നിങ്ങളുടെ ഗുരുവിനോടുള്ള കൃതജ്ഞത നിങ്ങൾ എങ്ങനെയാണ് പ്രകടമാക്കുക?
2018 ജൂലൈയിൽ ഈശ യോഗ സെന്ററിൽ നടന്ന "ലാപ് ഓഫ് ദി മാസ്റ്റര്‍ " എന്ന പരിപാടിയില്‍ പങ്കെടുത്ത ഒരാൾ സദ്ഗുരുവിനോട് തന്റെ കൃതജ്ഞത എങ്ങനെയാണു കാണിക്കേണ്ടത് എന്ന് ചോദിക്കുന്നു. നാമിപ്പോള്‍ ആഗോളമായി വ്യാപിക്കുന്നതിന്റെ വക്കിലാണ് നിൽക്കുന്നത്. അപ്പോൾ നിങ്ങളുടെ ഹൃദയവും കൃതജ്ഞതയാൽ നിറയുന്നുവെങ്കിൽ അത് ഉപയോഗപ്പെടുത്തേണ്ട സമയമായിരിക്കുന്നു എന്ന് സദ്ഗുരു പറയുന്നു.
ചോദ്യം: നമസ്കാരം സദ്ഗുരു. ഗുരു എന്ന നിലയിൽ താങ്കൾ എന്‍റെ ജീവിതം പൂർണമായും മാറ്റിയിരിക്കുന്നു. ഞാൻ എന്‍റെ സാധനയും സന്നദ്ധസേവനവും നല്ല രീതിയിൽ ചെയ്യുന്നുണ്ട്. പക്ഷെ അതിലുപരിയായി എനിക്ക് അങ്ങയോടുള്ള കൃതജ്ഞത പ്രകടിപ്പിക്കാനുള്ള ഏറ്റവും മികച്ച മാർഗം ഏതാണെന്ന് എനിക്ക് അറിയില്ല, അതെനിക്ക് പറഞ്ഞു തന്നാലും.
സദ്ഗുരു: കൃതജ്ഞത നിങ്ങൾ പ്രകടമാക്കേണ്ട ഒന്നല്ല. നിങ്ങൾ കൃതജ്ഞത കാണിക്കേണ്ടത് അത് പ്രതീക്ഷിക്കുന്നവരോടാണ്. മറ്റുള്ളവർ പറയുന്ന നല്ല കാര്യങ്ങൾ കൊണ്ട് തങ്ങളുടെ ജീവിതം മെച്ചപ്പെടുമെന്ന് ചിലര്‍ കരുതുന്നു, കാരണം, അവർ ആരാണെന്നോ, എന്താണെന്നോ, അവരുടെ പ്രാധാന്യമെന്താണെന്നോ അവർക്കറിയില്ല. ഒരു കാര്യം ഞാൻ നിങ്ങൾക്ക് ഉറപ്പു നൽകുന്നു - ആരെങ്കിലും എന്നെക്കുറിച്ച് എത്ര തന്നെ നല്ല കാര്യങ്ങൾ പറഞ്ഞാലും അത് എന്‍റെ ജീവിതം മെച്ചപ്പെടുത്തുകയില്ല, അവരെന്തു മോശമായ കാര്യങ്ങൾ പറഞ്ഞാലും അതെന്‍റെ ജീവിതത്തെ ഒരു തരത്തിലും ക്ഷയിപ്പിക്കുകയുമില്ല.അതിനാൽ നിങ്ങൾ നിങ്ങളുടെ കൃതജ്ഞത പ്രകടിപ്പിക്കുന്നതിലൂടെ "കൃതജ്ഞത" എന്ന അമൂല്യമായ കാര്യം പാഴാക്കപ്പെടും. അത് നിങ്ങൾ പ്രകടിപ്പിക്കേണ്ട ആവശ്യമില്ല. ഈ നന്ദി നിങ്ങൾ മനസ്സിൽ സൂക്ഷിക്കുകയാണെങ്കിൽ അത് നിങ്ങളുടെ മനസ്സിനെയും നിങ്ങളെ തന്നെയും ഇല്ലാതാക്കും. അത് നിങ്ങളിലുള്ള എല്ലാത്തിനെയും അലിയിച്ചു കളയും.
നിങ്ങൾ അലിഞ്ഞില്ലാതാവുമ്പോൾ സ്വാഭാവികമായും നിങ്ങൾ വ്യാപിക്കും. അതാണ് നിങ്ങള്‍ക്ക് ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യം. പക്ഷെ എന്നിട്ടും നിങ്ങൾ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ. ഞാനെന്തിന് ഈ അവസരം ഇല്ലാതാക്കണം.
അതിശയകരമായ കൂടിക്കാഴ്ചകൾ
അടുത്തിടെ ഞാൻ ഡല്‍ഹിയില്‍ ഇന്ത്യൻ വ്യോമ സേനയെ അഭിസംബോധന ചെയ്യുകയായിരുന്നു. അവിടെ ഉണ്ടായിരുന്നത് വ്യോമസേനാ അധ്യാപകരായിരുന്നു, അവരുടെ കീഴിൽ മൂവായിരത്തോളം സ്കൂളുകൾ രാജ്യത്തുടനീളം പ്രവർത്തിക്കുന്നുണ്ട്. ഞാൻ അവിടെ നിന്നിറങ്ങി കാറിൽ കയറാൻ പോവുകയായിരുന്നു. അപ്പോഴാണ് 14 -15 വയസ്സുള്ള കുറച്ച് പെൺകുട്ടികൾ "സദ്ഗുരു, സദ്ഗുരു/” എന്ന് ഉറക്കെ വിളിച്ചു കൊണ്ട് വന്നത്. ഞാനവരെ നോക്കി ചോദിച്ചു 'നിങ്ങൾക്ക് എന്തിനാണിങ്ങനെ അലറിവിളിക്കുന്നത്, നിങ്ങൾക്ക് എങ്ങനെ എന്നെ അറിയാം?' അവർ പറഞ്ഞു '' ഞങ്ങൾ നിങ്ങളെ 'ഫോളോ ' ചെയ്യുന്നുണ്ട്. ഞങ്ങൾ നിങ്ങളുടെ സംഭാഷണം കേൾക്കാറുണ്ട്.' “അപ്പോൾ നിങ്ങൾക്ക് തീർച്ചയായും ബോറടിക്കുന്നുണ്ടാവണം" “അല്ലല്ല, ഞങ്ങൾക്ക് വളരെ ഇഷ്ടമാണ്,സദ്ഗുരു 'യു റോക്ക് സദ്ഗുരു”.
പിന്നീട് ഒരിക്കൽ ഞാൻ ബാംഗ്ലൂരിൽ പോയി അവിടെ ഞങ്ങൾക്ക് റാലി ഫോർ റിവേഴ്സിന്‍റെ ബോർഡ് മീറ്റിങ് ഉണ്ടായിരുന്നു. മീറ്റിങ്ങിനു ശേഷം ഗാർഡനിൽ ഒരാളുമായി കൂടിക്കാഴ്ചയിലായിരുന്നു അപ്പോൾ 10 -11 വയസ്സുള്ള മൂന്നു ആൺകുട്ടികൾ എന്‍റെ അടുത്ത് വന്നിട്ട് പറഞ്ഞു. "സദ്ഗുരു ഞങ്ങൾ നിങ്ങളുടെ കൂടെ ഒരു ഫോട്ടോ എടുത്തോട്ടെ?' ഞാൻ ചോദിച്ചു "നിങ്ങൾക്ക് എങ്ങനെ അറിയാം ഞാനാരാണെന്ന്?' അവർ പറഞ്ഞു " ഞങ്ങൾ നിങ്ങളുടെ വീഡിയോകള്‍ കാണാറുണ്ട്.' ഞാൻ ചോദിച്ചു ' എന്താ നിങ്ങളുടെ അമ്മമാർ നിങ്ങളെ നിർബന്ധിക്കാറുണ്ടോ?'' അവർ പറഞ്ഞു "അല്ല ഞങ്ങളുടെ സ്കൂളിൽ എല്ലാവരും, ഞങ്ങളുടെ എല്ലാ കൂട്ടുകാരും നിങ്ങളുടെ വീഡിയോകള്‍ കാണാറുണ്ട്." എനിക്ക് ശരിക്കും വിശ്വസിക്കാനായില്ല. അവർ പറഞ്ഞു "ഞങ്ങളുടെ ക്ലാസ്സിൽ എല്ലാവര്‍ക്കും നിങ്ങളെ അറിയാം, ഞങ്ങൾ എല്ലാവരും നിങ്ങളുടെ വീഡിയോ കാണാറുണ്ട് 'യു ആർ കൂൾ,സദ്ഗുരു." പത്തു വയസ്സുള്ള കുട്ടികൾ ആധ്യാത്മിക പ്രഭാഷണങ്ങൾ കേൾക്കുന്നു. എനിക്ക് തോന്നി ഇതിൽ എന്തോ ഒന്നുണ്ട്.
മരണസമയത്തെ കച്ചിത്തുരുമ്പിൽ നിന്ന് സജീവമായ അനുഭവത്തിലേക്ക്
ലക്ഷ്യം എല്ലായ്പ്പോഴും ആധ്യാത്മിക പ്രക്രിയ ആകർഷകമാക്കുക എന്നതായിരുന്നു. മരിക്കാനായവർക്ക് വേണ്ടിയുള്ള എന്തെങ്കിലും ഒന്നല്ല അത്, മരണഭയം വരുമ്പോൾ മാത്രം അവർ " റാം റാം " എന്ന് പറയുന്നു ആ തരത്തിലുള്ള ആത്മീയതയല്ല. ദീർഘകാലം നന്നായി ജീവിക്കാൻ ആഗ്രഹിക്കുന്നവർ ആത്മീയത തേടുന്ന തരത്തില്‍, ആത്മീയ പ്രക്രിയ ഒരു സാധാരണ പ്രവൃത്തി ആയിത്തീരണം, ഒരു ജീവിത രീതിയായി മാറണം. ആളുകൾ ജീവിക്കുന്ന രീതി തന്നെ ആത്മീയമാവണം.
അവബോധം എവിടെയോ സൂക്ഷിച്ച വയ്ക്കുന്ന ഒന്നാവരുത്. അത് ലോകത്തിൽ പ്രചരിപ്പിക്കപ്പെടേണ്ടതും നിലനിൽക്കേണ്ടതുമാണ്. പത്തു വയസ്സുള്ള കുട്ടികൾ ആത്മീയ പ്രഭാഷണങ്ങൾ കേൾക്കാൻ തുടങ്ങിയിരിക്കുന്നു എന്നത് വളരെ നല്ല ഒരു കാര്യമാണ്. എനിക്ക് 10 വയസ്സുള്ളപ്പോൾ ഞാന്‍ ഇങ്ങനെയൊന്നുമായിരുന്നില്ല എന്ന് ഉറപ്പാണ്. ഞാൻ ശരിക്കും മറ്റൊരു തരത്തിൽ ആയിരുന്നു. കാരണം അത്യധികം ശാരീരിക ക്ഷമതയുള്ള ആ മനുഷ്യനെ ഞാൻ കണ്ടുമുട്ടി.അദ്ദേഹം ഒരു സ്പൈഡർമാനെപ്പോലെ കിണറ്റിൽ നിന്ന് കയറി വന്നു. എനിക്ക് അയാളുടെ പ്രവർത്തിയിൽ താല്‍പര്യം തോന്നി. എന്നാൽ അത് ഒരു തരത്തിലുമുള്ള ആത്മീയ ലക്ഷ്യമായിരുന്നില്ല. ഞാൻ വിചാരിച്ചത് അദ്ദേഹം എന്നെ ഏതെങ്കിലും തരത്തിലുള്ള ഒരു സൂപ്പർ ഹീറോ ആക്കുമെന്നാണ്. ഞാൻ ചെയ്തു കൊണ്ടിരിക്കുന്ന പ്രവർത്തികളെല്ലാം കുട്ടികൾക്ക് പ്രയോജനപ്പെടുന്നു എന്നറിയുന്നതിൽ ഞാൻ സന്തോഷവാനാണ്.
നമ്മൾ ഇപ്പോൾ ആഗോള വ്യാപനത്തിനു തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. അത് നിങ്ങൾ 'ഈശക്കോ' അല്ലെങ്കിൽ സദ്ഗുരുവിനോ സംഭവിക്കുന്ന വലിയ കാര്യമായി കാണേണ്ട. കുട്ടികൾ ആത്മീയ പ്രക്രിയയിൽ താല്‍പര്യം കാണിക്കുന്നു എന്നതാണ് കാര്യം. ഇത്ര കാലം മരണാസന്നരാവുന്ന സമയത്തെ അവസാന കാര്യമായിട്ടാണ് ആത്മീയ പ്രക്രിയയെ മനുഷ്യർ പരിഗണിച്ചിരുന്നത്.
അവർ എല്ലായ്പ്പോഴും വിവേക ശൂന്യമായ പ്രവർത്തികളിലൂടെ,ഏറ്റവും അബോധപൂര്‍ണ്ണമായ രീതിയിൽ അവരുടെ ജീവിതം ജീവിച്ചു. എല്ലാം കൂട്ടി വെക്കുക മാത്രമാണ് എല്ലാവരും ചെയ്തത്. അത് പണമായാലും, സമ്പാദ്യമായാലും അതല്ല അറിവായാലും. അവർ അവരുടെ സ്നേഹവും ചിരിയും പോലും ആർക്കും നൽകാതെ കൂട്ടി വെച്ചു. അവർ ശരിക്കും സംഭരിച്ചു വച്ചു. എന്നിട്ട് മരണാസന്നരായെന്നു തിരിച്ചറിയുമ്പോള്‍, മുൻപ് മരിച്ചവരെല്ലാം വെറും കൈയ്യോടെയാണ് പോയതെന്ന് തിരിച്ചറിയുമ്പോള്‍, പെട്ടെന്നവർ രാമനാമം ഉരുവിടുന്നു.
നിർഭാഗ്യവശാൽ ആത്മീയ പ്രക്രിയ നമ്മുടെ ഈ രാജ്യത്തു പോലും കഴിഞ്ഞ കുറെ നൂറ്റാണ്ടുകളായി ഇങ്ങനെയായിരിക്കുന്നു. അതിനാൽ ബാംഗ്ലൂരിലെ ആ മൂന്നു ആൺകുട്ടികളെ കണ്ടതിനു ശേഷം ഞാൻ കൂടുതൽ ഊർജ്ജസ്വലനായിരിക്കുന്നു. 10-11 വയസ്സുള്ള ആൺകുട്ടികൾ ഒരു ഗുരുവിൽ താത്പര്യപ്പെടുന്നു എന്നത് തന്നെ അതിഗംഭീരമായ ഒരു കാര്യമാണ്.
ഹൃദയം നിറഞ്ഞ കൃതജ്ഞത
അപ്പോൾ നമ്മൾ ഒരു ആഗോള വ്യാപനത്തിന്‍റെ വക്കിലാണ്. അതിനാൽ ശരിയായ കാര്യങ്ങൾ തന്നെ ചെയ്യണം. ഇത് സംഭവിക്കുമ്പോൾ ഞങ്ങൾക്ക് ധാരാളം പേരെ ആവശ്യമാണ്. അവരുടെ ഹൃദയം കൃതജ്ഞത കൊണ്ട് നിറഞ്ഞതാണെങ്കിൽ അത് ഞങ്ങൾ ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നു. നിങ്ങൾ എന്തെങ്കിലും ചെയ്യേണ്ടതാണ് എന്ന് നിങ്ങൾ എപ്പോളെങ്കിലും, ഒരു ക്ഷണിക നിമിഷമെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കിൽ, ഇതാണ് ആ സമയം. വീണ്ടും ഇത് പോലൊരു ചലനം സൃഷ്ടിക്കുക എന്നത് അത്ര എളുപ്പമല്ല. ഇത് നിങ്ങൾക്ക് പൊങ്ങച്ചo കാണിക്കാനുളളതല്ല, എന്നെ സംബന്ധിക്കുന്നതുമല്ല. ഇത് ആത്മീയ പ്രക്രിയയെ കുറിച്ച് മാത്രമാണ്. മുമ്പൊരിക്കലും ആത്മീയ പ്രക്രിയ ഇപ്പോഴത്തെ അത്ര വ്യാപകമായി സ്വീകരിക്കപ്പെട്ടിട്ടില്ല.
ഞാൻ മരിച്ചതിനു ശേഷം എനിക്കു വേണ്ടി ഒരു സുവർണ സ്മാരകം നിർമ്മിക്കരുത്. ചിലപ്പോൾ നിങ്ങൾക്കു ഒരു സ്മാരകം നിർമിക്കാൻ പറ്റാത്ത ഒരു സാഹചര്യം ഞാൻ സൃഷ്ടിച്ചേക്കാം. കാരണം നിങ്ങൾ അറിയില്ല ഞാനെവിടെ പോയി എന്ന്. അതിനെ കുറിച്ച് ഞാനിപ്പോഴും ഒരു തീരുമാനമെടുത്തിട്ടില്ല. പക്ഷെ നാമൊരു സ്മാരകമായിരിക്കാൻ ആഗ്രഹിക്കുന്നില്ല. ഞാൻ നിങ്ങള്‍ക്ക് വേണ്ടി ഒരു സ്മാരകം ആയിരിക്കണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ. ഇല്ല. ഭൂമിയിലെ ഒരു ജീവിക്കുന്ന ഊര്‍ജ്ജമായി ഈ സാധ്യത മാറണം. ഇത് എല്ലാവരുടെയും ഹൃദയത്തിൽ സജീവമായി നിലനിൽക്കണം.
കൃതജ്ഞത നിങ്ങളുടെ ഹൃദയം ഭേദിക്കുന്നുവെങ്കിൽ അത് അവിടെ തന്നെ സൂക്ഷിക്കുക. അതു നിങ്ങളുടെ വിവേകശൂന്യമായ തലച്ചോറിനെ ഇല്ലാതാക്കട്ടെ. എന്തെങ്കിലും ചെയ്യണമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കിൽ ദയവായി വരുന്ന 6 മാസം മുതൽ ഒരു വർഷത്തിനുള്ളിൽ ചെയ്യുക. കാരണം ഈ സമയത്താണ് അത് ഏറ്റവും ആവശ്യമുള്ളത്.