അസഹ്യമായ പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിഞ്ഞ ഒരു മനുഷ്യൻ, ചെറിയ മോഷണ പ്രവൃത്തികളിലേക്ക് കടക്കുന്നു. അവൻ ജയിലിലടക്കപെടുകയും, പല തവണ ജയിൽ ചാടുവാൻ ശ്രമിക്കുന്നതിനിടയിൽ വീണ്ടും പിടിക്കപ്പെടുകയും ചെയ്തു. ഓരോ തവണയും അവൻ്റെ  ജയിൽ ശിക്ഷയുടെ കാലാവധി നീട്ടപ്പെട്ടു. അവസാനം, പല വർഷങ്ങൾക്ക് ശേഷം, ഒരിക്കൽ കൂടി അവൻ പുറം ലോകത്തേക്ക് വന്നു. .

തണുപ്പും വിശപ്പും അവന് യാതനയായി. അവൻ്റെ പക്കൽ പണമൊന്നും ഉണ്ടായിരുന്നില്ല, ഒരു നേരത്തെ ആഹാരം വാങ്ങുവാനുള്ള ആസ്തി പോലും അവനുണ്ടായിരുന്നില്ല. കുറ്റവാളിയെന്ന് മുദ്രകുത്തപ്പെട്ടയാളെ വിശ്വസിക്കുവാനോ, ഒരു ജോലി നല്കുവാനോ ആരും തയ്യാറായിരുന്നില്ല. അവൻ പലയിടത്ത് അലഞ്ഞു, പക്ഷെ എവിടെ ചെന്നാലും, അവൻ തുരത്തിയോടിക്കപെട്ടു. ഒരു ഗ്രാമത്തിലെ ആൾക്കാരാൽ തല്ലപ്പെട്ടത്തിന് ശേഷം, ആ ഗ്രാമത്തിലെ പുരോഹിതൻ്റെ വീട്ടിൽ അവന് ശരണം ലഭിച്ചു

പുരോഹിതൻ തന്നെ ഇത്ര കാരുണ്യപൂര്‍വ്വം സ്വീകരിക്കുമെന്ന് അവൻ പ്രതീക്ഷിച്ചില്ല, "ഇത് ദൈവത്തിൻറ്റെ വീടാണ്. ഒരുവൻ കുറ്റവാളിയോ പാപിയോ ആയിക്കോട്ടെ, അഭയം തേടി ഇവിടെ വരുന്നത് ആരായിരുന്നാലും, അവർ ദൈവത്തിൻ്റെ  മക്കളാണ്". അങ്ങനെ പുരോഹിതൻ അവനെ ആശ്വസിപ്പിക്കുകയും, അവന് കഴിക്കുവാൻ ഭക്ഷണവും, ഉടുക്കുവാൻ വസ്ത്രങ്ങളും, താമസിക്കുവാൻ ഒരിടവും കൊടുത്തു.

അവൻ നന്നായി ഭക്ഷണം കഴിച്ച്, ഉറങ്ങി, പൂർവാധികം ഉശിരോടെ പാതിരാത്രിയിൽ ഉണർന്നു. ഒരു മുറിയിലുണ്ടായിരുന്ന കുറച്ച് വെള്ളി കൊണ്ടുള്ള സാധനങ്ങളിൽ അവൻ്റെ  കണ്ണുടക്കി. മോഷ്ടിക്കുവാനുള്ള അത്യാസക്തിയാൽ കീഴടക്കപ്പെട്ട്, അവനെ ഊട്ടിയ മനുഷ്യനെ വഞ്ചിക്കുകയാണെന്ന് ഒരിക്കൽ പോലും ചിന്തിക്കാതെ, അവൻ വെള്ളി സാധനങ്ങളും എടുത്തുകൊണ്ട് ഓടി.

വെള്ളി സാധനങ്ങളും പേറി ഗ്രാമത്തിലൂടെ നടക്കുന്ന അവൻ, വളരെ വേഗം ഗ്രാമവാസികളുടെ സംശയദൃഷ്‌ടിയിലായി. പോലീസ് അവനെ പിടിച്ച് ചോദ്യം ചെയ്തു. അവനിൽ നിന്ന് ഒരു കൃത്യമായ മറുപടി കിട്ടാത്തതിനാൽ, അവർ അവനെ പുരോഹിതൻ്റെ  വീട്ടിൽ കൊണ്ട് പോയി. "നിങ്ങളിൽ നിന്നാണ് ഇവൻ ഈ വെള്ളി സാധങ്ങൾ മോഷ്ടിച്ചതെന്ന് ഞങ്ങൾ സംശയിക്കുന്നു. ഇത് നിങ്ങളുടേത് തന്നെയാണ് എന്ന് ദയവായി സ്ഥിരീകരിക്കാമോ?" പോലീസ് പുരോഹിതനോട് ചോദിച്ചു.

തൻ്റെ  കള്ളത്തരം വെളിച്ചത്താകുമെന്നും ഇനിയും ഒരുപാട് വർഷങ്ങൾ കൽത്തുറുങ്കിൽ ചെലവാക്കേണ്ടി വരുമെന്നും ഭയന്ന് അവൻ വിറച്ചു.

പക്ഷെ പുരോഹിതൻ്റെ  മുഖത്ത് നിറയെ കരുണയായിരുന്നു. അദ്ദേഹം പറഞ്ഞു,"എൻ്റെ  സുഹൃത്തേ, ഈ വെള്ളി സാധങ്ങളോടൊപ്പം ഞാൻ നിങ്ങൾക്ക് വെള്ളി മെഴുകുതിരിക്കാലുകളും തന്നിരുന്നു. നിങ്ങൾ എന്തിനാണ് മെഴുകുതിരിക്കാലുകൾ ഉപേക്ഷിച്ചിട്ട് പോയത്?" എന്നിട്ട്, അദ്ദേഹം ആ മെഴുകുതിരിക്കാലുകൾ അവന് കൊടുത്തു. "ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ഞങ്ങൾ കരുതിയത് ഇതൊരു മോഷണമാണെന്നാണ്". എന്ന് പറഞ്ഞുകൊണ്ട്, പുരോഹിതൻ്റെ  കരുണയിൽ നിമഗ്നനായി നിന്ന അയാളെ വിട്ടയച്ചിട്ടു പോലീസ് അവരുടെ വഴിക്ക് പോയി. "ലെസ് മിസ്‌റബ്ലസിൽ" നിന്നുള്ള ഒരു ഭാഗമാണിത്. .

പാശ്ചാത്യ കഥാകാരന്മാരെ പ്രചോദിപ്പിച്ചിരിക്കുവാൻ സാധ്യതയുള്ളതും, ഇതിനോട് സദൃശ്യമായതുമായ ഒരു കഥ സെൻ പാരമ്പര്യത്തിലുണ്ട്. .

തൻ്റെ  ശിഷ്യന്മാരുടെയിടയിൽ ഒരു ബഹളം ശ്രദ്ധിക്കുവാനിടയായ ഒരു സെൻ ഗുരു, അവരോട് കാര്യമെന്താണെന്ന് അന്വേഷിച്ചു.

"ഇവൻ വീണ്ടും മോഷ്ട്ടിച്ചിരിക്കുന്നു", എന്ന് പറഞ്ഞുകൊണ്ട് അവർ ഒരു ശിഷ്യനെ ഗുരുവിൻ്റെ മുൻപിലേക്ക് നിർത്തി. ഗുരു പറഞ്ഞു,"അവനോട് ക്ഷമിക്കൂ"

"ഒരിക്കലുമില്ല. താങ്കളെക്കരുതി ഞങ്ങൾ ഇവന് പല തവണ മാപ്പ് കൊടുത്തതാണ്. ഇനിയും താങ്കൾ ഇവനെ പുറത്താക്കിയില്ലെങ്കിൽ, ഞങ്ങളെല്ലാവരും ഇറങ്ങി പോകും", ശിഷ്യന്മാർ ഭീഷണി മുഴക്കി.

"നിങ്ങൾ എല്ലാവരും ഇറങ്ങി പോയാലും, ഇവനെ ഇറക്കിവിടുവാൻ എനിക്ക് ഒരുദ്ദേശ്യവുമില്ല", ഗുരു പറഞ്ഞു.

കുറ്റം ചെയ്ത ശിഷ്യൻ ഗുരുവിൻ്റെ  കാൽക്കൽ വീണ് പൊട്ടിക്കരഞ്ഞു. .

സദ്ഗുരുവിൻ്റെ  വിശദീകരണം

സദ്ഗുരു: തനിക്ക് നൽകപ്പെടുന്ന ഏത് ശിക്ഷയും അഭിമുഖീകരിക്കാനുള്ള ശക്തി ഒരു മനുഷ്യനുണ്ടാകാം, പക്ഷെ അപരിമേയമായ കാരുണ്യത്തിന് മുന്നിൽ അവൻ തോറ്റുപോകും. ശിക്ഷകൾക്ക് ഒരു വ്യക്തിയെ പാറപോലെ ദൃഢമാക്കുവാൻ കഴിയും, പക്ഷെ യുക്തിക്കതീതമായ കനിവ് അവനെ ഛിന്നഭിന്നമാക്കും.

ശിക്ഷകൾക്ക് ഒരു വ്യക്തിയെ പാറപോലെ ദൃഢമാക്കുവാൻ കഴിയും, പക്ഷെ യുക്തിക്കതീതമായ കനിവ് അവനെ ഛിന്നഭിന്നമാക്കും.

ഒരു വ്യക്തിയുടെമേൽ നിങ്ങൾ കൂടുതൽ കാർക്കശ്യം ചെലുത്തുന്നതിനനുസരിച്ച്, നിങ്ങൾ നൽകുന്ന ശിക്ഷകൾ കൈകാര്യം ചെയ്യുന്നതിൽ അവൻ കൂടുതൽ കൂടുതൽ പ്രാപ്‌തനാകുന്നു. കരുണ മാത്രമേ അവനെ അലിയിക്കൂ. ഒരു ആദ്ധ്യാത്മിക ആചാര്യനോ ഗുരുവോ,

ഒരുവൻ ഇപ്പോൾ എങ്ങനെയാണെന്നതിനെ അടിസ്ഥാനമാക്കി, അവൻറ്റെ മേൽ വിധി കല്പിക്കില്ല. തെങ്ങിൻ തൈ നടുന്ന ഒരാൾ, അത് നാലാഴ്ചകൾക്കുള്ളിൽ തേങ്ങ തന്നില്ല എന്ന കാരണത്താൽ അതിനെ വെട്ടി കളയില്ല. അതുപോലെ, ഗുരുവും, ഓരോ ശിഷ്യനും വഹിക്കുന്ന ആന്തരിക സാധ്യതയെ കണക്കിലെടുക്കുകയും, അതിനെ എങ്ങനെ ഫലപ്രാപ്തിയിലെത്തിക്കാമെന്നും ആലോചിക്കുന്നു. ഈ നിമിഷം ഒരുവന് ആവശ്യമായ കഴിവില്ല, എന്നതിൻറ്റെ അടിസ്ഥാനത്തിൽ അദ്ദേഹം ആരെയും അവഗണിക്കുന്നില്ല.

അദ്ദേഹത്തിൻറ്റെ ശിഷ്യന്മാർ എന്ന് സ്വയം സംബോധനം ചെയ്യുന്നവർ, അവരുടെ വളർച്ചക്കും പരിവർത്തനത്തിനുമുള്ള എല്ലാ അവസരങ്ങളും ഉപയോഗിക്കുവാൻ സന്നദ്ധരായിരിക്കണം. വിശേഷിച്ച്, അവർക്ക് അംഗീകരിക്കുവാൻ ബുദ്ധിമുട്ടുള്ള ഒരു സാഹചര്യം ഉദിക്കുമ്പോൾ, സ്വയം പരിവർത്തിതരാകുവാനുള്ള ഏറ്റവും മികച്ച സാഹചര്യമായി അതിനെ കാണണം. മറിച്ച്, അത് ചെയ്യൂ, ഇത് ചെയ്യൂ എന്ന് ആവശ്യപ്പെട്ടുകൊണ്ട് അവർ ഗുരുവിൻറ്റെമേൽ ഉപാധികൾ വെയ്ക്കുകയാണെങ്കിൽ, അതിൻറ്റെ അർഥം ഡംഭ്‌ കാണിക്കുക മാത്രമാണ് അവരുടെ ലക്ഷ്യമെന്നാണ്. ഒരു പരിവർത്തനത്തിലും അവർക്ക് ശരിക്കും ഒരു താത്പര്യവുമില്ല. ശിഷ്യരെന്ന് സ്വയം വിളിക്കുവാൻ ഇത്തരം ആളുകൾക്ക് അർഹതയില്ല. അവരുടെ കൂടെ സമയം വ്യർത്ഥമാക്കുന്നതിനേക്കാൾ നല്ലത് അവരെ പോകുവാൻ അനുവദിക്കുന്നതാണ്. .