ചോദ്യം: സദ്ഗുരു, എന്തുകൊണ്ടാണ് അങ്ങ് എവിടെപ്പോകുമ്പോഴും ഒരു പ്രത്യേക ഇരിപ്പു നില സ്വീകരിയ്ക്കുന്നത്? ഇടതു കാല്‍ ചെരിപ്പൂരി ഉയര്‍ത്തി വച്ചും വലതു കാല്‍ തറയിലൂന്നിയും. ഇത് അങ്ങയുടേതായ ഒരു ശൈലിയാണോ, ഏതൊരു വ്യക്തിയും ഇരിയ്‌ക്കേണ്ടതായ ഒരു രീതിയാണോ?

സദ്ഗുരു: നിങ്ങളിപ്പോഴും ഇന്ത്യന്‍ ടോയ്‌ലറ്റു തന്നെയാണോ ഉപയോഗിയ്ക്കുന്നത്?

ചോദ്യകര്‍ത്താവ്: അതെ. 

സദ്ഗുരു: അതില്‍ നിങ്ങള്‍ ഒരു പ്രത്യേക രീതിയിലല്ലേ ഇരിയ്ക്കുന്നത്? എന്തു കൊണ്ട്? കാരണം, ശരീരത്തിന്‍റെ നിര്‍മ്മിതി അങ്ങനെയാണ്. ഏതോ വിദേശ സര്‍വ്വകലാശാല ഇതേ സംബന്ധിച്ചുനടത്തിയ പഠനപ്രകാരം, മലവിസര്‍ജ്ജനത്തിന് ഏറ്റവും പറ്റിയ രീതി അതാണ്, ''കാരണം, നിങ്ങളുടെ തുടകള്‍ ഉദരത്തോട് അമര്‍ന്നിരിക്കുന്നതിനാല്‍ വെളിയില്‍ വരേണ്ടതെല്ലാം വെളിയില്‍ വരുന്നു. വെളിയില്‍ വരേണ്ടതു വരുന്നില്ലെങ്കില്‍ അതു സാവധാനത്തില്‍ ശിരസ്സിലേക്ക് കയറുന്നു.

ജ്യാമിതി കൊണ്ടു വരല്‍

യോഗശാസ്ത്രത്തില്‍, ചില പ്രത്യേക ശാരീരികനിലകള്‍ ചില പ്രത്യേക പ്രവൃത്തികള്‍ക്കു യോജിച്ചതായിരിക്കുമെന്നു നമ്മള്‍ നിരീക്ഷിച്ചിട്ടുണ്ട്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, നിങ്ങള്‍ ഒരളവോളം ജ്യാമിതീയമായ പൂര്‍ണ്ണത കൈവരിയ്ക്കും വിധത്തില്‍ സ്വന്തം ശരീരത്തെ കൈകാര്യം ചെയ്യുന്നതിനെയാണ് ഹഠയോഗ എന്നു പറയുന്നത്. നിങ്ങളുടെ ജ്യാമിതീയത സൃഷ്ടിയുടെ കൂടുതല്‍ വിപുലമായ ജ്യാമിതീയതയുമായി ഏകാവസ്ഥയിലാകുന്നു. നിങ്ങള്‍ എല്ലായ്‌പ്പോഴും ഏകാത്മകമായി, ഒരിക്കലും വേര്‍പെട്ട് പോകാത്ത അവസ്ഥ കൈവരിക്കുകയും ചെയ്യുന്നു.

 

നിങ്ങള്‍ എത്ര മാത്രം സംതുലിതനാണെന്നും എത്രത്തോളം വ്യക്തമായി കാര്യങ്ങള്‍ മനസ്സിലാക്കുന്നുവെന്നും എത്ര മികവോടെ കാര്യങ്ങള്‍ ചെയ്യുന്നുവെന്നും നിങ്ങള്‍ ഏത്ര മാത്രം ഏകാത്മകം ആണെന്നതിനെ ആശ്രയിച്ചിരിക്കുന്നു. ആളുകളുമായോ മരങ്ങളുമായോ ജീവിതവുമായോ അല്ലെങ്കില്‍, തന്‍റെ ചുറ്റുപാടുകളുമായോ നിങ്ങള്‍ക്കുള്ള ഇതേ ഏകാത്മകതയാണ് ഈ ലോകത്തു നിങ്ങള്‍ എത്രത്തോളം ശാന്തമായും സംഘര്‍ഷരഹിതമായും പ്രവര്‍ത്തിയ്ക്കുന്നുവെന്നതു നിശ്ചയിയ്ക്കുന്നത്.

സംസാരിയ്ക്കുമ്പോള്‍ മാത്രമാണ് ഞാൻ ഇപ്രകാരം ഇരിക്കുന്നത് . സിദ്ധാസനം എന്ന ഒന്നുണ്ട്. ഇതിനു പല സവിശേഷതകളുമുണ്ട്. ലളിതമായ ഒരു സവിശേഷതയെന്നത്, നമ്മുടെ ഇടതുകാലിന്‍റെ ഉപ്പൂറ്റിയില്‍ ഇന്ന് വൈദ്യശാസ്ത്രം ''അക്കിലസ്’ എന്നു വിളിയ്ക്കുന്ന ഒരു ഭാഗമുണ്ടെന്നതാണ്. അക്കിലസ് എന്ന വ്യക്തിയെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ?

നിങ്ങള്‍ സ്വന്തം അക്കിലസ്സിനെ നിങ്ങളുടെ മൂലാധാരത്തില്‍, അഥവാ ഗുദത്തിനും വൃഷണത്തിനും/യോനിയ്ക്കുമിടയിലുള്ള ഭാഗത്തു വയ്ക്കുക. ഈ രണ്ടു ഭാഗങ്ങളും അന്യോന്യം സ്പര്‍ശനത്തിലായിരിയ്ക്കുന്ന പക്ഷം, നിങ്ങളിലുള്ള പല കാര്യങ്ങളും ശുദ്ധീകരിക്കപ്പെടും. നിങ്ങളുടെ ചിന്തകളും വികാരങ്ങളും ശുദ്ധമാകുകയും ചുറ്റും സംഭവിയ്ക്കുന്ന കാര്യങ്ങളെക്കുറിച്ചു വളരെ വ്യക്തമായ ധാരണയുണ്ടാകുകയും ചെയ്യും.

നിങ്ങളുടെ അക്കിലസ്സിനെ മൂലാധാരത്തില്‍ സ്പര്‍ശിച്ചു കൊണ്ട് ഇരിപ്പുറപ്പിയ്ക്കുമ്പോള്‍ ഒരു സംതുലിതാവസ്ഥ സൃഷ്ടിക്കപ്പെടുന്നു. അപ്പോള്‍ നിങ്ങള്‍ ഒരു പക്ഷവും ചേരുകയില്ല.

അക്കിലസ് കൊല്ലപ്പെട്ടത് അദ്ദേഹത്തിന്‍റെ ഉപ്പൂറ്റിയിലൂടെ ഒരു അമ്പു തുളച്ചു കയറിയിട്ടാണെന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. ഉപ്പൂറ്റിയില്‍ മുറിവേല്‍ക്കുന്നതു കൊണ്ട് ആരെങ്കിലും മരിയ്ക്കുമെന്നു നിങ്ങള്‍ കരുതുന്നുണ്ടോ? എന്നാല്‍ അക്കിലസ് അങ്ങനെയാണു മരിച്ചത്. അക്കിലസ്സിനു മുന്‍പ്, ഇന്ത്യയില്‍ ഇതേ രീതിയില്‍ മരണപ്പെട്ട ഒരാളുണ്ട്, കൃഷ്ണന്‍. ഇവിടെ പറഞ്ഞു വന്നത്, കേവലം തൊണ്ട പിളര്‍ക്കപ്പെടുകയോ ശിരസ്സു തകര്‍ക്കപ്പെടുകയോ ചെയ്യുന്നതിനു പകരം, അതിവിദഗ്ദ്ധമായ രീതിയിലാണ് അവർ കൊല ചെയ്യപ്പെട്ടത് എന്നാണ്. തങ്ങളുടെ അക്കിലസ്സില്‍ മുറിവേറ്റതു കൊണ്ട് അവര്‍ക്കു മരിക്കേണ്ടി വന്നു. ശരീരത്തില്‍ ഒരു പ്രത്യേക ഊര്‍ജ്ജവ്യവസ്ഥയുണ്ട്. നിങ്ങളുടെ അക്കിലസ്സിനെ മൂലാധാരത്തില്‍ സ്പര്‍ശിച്ചു കൊണ്ട് ഇരിപ്പുറപ്പിയ്ക്കുമ്പോള്‍ ഒരു സംതുലിതാവസ്ഥ സൃഷ്ടിക്കപ്പെടുന്നു. അപ്പോള്‍ നിങ്ങള്‍ ഒരു പക്ഷവും ചേരുകയില്ല.

പക്ഷം ചേരാതിരിക്കല്‍

നമുക്കെല്ലാവര്‍ക്കും നമ്മുടേതായ അഭിപ്രായങ്ങളും ആശയങ്ങളും പ്രത്യയ ശാസ്ത്രങ്ങളുമുണ്ട്. നിങ്ങളുടെ ജീവിതാനുഭവങ്ങളും മനസ്സില്‍ പതിഞ്ഞിട്ടുള്ള മുദ്രകളും നിങ്ങള്‍ കാണുന്ന എല്ലാക്കാര്യങ്ങളെയും സ്വാധീനിയ്ക്കുന്നു. നിങ്ങള്‍ക്ക് ഇതിഷ്ടപ്പെടുന്നു, അതിഷ്ടമാകുന്നില്ല. നിങ്ങള്‍ ആ വ്യക്തിയെ ഇഷ്ടപ്പെടുന്നു, ഇയാളെ വെറുക്കുന്നു. നിങ്ങള്‍ നിരന്തരമായി ഒരു നിലപാട് എടുക്കുന്നതാണ് ഇതിനെല്ലാം കാരണം. എന്നാല്‍ വാസ്തവമായും ജീവിതത്തെ അറിയാനാഗ്രഹിയ്ക്കുന്നുവെങ്കില്‍, യാതൊരു നിലപാടുകളും കൈക്കൊള്ളാതിരിയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനം. നിശ്ചയമായും, ജീവിതത്തിലെപ്പോഴും തികച്ചും പുതുമയോടെ എല്ലാ കാര്യങ്ങളെയും നോക്കിക്കാണുന്നതിനു തയ്യാറാകുക.

മുപ്പതു വര്‍ഷത്തിലേറെയായി എന്നോടൊപ്പമുള്ള ആളുകളുണ്ട്. അവര്‍ ദിവസേന എന്നോടൊപ്പം പ്രവര്‍ത്തിക്കുകയും അനേകം കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്നു. എന്നിട്ടും ഞാന്‍ അവരെക്കുറിച്ച്‌ ഒരഭിപ്രായവും പുലര്‍ത്തുന്നില്ല.

ഇതു മനസ്സിലാക്കാന്‍ ആളുകള്‍ക്കു വളരെ പ്രയാസമാണ്. മുപ്പതു വര്‍ഷത്തിലേറെയായി എന്നോടൊപ്പമുള്ള ആളുകളുണ്ട്. അവര്‍ ദിവസേന എന്നോടൊപ്പം പ്രവര്‍ത്തിക്കുകയും അനേകം കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്നു. എന്നിട്ടും ഞാന്‍ അവരെക്കുറിച്ച്‌ ഒരഭിപ്രായവും പുലര്‍ത്തുന്നില്ല. എന്നാല്‍ എന്തെങ്കിലും ജോലിയുടെ ആവശ്യം വരുമ്പോള്‍ മാത്രമാണ് ഞാനവരുടെ കാര്യക്ഷമതയും മറ്റും പരിശോധിക്കുന്നത്. എന്നാല്‍ അവരെപ്പറ്റി ഞാന്‍ ഒരഭിപ്രായവും സൂക്ഷിയ്ക്കുന്നില്ല. എന്നാൽ നിങ്ങള്‍ ഇപ്പോഴേക്കും അവരവരുടേതായ അഭിപ്രായങ്ങള്‍ രൂപീകരിച്ചു കഴിഞ്ഞിട്ടുണ്ടാകാം, ഞാന്‍ അങ്ങനെയല്ല. കാരണം, അതാണ് ആത്മാന്വേഷണ പ്രക്രിയയുടെ കാതല്‍. അതായതു ഓരോ ജീവിതത്തെയും ഒരു സാധ്യതയായി നിരന്തരം നോക്കിക്കാണുക.

തീര്‍ച്ചയായും സാധ്യതയ്ക്കും യാഥാര്‍ത്ഥ്യത്തിനുമിടയില്‍ ഒരു ദൂരമുണ്ട്. ചിലര്‍ക്കൊക്കെ ആ ദൂരം താണ്ടുന്നതിനുള്ള ധൈര്യവും പ്രതിബദ്ധതയുമുണ്ടായിരിക്കുമെങ്കിലും മറ്റു ചിലര്‍ക്ക് അതുണ്ടാകണമെന്നില്ല. എന്നാല്‍ ഓരോ ജീവിതവും ഒരു സാധ്യതയാണ്. ഈ സാധ്യതയെ പ്രത്യക്ഷമായി നിലനിര്‍ത്താന്‍ നിങ്ങളാഗ്രഹിയ്ക്കുന്നുവെങ്കില്‍, ഒരിയ്ക്കലും ആരെക്കുറിച്ചും ഒരുതരത്തിലുള്ള അഭിപ്രായവും രൂപീകരിക്കാതിരിക്കുക.

നല്ലത്, മോശം, വൃത്തികെട്ടത് എന്നിങ്ങനെയുള്ള അഭിപ്രായങ്ങള്‍ കരുപ്പിടിപ്പിക്കാതിരിക്കുക. ഈ നിമിഷത്തില്‍ അവരെ നോക്കിക്കാണുക. ഈ നിമിഷത്തില്‍ അവര്‍ എന്തായിരിയ്ക്കുന്നുവെന്നതാണ് എന്‍റെ നോട്ടത്തില്‍ പ്രധാനം. നിങ്ങള്‍ ഇന്നലെ എന്തായിരുന്നുവെന്നത് എന്‍റെ വിഷയമല്ല. നിങ്ങള്‍ നാളെ എന്തായിരിക്കുമെന്നത് നമുക്കു നോക്കാം. നാളെയെന്നത് നിശ്ചയമായും സൃഷ്ടിയ്ക്കപ്പെടേണ്ടിയിരിയ്ക്കുന്നു, ഇപ്പോള്‍ത്തന്നെ രൂപകല്‍പന ചെയ്യേണ്ടതില്ല.

ശരിയായ ജ്യാമിതി കൈവരിയ്ക്കല്‍

ശരീരത്തിന് അതിന്‍റേതായ ഒരു പ്രത്യേക ജ്യാമിതീയതയുണ്ട്. പാശ്ചാത്യ രാജ്യങ്ങള്‍ ഇപ്പോള്‍ ഇത് പ്രചരിപ്പിച്ചു വരികയാണ്‌, “യോഗയെന്നത് കൈകാലുകള്‍ വലിച്ചു നീട്ടുന്ന ഒരു വ്യായാമമാണ്, അതിനു പകരം നിങ്ങള്‍ക്ക് പൈലേറ്റ്സോ മുഷ്ഠി യുദ്ധമോ ടെന്നീസോ മറ്റോ കളിയ്ക്കാവുന്നതാണ്”. കേവലം ആരോഗ്യം കൈവരിക്കാനാണ് നിങ്ങളാഗ്രഹിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് ഓടുകയോ മലകയറുകയോ ടെന്നീസ്‌ കളിക്കുകയോ മറ്റെന്തെങ്കിലും ചെയ്യുകയോ ആകാം. യോഗ കേവലം ശാരീരികാരോഗ്യത്തിന് വേണ്ടി മാത്രമുള്ളതല്ല, അത് ഒരു പരിണതഫലം മാത്രമാണ്. ജീവിതത്തിന്‍റെ ശരിയായ ജ്യാമിതീയത കൈവരിക്കുകയെന്നതാണു സാധിച്ചെടുക്കേണ്ടത്. കാരണം, ഭൗതികപ്രപഞ്ചം ഒന്നാകെ ജ്യാമിതീയമാണ്.

ഒരു കെട്ടിടം നിങ്ങളുടെ തലയിലേക്കു പതിക്കുമോ നീണ്ടകാലം നിലനില്‍ക്കുമോയെന്നത് അതിന്‍റെ ജ്യാമിതീയമായ പൂര്‍ണ്ണതയുടെ തോതിനെ ആശ്രയിച്ചിരിക്കുന്നു. ഇതു തന്നെ നമ്മുടെ ശരീരത്തിനും ഗ്രഹങ്ങള്‍ക്കും പ്രപഞ്ചത്തിനും മറ്റെല്ലാത്തിനും ബാധകമാണ്.

ഭൂമിയെന്ന ഗ്രഹം സൂര്യനെ ചുറ്റുന്നത് അതിനോട് ഒരു ഉരുക്കു കേബിള്‍ ഘടിപ്പിച്ചിരിയ്ക്കുന്നതു കൊണ്ടല്ല, ജ്യാമിതീയമായ പൂര്‍ണ്ണതയാണ് അതിനു ഹേതു. ജ്യാമിതീയമായി അല്‍പമൊരു അപൂര്‍ണ്ണതയുണ്ടായാല്‍ അത് എന്നെന്നേയ്ക്കുമായി അപ്രത്യക്ഷമാകും. ഇതു നിങ്ങളെ സംബന്ധിച്ചും സത്യമാണ്. നിങ്ങള്‍ തന്‍റെ അടിസ്ഥാനപരമായ ജ്യാമിതീയത്തില്‍ നിന്നും വ്യതിചലിക്കുകയാണെങ്കില്‍ നിങ്ങളെ നിങ്ങൾക്കു തന്നെ നഷ്ടമായേക്കും.

കേവലം ആരോഗ്യം കൈവരിക്കാനാണ് നിങ്ങളാഗ്രഹിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് ഓടുകയോ മലകയറുകയോ ടെന്നീസ്‌ കളിക്കുകയോ മറ്റെന്തെങ്കിലും ചെയ്യുകയോ ആകാം. യോഗ കേവലം ശാരീരികാരോഗ്യത്തിന് വേണ്ടി മാത്രമുള്ളതല്ല, അത് ഒരു പരിണതഫലം മാത്രമാണ്. ജീവിതത്തിന്‍റെ ശരിയായ ജ്യാമിതീയത കൈവരിക്കുകയെന്നതാണു സാധിച്ചെടുക്കേണ്ടത്. കാരണം, ഭൗതികപ്രപഞ്ചം ഒന്നാകെ ജ്യാമിതീയമാണ്.

വളരെ ചെറിയ പ്രായത്തില്‍ത്തന്നെ, വ്യക്തമായ ജ്യാമിതീയതയെക്കുറിച്ചുള്ള ധാരണ കൈവരിക്കുന്നതിനുതകുന്ന ശരിയായ കാര്യങ്ങള്‍ ചെയ്യുക എന്നതു വളരെ പ്രധാനമാണ്. അപ്പോള്‍ നിങ്ങള്‍ ജീവിതത്തിലൂടെ കടന്നു പോകുന്നതിനു കഴിവുറ്റവനാകും. ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ മാത്രം സംഭവിയ്ക്കണമെന്നാഗ്രഹിയ്ക്കുന്ന ആളുകള്‍ ജീവിക്കാന്‍ കൊള്ളാത്തവരാണ്. കാരണം, പരുക്കന്‍ സാഹചര്യങ്ങളിലൂടെ സന്തോഷകരമായി കടന്നു പോകാനറിയില്ലെങ്കില്‍ നിങ്ങള്‍ എല്ലാ സാധ്യതകളെയും ഒഴിവാക്കും. അല്‍പമാത്രമായ ഒരു വൈഷമ്യം നിങ്ങള്‍ ഒഴിവാക്കാനാഗ്രഹിയ്ക്കുന്നതു കൊണ്ടു മാത്രം ജീവിതത്തിലെ എല്ലാ ശ്രേഷ്ഠമായ സാധ്യതകളേയും നിങ്ങളൊഴിവാക്കുന്നു. ജ്യാമിതീയമായി നിങ്ങള്‍ പൊരുത്തത്തിന്‍റേതായ ഒരു പ്രത്യേക അവസ്ഥയിലായിരിക്കുമ്പോള്‍ മാത്രമാണ് ഏതൊരു സാഹചര്യത്തിലൂടെയും, അതെന്തു തന്നെയായാലും, കടന്നു പോകുന്നതിനുള്ള സന്നദ്ധത നിങ്ങള്‍ക്കുണ്ടാകുന്നത്.

Editor's Note: നിങ്ങളൊരു വിവാദമായ ചോദ്യത്തിന് ഉത്തരം തേടുകയാണോ?, അതോ സദാചാരത്തെ സംബന്ധിച്ച ഒരു ചോദ്യം നിങ്ങള്‍ അലട്ടുന്നുണ്ടോ?, അതോ മറ്റാരും ഉത്തരം തരാത്ത ചോദ്യങ്ങള്‍ ഉള്ളില്‍ ജ്വലിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ചോദ്യങ്ങള്‍ സദ്ഗുരുവിനോട് ചോദിക്കാം UnplugWithSadhguru.org.

Youth and Truth Banner Image