ആരോഗ്യത്തോടെയിരിക്കാൻ അടിസ്ഥാനപരമായി മൂന്ന് കാര്യങ്ങളിൽ നിങ്ങൾ ശ്രദ്ധ ചെലുത്തേണ്ടതുണ്ട് -  ആഹാരം, അധ്വാനം, വിശ്രമം എന്നിവയാണ് ആ മൂന്ന് കാര്യങ്ങൾ.


#1 ശരിയായ ഭക്ഷണം
സദ്ഗുരു: ഭക്ഷണത്തിൻ്റെ കാര്യത്തിൽ നിങ്ങൾ മനസ്സിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട വസ്തുത വിവിധതരം ഭക്ഷണ പദാർത്ഥങ്ങളുടെ  ദഹനക്ഷമതയെക്കുറിച്ചാണ്. എത്ര നേരം കൊണ്ടാണ് അവ ദഹിച്ച് നിങ്ങളുടെ ശരീരത്തിൻ്റെ ഭാഗമായി മാറുക എന്നറിഞ്ഞിരിക്കണം. ഏതെങ്കിലും ഭക്ഷണം കഴിച്ച് മൂന്നു മണിക്കൂറിനുള്ളിൽ ദഹനം പൂർത്തിയാകുന്നില്ലെങ്കിൽ അതിനർത്ഥം നിങ്ങൾ കഴിച്ച ഭക്ഷണം ഒഴിവാക്കേണ്ടതോ കുറഞ്ഞ അളവിൽ മാത്രം കഴിക്കേണ്ടതോ ആണെന്നാണ്. ഭക്ഷിച്ചതിനുശേഷം മൂന്നുമണിക്കൂറിനുള്ളിൽ ഒരു ഭക്ഷണത്തെ നിങ്ങളുടെ വയർ പുറംതള്ളുന്നുണ്ടെങ്കിൽ അതിനർത്ഥം അത് മോശം ഭക്ഷണമായിരുന്നാൽ പോലും അതിനെ നിങ്ങളുടെ ശരീരത്തിന് വേണ്ടവിധം കൈകാര്യം ചെയ്യാൻ കഴിയുന്നുണ്ട് എന്നാണ്.


നിങ്ങൾ ഒരിക്കൽ ആഹാരം കഴിച്ചതിനുശേഷം നാലുമുതൽ അഞ്ച് മണിക്കൂർ വരെ മറ്റൊന്നും കഴിക്കാതെ ഒരിടവേള സൃഷ്ടിക്കുകയാണെങ്കിൽ നിങ്ങളുടെ ശരീരകോശങ്ങളുടെ തലത്തിൽ ഒരു ശുദ്ധീകരണം നടക്കും. ആരോഗ്യകരമായ ജീവിതത്തിന് ഇത് അത്യന്താപേക്ഷിതമാണ്. മുപ്പത് വയസ്സിന് മുകളിലുള്ള ആളാണ് നിങ്ങളെങ്കിൽ, നിങ്ങൾ രണ്ടുനേരം  നന്നായി ഭക്ഷിച്ചാൽ മതി - ഒന്ന് രാവിലെയും ഒന്ന് വൈകീട്ടും.


രാത്രി ഉറങ്ങാൻപോവുന്നതിനു മൂന്നു മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കേണ്ടതാണ്. ഭക്ഷണത്തിനുശേഷം 20-30 മിനിറ്റ് നടക്കുകയോ ലഘുവായ ശാരീരിക പ്രവർത്തനങ്ങളിലേർപ്പെടുകയോ ചെയ്യുന്നത് നല്ലതാണ്. ഇത് ശരീരത്തെ ആരോഗ്യപ്രദമായി നിലനിർത്തും. വയറുനിറയെ ഭക്ഷണവുമായി നേരെ ഉറങ്ങാൻ പോയാൽ അത് മന്ദത ഉണ്ടാക്കും. ശാരീരികമായ ഈ മന്ദത മരണത്തിലേയ്ക്കുള്ള വേഗം കൂട്ടുന്നത് പോലെയാണ്. ആത്യന്തികമായ മാന്ദ്യമാണ് മരണം. 

 മറ്റൊരു തരത്തിൽ പറഞ്ഞാൽ നിങ്ങൾ നിറഞ്ഞ വയറോടെ ഉറങ്ങാൻ പോയാൽ അത് വയറ്റിൽ കാര്യമായ സമ്മർദ്ദമുണ്ടാക്കുകയും അകത്തെ മറ്റ് അവയവങ്ങൾക്ക് കേടുപാടുണ്ടാക്കുകയുമാണ് ചെയ്യുക. ഇത് പല ആരോഗ്യപ്രശ്നങ്ങളിലേയ്ക്കും നയിക്കും. അക്കാരണം കൊണ്ടുകൂടിയാണ് കിടക്കുന്നതിനുമുമ്പ് ഭക്ഷണം നിങ്ങളുടെ ഉദരത്തിൽ നിന്ന് നീങ്ങിയിരിക്കണമെന്നു പറയുന്നത്. നിങ്ങൾ തിരിഞ്ഞും മറിഞ്ഞുമെല്ലാം കിടന്നുറങ്ങുമ്പോൾ വയറ് മറ്റവയവങ്ങളിലൊരിടത്തും സമ്മർദ്ദമുണ്ടാക്കാനിടയാവരുത്.

#2 ശരീരത്തെ ശരിയായി ഉപയോഗിക്കുക
ശാരീരിക ക്ഷമതയെക്കുറിച്ച് പറയുമ്പോൾ പരിഗണിക്കേണ്ട ഏറ്റവും ലഘുവായ ഒരു കാര്യം നിങ്ങൾക്ക് നിങ്ങളുടെ ശരീരം മുമ്പോട്ടും പുറകോട്ടും വശങ്ങളിലേയ്ക്കും യഥേഷ്ടം വളയ്ക്കാനാവുന്നുണ്ടോ എന്നതാണ്. ഇത്രയും കാര്യം ഏതെങ്കിലും പ്രകാരത്തിൽ ചെയ്യാൻ കഴിയണം. പരമ്പരാഗതമായ ഹഠയോഗ ഇതിനുള്ള ഒരു ശാസ്ത്രീയമാർഗ്ഗമാണ്. അതു നിങ്ങളുടെ ജീവിതചര്യയുടെ ഒരു ഭാഗമായിട്ടില്ലെങ്കിൽ പോലും ഏതെങ്കിലും വിധത്തിൽ നിങ്ങൾ ശരീരം മുന്നോട്ടും പിന്നോട്ടും വശങ്ങളിലേയ്ക്കും വളയ്ക്കുന്ന പ്രവൃത്തികളിലേർപ്പെടണം. ഒപ്പം നട്ടെല്ലിന് ആയാസം നൽകുന്ന  പ്രവൃത്തികളിലുമേർപ്പെടണം. ഇത് എല്ലാദിവസവും ചെയ്താൽ നിങ്ങൾക്ക് ശരീരത്തെ മൊത്തത്തിൽ ആരോഗ്യകരമാക്കി നിലനിർത്താം. പ്രത്യേകിച്ചും നാഡികളെ കാര്യക്ഷമമാക്കാൻ ഇതുപകരിക്കും. അല്ലായെങ്കിൽ പ്രായമാകുന്തോറും അത് പ്രശ്നങ്ങൾ സൃഷ്ടിക്കും 

#3 ആവശ്യത്തിന് വിശ്രമം. പക്ഷേ, യഥേഷ്ടമാകരുത്
ഓരോ വ്യക്തിക്കും ആവശ്യമായ വിശ്രമത്തിൻ്റെ തോത് നിശ്ചയിക്കുന്നത് പല ഘടകങ്ങളെയും ആശ്രയിച്ചാണ്. അതിൽ പ്രധാനപ്പെട്ട ഒരു ഘടകം നിങ്ങൾ ഏതു തരത്തിലുള്ള ഭക്ഷണം എത്ര അളവിൽ കഴിക്കുന്നു എന്നതാണ്. നിങ്ങൾ വിവിധ തരം ഭക്ഷണങ്ങൾ പരീക്ഷിച്ച് ഏതു ഭക്ഷണമാണ് നിങ്ങൾക്ക് ആയാസമുണ്ടാക്കുന്നതെന്നും ഏതാണ് നിങ്ങളെ ആയാസരഹിതനും ഉന്മേഷവാനുമാക്കുന്നത് എന്നും കണ്ടുപിടിക്കേണ്ടതുണ്ട്. നിങ്ങളുടെ ഭക്ഷണത്തിൽ 40 ശതമാനത്തോളം പഴങ്ങളും പച്ചക്കറികളും ഉറപ്പുവരുത്തിയാൽ ശരീരത്തിന് കൂടുതൽ ലാഘവത്വം അനുഭവപ്പെടും

ശരീരത്തിനാവശ്യം വിശ്രമമാണ്. അത് ഉറക്കം തന്നെയാവണമെന്ന് നിർബന്ധമില്ല. ആളുകൾ തെറ്റിദ്ധരിച്ചിരിക്കുന്നത് വിശ്രമിക്കാനുള്ള ഏക വഴി ഉറക്കം മാത്രമാണ് എന്നാണ്. എന്നാൽ അതങ്ങനെയല്ല. നിങ്ങൾ ഒരിടത്ത് ഇരിക്കുകയോ നിൽക്കുകയോ ചെയ്യുമ്പോൾ പോലും നിങ്ങൾക്ക് വിശ്രമാവസ്ഥയിലായിരിക്കാനോ വ്യാകുലതയിലായിരിക്കാനോ മന്ദതയിലായിരിക്കാനോ കഴിയും. എന്നാൽ നിങ്ങൾക്ക് ജീവിതത്തിലെ ഓരോ നിമിഷവും യഥാർത്ഥ വിശ്രമാവസ്ഥയിൽ കഴിയാൻ സാധിച്ചാൽ നിങ്ങൾക്കാവശ്യമായ ഉറക്കത്തിൻ്റെ അളവ് കുറയുന്നതാണ്

ശരീരത്തിൻ്റെ അഞ്ച് ആവരണങ്ങൾ
യോഗശാസ്ത്രമനുസരിച്ച് ശരീരത്തിന് അഞ്ച് ആവരണങ്ങൾ അഥവാ പാളികൾ ഉണ്ട് . മനുഷ്യൻ്റെ ജൈവവ്യവസ്ഥയിലെ മനസ്സടക്കമുള്ള എല്ലാ ഘടകങ്ങളെയും ശരീരമായി കണ്ട് അതിൽ പരിവർത്തനങ്ങളുണ്ടാക്കാൻ കഴിവുള്ള ഒരു സാങ്കേതികവിദ്യയാണ് യോഗ. ഈ അഞ്ച് പാളികളെ അന്നമയകോശം, മനോമയകോശം, പ്രാണമയ കോശം, വിജ്ഞാനമയ കോശം, ആനന്ദമയ കോശം എന്നിങ്ങനെ വിളിക്കുന്നു.
 
അന്നം എന്നാൽ ആഹാരം. നിങ്ങളുടെ ഭൌതികശരീരം അഥവാ അന്നമയകോശം അടിസ്ഥാനപരമായി നിങ്ങൾ കഴിച്ച ഭക്ഷണം തന്നെയാണ്- അത് ചെറുതാകണോ വലുതാകണോ എന്നതൊക്കെ നിങ്ങളുടെ ഇഷ്ടം, എങ്ങനെയായിരുന്നാലും അത് ആഹാരത്തിൻ്റെ കൂമ്പാരമല്ലാതെ മറ്റൊന്നുമല്ല. അങ്ങനെ നിങ്ങൾ പുറത്തുനിന്ന് സംഭരിച്ച ഭൌതികശരീരത്തെപ്പോലെ നിങ്ങൾക്കൊരു മനസ്സുമുണ്ട്. മനസ്സ് നിങ്ങളുടെ ശരീരത്തിലെ ഒരു പ്രത്യേക ഭാഗമല്ല, ശരീരത്തിലെ ഓരോ കോശത്തിനും അതിൻ്റെതായ ഓർമയും ബോധവുമുണ്ട്. ഈ മനോഗാത്രത്തെയാണ് മനോമയകോശം എന്നുവിളിക്കുന്നത്. ശരീരം ഒരു യന്ത്രമാണെങ്കിൽ മനസ്സ് ആ യന്ത്രത്തിൻ്റെ സോഫ്റ്റ്‌വെയർ ആണ്.

യന്ത്രവും  ചേർന്നാലും അതിന് ആവശ്യമായ ഊർജ്ജം കൊടുത്തില്ലെങ്കിൽ യന്ത്രത്തിന് പ്രവർത്തിക്കാനാവില്ല. ശരീരത്തിൻ്റെ മൂന്നാമത്തെ പാളിയായി കണക്കാക്കുന്നതാണ് ഊർജ്ജശരീരം അഥവാ പ്രാണമയകോശം. ശരീരം, മനസ്സ്, ഊർജ്ജം എന്നിവയെല്ലാം ഭൌതികതയുടെ ഭാഗമായിരിക്കുമ്പോഴും സൂക്ഷ്മമായി അവ വ്യത്യസ്തങ്ങളാണ്. ഉദാഹരണമായി, ഒരു വൈദ്യുതബൾബ് ഭൌതികവസ്തുവാണെന്ന് നിങ്ങൾക്കറിയാം. അതിൽ നിന്നു പ്രസരിക്കുന്ന വെളിച്ചവും ഭൌതികമാണ്. അതിനു പിന്നിൽ പ്രവർത്തിക്കുന്ന വൈദ്യുതിയും അങ്ങനെത്തന്നെ. ബൾബ്, പ്രകാശം, വൈദ്യുതി ഇവയെല്ലാം ഭൌതികമാണെങ്കിലും സവിശേഷതകളിൽ വ്യത്യസ്തമാണ്. അതുപോലെ ശരീരവും മനസ്സും ഊർജ്ജവും ഭൌതികമാണെങ്കിലും സൂക്ഷ്മാർത്ഥത്തിൽ അവ വ്യത്യസ്തങ്ങളാണ്.

ശരീരത്തിൻ്റെ അടുത്ത പാളിയാണ് പരിവർത്തനശരീരം അഥവാ വിജ്ഞാനമയകോശം. ഇത് ഭൌതികതയിൽ നിന്ന് അഭൌതികതയിലേയ്ക്കുള്ള പരിവർത്തനം സാധ്യമാക്കുന്നു. ഇത് ഏതെങ്കിലും വിധത്തിലുള്ള ഭൌതികഗുണങ്ങളോടു ചേർന്നുനിൽക്കുന്ന ഒന്നല്ല. അതേസമയം ഇത് പൂർണ്ണമായും അഭൌതികവുമല്ല. അഞ്ചാമത്തെ പാളിയാണ് ആനന്ദമയകോശം. ഇതിനെ പരമാനന്ദഗാത്രം എന്ന് വിളിക്കാം. അതിനർത്ഥം നിങ്ങളിൽ നിന്ന് എപ്പോഴും പരമാനന്ദം വഴിഞ്ഞൊഴുകുന്നു എന്നല്ല.  എപ്പോഴാണോ നമ്മളതിനെ സ്പർശിക്കുന്നത് അപ്പോൾ നമ്മൾ പരമാനന്ദത്തെ അറിയുന്നു എന്നതുകൊണ്ടാണങ്ങനെ വിളിക്കുന്നത്. ആനന്ദം അതിൻ്റെ തനത് ഭാവമല്ല മറിച്ച് അത് നമുക്ക് ആനന്ദത്തിനു കാരണമാകുന്നു എന്നുമാത്രം. ഭൌതികമായതിനെല്ലാം അടിസ്ഥാനമായ അഭൌതികതലമാണ് ആനന്ദമയകോശം


നിങ്ങൾ നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും ഊർജ്ജത്തെയും ശരിയായ രീതിയിൽ സന്തുലിതമായി വിന്യസിച്ചാൽ നിങ്ങൾക്ക് ശാരീരികമോ മാനസികമോ ആയ അസുഖങ്ങളൊന്നും ഉണ്ടാവുകയില്ല. ഇപ്രകാരം ലളിതമായ ചില വിന്യാസക്രമങ്ങളിലൂടെ തങ്ങളുടെ ശാരീരികവും മാനസികവുമായ വിട്ടുമാറാത്ത പല രോഗങ്ങളിൽ നിന്നും മോചനം നേടിയ ആയിരക്കണക്കിനാളുകളെ നിങ്ങൾക്കു കാണിച്ചുതരാൻ എനിക്ക് സാധിക്കും.

ശരീരത്തിൻ്റെ ആദ്യത്തെ മൂന്നു പാളികളെ ശരിയായ രീതിയിൽ വിന്യസിച്ചാൽ ആനന്ദമയകോശത്തെ സ്പർശിക്കാനുള്ള വഴിതെളിഞ്ഞുകിട്ടും. അത് സ്വാഭാവികമായ പരമാന്ദത്തിലേയ്ക്കുള്ള പാതയാണ്. പരമാനന്ദം പ്രത്യേകമായ ഏതെങ്കിലും കാരണം കൊണ്ടുണ്ടാകുന്നതായിരിക്കില്ല. അത് സ്വാഭാവികമായി ഉണ്ടാകുന്നതാണ്. കാരണം പരമാനന്ദമാണ് ജീവിതത്തിൻ്റെ സ്വാഭാവികത.

 

 

Editor's Note: In a world of hectic lifestyles, desk-jobs and pollution, health seems a faraway thing. In this video, Sadhguru gives us the unique yogic perspective on health. By paying attention to a few simple fundamentals, you can ensure good health for yourself.

Editor’s Note: A version of this article was originally published in Isha Forest Flower August 2015. Download as PDF on a “name your price, no minimum” basis or subscribe to the print version.