സദ്ഗുരു ഈയിടെ ജീവനു ഭീഷണിയായ ഒരു ശാരീരിക അവസ്ഥയിലൂടെ കടന്നു പോയി. അദ്ദേഹം ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്.

കഴിഞ്ഞ നാലാഴ്ചയായി സദ്ഗുരു കടുത്ത തലവേദന അനുഭവിക്കുകയായിരുന്നു. വേദനയുടെ കാഠിന്യം ഉണ്ടായിരുന്നിട്ടും, അദ്ദേഹം തൻ്റെ  പ്രവർത്തനങ്ങൾ തുടർന്നു. 2024 മാർച്ച് 8-ന് മഹാശിവരാത്രി ആഘോഷങ്ങളും അദ്ദേഹം വളരെ സജീവമായി നയിച്ചു.


2024 മാർച്ച് 15 ഉച്ചയോടെ അദ്ദേഹം ഡൽഹിയിൽ എത്തിയപ്പോൾ തലവേദന വളരെ രൂക്ഷമായി. ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടൻ്റ് ന്യൂറോളജിസ്റ്റ് ഡോ.വിനിത് സൂരിയുടെ നിർദ്ദേശപ്രകാരം, സദ്ഗുരു അതേ ദിവസം വൈകുന്നേരം 4:30 ന് അടിയന്തിര എംആർഐക്ക് വിധേയനായി. തുടർന്ന് തലച്ചോറിൽ വൻ രക്തസ്രാവം കണ്ടെത്തി. പരിശോധനയിൽ 3-4 ആഴ്ച പഴക്കമുള്ള രക്തസ്രാവത്തിന് പുറമേ 24-48 മണിക്കൂറിനുള്ളിൽ സംഭവിച്ച രക്തസ്രാവവും കണ്ടെത്തി.

അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദ്ദേശിച്ചെങ്കിലും, "എൻ്റെ കഴിഞ്ഞ 40 വർഷത്തിനിടയിൽ ഒരു മീറ്റിംഗ് പോലും ഞാൻ നഷ്ടപ്പെടുത്തിയിട്ടില്ല" എന്ന് സദ്ഗുരു ഡോക്ടർമാരോട് പറഞ്ഞു. കഠിനവും വേദനാജനകവുമായ ലക്ഷണങ്ങൾ ഉണ്ടായിരുന്നിട്ടും, മാർച്ച് 15-ന് മുൻകൂട്ടി നിശ്ചയിച്ച തൻ്റെ മീറ്റിംഗുകളിലും മാർച്ച് 16-ന് ഇന്ത്യാ ടുഡേ കോൺക്ലേവിലും,ഉയർന്ന അളവിലുള്ള വേദന സംഹാരികളുടെ സഹായത്തോടെ അദ്ദേഹം പങ്കെടുത്തു.


2024 മാർച്ച് 17-ന്, ഇടതുകാലിൽ ബലഹീനത അനുഭവപ്പെടുകയും അദേഹത്തിന്റെ മസ്‌തിഷ്കത്തിന്റെ നില അതിവേഗം വഷളാവുകയും ചെയ്തു. ഒപ്പം തന്നെ ആവർത്തിച്ചുള്ള ഛർദ്ദിയും കഠിനമായ തലവേദനയും ഉണ്ടായി. തുടർന്ന് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തു. മസ്തിഷ്ക വീക്കത്തിൽ വലിയ രീതിയിലുള്ള വളർച്ചയും ജീവന് ആപൽക്കരമാം വിധം മസ്തിഷ്കം ഒരു വശത്തേക്ക് ചരിഞ്ഞതും സിടി സ്കാനിലൂടെ വെളിപ്പെട്ടു.

ഡോക്ടർമാരുടെ ഒരു സംഘം (ഡോ. വിനിത് സൂരി, ഡോ. പ്രണവ് കുമാർ, ഡോ. സുധീർ ത്യാഗി, ഡോ. എസ്. ചാറ്റർജി) സദ്ഗുരുവിനെ, തലയോട്ടിയിലെ രക്തസ്രാവം നിർത്തുന്നതിനായി, അഡ്മിറ്റ് ചെയ്ത് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഒരു അടിയന്തര മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയയ്ക്ക് ശേഷം സദ്ഗുരുവിനെ വെൻ്റിലേറ്ററിൽ നിന്ന് മാറ്റി.


സദ്ഗുരുവിന്റെ ആരോഗ്യനിലയിൽ സ്ഥിരതയാർന്ന പുരോഗതി കാണാൻ തുടങ്ങുകയും അദ്ദേഹത്തിൻ്റെ മസ്തിഷ്കവും മറ്റു ശാരീരിക പ്രവർത്തനങ്ങളും പൂർവ്വസ്ഥിതിയിലേക്ക് വരുകയും ചെയ്തു. പ്രതീക്ഷിച്ചതിലും വേഗതയിൽ അദ്ദേഹം സുഖം പ്രാപിക്കുന്നു എന്ന് ഡോ. സൂരി അഭിപ്രായപ്പെട്ടു. "ഞങ്ങൾ നൽകുന്ന ചികിത്സയോടൊപ്പം തന്നെ സദ്ഗുരു സ്വയം സുഖം പ്രാപിക്കുന്നു", അദ്ദേഹം പറഞ്ഞു.