കർമ്മത്തെക്കുറിച്ചുള്ള സദ്ഗുരുവിന്റെ 20 വാചകങ്ങൾ
വ്യാപകമായി തെറ്റായി വ്യാഖ്യാനിക്കപ്പെടുന്ന കർമ്മം എന്ന പദത്തെക്കുറിച്ച് കൂടുതൽ വ്യക്തത നൽകുന്ന സദ്ഗുരുവിന്റെ ഉദ്ധരണികൾ വായിക്കൂ

ArticleMar 29, 2025
കർമ്മം എന്നാൽ നിങ്ങളുടെ ജീവിതത്തിന്റെ നിർമ്മാതാവ് നിങ്ങൾ തന്നെയാണ് എന്നാണർത്ഥം.
നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും, നിങ്ങൾ ശാരീരികമായും, മാനസികമായും, വൈകാരികമായും, ഊർജ്ജപരമായും പ്രവർത്തനം നടത്തുന്നു. ഓരോ പ്രവൃത്തിയും ഒരു നിശ്ചിത ഓർമ്മ സൃഷ്ടിക്കുന്നു. അതാണ് കർമ്മം.
ഭക്തി കർമ്മത്തെ നശിപ്പിക്കുകയും മോചനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
കർമ്മം എന്നാൽ പ്രവൃത്തിയും ഓർമ്മയും ആണ്. പ്രവൃത്തിയില്ലാതെ ഓർമ്മയില്ല, ഓർമ്മയില്ലാതെ പ്രവൃത്തിയുമില്ല.
കർമ്മത്തിന്റെ പഴയ പാളികൾ നിങ്ങളോട് ഒട്ടിപ്പിടിക്കുന്നത് നിങ്ങൾ കാർമ്മികമായ പശയുടെ പുതിയ പാളികൾ കൂട്ടിച്ചേർക്കുമ്പോൾ മാത്രമാണ്
കർമ്മം നിങ്ങളുടെ പ്രവൃത്തിയിലല്ല - അത് നിങ്ങളുടെ ഇച്ഛയിലാണ്. കർമ്മം സൃഷ്ടിക്കുന്നത് നിങ്ങളുടെ ജീവിതത്തിന്റെ ഉള്ളടക്കമല്ല, മറിച്ച് പശ്ചാത്തലമാണ്.
കർമ്മം ചില പ്രവണതകളിലൂടെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ കുറച്ച് ബോധവും ശ്രദ്ധയും കൊണ്ട്, നിങ്ങൾക്കത് മറ്റൊരു ദിശയിലേക്ക് തള്ളിവിടാൻ കഴിയും.
എല്ലാത്തരം കർമ്മങ്ങളിലും വച്ച്, സ്വന്തം നേട്ടത്തിനോ മറ്റുള്ളവരെ ഉപദ്രവിക്കാനോ ഗൂഢശക്തികൾ ഉപയോഗിക്കുന്നതാണ് സ്വയം ഏറ്റവും മോശം ഫലങ്ങൾ ഉണ്ടാക്കുന്നത്.
കർമ്മം പഴയ റെക്കോർഡിംഗുകൾ പോലെയാണ്, അവ വീണ്ടും വീണ്ടും പ്ലേ ചെയ്തുകൊണ്ടിരിക്കുന്നു. യോഗ എന്നാൽ ജീവിതത്തെ വെറും ഒരു റീപ്ലേ ആക്കാതെ, ഒരു അഗാധമായ സാധ്യതയും അനുഭവവുമാക്കി മാറ്റുക എന്നതാണ്
ബോധപൂർവ്വമായ പ്രവൃത്തി കർമ്മം സൃഷ്ടിക്കുന്നില്ല - അബോധ പ്രതികരണങ്ങളാണ് സൃഷ്ടിക്കുന്നത്.
നിങ്ങൾ ഏത് ഭൗതിക പ്രവർത്തനം ചെയ്താലും - അത് ആവേശത്തോടെയും സന്തോഷത്തോടെയും ചെയ്താൽ, നിങ്ങൾ ഒരു കർമ്മയോഗിയാണ്
ഇവിടെ ഒന്നും യാദൃച്ഛികമല്ല. മുഴുവൻ ഭൗതിക അസ്തിത്വവും കാരണങ്ങൾക്കും ഫലങ്ങൾക്കും ഇടയിലാണ് സംഭവിക്കുന്നത്
കർമ്മം എന്നാൽ നിങ്ങളുടെ ജീവിതം നിങ്ങളുടെ സൃഷ്ടിയാണ് എന്നർത്ഥം. കാർമ്മിക സംഭരണം ഒരു ഊർജ്ജമോ ഭാരമോ ആകാം - അത് നിങ്ങളുടെ തിരഞ്ഞെടുപ്പാണ്.
പണ്ട് നിങ്ങൾ എന്തുതരം കർമ്മം സംഭരിച്ചിട്ടുണ്ടെങ്കിലും, ഈ നിമിഷത്തിലെ കർമ്മം എപ്പോഴും നിങ്ങളുടെ കൈകളിലാണ്
നിങ്ങൾ എന്തു ചെയ്യുമ്പോഴും, പരിശോധിക്കുക - അതെല്ലാം നിങ്ങളെക്കുറിച്ചു മാത്രമാണോ, അതോ എല്ലാവരുടെയും നന്മയ്ക്കു വേണ്ടിയാണോ. ഇത് നല്ല കർമ്മവും മോശം കർമ്മവും സംബന്ധിച്ച എല്ലാ ആശയക്കുഴപ്പങ്ങളും ഇല്ലാതാക്കും.
നിങ്ങളുടെ ധാരണ ഓർമ്മകളാൽ നിറം പിടിപ്പിക്കപ്പെടുമ്പോൾ, അത് കർമ്മമാണ്. നിങ്ങളുടെ ഓർമ്മയാണ് നിങ്ങളുടെ മുൻവിധിയുടെ അടിസ്ഥാനം
കർമ്മം നിങ്ങളുടെ നിലനിൽപ്പും നിങ്ങളുടെ ബന്ധനവുമാണ്. നിങ്ങൾ അത് ശരിയായി കൈകാര്യം ചെയ്താൽ, അത് നിങ്ങളുടെ മോചനവുമാകാം
കർമ്മയോഗം എന്നാൽ സേവനം എന്നല്ല അർത്ഥം. പ്രവൃത്തിയുടെ നിർബന്ധപ്രേരണകളെ അതിലംഘിക്കുക എന്നാണതിന്റെ അർത്ഥം
കർമ്മം എന്നാൽ പരമമായ ഉത്തരവാദിത്തം എന്നാണ്. നിങ്ങളുടെ ജനിതക ഘടനയ്ക്ക് പോലും നിങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു
നിങ്ങൾ യഥാർത്ഥത്തിൽ ധ്യാനാത്മകമായാൽ, നിങ്ങൾ കർമ്മത്തിന് അതീതമായിരിക്കും.