ധ്യാനം എന്താണ് അർത്ഥമാക്കുന്നത്

സദ്ഗുരു: ധ്യാനം എന്നാൽ ഭൗതിക ശരീരത്തിന്റെയും മനസ്സിന്റെയും പരിമിതികൾക്കപ്പുറത്തേക്കു പോകുന്നതാണ് . ശരീരത്തിന്റെയും മനസ്സിന്റെയും പരിമിതമായ വീക്ഷണം നിങ്ങൾ മറികടക്കുമ്പോൾ മാത്രമേ നിങ്ങളുടെ ഉള്ളിൽ ജീവിതത്തിന്റെ പൂർണ്ണമായ മാനം ഉണ്ടാകൂ.

നിങ്ങൾ ശരീരവുമായി താദാത്മ്യം പ്രാപിക്കുമ്പോൾ , ജീവിതത്തെക്കുറിച്ചുള്ള നിങ്ങളുടെ മുഴുവൻ വീക്ഷണവും അതിജീവനത്തെക്കുറിച്ചായിരിക്കും. നിങ്ങൾ മനസ്സുമായി താദാത്മ്യം പ്രാപിക്കുമ്പോൾ , നിങ്ങളുടെ മുഴുവൻ വീക്ഷണവും സാമൂഹികവും മതപരവും കുടുംബപരവുമായ വീക്ഷണങ്ങൾക്കു അടിമപ്പെടുന്നു. നിങ്ങൾക്കു അതിനപ്പുറത്തേക്ക് നോക്കാൻ കഴിയില്ല . സ്വന്തം മനസ്സിന്റെ രൂപാന്തരങ്ങളിൽ നിന്ന് മോചിതനാകുമ്പോൾ മാത്രമേ അതിനപ്പുറമുള്ള മാനം അറിയൂ.

നിങ്ങൾ സ്വരൂപിച്ചത് നിങ്ങളുടെ സ്വത്താണ്. നിങ്ങൾക്ക് വീടും ബാങ്ക് ബാലൻസും ഉള്ളതുപോലെ ശരീരവും മനസ്സും ഉണ്ട്. നല്ല ബാങ്ക് ബാലൻസ്, നല്ല ശരീരം, നല്ല മനസ്സ് എന്നിവ നല്ല ജീവിതം നയിക്കാൻ ആവശ്യമാണ്, പക്ഷേ അവ പര്യാപ്തമല്ല. ഒരു മനുഷ്യനും ഈ കാര്യങ്ങൾ കൊണ്ട് ഒരിക്കലും തൃപ്തിപ്പെടുകയില്ല. അവ ജീവിതം സുഖകരവും ഉപകാരപ്രദവുമാക്കുകയേ ഉള്ളൂ. നമ്മളെ ഒരു തലമുറയായി കാണുകയാണെങ്കിൽ, മുൻപൊരിക്കലും മറ്റൊരു തലമുറക്കും നമുക്കുള്ള സുഖസൗകര്യങ്ങൾ സ്വപ്നം കാണാൻ പോലും കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ ഗ്രഹത്തിലെ ഏറ്റവും സന്തോഷമുള്ളവരോ സ്നേഹമുള്ളവരോ ആയ തലമുറ നമ്മളാണെന്ന് അവകാശപ്പെടാനാവില്ല. 

ധ്യാനം - ശരീരത്തെയും മനസ്സിനെയും മറികടക്കാനുള്ള ഒരു ശാസ്ത്രീയ ഉപകരണം

നിങ്ങളുടെ ശരീരത്തിന്റെയും മനസ്സിന്റെയും ഉപകരണങ്ങൾ അതിജീവനത്തിന് അനുയോജ്യമാണ്, പക്ഷേ അവ നിങ്ങളെ തൃപ്തിപ്പെടുത്തുകയില്ല , കാരണം ഒരു മനുഷ്യന്റെ വിശേഷത കൂടുതൽ എന്തെങ്കിലും അന്വേഷിക്കുക എന്നതാണ്. നിങ്ങൾ ആരാണെന്ന് നിങ്ങൾക്ക് അറിയില്ലെങ്കിൽ, ലോകം എന്താണെന്ന് അറിയുവാൻ നിങ്ങൾക്ക് കഴിയുമോ? നിങ്ങളുടെ ശരീരത്തിന്റെയും മനസ്സിന്റെയും പരിമിതികൾ മറികടന്നാൽ മാത്രമേ നിങ്ങളുടെ യഥാർത്ഥ സത്വം നിങ്ങൾക്ക് അനുഭവിക്കാൻ കഴിയൂ. യോഗയും ധ്യാനവും ഇതിനുള്ള ശാസ്ത്രീയ ഉപകരണങ്ങളാണ്.

ശരീരത്തിന്റെയും മനസ്സിന്റെയും പരിമിതികൾക്കപ്പുറത്തേക്ക് നിങ്ങൾ പോകാത്തിടത്തോളം, ഭക്ഷണം, ഉറക്കം, പ്രത്യുൽപാദനം, മരണം എന്നിവകൊണ്ട് നിങ്ങളുടെ ജീവിതം പൂർത്തീകരിക്കപ്പെടില്ല. ഇവയെല്ലാം നിങ്ങളുടെ ജീവിതത്തിൽ ആവശ്യമാണ്, എന്നാൽ നിങ്ങൾ ഇതെല്ലാം നിറവേറ്റിയാലും നിങ്ങളുടെ ജീവിതം പൂർണ്ണമല്ല. കാരണം, ഒരു മനുഷ്യന്റെ സത്വം അവബോധത്തിന്റെ ഒരു പരിധി കടന്നിരിക്കുന്നു. അതിന് കൂടുതൽ എന്തെങ്കിലും അന്വേഷിക്കണം, അല്ലാത്തപക്ഷം അത് ഒരിക്കലും തൃപ്തിപ്പെടില്ല. അത് പരിധിയില്ലാത്തതായിരിക്കണം - ധ്യാനം എന്നത് നിങ്ങൾ ആരാണെന്നതിന്റെ പരിധിയില്ലാത്ത മാനത്തിലേക്ക് നീങ്ങാനുള്ള ഒരു മാർഗമാണ്.

ചോദ്യം:  എന്നാൽ സദ്ഗുരു , യജ്ഞങ്ങളോ ആചാരങ്ങളോ ഉപയോഗിച്ച് ഒരു വ്യക്തിക്ക് ഈ പരിധിയില്ലാത്ത മാനത്തിലേക്ക് നീങ്ങാൻ കഴിയില്ലേ? ധ്യാനം മാത്രമാണോ ഏക വഴി?

സദ്ഗുരു:  ഈശയിൽ, നാം ധ്യാനപ്രക്രിയകൾ തിരഞ്ഞെടുക്കുന്നതിനും അനുഷ്ടാനപരമായ പ്രക്രിയകൾ പരമാവധി കുറയ്ക്കുന്നതിനും കാരണം ധ്യാനം ഒരു നിഷേധകമായ പ്രക്രിയയാണ് എന്നതാണ്. ആധുനിക സമൂഹത്തിന്റെ ശാപം പ്രധാനമായും നിഷേധമാണ് . കൂടുതൽ ആളുകൾ ആധുനിക വിദ്യാഭ്യാസത്തിലൂടെ കടന്നുപോകുമ്പോൾ, ആളുകൾ കൂടുതൽ നിഷേധകം ആയിത്തീരുന്നു. രണ്ടുപേർക്ക് ഒരേ വീട്ടിൽ താമസിക്കാൻ കഴിയാതെയാകുന്നു - അവർ അങ്ങനെയായിത്തീരുന്നു. ഇന്നും ദക്ഷിണേന്ത്യയിൽ ഒരു വീട്ടിൽ 400-ലധികം ആളുകൾ താമസിക്കുന്ന കുടുംബങ്ങളുണ്ട് - അമ്മാവന്മാരും അമ്മായിമാരും മുത്തശ്ശിമാരും മുത്തച്ഛന്മാരും എല്ലാവരുമുള്ള ഒരു വലിയ വീട്.

ഒരാൾ വീടിന്റെ നേതാവും മറ്റെല്ലാവർക്കും ഓരോ വേഷവുമുണ്ട്. കുറഞ്ഞത് 70 മുതൽ 80 വരെ കുട്ടികളാണ് വീട്ടിൽ താമസിക്കുന്നത്, ഒരുപക്ഷേ അവർ ഒരു നിശ്ചിത പ്രായമാകുന്നതുവരെ, അവരുടെ മാതാപിതാക്കൾ ആരാണെന്ന് പോലും അറിയുന്നില്ല , കാരണം അവരെ പരിപാലിക്കുന്നത് ഏതാണ്ട് 8 മുതൽ 10 വരെ സ്ത്രീകൾ ആണ് , അവരെല്ലാം പരിപാലനത്തിൽ മികച്ചവരുമാണ്.12-13 വയസ്സ് വരെ, കുട്ടികൾക്ക് അവരുടെ ജീവശാസ്ത്രപരമായ മാതാപിതാക്കൾ ആരാണെന്ന് പോലും മിക്കവാറും തിരിച്ചറിയാൻ കഴിയില്ല. അവർക്കറിയാം, പക്ഷേ അവർ സ്കൂളിൽ പോകുകയും അവരുടെ മനസ്സിൽ ഒരു പ്രത്യേകതരം ചിന്ത വളർത്തിയെടുക്കുകയും വരെ അവർ അതുമായി ശരിക്കും പൊരുത്തപ്പെടുന്നില്ല.

എന്നാൽ ആധുനിക വിദ്യാഭ്യാസം വ്യാപിച്ചതോടെ ഇത്രയധികം ആളുകൾക്ക് ഒരുമിച്ച് താമസിക്കുവാൻ കഴിയാതെയായി. രണ്ട് മനുഷ്യർക്ക് പോലും ഒത്തുപോകാൻ കഴിയുന്നില്ല. വളരെ വേഗം ആ അവസ്ഥയിലേക്കാണ് നാം എത്തുന്നത്. ആധുനിക വിദ്യാഭ്യാസം മുഴുവൻ നിഷേധകമാണ് , എന്നാൽ സകല അസ്തിത്വവും ഒരു ഉൾക്കൊള്ളൽ പ്രക്രിയയായി സംഭവിക്കുന്നു.

ധ്യാനം - നിഷേധത്തിൽ നിന്ന് ഉൾക്കൊള്ളലിലേക്ക്

ഒരു പ്രക്രിയ എന്ന നിലയിൽ ധ്യാനം നിഷേധകമാണ് , അത് പിന്നീട് ഉൾക്കൊള്ളുന്നതിലേക്ക് നയിക്കുന്നു, എന്നാൽ നിങ്ങൾ അത് ആരംഭിക്കുമ്പോൾ, നിങ്ങൾ കണ്ണുകൾ അടച്ച് ഇരിക്കുകയാണ് . ഒരു ആത്മീയ പ്രക്രിയയുടെ പ്രാരംഭ ഘട്ടത്തിൽ ആളുകൾ എപ്പോഴും വളരെ നിഷേധകം ആയിത്തീരുന്നു - അവർക്ക് ആരുമായും ഇടപഴകാൻ കഴിയുന്നില്ല . "ഞാൻ ഒരു ആത്മീയ പാതയിൽ പോയാൽ, എനിക്ക് സമൂഹവുമായി ഇടപഴകാൻ കഴിയുമോ " എന്ന ഭയം ആളുകളിൽ നിലനിൽക്കുന്നു എന്ന് ഞാൻ കരുതുന്നു, കാരണം അത് അടിസ്ഥാനപരമായി നിഷേധകമാണ്.

ധ്യാനപ്രക്രിയകൾ ദുരുപയോഗം ചെയ്യാൻ കഴിയില്ല, കാരണം അത് വ്യക്തിപരവും നിഷേധകവുമാണ്.

ഇന്നത്തെ സമൂഹത്തിൽ ഉൾക്കൊള്ളൽ പ്രക്രിയകൾ സാധ്യമല്ലാത്തതിനാൽ മാത്രമാണ് നാം ആ പാതയിലേക്ക് നീങ്ങിയത്. നിങ്ങൾ ഒരു അനുഷ്ടാനം ചെയ്യണമെങ്കിൽ, എല്ലാവരും ഒന്നായി അതിൽ പങ്കെടുക്കണം. ഒരു അനുഷ്ടാനത്തിൽ പങ്കെടുക്കാൻ ആഴത്തിലുള്ള ഏകത്വബോധം ഉണ്ടായിരിക്കണം. ഒരു അനുഷ്ടാനത്തിന്റെ മറ്റൊരു വശം, അത് ദുരുപയോഗം ചെയ്യില്ലെന്ന് ഉറപ്പുള്ള സാഹചര്യം ഇല്ലെങ്കിൽ,താൻ ചെയ്യുന്നകാര്യം തന്റെ ജീവിതത്തിന് മുകളിൽ ഉയർത്തിപ്പിടിക്കുന്ന ആളുകൾ നിങ്ങൾക്കില്ലെങ്കിൽ, നിങ്ങൾക്ക് ഒരു അനുഷ്ടാനം ചെയ്യാൻ കഴിയില്ല, കാരണം ഒരു അനുഷ്ടാനം എളുപ്പത്തിൽ ദുരുപയോഗം ചെയ്യാൻ കഴിയും. ധ്യാനപ്രക്രിയകൾ ദുരുപയോഗം ചെയ്യാൻ കഴിയില്ല, കാരണം അത് വ്യക്തിപരവും നിഷേധകവുമാണ്.

നിങ്ങളും ഞാനും എതിരാണെങ്കിൽ നമുക്ക് അനുഷ്ടാനങ്ങൾ ചെയ്യാനാകില്ല. ഒരു അനുഷ്ടാനം മ്ലേച്ഛമായ പ്രക്രിയയായി മാറുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരന്തരീക്ഷം ഉള്ളപ്പോൾ, ഒരു അനുഷ്ടാനം മഹത്തരമാണ്, എന്നാൽ ഇന്നത്തെ ലോകത്ത് ആ ഉൾക്കൊള്ളുന്ന അന്തരീക്ഷം സൃഷ്ടിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, അത് വളരെ കുറച്ച് സമുദായങ്ങൾ മാത്രമേ ചെയ്യുന്നുള്ളൂ.മറ്റെല്ലാവരും വളരെ നിഷേധകമായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തിൽ, ധ്യാനം വളരെ പ്രാധാന്യമുള്ളതാകുന്നു.