റും നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും നിങ്ങളെ സ്വാധീനിക്കും.
ഇപ്പോൾ, ന്യൂയോർക്ക് സിറ്റിയിൽ മലിനീകരണമുണ്ട്. ഞാൻ അതിന് കാരണമല്ല, പക്ഷേ എനിക്കും വിഷം ശ്വസിക്കേണ്ടി വരും. ഇവിടെ തന്നെ, ഞാൻ കാർബൺ ഡൈ ഓക്സൈഡ് - ഒരുപക്ഷേ മോണോക്സൈഡ് ശ്വസിക്കുന്നു. ഞാൻ യാതൊരു കർമ്മവും ചെയ്തില്ല. ഞാൻ അനേകം മരങ്ങൾ നട്ടു. എന്തു ചെയ്യാം? ഒരിക്കൽ നിങ്ങൾ ന്യൂയോർക്ക് സിറ്റിയിൽ വന്നുകഴിഞ്ഞാൽ, ഇത് ശ്വസിക്കേണ്ടിവരും. അപ്പോൾ, ഒരു വില നൽകേണ്ടി വരുമോ? തീർച്ചയായും, ഞാൻ ഇവിടെ വളരെ നാൾ താമസിച്ചാൽ, ഒരു വില നൽകേണ്ടി വരും.
നിങ്ങളുടെ വ്യക്തിപരമായ കർമ്മം എന്തുതന്നെയായാലും, ഒരു കൂട്ടായ കർമ്മമുണ്ട്. നിങ്ങളുടെ കർമ്മം അടിസ്ഥാനപരമായി ലോകത്തെ നിങ്ങൾ എങ്ങനെ അനുഭവിക്കുന്നു എന്നതിനെ നിർണ്ണയിക്കുന്നു, നിങ്ങൾ ലോകത്തിൽ എവിടെയാണെന്നോ എന്താണ് ചെയ്യുന്നതെന്നോ അത് തീരുമാനിക്കുന്നില്ല. നിങ്ങൾ ഒരു കൊട്ടാരത്തിലായിരിക്കും ജനിച്ചത്, പക്ഷേ നിങ്ങളുടെ കർമ്മത്താൽ നിങ്ങൾ ദുരിതമനുഭവിച്ചേക്കാം. നിങ്ങൾ തെരുവിലായിരിക്കാം ജനിച്ചത് പക്ഷേ നിങ്ങളുടെ കർമ്മത്താൽ നിങ്ങൾ സന്തോഷമുള്ള ഒരു മനുഷ്യനായിരിക്കാം. മുൻകാലത്തെ കർമ്മം ഒരു പ്രത്യേക ബാഹ്യ ഫലമോ സാഹചര്യമോ സൃഷ്ടിച്ചിട്ടുണ്ട്, അത് പെട്ടെന്ന് നിങ്ങൾക്ക് 100% മാറ്റാൻ കഴിയില്ല, അതിനായി പ്രവർത്തിക്കേണ്ടതുണ്ട്. ബാഹ്യമായ ഒരു സാഹചര്യത്തിൽ നിങ്ങൾ മാത്രമല്ല, നിരവധി ഘടകങ്ങൾ ഉൾപ്പെടുന്നു. എന്നാൽ നിങ്ങളുടെ കർമ്മം പെട്ടെന്ന് തന്നെ മാറ്റാൻ കഴിയും.
നിങ്ങൾക്ക് ഇപ്പോൾ തന്നെ നിങ്ങളുടെ കർമ്മം മാറ്റാൻ കഴിയും, അതായത് നിങ്ങൾ ജീവിതത്തെ എങ്ങനെ അനുഭവിക്കുന്നു എന്നത് ഇപ്പോൾ തന്നെ മാറ്റാൻ കഴിയും. ഇതിൽ നിങ്ങൾ മാത്രമാണ് ഉൾപ്പെട്ടിരിക്കുന്നത്, അതിനാൽ നിങ്ങൾ തയ്യാറാണെങ്കിൽ ഇത് ഉടൻ മാറ്റാൻ കഴിയും. പക്ഷേ നിങ്ങളും ഞാനും തയ്യാറായാലും, ലോകം ഇപ്പോൾ മാറാൻ തയ്യാറാകണമെന്നില്ല. അതിനാൽ കൂട്ടായ കർമ്മം ചില ബാഹ്യ പരിണതഫലങ്ങൾ സൃഷ്ടിച്ചേക്കാം, എന്നാൽ നിങ്ങൾ ജീവിതം എങ്ങനെ അനുഭവിക്കുന്നു എന്നത് ഇപ്പോഴും നിങ്ങൾ തന്നെയാണ് നിർണയിക്കുന്നത്.