ലൈംഗികത പുണ്യമോ പാപമോ?
മനുഷ്യലൈംഗികത പുണ്യമോ പാപമോ? ലൈംഗികതയുടെ കാര്യത്തില്‍ ശരി തെറ്റുകളില്ലെന്ന് സദ്ഗുരു പറയുന്നു. കാരണം, ശാരീരികമായ നിലനില്‍പ്പിന്റെ ഒരു അവിഭാജ്യ ഘടകമാണത്. എങ്കിലും, അതിന് പരിമിതമായ ഒരു പങ്കാണുള്ളത്. ലൈംഗികചോദനയെ അംഗീകരിയ്ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സദ്ഗുരു വിശദീകരിക്കുന്നു. എന്നാല്‍, അത്(ലൈംഗികത) ഉത്തരവാദിത്വത്തോടെ നിര്വ്വഹിയ്ക്കേണ്ടതുമാണ്.

ഏറ്റവും വലിയ പ്രശ്നം, നമ്മുടെ ജൈവചോദന ഒരു പാപമാണെന്നാണ് മതങ്ങളും നമ്മളെ സദാചാരം പഠിപ്പിക്കുന്നവരും നമ്മളോടു പറഞ്ഞിരിക്കുന്നത് എന്നതാണ്. അതിരില്ലാത്ത കുറ്റബോധവും ദുരിതവുമാണ് കാലങളായി ഇതു സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. നിങ്ങള്‍ എന്തിനെയെങ്കിലും നിരാകരിക്കുന്ന പക്ഷം മനസ്സില്‍ അതിന് അത്യധികമായ പ്രാധാന്യം കൈവരുന്നു. അടിച്ചമര്‍ത്തുന്ന തരത്തിലുള്ള ഈ സമീപനം എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങളാണു മനുഷ്യമനസ്സിനു വരുത്തി വച്ചിരിക്കുന്നത്.
അതേ സമയം തന്നെ, നമ്മുടെയുള്ളില്‍ നടക്കുന്ന രാസമാറ്റങ്ങള്ക്കൊത്തു ചലിക്കുന്ന കേവലം കളിപ്പാവകളാണോ നമ്മള്? തീര്‍ച്ചയായും അല്ല. മനുഷ്യ ജീവിതത്തില്‍ ലൈംഗികതക്കുള്ള പങ്ക് ഗുണകരമെങ്കിലും അടിസ്ഥാനപരമായി പരിമിതമാണ്. മനസ്സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളവര് പറയുന്നത്, പ്രസ്തുത ചോദനക്കു പിടിവാശി കുറവാണെന്നാണ്. ഒരിക്കല്‍ നിങ്ങള്‍ മനസ്സിനേക്കാള്‍ ആഴത്തിലുള്ള സുഖങ്ങള്‍ കണ്ടെത്തുന്ന പക്ഷം, ലൈംഗികതയുടെ പ്രാധാന്യം കുറഞ്ഞു വരും.
ലൈംഗികതയെ അതിന്റെ സ്ഥാനം കണ്ടെത്താന്‍ അനുവദിക്കുക
ലൈംഗികതയുടെ കാര്യത്തില്‍ മതം സൃഷ്ടിച്ചിട്ടുള്ള പരമ്പരാഗത ഭീതിയോടു പ്രതികരിച്ചു കൊണ്ട് ശരീരവുമായി അമിത താദാത്മ്യം പ്രാപിച്ചതിലൂടെ പാശ്ചാത്യര്‍ക്കു വഴി തെറ്റിയിരിക്കുകയാണ്. ഇത് അനുകരിക്കുന്നത് ദൗര്‍ഭാഗ്യകരമായിരിക്കും. നമ്മുടെ അടിസ്ഥാനപരമായ ജൈവചോദനയെ നശിപ്പിച്ചു കൂടാ. എന്നാല്‍, അതിനെ മഹത്വവത്കരിക്കേണ്ടതുമില്ല. കുട്ടിക്കാലം മുതല്‍ കൗമാരപ്രായം വരെയുള്ള തന്റെ വളര്‍ച്ചയെ നിങ്ങള്‍ നിരീക്ഷിക്കുകയാണെങ്കില്‍ അതു നിങ്ങളെ ഭരിക്കുകയല്ല, ജിജ്ഞാസപ്പെടുത്തുകയാകും ചെയ്യുക. നമ്മളെല്ലാം സ്വന്തം ഹോര്‍മോണുകളുടെ വിളയാട്ടങ്ങളേക്കാളുപരിയായ അസ്തിത്വങ്ങളാണെന്ന് സഹജമായ ഒരു ബുദ്ധിവൈഭവം നമ്മളെയല്ലാം ബോധവാന്മാരാക്കുന്നു. മൃഗങ്ങളില്‍ നിന്നും വ്യത്യസ്തമായി, മനുഷ്യര്‍ അവരുടെയുള്ളില്‍ നടക്കുന്ന രാസപ്രക്രിയകളുടെ ദയാദാക്ഷിണ്യത്തിലല്ല. മനുഷ്യന്റെ വൈകാരികവും ബൗദ്ധികവുമായ കൂട്ടായ്മക്കുള്ള ആവശ്യം അവനുള്ള ശാരീരികമായ ആവശ്യത്തേക്കാള്‍ ശക്തമാണ്.
നിര്‍ഭാഗ്യകരമെന്നു പറയട്ടെ, തങ്ങളുടെ ബുദ്ധിശക്തിയെ ഹോര്‍മോണുകള്‍ കീഴടക്കാനനുവദിക്കുന്നവര്ക്ക് തങ്ങളുടെ ആന്തരികമായ സംതുലിതത്വം നഷ്ടപ്പെടുന്നു. പരിതാപകരമായ ഒരു കാര്യം, വളരെയേറെ യുവതി യുവാക്കള്‍ തങ്ങള്‍ വായിക്കുകയോ ഇന്റര്‍നെറ്റിലോ ചലച്ചിത്രങ്ങളിലോ തങ്ങള്‍ കാണുകയോ ചെയ്യുന്ന കാര്യങ്ങള്‍ തങ്ങളുടെ ചിന്താശേഷിയെ കീഴ്പ്പെടുത്താനനുവദിക്കുന്നുവെന്നതാണ്. ആന്തരികമായ അവബോധത്തിന്റെയും സംതുലിതത്വത്തിന്റെയുമടിസ്ഥാനത്തിലുള്ള ഒരു പ്രതികരണമായിരിയ്ക്കില്ല ഇതു ലൈംഗികതയുടെ കാര്യത്തിലുളവാക്കുക, പകരം, വ്യവസ്ഥീകൃതമായ ഒന്നായിരിക്കും. ലൈംഗികതയ്ക്ക് അനുകൂലമായും എതിരായും സംസാരിക്കുന്നത് ആളുകള്‍ തുടര്‍ന്നു കൊണ്ടിരിക്കും. രണ്ടിന്റെയുമാവശ്യമില്ല. ആകെ വേണ്ടത് ശരീരത്തിലും മനസ്സിലും ആന്തരികമായ സംതുലിതത്വം വളര്‍ത്തിയെടുക്കുകയെന്നതാണ്. അപ്പോള്‍ ലൈംഗികത അതിന്റെ സ്വാഭാവികമായ ഇടം കണ്ടെത്തും. ലൈംഗിക ചോദനയെ അംഗീകരിക്കേണ്ടതു പ്രധാനമാണ്. എന്നാല്‍, അത് ചുമതലാബോധത്തോടെ നിര്‍വ്വഹിക്കുകയെന്നത് അത്ര തന്നെ പ്രധാനമാണ്.
ചില ലളിതമായ യോഗാസനങ്ങള്‍ ചെറുപ്പമായിരിക്കുമ്പോള്‍ പരീശീലനമാരംഭിക്കുന്നത് വമ്പിച്ച പ്രയോജനമുളവാക്കും, കാരണം, മറ്റേതൊരു പരിശീലനപദ്ധതിയേക്കാള് ഫലപ്രദമായി ഇവ നിങ്ങളുടെ മനസ്സിന്റെയും ശരീരത്തിന്റെയും ശ്രുതിലയം കൈവരുത്തും.
എഡിറ്ററുടെ കുറിപ്പ്: നിങ്ങളൊരു വിവാദമായ ചോദ്യത്തിന് ഉത്തരം തേടുകയാണോ?, അതോ സദാചാരത്തെ സംബന്ധിച്ച ഒരു ചോദ്യം നിങ്ങള്‍ അലട്ടുന്നുണ്ടോ?, അതോ മറ്റാരും ഉത്തരം തരാത്ത ചോദ്യങ്ങള്‍ ഉള്ളില്‍ ജ്വലിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ചോദ്യങ്ങള്‍ സദ്ഗുരുവിനോട് ചോദിക്കാംUnplugWithSadhguru.org.
