രൺവീർ സിംഗ്: സർ, സാങ്കേതിക വിദ്യ എന്നും പുരോഗതി കൈവരിച്ചു കൊണ്ടിരിക്കുകയാണെന്നാണ് എന്‍റെ വിശ്വാസം. നമ്മുടെ ജീവിതത്തെ മൊബൈൽ ഫോൺ തീർത്തും മാറ്റിക്കളഞ്ഞുവെന്ന് എനിക്ക് തോന്നുന്നുണ്ട്. ഒരു വിധം എല്ലാ കാര്യങ്ങളിലും കാര്യമായ സ്വാധീനം അതിനുണ്ട്. മനുഷ്യർ ഇത്തരത്തിൽ ആശയ വിനിമയം ചെയ്യേണ്ടതുണ്ടോ എന്ന് ഞാൻ പലപ്പോഴും അത്ഭുതപെടാറുണ്ട്. ആഫ്രിക്കൻ വനത്തിൽ നിന്നു കൊണ്ട് നോർത്ത് പോളിലെ ഒരാളുമായി എനിക്ക് സംസാരിക്കാം, എനിക്ക് അയാളുടെ മുഖം കാണുക കൂടി ചെയ്യാം.

ഇനി അതിനോട് കൂടി സാമൂഹ്യ മാധ്യമങ്ങളും കൂടി ചേരുന്നു. ഇത് കാര്യങ്ങളെല്ലാം തീർത്തും മാറ്റി മറിക്കുകയാണ്. പതിനെട്ടു പത്തൊൻപതു വയസ്സായ കുട്ടികളാണ് കൂടുതലായും ഇതിൽ മുഴുകിയിരിക്കുന്നത്. അവർക്കു ഈ കാര്യങ്ങളെല്ലാം നന്നായി ഉപയോഗിക്കുവാൻ അറിയാം. ഞാൻ ലാൻഡ് ഫോണിന്‍റെ കാലത്തു ജനിച്ചയാളാണ്. അതു കൊണ്ട് ഫേസ്ടൈം എനിക്കിപ്പോഴും അന്യമാണ്. മൊബൈൽ ഫോണിനെപ്പറ്റിയും, സാമൂഹ്യ മാധ്യമങ്ങളെ പറ്റിയും അങ്ങയുടെ അഭിപ്രായം എന്താണ്? ഇത് ഒരു പുതിയ പരിണാമമാണോ അതായത് പണ്ട് മനുഷ്യർ ഇങ്ങിനെയായിരുന്നു; പക്ഷെ ഇന്നിപ്പോൾ നമുക്ക് സെൽ ഫോണുണ്ട്; അത് നമ്മുടെ കയ്യിന്‍റെ ഒരു ഭാഗമാണ് എന്നാണോ?

സദ്ഗുരു: നാം കണ്ടുപിടിച്ച ഓരോ യന്ത്രവും മനുഷ്യന്‍റെ കഴിവിനെ വിപുലീകരിക്കുകയാണ് ചെയ്തത്. നമുക്ക് കാഴ്ചയുണ്ട് ; അതുകൊണ്ട് നമുക്ക് ദൂരദർശിനിയും, സൂക്ഷ്മ ദര്ശിനിയുമുണ്ട് .നമുക്ക് സംസാര ശേഷിയുണ്ട്; അതിനാൽ നമുക്ക് ഉച്ചഭാഷിണിയും, ടെലിഫോണുമുണ്ട്. അതു കൊണ്ട് ഞാൻ ലാൻഡ് ലൈനിൽ സംസാരിച്ചപ്പോൾ പ്രശ്നമുണ്ടായിരുന്നില്ല. ഇന്നിപ്പോൾ എനിക്ക് മൊബൈൽ ഫോണുണ്ട്, അത് കൂടുതൽ സൗകര്യമുള്ളതാണ് - എന്നാൽ അത് ശരിയല്ല എന്നാണോ? അങ്ങിനെയല്ല; അതിന് ഒരു പ്രശ്നവും ഇല്ല.

ഈ നിർബന്ധമുണ്ടാക്കുന്ന സ്വഭാവത്തെയാണ് നാം കൈകാര്യം ചെയ്യേണ്ടത്. സാങ്കേതിക വിദ്യ അസാമാന്യമായ ഒരു സഹായമാണ് - അതിനെ കുറിച്ച് ആരും പരാതി പറയേണ്ടതില്ല.

ഏകദേശം മുപ്പത്തിയഞ്ചു കൊല്ലം മുൻപ് ഞാൻ തുടർച്ചയായി യാത്ര ചെയ്തു കൊണ്ടിരുന്നിരുന്നു. രാജ്യത്തെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും സഞ്ചരിച്ച് ഈശ ഫൗണ്ടേഷൻ കെട്ടിപ്പടുക്കുവാനുള്ള ശ്രമമായിരുന്നു. ചില ദിവസങ്ങളിൽ മാത്രമാണ് എനിക്ക് ടെലിഫോൺ ഉപയോഗിക്കുവാൻ സാധിച്ചിരുന്നത്. നീല നിറത്തിലുള്ള ആ പെട്ടി പോലുള്ള ഫോൺ ബൂത്തുകൾ നിങ്ങൾ കണ്ടിട്ടുണ്ടോ എന്നെനിക്കറിയില്ല; ലോക്കൽ, എസ്.ടി.ഡി, ഐ.എസ്.ഡി. എന്നെല്ലാം എഴുതിയിട്ടുണ്ടാകും. ഹൈവേയിലൂടെ പോകുമ്പോൾ അത്തരം ഒരു നീല ബൂത്ത് കണ്ടാൽ ആ ദിവസം എനിക്ക് ഫോൺ വിളിക്കുവാനുള്ള ദിവസമാണ്.

എനിക്ക് ഒരിക്കലും ഒരു ഫോൺ ബുക്ക് ഉണ്ടായിരുന്നില്ല. പക്ഷെ എണ്ണൂറു മുതൽ തൊള്ളായിരം വരെ പേരുകളും നമ്പറുകളും എനിക്ക് ഓർമ്മയുണ്ടായിരുന്നു. അതു കൊണ്ട് ഞാൻ അവിടെ ഇറങ്ങിയ ഉടൻ ഒരു അയ്യായിരം രൂപ അയാളുടെ കൈയിൽ കൊടുക്കും. അത് എന്തിനാണെന്ന് അയാൾക്ക്‌ മനസ്സിലാവുകയില്ല. അതിനാൽ ഞാൻ പറയും:'അത് വച്ചോളു, മുൻകൂറായി തരുന്ന തുകയാണത്". സാധാരണ ഒരു കോളിന് അഞ്ചോ പത്തോ രൂപയാകും. ഞാൻ അയാൾക്ക് കൊടുത്തിരിക്കുന്നത് അയ്യായിരം രൂപയാണ് - എന്താണ് സംഭവിക്കുവാൻ പോകുന്നതെന്ന് അയാൾക്ക് അറിയില്ല. കറുത്ത്, നാറുന്ന ഫോൺ ഇരിക്കുന്ന ആ ബൂത്തിലേക്ക് ഞാൻ കയറും. ചിലയാളുകൾ ഫോൺ സർവീസ് ചെയ്യുമ്പോൾ സുഗന്ധ ദ്രവ്യങ്ങൾ എന്തെങ്കിലുമുപയോഗിക്കും. പക്ഷെ ബാക്കി എല്ലാത്തിലും ഫോണിന് എല്ലാവരുടെയും വായ് നാറ്റം ഉണ്ടായിരിക്കും. അതു കഴിഞ്ഞാൽ ഞാൻ അഞ്ചോ ആറോ മണിക്കൂർ നേരം ഓരോരുത്തരെയായി വിളിച്ചു കൊണ്ടിരിക്കും. ഒരു മാസത്തേക്ക് വേണ്ട എല്ലാ ഫോൺ സംഭാഷണങ്ങളും ഞാൻ അപ്പോൾ നടത്തും.

ഫോൺ ഉപയോഗിക്കേണ്ട മറ്റാളുകൾ പുറത്തു വന്നു നിന്ന് എന്നോട് പുറത്തിറങ്ങുവാൻ ആംഗ്യം കാണിക്കും. പക്ഷെ അവരെ ആ ബൂത്തുകാരൻ കൈകാര്യം ചെയ്തു കൊള്ളും - ഞാൻ അയാൾക്ക് അയ്യായിരം രൂപ കൊടുത്തു കഴിഞ്ഞിട്ടുണ്ടല്ലോ. എനിക്ക് വേണ്ട എല്ലാ ഫോൺ സംഭാഷണങ്ങളും അവസാനിപ്പിച്ചിട്ട് ഞാൻ കാറിൽ കയറി പോകും. ഇത്രയും ഫോൺ വിളികൾ കഴിയുമ്പോൾ എന്‍റെ കൈയ് വേദനിക്കാറുണ്ട്.

എന്നാൽ ഇന്നോ ? ഞാൻ ഒരാളുടെ പേര് പറഞ്ഞാൽ മതി; എന്‍റെ ഫോൺ സ്വയം ആ ആളെ വിളിക്കും.

രണവീര്‍ സിംഗ്: ശരിയാണ്!

Sadhguru: ഇത് മാറ്റാൻ പറ്റാത്ത സംഗതിയായിരിക്കുന്നു. ഞാന്‍ സാങ്കേതിക വിദ്യ ഇഷ്ടപെടുന്നു. ചില ആളുകൾ പരാതിപെടുന്നുണ്ട്; പക്ഷെ അവർ സാങ്കേതിക വിദ്യയെപ്പറ്റിയല്ല പരാതി പറയുന്നത്. തങ്ങളുടെ മാറ്റാൻ പറ്റാത്ത നിർബന്ധ സ്വഭാവത്തെ കുറിച്ചാണ് അവര്‍ പരാതി പറയുന്നത് എന്ന് പോലും അവർ അറിയുന്നില്ല.

ഇത്തരം മാറ്റാൻ പറ്റാതെയുള്ള സ്വഭാവം ഫോണുമായി ബന്ധപെട്ടു മാത്രമല്ല. ഭക്ഷണം കഴിക്കുവാൻ തുടങ്ങിയാൽ അത് നിർത്തുവാൻ സാധിക്കുകയില്ല. കുടിക്കുവാൻ തുടങ്ങിയാല്‍ എപ്പോൾ നിർത്തണമെന്നറിയില്ല. അവരുടെ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ഈ സ്വഭാവം കാണും. ഇപ്പോൾ ഈ ഉപകരണം ഒരു മയക്കു മരുന്ന് പോലെയായിട്ടുണ്ട്. എന്നാൽ അത് പലരെയും കുടിക്കുന്നതിൽ നിന്നും മാറ്റി നിര്‍ത്തുന്നുണ്ട്.

രണവീര്‍ സിംഗ്: ഏറ്റവും കുറഞ്ഞത് അതില്‍ ഒരു നല്ല കാര്യമുണ്ട്!

സദ്ഗുരു: ഈ നിർബന്ധമുണ്ടാക്കുന്ന സ്വഭാവത്തെയാണ് നാം കൈകാര്യം ചെയ്യേണ്ടത്. സാങ്കേതിക വിദ്യ അസാമാന്യമായ ഒരു സഹായമാണ് - അതിനെ കുറിച്ച് ആരും പരാതി പറയേണ്ടതില്ല. അല്ലെങ്കിൽ നിങ്ങളെ ആ കറുത്ത ഫോണുള്ള നീല ബൂത്തിൽ കൊണ്ട് നിർത്തണം. അപ്പോൾ നിങ്ങള്‍ക്ക് മനസ്സിലാകും!

Editor's Note: നിങ്ങളൊരു വിവാദമായ ചോദ്യത്തിന് ഉത്തരം തേടുകയാണോ?, അതോ സദാചാരത്തെ സംബന്ധിച്ച ഒരു ചോദ്യം നിങ്ങള്‍ അലട്ടുന്നുണ്ടോ?, അതോ മറ്റാരും ഉത്തരം തരാത്ത ചോദ്യങ്ങള്‍ ഉള്ളില്‍ ജ്വലിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ചോദ്യങ്ങള്‍ സദ്ഗുരുവിനോട് ചോദിക്കാം UnplugWithSadhguru.org.

Youth and Truth Banner Image