ചോദ്യം: നമസ്കാരം സദ്ഗുരു. ലിംഗഭൈരവി മൂന്നര ചക്രങ്ങള്‍ കൊണ്ടാണ് ഉണ്ടാക്കപ്പെട്ടിട്ടുള്ളതെന്ന് അങ്ങ് പറഞ്ഞിട്ടുണ്ട് – മൂലാധാരം, സ്വാധിഷ്ടാനം, മണിപൂരകം, പിന്നെ അനാഹതയുടെ പകുതിയും. അതേ സമയം തന്നെ അവളെ ത്രിനേത്രിണി എന്നും വിളിക്കുന്നു, മൂന്നാം കണ്ണുള്ളവള്‍. മൂന്നാം കണ്ണ് ആജ്ഞ ചക്രവുമായി ബന്ധപ്പെട്ടാണ് ഇരിക്കുന്നതെങ്കില്‍, ലിംഗഭൈരവിക്ക് ആജ്ഞ ചക്രവുമുണ്ടോ?

സദ്ഗുരു:നിങ്ങള്‍ ചിന്തിക്കുന്നത് പോലെ മൂന്നാം കണ്ണിന് ശരീരത്തില്‍ ഒരു സ്ഥാനമില്ല. നിങ്ങള്‍ക്ക് രണ്ടു കണ്ണുകള്‍ ഉള്ളത് കൊണ്ട് മൂന്നാം കണ്ണ് ഏതാണ്ട് അതിന്‍റെ നടുക്കാകുമെന്ന് നാം ഊഹിച്ചെന്നു മാത്രം. അതങ്ങനെയല്ല. വെളിച്ചത്തെ തടയുന്ന വസ്തുക്കള്‍ മാത്രമേ ഈ രണ്ടു കണ്ണുകള്‍ക്ക് കാണാന്‍ സാധിക്കുകയുള്ളൂ. ഒരു വസ്തു വെളിച്ചത്തെ തടയുന്നത് കൊണ്ടു മാത്രമാണ് നിങ്ങള്‍ക്ക് ആ വസ്തുവിനെ കാണാന്‍ സാധിക്കുന്നത്. ഒരു വസ്തു വെളിച്ചത്തെ പൂര്‍ണ്ണമായും കടത്തി വിടുന്ന തരത്തിലായാല്‍, അത് പൂര്‍ണ്ണമായും സുതാര്യമായാല്‍, നിങ്ങളതിനെ കാണില്ല.

മൂന്നാം കണ്ണിന്‍റെ ചിത്രീകരണം പ്രതീകാത്മകം മാത്രമാണ്. ആജ്ഞ അറിവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ പൊതുവേ മൂന്നാം കണ്ണ് രണ്ടു കണ്ണുകള്‍ക്ക് ഇടയില്‍ ചിത്രീകരിച്ചിരിക്കുന്നു.

നിങ്ങള്‍ക്ക് ചുറ്റുമുള്ള കാര്യങ്ങള്‍ കാണാന്‍ സാധിക്കുന്നതിന്‍റെ ഒരേയൊരു കാരണം, വായു സുതാര്യമായത് കൊണ്ടാണ്. വായു വെളിച്ചത്തെ തടഞ്ഞാല്‍ നിങ്ങള്‍ക്കൊന്നും കാണാന്‍ സാധിക്കില്ല. അപ്പോള്‍, ഈ രണ്ടു കണ്ണുകള്‍ കൊണ്ട് നിങ്ങള്‍ ഭൗതികമായത് മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. ഭൗതിക തലത്തില്‍ തന്നെ നിങ്ങള്‍ക്ക് ഭൗതികമായതെല്ലാം കാണാന്‍ സാധിക്കില്ല. ഈ രണ്ടു കണ്ണുകള്‍ കൊണ്ട് നിങ്ങള്‍ ഭൗതികമായതിന്‍റെ ഏറ്റവും പ്രകടമായ തലങ്ങള്‍ മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. വായുവിന്‍റെ പ്രകൃതം ഭൗതികമാണെങ്കിലും അത് വെളിച്ചത്തെ തടയാത്തത് കൊണ്ട് നിങ്ങള്‍ക്കത് കാണാന്‍ സാധിക്കുന്നില്ല. ഭൗതികതക്ക് അപ്പുറമുള്ള ഒന്നും ഈ രണ്ടു കണ്ണുകള്‍ കൊണ്ട് കാണാന്‍ സാധിക്കില്ല.   

 

ഭൗതിക പ്രകൃതത്തിന് അപ്പുറമുള്ള എന്തോ ഒന്ന് നിങ്ങള്‍ കാണുകയും, അനുഭവിക്കുകയും, അത് നിങ്ങളുടെ അവബോധത്തിലേക്ക് വരികയും ചെയ്താല്‍, നാം പറയും നിങ്ങളുടെ മൂന്നാം കണ്ണ് തുറന്നെന്ന്. ദേവിയുടെ മൂന്നാം കണ്ണിന്‍റെ ചിത്രീകരണം പ്രതീകാത്മകം മാത്രമാണ്. ആജ്ഞ അറിവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ പൊതുവേ മൂന്നാം കണ്ണ് രണ്ടു കണ്ണുകള്‍ക്ക് ഇടയില്‍ ചിത്രീകരിച്ചിരിക്കുന്നു. എന്നാല്‍ സത്യത്തില്‍ അത് ഏതെങ്കിലും ഒരു സ്ഥലത്തല്ല.

ഞാന്‍ ഏതെങ്കിലും ഒരു സ്ഥലത്ത് പോയി ഒരു പ്രത്യേക തരം ഊര്‍ജ്ജം ശ്രദ്ധിച്ചുവെന്നു കരുതുക. ഞാന്‍ ആദ്യം ചെയ്യുക എന്‍റെ കണ്ണുകളടച്ച് വിരലുകള്‍ പ്രയോഗക്ഷമമാക്കി, ഇടതു കൈ കൈപ്പത്തികള്‍ കീഴ്‌ മുഖമാക്കി വെയ്ക്കും. എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ വേണ്ടി മാത്രം. നിങ്ങള്‍ക്കൊരു വസ്തുവിന് ചൂടാണോ തണുപ്പാണോ എന്നറിയില്ലെങ്കില്‍, നിങ്ങളും കൈത്തലം അതു പോലെ വെയ്ക്കും അല്ലേ. അപ്പോള്‍ ഇതിനര്‍ത്ഥം നിങ്ങളുടെ മൂന്നാം കണ്ണ് നിങ്ങളുടെ വിരലുകളില്‍ ആണെന്നാണോ? ഒരു തരത്തില്‍ പറഞ്ഞാല്‍, ആയൊരു നിമിഷത്തില്‍ അങ്ങനെയാണ്. എന്നാല്‍ മൂന്നാം കണ്ണ് ഒരു പ്രത്യേക സ്ഥലത്ത് സ്ഥിതി ചെയ്യുന്നില്ല. അത് ശാരീരികമായി സംഭവിക്കുന്നതല്ല. അതൊരു അവബോധമാണ്.

അപ്പോള്‍, ദേവിക്ക് ഒരു മൂന്നാം കണ്ണുണ്ടോ? തീര്‍ച്ചയായും. അവള്‍ മൂന്നര ചക്രങ്ങള്‍ ഉള്ളവള്‍ ആണോ? അതെ.

നാം ഭൗതികമല്ലാത്തതിനെ പറ്റി ബോധവാനാകുന്നതിനെ പറ്റി പറയുമ്പോള്‍, മൂന്നാം കണ്ണ് ഭൗതിക ശരീരത്തില്‍ എവിടെയെങ്കിലും ആണെന്ന് കരുതരുത്. ഭൗതികമല്ലാത്തതിന് അവിടെയും ഇവിടെയും ആകേണ്ട നിര്‍ബന്ധപ്രേരണകളില്ല. നിങ്ങള്‍ ഭൗതികം അല്ലാത്തതിനെ അഭിസംബോധന ചെയ്യുമ്പോള്‍, അതെവിടെയാണ് എന്ന തരത്തില്‍ ചിന്തിക്കരുത്. നിങ്ങള്‍ ഭൗതികമല്ലാത്ത ഒരു തലത്തെ പറ്റി സംസാരിക്കുമ്പോള്‍, അവിടെയും ഇവിടെയും എന്നത് അതിനു ബാധകമല്ല. ഭൗതികമായതിനു മാത്രമേ സമയകാലങ്ങള്‍ ആവശ്യമുള്ളൂ. ഭൗതികമല്ലാത്തത് ഒരു പ്രത്യേക സ്ഥലത്തല്ല ഇരിക്കുന്നത്. അപ്പോള്‍, ദേവിക്ക് ഒരു മൂന്നാം കണ്ണുണ്ടോ? തീര്‍ച്ചയായും. അവള്‍ മൂന്നര ചക്രങ്ങള്‍ ഉള്ളവള്‍ ആണോ? അതെ.