സദ്ഗുരു: ലോകത്തിലെ സകലതുമായും നിങ്ങൾക്ക് സംവദിക്കാൻ നിരവധി മാർഗ്ഗങ്ങളുണ്ട് . സൗമ്യമായ വാക്കുകളിലൂടെ നിങ്ങൾക്ക് ആവശ്യമുള്ളത് സംവദിക്കാൻ കഴിയുന്ന ചിലരുണ്ട്. നിങ്ങൾ ശക്തമായി സംസാരിക്കേണ്ട ചിലരുണ്ട്. ചിലർക്ക് അവർ അനുഭവിക്കുന്ന "രോഗം" അനുസരിച്ച് "ഇഞ്ചക്ഷൻ" ആവശ്യമാണ്. വെറുതെ നോക്കിയാൽ മനസ്സിലാകുന്ന ചിലരുണ്ട്. നിങ്ങൾ നോക്കുക പോലും ചെയ്യേണ്ട ആവശ്യം ഇല്ലാത്ത ചിലർ ഉണ്ട് - ഞാൻ കണ്ണടച്ച് ഇരുന്നാൽ, അവർക്ക് അത് മനസ്സിലാകും. അതിനാൽ, സംവദിക്കുവാൻ വ്യത്യസ്ത മാർഗ്ഗങ്ങളുണ്ട്. ഏതാണ് ഏറ്റവും മികച്ച മാർഗം? സംവദിക്കുവാനുള്ള മികച്ച മാർഗം അത് മനസിലാകുന്ന മാർഗമാണ്. കാരണം ആശയവിനിമയം എന്നാൽ മറ്റേയാൾക്ക് അത് മനസ്സിലാകണം.

എന്നെ സംബന്ധിച്ചിടത്തോളം ഭാഷ ഒരു ഉപാധി മാത്രമാണ്. ഒന്നും മിണ്ടാതെ ഒരിടത്ത് ഇരിക്കാനാണ് എനിക്കിഷ്ടം. എന്നാൽ വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അപ്പോൾ അത് മനസ്സിലാകൂ . അതിനാൽ, എനിക്ക് വളരെയധികം സംസാരിക്കേണ്ടതുണ്ട് - ചിലപ്പോൾ സൗമ്യമായി, ചിലപ്പോൾ പരുഷമായി, ചിലപ്പോൾ തീവ്രമായി. ഇത് മനുഷ്യർക്കിടയിൽ മാത്രമല്ല - എല്ലാത്തിനും ബാധകമാണ്.

ചില ആളുകൾക്ക്, എല്ലാം അവരുമായി സഹകരിക്കുന്നതായി കാണപ്പെടുന്നു - അവർ കഴിക്കുന്ന ഭക്ഷണം, കുടിക്കുന്ന വെള്ളം, ശ്വസിക്കുന്ന വായു, നടക്കുന്ന ഭൂമി, എല്ലാ ജീവികളും സസ്യങ്ങളും. ചില ജീവിതങ്ങളുമായി സകലതും സഹകരിക്കുന്നതായി കാണാം. എന്നാൽ മറ്റു ചില ജീവിതങ്ങൾക്ക്, എല്ലാം അവർക്കെതിരായി കാണപ്പെടുന്നു. ഇത് സംവദിക്കലുമായി ബന്ധപ്പെട്ടിരിക്കുന്നു.

സംവദിക്കൽ ഭാഷയുടേത് മാത്രമല്ല. സംവദിക്കൽ ഒരു പ്രത്യേക സന്ദേശം മാത്രവുമല്ല.ജീവിതത്തിന്റെ വിവിധ ശക്തികൾ തമ്മിലുള്ള പരസ്പരവ്യവഹാരമാണ് സംവദിക്കൽ. നിങ്ങൾ ഒരു കേവല വ്യക്തിത്വമായി തുടരുകയാണെങ്കിൽ, നിങ്ങൾ സംവദിക്കാൻ പ്രയാസമുള്ള ഒരു വിഡ്ഢി ആണ്. കുറച്ചു വ്യക്തിത്വബോധം അറിയാനുള്ള വിശേഷഭാഗ്യമുള്ള, ജീവന്റെ ഒരു അംശം മാത്രമാണ് നിങ്ങളെന്നു മനസ്സിലാക്കുന്നുവെങ്കിൽ, നിങ്ങളുമായി സംവദിക്കാൻ എളുപ്പമാണ്. ഈയിടെ വീട്ടിൽ നടന്ന ഒരു സംഭവത്തെ ഇത് ഓർമ്മിപ്പിക്കുന്നു.

ചോദിക്കുക പോലും ചെയ്യാതെ

മഹാശിവരാത്രി സമയത്തു, എനിക്ക് വീട്ടിൽ കുറച്ച് അതിഥികൾ ഉണ്ടായിരുന്നു, മാത്രമല്ല ധാരാളം എലികളും അണ്ണാൻമാരും ഉണ്ടായിരുന്നു. ഞാൻ അവരെ കാര്യമാക്കാറില്ല, പക്ഷേ അവർ രാത്രി മുഴുവൻ ഓടുമേഞ്ഞ മേൽക്കൂരയിൽ ശബ്ദമുണ്ടാക്കി ഓടിക്കൊണ്ടിരുന്നു. ഞാൻ ഒരാളോട് പറഞ്ഞു, "തോട്ടത്തിൽ രണ്ട് പാമ്പുകൾ ഉണ്ടെങ്കിൽ, അവർ ഇതെല്ലാം നിയന്ത്രിക്കും." അങ്ങനെയിരിക്കെ, ഒരു വൈകുന്നേരം, ഞാൻ പൂന്തോട്ടത്തിൽ നടക്കുമ്പോൾ, ഏകദേശം ആറടി നീളമുള്ള ഒരു പാമ്പ് പ്രത്യക്ഷപ്പെട്ടു. ഞാൻ വിചാരിച്ചു, “അത് നല്ലതാണ്. എന്നാൽ എന്തുകൊണ്ട് ഒന്നുമാത്രം, രണ്ടെണ്ണമില്ലാത്തതെന്ത്?"

പിറ്റേന്ന് രാവിലെ, 10:30 ഓടെ, വീട്ടിലുള്ളവർ പരിഭ്രാന്തരായി എന്റെ അടുത്ത് വന്ന് പറഞ്ഞു, "സദ്ഗുരു, അങ്ങയുടെ കുളിമുറിയിൽ ഒരു വലിയ പാമ്പുണ്ട്!" അവൻ എങ്ങനെ എന്റെ കുളിമുറിയിൽ കയറി? ഇഴജന്തുക്കളുടെ അനുഭവങ്ങൾ ഒരുപാട് ഉള്ളതിനാൽ ഞങ്ങൾ ഒരിക്കലും വീടിന്റെ ഒരു വാതിലും തുറന്നിടാറില്ല. നിങ്ങൾ ഒരു വാതിൽ തുറക്കുക, അതിലൂടെ നടക്കുക, വീണ്ടും അടയ്ക്കുക - ഇതാണ് വീട്ടിലെ നിയമം. കുളിമുറിയിൽ കയറാൻ പാമ്പിന് മൂന്ന് വാതിലുകൾ കടക്കേണ്ടി വന്നു. എങ്ങനെയോ, പല സമയങ്ങളിൽ, ഒരു വാതിൽ തുറന്നപ്പോൾ, അവൻ അതിലൂടെ കുളിമുറിയിൽ കയറിയിരിക്കണം. അങ്ങനെ ഞാൻ പാമ്പിനെ എടുത്ത് പുറത്ത് വിട്ടു. ഞാൻ അപ്പോഴും ആശ്ചര്യപ്പെട്ടു, എന്തുകൊണ്ട് ഒന്ന് മാത്രം? പിന്നെ, കുറച്ച് കഴിഞ്ഞ്, മറ്റൊരു പാമ്പ് പ്രത്യക്ഷപ്പെട്ടു - അല്പം ചെറുത്, ഏകദേശം നാലടി നീളമുള്ളത്. ഞാൻ പറഞ്ഞു, “ശരി, ഇത് നല്ലതാണ്. കാര്യങ്ങൾ ഇതുപോലെത്തന്നെ ആയിരിക്കണം.”

ജീവിതം ഇങ്ങനെയാണ്. നിങ്ങൾ യോഗയാണെങ്കിൽ , യോഗ പരിശീലിക്കുക മാത്രമല്ല, നിങ്ങൾ ചോദിക്കേണ്ടത് പോലുമില്ല - നിങ്ങൾക്ക് ആവശ്യമുള്ളത് സംഭവിക്കും. പൂന്തോട്ടത്തിലെ പാമ്പുകളുടെ കാര്യത്തിൽ മാത്രമല്ല - ജീവിതത്തിന്റെ എല്ലാ വശങ്ങളിലും. നിങ്ങൾ ചോദിക്കുകയാണെങ്കിൽ, നിങ്ങൾക്കു അറിയാവുന്ന എന്തിനെങ്കിലുമായി ചോദിക്കും. അതൊരു പാഴായ ജീവിതമാണ്.നിങ്ങൾക്ക് ഇതിനകം അറിയാവുന്ന മണ്ടത്തരങ്ങൾ ചോദിക്കുന്ന ജീവിതത്തിന്റെ അർത്ഥമെന്താണ്? നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത കാര്യങ്ങൾ, നിങ്ങൾക്ക് ഒരു സൂചനയും ഇല്ലാത്ത കാര്യങ്ങൾ സംഭവിക്കണം - അപ്പോൾ മാത്രമേ ജീവിതം സംഭവിക്കുന്നുള്ളൂ. ഒരു തരത്തിൽ, ഇതെല്ലം സംവദിക്കലുമായി ബന്ധപ്പെട്ടിരിക്കുന്നു.

"സംവദിക്കൽ" എന്ന് ഞാൻ പറയുമ്പോൾ ആളുകൾ അവരുടെ ഫോണിൽ ടെക്‌സ്‌റ്റ് അയക്കുന്നതോ സംസാരിക്കുന്നതോ ആണ് ചിന്തിക്കുന്നത്. അതും സംവദിക്കലാണ്, എന്നാൽ അത്തരം സംവദിക്കൽ സാമൂഹിക സാഹചര്യത്തെ നിലനിർത്തുന്നതിൽ കവിഞ്ഞൊന്നും ചെയ്യുന്നില്ല. സാമൂഹിക സാഹചര്യങ്ങൾക്ക് നിങ്ങളുടെ ശ്രദ്ധ തിരിക്കാനാകും - അവയ്ക്ക് നിങ്ങളെ പൂർത്തീകരിക്കുവാൻ കഴിയില്ല. സാമൂഹിക ഇടപെടലുകൾ കുറച്ചുനേരം നിങ്ങളുടെ ശ്രദ്ധ തിരിക്കുകയും വിനോദിപ്പിക്കുകയും ചെയ്യും, എന്നാൽ അവ ഒരിക്കലും നിങ്ങളുടെ പൂർത്തീകരണത്തിനായി പ്രവർത്തിക്കില്ല, കാരണം അത് അവയുടെ പ്രകൃതമല്ല.

നിങ്ങൾ ഇവിടെ ഇരിക്കുകയാണെങ്കിൽ, നിങ്ങളുടെ ചുറ്റുമുള്ള സകലതുമായി നിങ്ങൾ അഗാധമായി സംവദിക്കുക എന്നത് പ്രധാനമാണ്. ഒന്നും പറയുന്നില്ല, പ്രത്യേക സന്ദേശമൊന്നുമില്ല, നിങ്ങളും അവിടെയുള്ളവയും തമ്മിലുള്ള അഗാധമായ ഇടപെടൽ മാത്രം. ഇതാണ് യോഗ. യോഗ എന്നാൽ ഐക്യം, നിങ്ങൾ ഇവിടെ ഇരിക്കുമ്പോൾ, നിങ്ങളുടെ വ്യക്തിത്വം ഒരു ചെറിയ ഭാഗം മാത്രമാണ് - ജീവൻ വലിയൊരു ഭാഗമാണ്. പ്രാണൻ കണങ്ങളായി സംഭവിക്കുന്നില്ല - അത് ഒരു വലിയ സംഭവിക്കലാണ്.

പതുക്കെ പോകുവാൻ സമയമില്ല

നാം ഈ സകലതിന്റെയും ഒരു ഭാഗം മാത്രമാണെങ്കിലും, ജീവിതം നിങ്ങൾക്ക് വ്യക്തിപരമായ അനുഭവം നൽകുന്നു എന്നത് ഒരു വലിയ അനുഗ്രഹമാണ്. നാം യഥാർത്ഥത്തിൽ ഒന്നുമല്ലെങ്കിലും, സൃഷ്ടിയിലെ ഒരു പൊടിപടലം മാത്രമാണെങ്കിലും, നമുക്കിവിടെയിരുന്ന് ഒരു വ്യക്തിയായി അനുഭവിക്കാം. ഇതാണ് സൃഷ്ടിയുടെ മഹത്വം. അസ്തിത്വവുമായി സംവദിക്കുവാനും ഇടപഴകാനുമുള്ള നിങ്ങളുടെ കഴിവ് നിങ്ങൾ എത്രമാത്രം ചെറിയ വ്യക്തിയാണ് എന്നതിനെ ആശ്രയിച്ചിരിക്കുന്നു.നിങ്ങൾ സ്വയം വളരെ വലുതാക്കിയിരിക്കുന്നു; യഥാർത്ഥത്തിൽ, ഈ പ്രപഞ്ചത്തിൽ , അത് എവിടെ തുടങ്ങുന്നുവെന്നും എവിടെ അവസാനിക്കുന്നുവെന്നും നിങ്ങൾക്കറിയില്ല, നാം ഒന്നുമല്ല, ഒരു കണം പോലും. എന്നാൽ ഈ കണം എല്ലാത്തരം കാര്യങ്ങളും സങ്കൽപ്പിക്കുന്നു. കൂടാതെ നിങ്ങളുടെ ജീവിതം തീർന്നുപോയ്കൊണ്ടിരിക്കുകയാണ് . എന്നിരുന്നാലും, നിങ്ങൾ ആരാണെന്നതിനെക്കുറിച്ച് അന്തമില്ലാതെ സ്വയം കബളിപ്പിക്കുവാൻ നിങ്ങൾ സമയം കണ്ടെത്തുന്നു .

Bഎന്നാൽ നിങ്ങൾ ഒന്നുമല്ലെങ്കിൽ നിങ്ങൾക്ക് ലോകത്ത് പ്രവർത്തിക്കാൻ കഴിയില്ല - നിങ്ങൾ ആരെങ്കിലുമാകണം. ഈയിടെ ആരോ എന്നോട് പറഞ്ഞു, "സദ്ഗുരു, ചിലപ്പോൾ, ഈ ദിവസങ്ങളിൽ, അങ്ങ് വളരെ തീക്ഷ്ണമായ രീതിയിൽ സംസാരിക്കുന്നു." ഞാൻ പറഞ്ഞു, "എപ്പോഴും." "ഇല്ല, സദ്ഗുരു. ഇത് ചെയ്യരുത്. ഇത് അങ്ങയുടെ കൂൾ നഷ്ടപ്പെട്ടതായി തോന്നിപ്പിക്കുന്നു. ” ഞാൻ പറഞ്ഞു, “ഞാൻ ഒരിക്കലും കൂൾ അല്ലെങ്കിൽ എനിക്ക് എങ്ങനെ എന്റെ കൂൾ നഷ്ടപ്പെടും? ഞാൻ എപ്പോഴും എന്റെ ഉള്ളിൽ ഒരു അഗ്നിപർവ്വതം പോലെയാണ്, എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാൻ കാത്തിരിക്കുന്ന ഒന്ന്."

ആശയവിനിമയം ലോകത്ത് ആവശ്യമുള്ളതുപോലെയായിരിക്കണം. പ്രവർത്തനവും ലോകത്ത് ആവശ്യമുള്ളതുപോലെയായിരിക്കണം. നിങ്ങളുടെ ഉള്ളിൽ നിങ്ങൾ എങ്ങനെയാണെന്നത് മറ്റൊരു കാര്യം. ആദിയോഗിയെ നോക്കൂ - നിറയെ അഗ്നിയാണ്. പണ്ടത്തെ എല്ലാ മഹായോഗികളെയും നോക്കൂ - അവരെല്ലാം അഗ്നിയാൽ നിറഞ്ഞവരായിരുന്നു. കലണ്ടർ യോഗികൾക്ക് മാത്രമേ മുഖത്ത് കരുണയുള്ള ഭാവമുള്ളൂ.

ജീവിതവും അതിൻറെ നിരവധി ആവിർഭാവങ്ങളും പൂർണ്ണമായും തീവ്രമായി സംഭവിക്കേണ്ടതുണ്ട്. പതുക്കെപോകുവാൻ സമയമില്ല. ദുരിതപൂർണ്ണവും, എല്ലാവിധത്തിലും അടക്കിനിർത്തപ്പെട്ടതുമായ ഒരാൾക്ക് മാത്രമേ ജീവിതം വളരെ ദൈർഘ്യമേറിയതായി അനുഭവപ്പെടുന്നുള്ളൂ, കാരണം ഒരു മനുഷ്യൻറെ വിവിധ സാധ്യതകളുടെ ആവിഷ്കരണം കണ്ടെത്താൻ അവർക്കു കഴിഞ്ഞിട്ടില്ല. ചുറ്റുപാടും ചില വസ്തുക്കളെയും ആളുകളെയും വിഡ്ഢിത്തങ്ങളും ശേഖരിച്ച് അവരുടെ ജീവിതം നിർമ്മിക്കാൻ അവർ ശ്രമിക്കുന്നു. മനുഷ്യനാകുന്നതിൻറെ അപാരത നിങ്ങൾ അന്വേഷിക്കുകയാണെങ്കിൽ, അത് ഒരു ഹ്രസ്വ ജീവിതമാണ്. ഇത് വളരെ ഹ്രസ്വമായിരിക്കുമ്പോൾ, നിങ്ങൾ പൂർണ്ണമായും ജ്വലിക്കേണ്ടത് പ്രധാനമാണ്. അല്ലെങ്കിൽ, എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ മനസ്സിലാക്കുന്നതിനുമുമ്പ്, നിങ്ങളുടെ ശവസംസ്കാര അഗ്നി ഉണ്ടാകും. അവസാനം അഗ്നി ഉണ്ടാകും, പക്ഷേ അത് വളരെ വൈകും. ഒന്നുകിൽ നിങ്ങൾ ഇപ്പോൾ പൂർണ്ണമായും ജ്വലിച്ചുകൊണ്ടു പോകുക, അല്ലെങ്കിൽ നിങ്ങൾ സാവധാനം, തവണകളായി പോകുക.

ഗഡുക്കളായി അനന്തതയിലെത്താൻ ആഗ്രഹിക്കുന്നവർക്ക് - നിങ്ങൾക്ക് എല്ലാവിധ ആശംസകളും. "ഒന്ന്, രണ്ട്, മൂന്ന്" എന്ന് എണ്ണികൊണ്ട് ആരും ഒരു ദിവസം അനന്തതയിലെത്തിയിട്ടില്ല. നിങ്ങൾ ഒരു പൂജ്യമാകുകയാണെങ്കിൽ , നിങ്ങൾ തീർത്തും ഒന്നുമല്ലെങ്കിൽ, നിങ്ങൾ മറ്റൊന്നും ചെയ്യേണ്ടതില്ല. എന്നാൽ അപ്പോൾ നിങ്ങൾക്ക് ലോകത്ത് പ്രവർത്തിക്കാൻ കഴിയില്ല. അത്തരമൊരു അവസ്ഥയും മനോഹരമാണ്, എന്നാൽ നിങ്ങളുടെ ചുറ്റുമുള്ള ആളുകളിൽ നിന്ന് നിങ്ങൾക്ക് പരിചരണവും പിന്തുണയും ആവശ്യമായിവരുന്നു. എന്നാൽ നിങ്ങൾ അതിൽ പൂർണ്ണമായും മുഴുകിയിരിക്കാനും അതേസമയം ലോകത്തിൽ പ്രവർത്തിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ പൂർണ്ണമായും ജ്വലിക്കേണ്ടത് പ്രധാനമാണ്. അതിനർത്ഥം നിങ്ങൾ എല്ലാ സമയത്തും നിങ്ങളുടെ അഗ്നി വെളിപ്പെടുത്തണം എന്നല്ല. ഒരിക്കൽ, ആരെങ്കിലും അത് അർഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് അതിൻറെ ഒരു രുചി നൽകാം

ഭൂതകാലത്തിന്റെ കാൽപ്പാടുകൾ

അഥവാ, ചോദ്യം തണുത്തതോ ചൂടുള്ളതോ, അല്ലെങ്കിൽ സമാധാനപരമായതോ ഉജ്ജ്വലമായതോ എന്നതല്ല - പ്രധാന കാര്യം നിങ്ങളുടെ ഉള്ളിൽ സംഭവിക്കുന്നതെന്തും, അത് ബോധപൂർവ്വമാണോ അബോധപൂർവ്വമാണോ എന്നതാണ്. ബോധപൂർവ്വമാണെങ്കിൽ , ആ നിമിഷം നിങ്ങളുടെ ബുദ്ധിയോ നിർണ്ണയമോ അനുസരിച്ച് നിങ്ങൾ ചെയ്യുക, അത് ശരിയായിരിക്കും.

നിങ്ങൾ നിര്ബന്ധപ്രേരണയാൽ ചൂടോ തണുപ്പോ ആകുകയാണെങ്കിൽ അത് പ്രശ്‌നമാകുന്നു. ഇത് നിർബന്ധപ്രേരണയോ അതോ ബോധപൂർവ്വമോ എന്ന ചോദ്യമാണ്. നിങ്ങളുടെ തീയും നിങ്ങളുടെ തണുത്ത വെള്ളവും, അവ സംഭവിക്കുന്നത് ബോധപൂർവ്വമായ പ്രവർത്തനം മൂലമാണോ, അതോ നിങ്ങൾ വികസിപ്പിച്ച നിർബന്ധിത സ്വഭാവം മൂലമാണോ? "നിർബന്ധം" എന്നതിനർത്ഥം നിങ്ങൾ ആവർത്തിക്കപ്പെടുന്നു എന്നാണ്. "ആവർത്തനം" എന്നാൽ ഭൂതകാലം വർത്തമാനകാലത്തെ ഭരിക്കുകയും ഭാവിയിലേക്ക് കടന്നുകയറുകയും ചെയ്യുന്നു.

ഭൂതകാലത്തിന്റെ കാൽപ്പാടുകൾ ഭാവിയിലുണ്ടെങ്കിൽ, ഇത് അതിദാരുണമായ ജീവിതമാണ്. അതുകൊണ്ടാണ് നിങ്ങൾക്കായി ഒരു "ഹൊറർ"-സ്കോപ്പ് എഴുതാനും നിങ്ങൾ എങ്ങനെ ജീവിക്കാൻ പോകുന്നുവെന്ന് നിങ്ങളോട് പറയാനും കഴിയുന്നത്. ഭൂതകാലത്തെ അതിൻറെ കാൽപ്പാടുകൾ ഭാവിയിൽ പതിപ്പിക്കാൻ അനുവദിച്ചവർക്ക് മാത്രമേ ജാതകം ശരിയാകുകയുള്ളൂ. നിങ്ങൾ ബോധവാനാണെങ്കിൽ, നിങ്ങളുടെ ജാതകം നിങ്ങൾക്ക് കത്തിക്കാം. ഒരിക്കൽ നിങ്ങൾ ബോധവാനാണെങ്കിൽ, ഭൂതകാലം ആവർത്തിക്കില്ല. ഓരോ ചിന്തയും ഓരോ വികാരവും ഓരോ പ്രവൃത്തിയും, നിങ്ങൾ ചെയ്യുന്നതെല്ലാം, ബോധപൂർവമായ രീതിയിൽ സംഭവിക്കുന്നു എന്നത് ഏറ്റവും പ്രധാനമാണ്. ബോധപൂർവ്വമായിരിക്കുവാനുള്ള നിങ്ങളുടെ കഴിവും പ്രപഞ്ചവുമായി സംവദിക്കുവാനുമുള്ള നിങ്ങളുടെ കഴിവും അടിസ്ഥാനപരമായി ഒന്നുതന്നെയാണ്. ഒരു ചേരപാമ്പ് പോലും ശ്രദ്ധിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ പ്രശ്നം എന്താണ്?

നിങ്ങൾ ജീവിതത്തിനുവേണ്ടി രൂപപ്പെടുത്തപ്പെട്ടതാണോ?

നിങ്ങൾ സ്വയം വ്യക്തിത്വത്തിന്റെ കോട്ടയാക്കി മാറ്റുകയും, സംവദിക്കാൻ ശ്രമിക്കുകയും ചെയ്താൽ, അതിനു കഴിയില്ല. നിങ്ങൾ ബോധവാനായാൽ, നിങ്ങൾ സ്വാഭാവികമായും സുഷിരങ്ങളോട് കൂടിയുള്ളവനാകുന്നു. നിങ്ങൾ ശരിക്കും ബോധവാനാണെങ്കിൽ, നിങ്ങൾ സുതാര്യമാകും. നിങ്ങൾ സുതാര്യമായാൽ, എല്ലാം കടന്നുപോകും.

ഒന്നുകിൽ നിങ്ങൾ നിങ്ങളുടെ വ്യക്തിത്വം ഇല്ലാതാക്കുക, അല്ലെങ്കിൽ ഞങ്ങൾ അത് നിങ്ങൾക്കായി ശിഥിലമാക്കിത്തരും . ഇത് ശിഥിലമാക്കുന്നത് വേദനാജനകമായ ഒരു പ്രക്രിയയാണ്. നിങ്ങൾ അത് ഇല്ലാതാക്കുകയാണെങ്കിൽ, അത് ഒരു അത്ഭുതകരമായ പ്രക്രിയയായിരിക്കും. ഇത് ശിഥിലമാക്കുവാൻ സമയമെടുക്കും. ജീവിതം ആളുകളെ ഒരു കാലയളവിൽ ശിഥിലമാക്കും, എന്നാൽ അത് ഒരു മ്ലേച്ഛമായ മാർഗമാണ്. നിങ്ങൾക്കും ലോകത്തിനും വാസ്തവമായ എന്തെങ്കിലും സംഭവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഇതാണ് സ്ഥലവും സമയവും. ഒരേയൊരു കാര്യം നിങ്ങൾ തികച്ചും കളങ്കമറ്റതാകണം എന്നതാണ്. അല്ലെങ്കിൽ, എല്ലാ കാര്യങ്ങളിലും നിങ്ങൾ അന്തംവിട്ടുപോകും, എന്തിനാണ് ഇത് അല്ലെങ്കിൽ അത് സംഭവിക്കുന്നത് എന്ന് സ്വയം ചോദിച്ചുകൊണ്ട് . നിങ്ങൾ ഒരു യഥാർത്ഥ അന്വേഷകനാണെങ്കിൽ, എന്തുകൊണ്ടാണ് എന്തെങ്കിലും സംഭവിക്കുന്നത് എന്നത് പ്രശ്നമല്ല. ഇത്, "ഞാൻ എന്ത് നേടണം? എനിക്ക് ബോധോദയം ലഭിക്കേണ്ടതുണ്ടോ? എനിക്ക് ഇതാണോ അതാണോ ലഭിക്കേണ്ടത്”, എന്നതിനെ കുറിച്ചല്ല. ഇത് നിങ്ങളുടെ അസ്തിത്വത്തിന്റെ സ്വഭാവം അതിന്റെ പരമമായ ശേഷിയിൽ അറിയുന്നതിനെക്കുറിച്ചാണ്.

കാരണം, ഇത്രയും വലിയ മസ്തിഷ്കവുമായി നിങ്ങൾ ഇവിടെ വന്നാൽ, ഇത്രയും ബുദ്ധിയും അവബോധവുമായി വന്നാൽ, ഇതെല്ലാം എന്താണെന്നു നിങ്ങൾ അറിഞ്ഞിരിക്കണം. നിങ്ങൾ പോകുന്നതിനുമുമ്പ്, നിങ്ങൾ ഇത് അറിഞ്ഞിരിക്കണം: “എന്റെ അസ്തിത്വത്തിന്റെ പ്രകൃതം എന്താണ്? എന്തെല്ലാമാണ് സാധ്യതകൾ?" നിങ്ങൾ അവയെല്ലാം പര്യവേക്ഷണം ചെയ്യാൻ പോകുന്നുണ്ടോ ഇല്ലയോ എന്നത് മറ്റൊരു കാര്യമാണ്, എന്നാൽ കുറഞ്ഞത് അവ എന്താണെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. നിങ്ങൾക്ക് ജീവിതത്തെ സ്പർശിക്കാതെ പോകണമെങ്കിൽ, ശ്‌മശാനമാണ് ഏറ്റവും നല്ല സ്ഥലം. ആളുകൾ എന്റെ അടുത്ത് വന്നു ചോദിച്ചുകൊണ്ടേയിരിക്കുന്നു, "സദ്ഗുരു, എനിക്ക് ഒന്നും സംഭവിക്കാതിരിക്കാൻ എന്നെ അനുഗ്രഹിക്കണമേ" എന്ന്. അത് എന്ത് തരം അനുഗ്രഹമാണ്? എന്റെ അനുഗ്രഹം, "ജീവിതമായതെല്ലാം നിങ്ങൾക്ക് സംഭവിക്കട്ടെ" എന്നാണ്.

നിങ്ങൾ ജീവിച്ചിരിക്കുന്നിടത്തോളം എന്തെങ്കിലും സംഭവിക്കും. ചോദ്യം, നിങ്ങൾ ജീവിതത്തിനായി രൂപപ്പെടുത്തിയതാണോ എന്നത് മാത്രമാണ്. എന്തെല്ലാം സംഭവിച്ചാലും ഈ ജീവിതം കൈകാര്യം ചെയ്യാൻ നിങ്ങൾ ശാരീരികമായും മാനസികമായും ബോധപൂർവ്വമായും സജ്ജരാണോ? "അല്ല സദ്ഗുരു, പക്ഷേ ഭയങ്കരമായ ഒരു കാര്യം സംഭവിച്ചു." അല്ല, ജീവിതം മാത്രമാണ് സംഭവിക്കുന്നത്. ഒരാൾ ജനിക്കുന്നു, ഒരാൾ മരിക്കുന്നു, ഒരാൾ ഇവിടെയുണ്ട്, ഒരാൾ പോയി - ഇതാണ് സംഭവിക്കുന്നത്. ചില ആളുകൾ മനോഹരമായ കാര്യങ്ങൾ ചെയ്യുന്നു; ചില ആളുകൾ ഭയങ്കരമായ കാര്യങ്ങൾ ചെയ്യുന്നു. ഇത് എല്ലായ്‌പ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. മനുഷ്യർ ചെയ്യുന്ന എല്ലാ മോശമായ കാര്യങ്ങളും ഞാൻ അംഗീകരിക്കാൻ ശ്രമിക്കുകയല്ല, എന്നാൽ നിങ്ങൾക്ക് അത് തടയണമെങ്കിൽ, നിങ്ങൾ അത് നിയമം മൂലം തടയാൻ പോകുന്നില്ല. നിങ്ങൾ എത്ര നിയമപാലനം നടത്തിയാലും, ആളുകൾ പല തരത്തിൽ ഈ കാര്യങ്ങൾ ചെയ്തുകൊണ്ടേയിരിക്കും. സാഹചര്യം പരിവർത്തനം ചെയ്യാനുള്ള മാർഗം, വ്യക്തിഗത മനുഷ്യർ സ്വയം രൂപാന്തരപ്പെടുകയും മനുഷ്യരാശിക്ക് പരിവർത്തനത്തിനുള്ള വലിയ തോതിലുള്ള ഉപകരണങ്ങൾ ലഭ്യമാകുകയും, മാത്രമാണ്. അല്ലെങ്കിൽ, ഈ ഭൂമിയിൽ മനുഷ്യർ ചെയ്യുന്ന എല്ലാ മോശമായ കാര്യങ്ങളും നിങ്ങൾക്ക് തടയാൻ കഴിയില്ല.

മനുഷ്യനായിരിക്കുക എന്നതിന്റെ അടിസ്ഥാനകാര്യങ്ങൾ നമുക്ക് മനസ്സിലാകുന്നില്ല. ജീവിതത്തിന്റെ അടിസ്ഥാന ഘടകം നമ്മൾ പൂർണ്ണമായും കാണാതെ പോകുന്നു. നമ്മൾ ലോകത്തെ നയിക്കുന്ന രീതി, നമ്മുടെ വിദ്യാഭ്യാസം, വാണിജ്യം.. അടിസ്ഥാനപരമായ ഘടകം നാം കാണാതെ പോകുന്നു. ആശയവിനിമയത്തിന്റെ സാങ്കേതിക വിദ്യകളുടെ കാര്യത്തിലെങ്കിലും, നമുക്ക് വേണമെങ്കിൽ, ഇവിടെ ഇരുന്ന് ലോകം മുഴുവനുമായും ആശയവിനിമയം നടത്താൻ കഴിയുന്ന ഒരു സ്ഥലത്ത് നമ്മൾ എത്തിയിരിക്കുന്നു.

സാധ്യമായ ഏറ്റവും മോശമായ കാര്യങ്ങൾക്കായി ഈ അതിശയകരമായ ആശയവിനിമയ ഉപകരണങ്ങളും ഇന്റർനെറ്റും ഉപയോഗിക്കുന്നു. ഓരോ ദിവസവും ആയിരക്കണക്കിന് കുട്ടികൾ ഇൻറർനെറ്റിൽ വിൽക്കപ്പെടുന്നു, മയക്കുമരുന്ന് ഇടപാടുകൾ നടക്കുന്നു, ആയുധങ്ങൾ വിൽക്കുന്നു - എല്ലാത്തരം കാര്യങ്ങളും നടക്കുന്നു. എല്ലാറ്റിനുമുപരിയായി, ആരെങ്കിലുമായി വൃത്തികെട്ട കാര്യങ്ങൾ ചെയ്യാൻ നമ്മുടെ കുട്ടികളെ വിൽക്കാൻ തുടങ്ങുമ്പോൾ, നമുക്ക് അത് ശരിക്കും നഷ്ടപ്പെട്ടിരിക്കുന്നു. നമുക്ക് നമ്മുടെ മനുഷ്യത്വം പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നു. ഒരു ആത്മീയ സംഘടനയിൽ നിന്ന് പ്രതീക്ഷിക്കുന്നതുപോലെ, നിശബ്ദമായി, മൃദുവായി പോകുന്നതിന്റെ സമയം അവസാനിച്ചുവെന്ന് ഞാൻ കരുതുന്നു. നമ്മൾ ഇത് റോക്കറ്റ് അഗ്നിയിൽ ജ്വലിപ്പിക്കണം.

നിങ്ങൾക്ക് ഒരു പ്രവചനമാണോ അതോ പദ്ധതിയാണോ വേണ്ടത്?

ഇത് പൂർണ്ണമായി ജ്വലിക്കേണ്ടതുണ്ട്, അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഞങ്ങൾ അത് ചെയ്യും. നിങ്ങളെല്ലാവരും പങ്കെടുക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ പ്രസ്ഥാനം മനുഷ്യത്വത്തെ മതത്തിൽ നിന്ന് ഉത്തരവാദിത്തത്തിലേക്ക് മാറ്റുന്നതിനാണ്. വളരെക്കാലമായി, നമ്മൾ ചെയ്യുന്ന എല്ലാ മോശമായ കാര്യങ്ങൾക്കും നമ്മൾ മുകളിലേക്ക് വിരൽചൂണ്ടി. നമ്മൾ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക്, തീർച്ചയായും നമ്മൾ ക്രെഡിറ്റ് എടുത്തു . ഇന്ന് ഒരാൾ തകർന്നുപോയി - "അത് ദൈവഹിതമായിരിക്കണം." ഇത് മാറണം . ഇന്ന് നാം ചെയ്യുന്ന അസംബന്ധങ്ങളുടെ ഉത്തരവാദിത്തം മനുഷ്യൻ ഏറ്റെടുക്കേണ്ട സമയമായിരിക്കുന്നു. ഇന്ന് നമ്മൾ എന്ത് സാധ്യതയാണ് എന്നതിന്റെയും. നമ്മൾ ചെയ്ത മഹത്തായ കാര്യങ്ങളുടെയും മ്ലേച്ഛമായ കാര്യങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കാൻ നാം തയ്യാറായിരിക്കണം. ഈ ലോകത്ത് നാം നാളെ സൃഷ്ടിക്കാൻ പോകുന്നതും നമ്മുടെ ഉത്തരവാദിത്തമാണ്..

ആളുകൾ എന്നോട് ചോദിച്ചുകൊണ്ടേയിരിക്കുന്നു, "സദ്ഗുരു , അമ്പത് വർഷത്തിനുള്ളിൽ ലോകം എവിടെയായിരിക്കുമെന്നാണ് അങ്ങ് കരുതുന്നത്?" ഞാൻ അവരോട് ചോദിക്കും , “നിങ്ങൾക്ക് ഒരു പ്രവചനമാണോ പദ്ധതിയാണോ വേണ്ടത്?” പദ്ധതി തയ്യാറാക്കാൻ കഴിയാത്ത വിഡ്ഢികളെല്ലാം പ്രവചനം തേടുകയാണ്. സൃഷ്ടി നിങ്ങൾക്ക് ഇത്രയും വലിയ മസ്തിഷ്‌കവും നിരവധി കാര്യങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യതയും നൽകി എന്നതിന്റെ അർത്ഥം ഒരു മണ്ടൻ പ്രവചനത്തിനായി കാത്തിരിക്കുന്നതിനുപകരം നിങ്ങൾക്ക് ഒരു നല്ല പദ്ധതി ഉണ്ടായിരിക്കണം എന്നാണ്. നമ്മൾ എങ്ങോട്ടാണ് പോകുന്നത് എന്നതാണ് ചോദ്യം. ഇത് സംഭവിക്കുന്നതിന്, നിങ്ങൾ മനുഷ്യരെ അവരുടെ ശരീരത്തിനും മനസ്സിനുമപ്പുറം ശാക്തീകരിക്കേണ്ടതുണ്ട്. അവരെ ബൃഹത്തായ ഒന്ന് സ്പർശിക്കേണ്ടിയിരിക്കുന്നു. നാം ചെയ്യുന്നതിന്റെ അടിസ്ഥാനപരമായ പരിശ്രമം അതാണ്. .