വിരേന്ദര്‍ സേവാഗ്: നമസ്കാരം സദ്ഗുരു! എനിക്ക് ഇൻഡ്യൻ ജാതിവ്യവസ്ഥയെക്കുറിച്ചുള്ള സത്യം അറിയുവാൻ ആഗ്രഹമുണ്ട്. കൂടുതൽ അംഗീകാരവും തുല്യതയും ഉറപ്പാക്കാൻ നമുക്ക് എങ്ങനെയാണ് കഴിയുക?

സദ്ഗുരു: നമസ്കാരം വീരു. തൊഴിൽ വിഭജനം അടിസ്ഥാനമാക്കിയാണ് ഈ വ്യവസ്ഥ തുടങ്ങിയത്. നിർഭാഗ്യവശാൽ കാലക്രമേണ ഈ വിഭജനങ്ങൾ വിവേചനമായിത്തീരുകയും ആളുകള്‍ പരസ്പര വിരുദ്ധമായി പ്രവർത്തിക്കുവാനും തുടങ്ങി.

ഒരു സമൂഹം പ്രവർത്തിക്കണമെങ്കിൽ, ജനസംഖ്യയിൽ ഒരു നിശ്ചിത അളവിൽ ആളുകൾ കൈത്തൊഴിലും മറ്റ് സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലുകളും ചെയ്യേണ്ടതുണ്ട്.ഒരു വിഭാഗം സമൂഹത്തിന്‍റെ ഭരണപരമായ കാര്യങ്ങളും, വിദ്യാഭ്യാസവും, ആത്മീയ പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്നു. അതിനനുസൃതമായാണ് നാലു അടിസ്ഥാന വിഭജനങ്ങൾ അവർ നടത്തിയത്.

പണ്ട് കാലത്ത് എഞ്ചിനീയറിംഗ് കോളേജുകളോ മെഡിക്കല്‍ കോളേജുകളോ ഇല്ലായിരുന്നു. തൊഴില്‍ നൈപുണ്യം തലമുറകളായി കൈമാറിയിരുന്നത് ജാതി വ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ടായിരുന്നു.

ഇത് നമ്മള്‍ മനസ്സിലാക്കണം, പൗരാണിക കാലത്ത്, എഞ്ചിനീയറിംഗ് കോളേജുകളോ, മെഡിക്കൽ കോളേജുകളോ ഇല്ലാതിരുന്ന സമയത്ത്, നിങ്ങളുടെ പിതാവ് ഒരു മരപ്പണിക്കാരൻ ആയിരുന്നെങ്കിൽ, കുട്ടിക്കാലം മുതൽ വീട്ടിൽ മരപ്പണി പഠിച്ച് നിങ്ങൾ ഒരു നല്ല മരപ്പണിക്കാരനായി മാറുന്നു. ഈ ജാതി സമ്പ്രദായം നിലനിർത്തി കൊണ്ട് തലമുറകളിൽ നിന്നും തലമുറകളിലേക്ക് തൊഴില്‍ നൈപുണ്യം കൈമാറ്റം ചെയ്യപ്പെട്ടു.

എന്നാൽ നിർഭാഗ്യവശാൽ, ഈ പ്രയാണത്തിനിടയിൽ എപ്പോഴോ, ഒരു സ്വർണ്ണപ്പണിക്കാരൻ താൻ ഒരു ഇരുമ്പുപണിക്കാരനെക്കാൾ ശ്രേഷ്ഠൻ ആണെന്ന് ചിന്തിക്കാൻ തുടങ്ങി .ഒരു ഇരുമ്പു പണിക്കാരന്‍റെ പ്രവർത്തി ഒരു സ്വർണ്ണപണിക്കാരന്‍റേതിനേക്കാൾ സമൂഹത്തിന് കൂടുതൽ ഉപയോഗപ്രദമാണെങ്കിൽ കൂടി (ചിരിക്കുന്നു),എന്തു കൊണ്ടോ ഒരാൾക്ക് താൻ മറ്റൊരുവനേക്കാൾ ശ്രേഷ്ഠനാണെന്ന് ഉണ്ടായ തോന്നൽ തലമുറകളിലൂടെ വ്യവസ്ഥാപിതമായി. ഇത്തരത്തിൽ മേധാവിത്വ സ്ഥാപനത്തിനായുള്ള ശ്രമങ്ങൾക്കിടയിൽ എല്ലാ വിധത്തിലുമുള്ള ചൂഷണ പ്രക്രിയകളും നടന്നു. മാത്രമല്ല ജാതി വ്യവസ്ഥ പിന്നീട് വർണ വിവേചനമായി പ്രത്യക്ഷപ്പെട്ട അവസ്ഥയും സംജാതമായി.

കുടുംബത്തിൽ നിന്ന് തൊഴില്‍ നൈപുണ്യം വലിയൊരളവിൽ കൈമാറ്റം ചെയ്യുന്ന രീതി ഇനി സംഭവ്യമല്ല. അതു കൊണ്ടു തന്നെ ഇത്തരത്തിലുള്ള ജാതി വ്യവസ്ഥ അപ്രസക്തവുമാണ്.

ഏതാനും നൂറ്റാണ്ടുകളായി അതിദാരുണമായ പ്രവർത്തികളാണ് ജനങ്ങൾക്കെതിരെ നടന്നിട്ടുള്ളത്.ഇപ്പോഴും അത് തുടരുകയും ചെയ്യുന്നു. ഇൻഡ്യയിലെ മിക്ക ഗ്രാമങ്ങളിലും താഴ്ന്ന ജാതിയായി കണക്കാക്കപ്പെടുന്നവർക്ക്, ദളിതുകൾ എന്നറിയപ്പെടുന്നവർക്ക് അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും ഇന്നും നിഷേധിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ ഇരുപത്തഞ്ചു മുപ്പതു വർഷക്കാലത്തിനിടക്ക് വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ കൂടി നമ്മുടെ രാജ്യത്ത് ഭീതിജനകമാം വിധം അനഭിമതമായ ദാരുണ സംഭവങ്ങൾ നടന്നു കൊണ്ടേയിരിക്കുന്നു.

ഇതിനൊരു പരിഹാരം എന്താണ്? ഒരു തരത്തിൽ പറഞ്ഞാൽ ഇന്ന് വൈദഗ്ധ്യം കൈമാറുവാൻ അനേകം വ്യത്യസ്ത മാർഗ്ഗങ്ങളുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും സാങ്കേതികവിദ്യാ പഠന കേന്ദ്രങ്ങളും നമുക്കുണ്ട്. കുടുംബത്തിൽ നിന്ന് തൊഴില്‍ നൈപുണ്യം വലിയൊരളവിൽ കൈമാറ്റം ചെയ്യുന്ന രീതി ഇനി സംഭവ്യമല്ല. അതു കൊണ്ടു തന്നെ ഇത്തരത്തിലുള്ള ജാതി വ്യവസ്ഥ അപ്രസക്തവുമാണ്.

സാമൂഹിക സുരക്ഷ എന്ന അടിസ്ഥാനത്തിൽ ഇന്നും ജാതി വ്യവസ്ഥ നിലനിൽക്കുന്നു. ആളുകൾ അവരുടെ സ്വന്തം കുലത്തെയും ജാതിയെയും സംരക്ഷിക്കുന്നു.സ്വന്തം ജാതി നേരിടുന്ന ഏതു പ്രശ്നേത്തയും അവർ നേരിടുന്നു. എല്ലാവര്‍ക്കും ഉതകുന്ന തരത്തിൽ രാജ്യത്തുടനീളമുള്ള ഒരു സാമൂഹ്യ സുരക്ഷാ സംവിധാനം നിലവിൽ വരാത്തിടത്തോളം ജാതി വ്യവസ്ഥ ഒരു പരിധി വരെ ഇവിടെ നിലനിൽക്കുക തന്നെ ചെയ്യും.

ദേശവ്യാപകമായ ഒരു സാമൂഹ്യ സുരക്ഷാ സംവിധാനത്തോടൊപ്പം ആളുകളുടെ അഭിരുചി കണക്കിലെടുത്തു കൊണ്ട് എല്ലാവർക്കും വൈദഗ്ധ്യം കൈമാറുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് കൊണ്ടു വരികയെന്നത് വളരെ പ്രധാനമാണ്.

ഈ അവസ്ഥക്കെതിരെ പ്രവർത്തിച്ചതു കൊണ്ടോ ഇല്ലാതാക്കാൻ ശ്രമിച്ചതു കൊണ്ടോ പ്രത്യേകിച്ചൊരു ഫലവും ഉണ്ടാകുന്നില്ല. സാമൂഹിക സുരക്ഷ എന്ന ഉറപ്പ് ലഭിക്കുന്നു എന്നതു കൊണ്ടു മാത്രം ജനങ്ങൾ ഈ ജാതിവ്യവസ്ഥയിൽ കുരുങ്ങിക്കിടക്കുക തന്നെ ചെയ്യും. അതിനാൽ ദേശവ്യാപകമായ ഒരു സാമൂഹ്യ സുരക്ഷാ സംവിധാനത്തോടൊപ്പം ആളുകളുടെ അഭിരുചി കണക്കിലെടുത്തു കൊണ്ട് എല്ലാവർക്കും വൈദഗ്ധ്യം കൈമാറുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് കൊണ്ടു വരേണ്ടത്. ഇത് സംഭവിക്കുമ്പോൾ ജാതി വ്യവസ്ഥയുടെ പ്രസക്തി പൂർണമായും അപ്രത്യക്ഷമാവും. ഒരിക്കൽ അത് സംഭവിച്ചാൽ ജാതിവ്യവസ്ഥക്ക് ഒരു സ്വാഭാവിക മരണം ഉണ്ടാകുമെന്ന് ഞാൻ കരുതുന്നു.

എഡിറ്ററുടെ കുറിപ്പ്:  നിങ്ങളൊരു വിവാദമായ ചോദ്യത്തിന് ഉത്തരം തേടുകയാണോ?, അതോ സദാചാരത്തെ സംബന്ധിച്ച ഒരു ചോദ്യം നിങ്ങള്‍ അലട്ടുന്നുണ്ടോ?, അതോ മറ്റാരും ഉത്തരം തരാത്ത ചോദ്യങ്ങള്‍ ഉള്ളില്‍ ജ്വലിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ചോദ്യങ്ങള്‍ സദ്ഗുരുവിനോട് ചോദിക്കാംUnplugWithSadhguru.org.

Youth and Truth Banner Image