ജൂലൈ 27ന് സദ്ഗുരുവിന്‍റെ കൂടെ ആദിയോഗിയുടെ സാന്നിധ്യത്തില്‍ ഗുരു പൂര്‍ണിമ ആഘോഷിക്കൂ. ഈശ യോഗ കേന്ദ്രത്തില്‍ നേരിട്ടു പങ്കെടുക്കൂ, അല്ലെങ്കില്‍ സൗജന്യവെബ്‌ സ്ട്രീം കാണൂ.

സൗജന്യ വെബ്‌ സ്ട്രീം കാണാം

 

സദ്ഗുരു: നമ്മൾ ഇപ്പോൾ ദക്ഷിണായനത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ഈ സമയത്തു സൂര്യനും ഭൂമിയുമായുള്ള സമ്പർക്കം വടക്കു വശത്തു നിന്നും തെക്കു വശത്തേക്ക് മാറുന്നു. മനുഷ്യ ശരീരത്തിലും ഈ സമയത്തുള്ള മാറ്റം സാധനകൾക്ക്‌, ലക്ഷ്യങ്ങൾ സ്ഥാപിക്കുന്നതിന്, കൂടുതൽ അനുയോജ്യമാണ്. കർഷകൻ ഭൂമി ഉഴുതു തുടങ്ങുന്ന സമയമാണിത്. ഈ സമയത്താണ് യോഗികൾ തനിക്കു ലഭിച്ചിട്ടുള്ള ഈ മണ്ണിനെ - തന്‍റെ ശരീരത്തെ - പരുവപ്പെടുത്തുവാൻ തുടങ്ങുന്നത്. ഇതേ സമയത്താണ് ആയിരമായിരം വർഷങ്ങൾക്ക് മുൻപ്, ആദിയോഗിയുടെ മഹത്തായ ദൃഷ്ടികൾ ആദ്യമായി മനുഷ്യനിൽ പതിച്ചത്.

ആദ്യ ഗുരുപൂർണിമയുടെ കഥ

യോഗ ശാസ്ത്രത്തിൽ ശിവനെ ഇശ്വരനായിട്ടല്ല കാണുന്നത്; ആദിയോഗിയായിട്ടാണ്, ആദ്യത്തെ യോഗി. പതിനയ്യായിരം വർഷങ്ങൾക്ക് മുൻപ്, ഹിമാലയസാനുക്കൾക്കു മുകളിൽ ഒരു യോഗി പ്രത്യക്ഷപെട്ടു. അദ്ദേഹം എവിടെ നിന്നു വന്നുവെന്നോ, അദ്ദേഹത്തിന്‍റെ പൂർവ ചരിത്രം എന്താണെന്നോ ആർക്കും അറിയുമായിരുന്നില്ല. അദ്ദേഹം തന്നെത്തന്നെ പരിചയപെടുത്തിയതുമില്ല. അതിനാൽ ആർക്കും അദ്ദേഹത്തിന്‍റെ പേര് അറിയുമായിരുന്നില്ല. അതു കൊണ്ട് അദ്ദേഹത്തെ ആദിയോഗി അഥവാ ആദ്യത്തെ യോഗി എന്ന് വിളിച്ചു.

അടുത്ത പൗര്‍ണമി വന്നപ്പോൾ അദ്ദേഹം ഒരു ഗുരുവാകുവാൻ തീരുമാനിച്ചു. ആ പൗര്‍ണമിയാണ് ഗുരുപൂർണിമ എന്ന് അറിയപ്പെടുന്നത്.

അദ്ദേഹം അവിടെ വന്നിരുന്നു; ഒന്നും ചെയ്തില്ല. ജീവന്‍റെ ലക്ഷണമായിട്ടുണ്ടായിരുന്നത് ആനന്ദാശ്രുക്കൾ കണ്ണിൽ നിന്നും ഒഴുകുന്നത് മാത്രമായിരുന്നു. അതു മാറ്റി വെച്ചാൽ അദ്ദേഹം ശ്വാസം കഴിക്കുന്നുണ്ടെന്നു പോലും തോന്നിച്ചില്ല. തങ്ങൾക്കു മനസ്സിലാക്കുവാൻ സാധിക്കാത്ത എന്തോ ഒന്ന് അദ്ദേഹം അനുഭവിക്കുന്നുണ്ടെന്ന് ആളുകൾ കണ്ടു. അവർ കുറെ നേരം കാത്തു നിന്നിട്ടു തിരിച്ചു പോയി; എന്തെന്നാൽ അദ്ദേഹം മറ്റുള്ളവരുടെ സാമീപ്യത്തെക്കുറിച്ച് ബോധവാനായിരുന്നില്ല.

ഏഴു പേര്‍ മാത്രം കാത്തു നിന്നു. ഈ ഏഴു പേർക്കും അദ്ദേഹത്തിൽ നിന്നും വിദ്യ നേടണമെന്ന് നിർബന്ധമുണ്ടായിരുന്നു. ആദിയോഗി അവരെ അവഗണിച്ചു. അവർ യാചിച്ചു," അങ്ങേക്കറിയാവുന്നത് ഞങ്ങൾക്കും അറിയണം.” അദ്ദേഹം അവരെ പരിഗണിക്കാൻ കൂട്ടാക്കിയില്ല. "വിഡ്ഢികളെ, നിങ്ങളുടെ ഇന്നത്തെ അവസ്ഥയിൽ, ഒരു കോടി വര്‍ഷം കൊണ്ട് പോലും നിങ്ങള്‍ക്കു പഠിക്കുവാൻ സാധിക്കുകയില്ല. നിങ്ങൾ തയ്യാറെടുക്കേണ്ടതുണ്ട്. ഇതിനു അത്യധികം തയ്യാറെടുപ്പുകൾ ആവശ്യമാണ്. ഇതു വിനോദത്തിനുള്ളതല്ല."

അതോടെ ദക്ഷിണായനത്തിലെ ആദ്യ പൗർണമി ഗുരുപൂർണിമയായി - ആദ്യ ഗുരു ജന്മമെടുത്ത ദിവസം.

എന്നാൽ അവർ നിര്‍ബന്ധബുദ്ധിയോടെ നിന്നപ്പോൾ അദ്ദേഹം അവർക്കു തയ്യാറെടുക്കുവാനുള്ള ചില നടപടികൾ കൊടുത്തു. അവർ തയ്യാറെടുപ്പുകൾ തുടങ്ങി - ദിവസങ്ങളും, ആഴ്ചകളും, മാസങ്ങളും, വർഷങ്ങളും അവർ തയാറെടുപ്പുകൾ നടത്തി. ആദിയോഗി അവരെ അവഗണിച്ചു. അവർ എണ്‍പത്തിനാലു വര്‍ഷം സാധന ചെയ്തു എന്നാണ് പറയപ്പെടുന്നത്. എന്നിട്ട്, എൺപത്തിനാലു വർഷത്തിനു ശേഷം ഒരു പൗർണമി ദിവസം, സൂര്യൻ വടക്കോട്ടുള്ള നീക്കത്തിൽ നിന്നും തെക്കോട്ടുള്ള നീക്കത്തിലേക്കു മാറിയ, ദക്ഷിണായനം എന്ന് ഈ സംസ്കാരത്തിൽ അറിയപ്പെടുന്ന ദിവസം, ആദിയോഗി ആ ഏഴു പേരുടെ നേർക്ക് നോക്കി. അവർ അറിവ് നേടാൻ യോഗ്യതയുള്ള സുവർണ്ണ പാത്രങ്ങളായി തീർന്നിരുന്നു. അറിവ് സ്വീകരിക്കുവാൻ അവർ തികച്ചും പ്രാപ്തരായിരുന്നു. അദ്ദേഹത്തിന് അവരെ ഇനിയും അവഗണിക്കുവാൻ സാധ്യമായിരുന്നില്ല.

അദ്ദേഹം അവരെ സൂക്ഷ്മമായി നിരീക്ഷിച്ചു. അടുത്ത പൗര്‍ണമി വന്നപ്പോൾ അദ്ദേഹം ഒരു ഗുരുവാകുവാൻ തീരുമാനിച്ചു. ആ പൗര്‍ണമിയാണ് ഗുരുപൂർണിമ എന്ന് അറിയപ്പെടുന്നത്. ആദിയോഗി ആദിഗുരുവാകുവാൻ തീരുമാനിച്ച ദിവസമാണ് ഗുരുപൂർണിമ. അദ്ദേഹം തെക്കോട്ടു തിരിഞ്ഞിരുന്നു - അതിനാലാണ് അദ്ദേഹം ദക്ഷിണാമൂർത്തി എന്ന പേരിൽ അറിയപ്പെടുന്നത് - അതോടെ ആ ഏഴു ശിഷ്യന്മാർക്കുള്ള യോഗശാസ്ത്ര പഠനം ആരംഭിച്ചു. അതോടെ ദക്ഷിണായനത്തിലെ ആദ്യ പൗർണമി ഗുരുപൂർണിമയായി - ആദ്യ ഗുരു ജന്മമെടുത്ത ദിവസം.

ഗുരു പൂർണിമ - പരിമിതികള്‍ക്കപ്പുറം പോകാനുള്ള സാധ്യത.

ലോകത്തിലെ ആദ്യത്തെ യോഗ പരിശീലനമായ ഈ ആശയ വിനിമയം നടന്നത് കേദാർനാഥിൽ നിന്നും കുറച്ചു മാറിയുള്ള കാന്തിസരോവരം എന്ന തടാകത്തിന്‍റെ തീരത്തു വെച്ചായിരുന്നു. 'യോഗ 'എന്നു പറയുമ്പോൾ ശരീരം വളക്കുകയും, ശ്വാസം നിയന്ത്രിക്കുകയുമല്ല ഉദ്ദേശിക്കുന്നത്. ജീവിതത്തിന്‍റെ തന്നെ യന്ത്രശാസ്ത്രത്തെ കുറിച്ചാണ്; നിങ്ങളാകുന്ന ഈ സൃഷ്ടിയെ അതിന്‍റെ കഴിവിന്‍റെ പരമാവധി വരെ എങ്ങിനെ കൊണ്ടു പോകാമെന്നതാണ് ഉദ്ദേശിക്കുന്നത്. മനുഷ്യ മനസ്സിന്‍റെ ഈ അത്ഭുതാവഹമായ താളം, ഒരു വ്യക്തി ഈ ലോകത്തിലേക്ക് തന്നെയുള്ള ഒരു ജാലകമാകുന്നതിനുള്ള സാധ്യത, അന്നാണ് ആരംഭിച്ചത്.

മനുഷ്യ ജീവിതത്തിലെ ഏറ്റവും ഉദാത്തമായ ഒരു നിമിഷമാണ് ഗുരുപൂർണിമ. അത് മറികടക്കുന്നതിന്‍റെയും, മോക്ഷത്തിന്‍റെയും കാര്യമാണ്; ഇത്തരമൊരു സാധ്യത മനുഷ്യർ ഇതിനു മുൻപ് അറിഞ്ഞിരുന്നില്ല. നിങ്ങളുടെ പാരമ്പര്യം എന്തു തന്നെ ആയാലും, നിങ്ങളുടെ പിതാവ് ആരു തന്നെ ആയാലും, നിങ്ങൾ എന്തെല്ലാം പരിമിതികളോടെയാണ് ജനിച്ചതെന്നാലും, അപ്രകാരമുള്ള എന്തെല്ലാം നിങ്ങൾ സമ്പാദിച്ചാലും; പ്രയത്നിക്കുവാൻ നിങ്ങൾ തയ്യാറാണെങ്കിൽ, നിങ്ങള്‍ക്ക് അതിനെയെല്ലാം അതിജീവിക്കുവാൻ സാധിക്കും. ഒരു വ്യക്തിക്ക് ബോധപൂർവം പരിണാമം നേടുവാൻ സാധ്യമാണെന്ന് മാനവ ചരിത്രത്തിൽ ആദ്യമായി അദ്ദേഹം പ്രഖ്യാപിച്ചു.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുൻപ് ഒരു അമേരിക്കൻ മാസികയ്ക്കു വേണ്ടി ഒരു അഭിമുഖം നടന്നപ്പോൾ, എന്നോട് ചോദിച്ച ഒരു ചോദ്യം ഇതാണ്, "മനുഷ്യന്‍റെ സന്മാർഗ ബോധത്തിന് വേണ്ടി പാശ്ചാത്യ ലോകത്തു പ്രവർത്തിച്ച ഏറ്റവും പ്രധാനപ്പെട്ട ആൾ ആരാണ്?". യാതൊരു സംശയവും കൂടാതെ ഞാൻ പറഞ്ഞു, "ചാള്‍സ് ഡാർവിൻ." അപ്പോൾ അവർ ചൂണ്ടിക്കാട്ടി, "പക്ഷെ, ചാള്‍സ് ഡാർവിൻ ഒരു ജീവ ശാസ്ത്രജ്ഞല്ലേ?" ഞാൻ അതു സമ്മതിച്ചു. പക്ഷെ അദ്ദേഹമാണ് ആദ്യമായി പരിണാമം സാധ്യമാണ് എന്ന് മനുഷ്യന് പറഞ്ഞു കൊടുത്തത്. നിങ്ങൾ ഇപ്പോൾ ഉള്ളതിൽ നിന്നും മെച്ചപ്പെട്ട ഒരു തലത്തിൽ എത്തുവാൻ ശക്തരാണ് എന്നു പറഞ്ഞു കൊടുത്തത്.

മനുഷ്യ ജീവിതത്തിലെ ഏറ്റവും ഉദാത്തമായ ഒരു നിമിഷമാണ് ഗുരുപൂർണിമ. അത് മറികടക്കുന്നതിന്‍റെയും, മോക്ഷത്തിന്‍റെയും കാര്യമാണ്; ഇത്തരമൊരു സാധ്യത മനുഷ്യർ ഇതിനു മുൻപ് അറിഞ്ഞിരുന്നില്ല.

അന്ന് ജീവശാസ്ത്രപരമായ പരിണാമം അംഗീകരിച്ച പാശ്ചാത്യ സമൂഹങ്ങളാണ് ഇന്ന് ആദ്ധ്യാത്മികമായ മാറ്റങ്ങൾക്കു തയ്യാറായിട്ടുള്ളത്. ഈശ്വരൻ നമ്മളെ ഇതു പോലെ സൃഷ്ടിച്ചു; അതിനപ്പുറം ഒന്നുമില്ല, എന്ന് വിശ്വസിക്കുന്നവർക്ക് അത്തരമൊരു സാധ്യത ലഭിക്കുന്നില്ല.

ഇരുനൂറു വര്‍ഷങ്ങള്‍ക്ക് മുൻപാണ് ഡാർവിൻ പരിണാമത്തെ കുറിച്ച് സംസാരിച്ചത്. പതിനയ്യായിരം വര്‍ഷങ്ങള്‍ക്ക് മുൻപാണ് ആദിയോഗി ആത്മീയ പരിണാമത്തെ കുറിച്ച് സംസാരിച്ചത്. അദ്ദേഹം പറഞ്ഞതിന്‍റെ പൊരുൾ ഇതാണ് - ഈ ലോകത്തിലുള്ള ഓരോ അണുവിനും, സൂര്യനും മറ്റു ഗ്രഹങ്ങളും അടക്കം, അതിന്‍റേതായ ഒരു ബോധതലമുണ്ട്. എന്നാൽ അവയ്ക്കില്ലാത്തത് തിരിച്ചറിവിന് കഴിവുള്ള ഒരു മനസ്സാണ്. തിരിച്ചറിവിന് കഴിവുള്ള മനസ്സോടു കൂടിയ ഒരു ബോധതലം ഉയർന്നു വരുന്നതോടു കൂടി, അത് ഏറ്റവും ശക്തമായ ഒരു സാധ്യതയായി തീരും. ഇതാണ് മനുഷ്യ ജീവിതത്തിനെ അതുല്യമാക്കുന്നത്.

ഗുരുപൂർണിമയുടെ കഥയിൽ കാലവർഷത്തിന്‍റെ പങ്ക്

ആദിയോഗിയിൽ നിന്നും വേണ്ടതെല്ലാം സ്വീകരിച്ചു കഴിഞ്ഞപ്പോൾ ആ ഏഴു മുനിമാരും യോഗ ശാസ്ത്രം ലോകമെങ്ങും പ്രചരിപ്പിക്കുവാൻ പുറപ്പെട്ടു. അവരിൽ ഒരാളായ അഗസ്ത്യ മുനി ദക്ഷിണ ദിക്കിലുള്ള ഭാരതത്തിലേക്ക് വന്നു. അമാനുഷികം എന്ന് പറയാവുന്ന തരത്തിലുള്ള ഒരു ജീവിതമാണ് അഗസ്ത്യ മുനി തിരഞ്ഞെടുത്തത്. ഹിമാലയത്തിനു തെക്കുള്ള എല്ലാ മനുഷ്യ സമൂഹങ്ങളിലും ഒരു ആത്മീയചര്യ ഉണ്ട് എന്ന കാര്യം അദ്ദേഹം ഉറപ്പാക്കി. ഒരു തരത്തിൽ പറഞ്ഞാൽ ഈശ യോഗ എന്ന പേരിൽ ഞാൻ ഇന്ന് ഇവിടെ ചെയ്യുന്നതെല്ലാം, അഗസ്ത്യന്‍റെ പ്രവൃത്തികളുടെ ഒരു ചെറിയ കൂട്ടിച്ചേര്‍ക്കല്‍ മാത്രമാണ്.

അഗസ്ത്യന്‍റെ ഈ തെക്കോട്ടുള്ള പ്രയാണം ഒരു പുതിയ ക്രമം സൃഷ്ടിച്ചു - യോഗികളും, ആത്മീയ സാധകരും കാലാവസ്ഥക്കനുസരിച്ച് ഹിമാലയത്തിൽ നിന്നും തെക്കു ഭാഗത്തേക്ക് വന്ന് വീണ്ടും അങ്ങോട്ട് തിരിച്ചു പോകുക എന്ന ക്രമം.

Agastya’s move to the South began a tradition of yogis and spiritual sadhakas setting forth on a cycle of moving from the Himalayan region down south and back again up as the seasons come and go. | The Story of Guru Purnima: From Adiyogi till Today

 

അഗസ്ത്യന്‍റെ ഈ തെക്കോട്ടുള്ള പ്രയാണം ഒരു പുതിയ ക്രമം സൃഷ്ടിച്ചു - യോഗികളും, ആത്മീയ സാധകരും കാലാവസ്ഥക്കനുസരിച്ച് ഹിമാലയത്തിൽ നിന്നും തെക്കു ഭാഗത്തേക്ക് വന്ന് വീണ്ടും അങ്ങോട്ട് തിരിച്ചു പോകുക എന്ന ക്രമം. ഈ ചാക്രിക സഞ്ചാരം ആയിരക്കണക്കിനു വര്‍ഷങ്ങളായി നടന്നു കൊണ്ടിരിക്കുകയാണ്. വേനൽക്കാലത്ത് അവർ ഹിമാലയത്തിലെ ഗുഹകളിൽ ആയിരിക്കും. മഞ്ഞുള്ള തണുപ്പ് കാലത്ത് ദക്ഷിണ ദിക്കിലേക്ക് വരും. അവരിൽ പലരും തെക്കേ അറ്റത്തുള്ള രാമേശ്വരം വരെ പോകും; വീണ്ടും തിരിച്ച് ആയിരക്കണക്കിന് കിലോമീറ്ററുകൾ നടന്നു വടക്കോട്ടു പോകും.

അഗസ്ത്യന്‍റെ കാലം മുതൽ ഈ ദക്ഷിണ ദിക്കിലേക്കും തിരിച്ചും ഉള്ള യാത്ര ഒരു അനുഷ്ഠാനമായി നടത്തുന്നുണ്ട്. ഇന്ന് അങ്ങിനെ യാത്ര ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. എന്നാൽ ആയിരക്കണക്കിന് യോഗികൾ ഇത്തരത്തിൽ സഞ്ചരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അന്ന് അവർ കൂട്ടത്തോടെ സഞ്ചരിച്ചിരുന്ന കാലത്ത്, കാലവർഷത്തിന്‍റെ ഈ മാസം അവർക്ക് ഒരു വെല്ലുവിളിയായിരുന്നു.

നമുക്കിന്നു അത് അത്രക്കും അനുഭവപ്പെടുന്നില്ല. എന്നാൽ പാരമ്പരാഗതമായിട്ട്‌ കാലവര്‍ഷം പ്രശ്നങ്ങളുടെ കാലമായിരുന്നു. കാലവർഷം അഥവാ മൺസൂൺ എന്ന പേരു തന്നെ വേഗതയും ശക്തിയും കാണിക്കുന്നു. പ്രകൃതി അത്രയും രൗദ്രയാകുമ്പോൾ കാൽനടയായി യാത്ര ചെയ്യുന്നത് പ്രയാസമാണ്. അതു കൊണ്ട് ഈ മാസക്കാലം എല്ലാവരും അവർ എത്തിയ ഇടത്തു തന്നെ വിശ്രമിക്കുക എന്ന സമ്പ്രദായം നിലവിൽ വന്നു.

കുറെ കാലത്തിനു ശേഷം ഗൗതമ ബുദ്ധന്‍ തന്‍റെ അനുയായികൾക്ക് ഈ മാസം വിശ്രമം വിധിച്ചു. യാത്ര പ്രയാസമായ ഈ കാലാവസ്ഥയിൽ ആവശ്യമായ ഒരു ഒഴിവ്. അവരെല്ലാം ഒരേ സ്ഥലത്തു താമസച്ചിരുന്നതു കൊണ്ട് ആ കാലമത്രയും ഗുരു സ്മരണയിൽ ചിലവിടണമെന്ന നിർദേശവും നൽകി.

മതത്തിനും മുൻപ് ഗുരുപൂർണിമ ഉണ്ടായിരുന്നു

മാനവ രാശിയുടെ അറിവിന്‍റെ സാധ്യതകൾ തുറന്നു വരുന്ന ദിവസമായിട്ടാണ് ആയിരകണക്കിന് വര്‍ഷങ്ങളായിട്ടു ഗുരുപൂർണിമ ആഘോഷിച്ചു വരുന്നത്. ആദിയോഗി നൽകിയത് എല്ലാ മതങ്ങൾക്കും മുൻപുള്ള അറിവാണ്. ഇനിയൊരിക്കലും കൂട്ടിച്ചേർക്കാൻ സാധ്യമല്ലാത്ത വിധത്തിൽ മാനവ രാശിയെ വിഭജിപ്പിച്ചതിനു മുമ്പുള്ളതാണ് ആദിയോഗിയുടെ ഉപദേശങ്ങൾ. മനുഷ്യ മനസ്സിനെ ഉയർത്തുവാനുള്ള ഏറ്റവും ശക്തമായ ഉപകരണങ്ങളാണ് അദ്ദേഹം കണ്ടു പിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തത്. മനുഷ്യ ശരീരം എന്ന യന്ത്രത്തെ ഏറ്റവും ഉദാത്തമായ അവസ്ഥയിലേക്ക് എത്തിക്കുവാൻ സാധ്യമായ എല്ലാ വഴികളും ആദിയോഗി ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുൻപേ തന്നെ പരിശോധിച്ചു.

മാനവ രാശിയുടെ അറിവിന്‍റെ സാധ്യതകൾ തുറന്നു വരുന്ന ദിവസമായിട്ടാണ് ആയിരകണക്കിന് വര്‍ഷങ്ങളായിട്ടു ഗുരുപൂർണിമ ആഘോഷിച്ചു വരുന്നത്.

അതിന്‍റെ ആധുനികത അവിശ്വസനീയമാണ്. അന്ന് ആളുകൾ ഇത്രയ്ക്കു പരിഷ്കൃതരായിരുന്നുവോ എന്ന ചോദ്യം അനാവശ്യമാണ്; എന്തെന്നാൽ ഇത് ഒരു സംസ്കാരത്തിൽ നിന്നോ, ചിന്താധാരയിൽ നിന്നോ ഉത്ഭവിച്ചതല്ല. ആന്തരികമായ ഒരു സാക്ഷാത്കാരത്തിൽ നിന്നാണ് ഇത് ഉത്ഭവിച്ചത് . അദ്ദേഹത്തിന് ചുറ്റും സംഭവിച്ചു കൊണ്ടിരുന്ന ഒന്നുമായും അതിനു ബന്ധം ഉണ്ടായിരുന്നില്ല. തന്‍റെ ഉള്ളിലുള്ളത് ചൊരിയുകയാണ് അദ്ദേഹം ചെയ്തത്. മനുഷ്യന്‍റെ ഓരോ ഭാഗവും എന്താണെന്നും എങ്ങിനെ ഉപയോഗിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.

അതിൽ ഒരു വസ്തുത പോലും നമുക്ക് ഇന്നും മാറ്റുവാൻ സാധ്യമല്ല. എന്തെന്നാൽ പറയാനുള്ളതെല്ലാം സുന്ദരവും, ബുദ്ധിപൂര്‍വ്വവുമായ രീതിയിൽ അദ്ദേഹം പറഞ്ഞു കഴിഞ്ഞു. അതു മനസ്സിലാക്കുവാൻ നമ്മുടെ ജീവിതകാലം മുഴുവനും ചിലവഴിക്കുക മാത്രമേ നമുക്ക് ചെയ്യുവാനുള്ളു.

നമ്മൾ എന്തു കൊണ്ട് ഗുരുപൂർണിമ ആഘോഷിക്കുന്നില്ല?

ഗുരുപൂർണിമ എന്നാൽ അതിർവരമ്പുകൾ ലംഘിക്കുന്നതിന്‍റെയും, സ്വാതന്ത്ര്യത്തിന്‍റെയും കാര്യമാണ്; ഈ തരത്തിലുള്ള ഒരു സാധ്യത മനുഷ്യൻ ഇതിനു മുൻപ് അറിഞ്ഞിരുന്നില്ല. നിങ്ങളുടെ പാരമ്പര്യം എന്തു തന്നെ ആയാലും, നിങ്ങളുടെ അച്ഛൻ ആരു തന്നെ ആയാലും, നിങ്ങൾക്ക് ജന്മനാൽ ലഭിച്ചതോ, നിങ്ങൾ വരുത്തി വച്ചതുമായ പരിമിതികൾ എന്തു തന്നെ ആയാലും, പരിശ്രമിക്കുവാൻ നിങ്ങൾ തയ്യാറാണെങ്കിൽ നിങ്ങള്‍ക്ക് അതിനെയെല്ലാം മറികടക്കുവാൻ സാധിക്കും. ഈ ദിവസം അതിനുള്ളതായിട്ടാണ് കരുതിയിരുന്നത്; അനേകായിരം വര്‍ഷങ്ങളായി, ഈ സംസ്കാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നായിരുന്നു ഇത്.

ഈ ഗുരുപൂർണിമ ദിവസം ഓഫീസിൽ പോകണ്ട. അവധിക്കു അപേക്ഷിക്കു," ഇന്ന് ഗുരു പൂര്‍ണിമയായതു കൊണ്ട് ഞാൻ വരുന്നില്ല" എന്ന് പറയൂ.

കഴിഞ്ഞ മുന്നൂറു വര്‍ഷങ്ങളായിട്ടു ഇവിടം ഭരിച്ചിരുന്നവർക്കു അവരുടേതായ പദ്ധതികൾ ഉണ്ടായിരുന്നു. ആളുകൾ ആത്മീയതയിൽ ഉറച്ചു നിൽക്കുകയും, ശക്തരായിരിക്കുകയും ചെയ്യുന്നിടത്തോളം കാലം അവരെ അടക്കി ഭരിക്കുവാൻ സാധ്യമല്ല എന്ന് അവർക്കറിയാമായിരുന്നു. ഗുരു പൂർണിമ എന്തു കൊണ്ടാണ് ഒരു അവധി ദിവസമല്ലാത്തത്? ഞായറാഴ്ച എന്തു കൊണ്ടാണ് അവധിയായിരിക്കുന്നത്? ഞായറാഴ്ചകളിൽ നിങ്ങൾ എന്താണ് ചെയ്യുന്നത്? കിഴങ്ങു വറുത്ത് തിന്നു കൊണ്ട് ടി.വി കാണുന്നു, അല്ലെ? എന്ത് ചെയ്യണമെന്ന് പോലും നിങ്ങള്‍ക്ക് അറിയുകയില്ല. എന്നാൽ ഒരു പൗര്‍ണമിക്കോ , അമാവാസിക്കോ അവധി കിട്ടുകയാണെങ്കിൽ, എന്ത് ചെയ്യണമെന്ന് എനിക്കറിയാം.

നമ്മളെല്ലാവരും ഇപ്രകാരം ചെയ്യണം. ഈ ഗുരുപൂർണിമ ദിവസം ഓഫീസിൽ പോകണ്ട. അവധിക്കു അപേക്ഷിക്കു," ഇന്ന് ഗുരു പൂര്‍ണിമയായതു കൊണ്ട് ഞാൻ വരുന്നില്ല" എന്ന് പറയൂ. ഗുരുപൂർണിമയായതു കൊണ്ട് അവധിക്ക് അപേക്ഷിക്കുവാൻ നിങ്ങളുടെ സുഹൃത്തുക്കളോടും പറയു. ആ ദിവസം എന്ത് ചെയ്യണം? നിങ്ങളുടെ ആന്തരികമായ സൗഖ്യത്തിനായി ആ ദിവസം വിനിയോഗിക്കു - ലഘു ഭക്ഷണം മാത്രം കഴിക്കുക, പാട്ടു കേൾക്കുക, ധ്യാനിക്കുക, ചന്ദ്രനെ ശ്രദ്ധിക്കുക - സംക്രാന്തി കഴിഞ്ഞുള്ള ആദ്യത്തെ പൗർണമി ആയതു കൊണ്ട് അതൊരു അത്ഭുതാവഹമായ അനുഭവമായിരിക്കും. ചുരുങ്ങിയത് പത്തു പേരോടെങ്കിലും ഇത് ഒരു പ്രത്യേക ദിവസമാണെന്ന് പറയുക.

അവധി ദിവസം പ്രധാനപ്പെട്ട ഒന്നാകേണ്ട കാലം വന്നിരിക്കുന്നു. ഗുരു പൂർണിമയെങ്കിലും ഒരു അവധി ദിവസമായാൽ ആളുകൾക്ക് അതിന്‍റെ പ്രാധാന്യം മനസ്സിലാകും. ഇത്രയും പ്രധാനപ്പെട്ട ഒരു പ്രതിഭാസം മനുഷ്യരുമായി ബന്ധപ്പെട്ട ദിവസം, വെറുതെ നഷ്ടപ്പെട്ടു പോകരുത്.

എഡിറ്ററുടെ കുറിപ്പ്: ജൂലൈ 27ന് സദ്ഗുരുവിന്‍റെ കൂടെ ആദിയോഗിയുടെ സാന്നിധ്യത്തില്‍ ഗുരു പൂര്‍ണിമ ആഘോഷിക്കൂ. ഈശ യോഗ കേന്ദ്രത്തില്‍ നേരിട്ടു പങ്കെടുക്കൂ, അല്ലെങ്കില്‍ സൗജന്യവെബ്‌ സ്ട്രീം കാണൂ.

സൗജന്യ വെബ്‌ സ്ട്രീം കാണാം