ചോദ്യം: ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഊര്‍ജ്ജത്തെയാധാരമാക്കുന്ന ചില പരിഹാരമാര്‍ഗ്ഗങ്ങളുണ്ട്. ടെന്‍സര്‍, ഫ്രീക്വന്‍സി ജെനറേറ്റര്‍ തുടങ്ങിയവ. ഇവ സിഗ്നലുകളില്‍ നെഗറ്റീവ് പൊളാരിറ്റി സൃഷ്ടിച്ച് അതു നമ്മുടെ ശരീരത്തിലേയക്കു സന്നിവേശിപ്പിക്കുന്നു. ഇത്തരത്തിലുള്ള രോഗചികിത്സ ഏതെങ്കിലും കര്‍മ്മത്തെയുളവാക്കുമോ? 

സദ്ഗുരു: ഞാന്‍ പറയാന്‍ പോകുന്നത് കച്ചവടക്കാര്‍ക്കു സന്തോഷമുണ്ടാക്കുന്ന കാര്യമല്ല. എന്നാല്‍, എനിയ്ക്കിതു പറയാതിരിക്കാനും വയ്യ. സ്പന്ദനങ്ങളോ ജൈവോര്‍ജ്ജങ്ങളോ ഉപയോഗിച്ചുള്ള ചികിത്സ വളരെ ശ്രദ്ധയോടെയും കൃത്യതയോടെയും ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം, ഇത്തരം രീതികളെ പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ആളുകള്‍ക്കു തന്നെ ഇവ ദോഷം വരുത്തുന്നതായി ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ക്കു ജീവിതത്തില്‍ വളരെയധികം കഷ്ടനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ചിലരാകട്ടെ, ജീവിച്ചിരിക്കുന്നുമില്ല. 

ഇത്തരം യന്ത്രങ്ങളില്‍ ഭൂരിഭാഗവും, അവയുടെ പ്രവര്‍ത്തന ശേഷിയും പാര്‍ശ്വഫലങ്ങളും നിര്‍ണ്ണയിക്കുന്ന പരിശോധനകള്‍ക്കു വിധേയമായിട്ടുണ്ടാകില്ല.

എന്നാല്‍, എല്ലാ ദിവസവും ഒരു പുതിയ ഉപകരണം പുറത്തിറങ്ങുന്നു. നിങ്ങള്‍ ഇക്കാര്യം മനസ്സിലാക്കാന്‍ ഞാനാഗ്രഹിക്കുന്നു; നിങ്ങള്‍ക്കൊരു പുറം വേദനയുണ്ടെന്നു കരുതുക. ആ സമയത്ത് നിങ്ങളൊരു വൈദ്യുതജനറേറ്ററിനു സമീപം ഇരിക്കാനിട വരുന്നു. അപ്പോള്‍ നിങ്ങളുടെ പുറംവേദന സുഖപ്പെട്ടേയ്ക്കാം. ജനറേറ്ററില്‍നിന്നു നിര്‍ഗ്ഗമിക്കുന്ന സ്പന്ദനങ്ങളാണ് ഇതിനു കാരണം. എന്നാല്‍ ഇതിനര്‍ത്ഥം, പുറംവേദന സുഖപ്പെടുത്തുന്ന യന്ത്രങ്ങളെന്ന പേരില്‍ നിങ്ങള്‍ വൈദ്യുതജനറേറ്ററുകള്‍ വില്‍ക്കണമെന്നല്ല. കാരണം, അതിന്‍റെ ആഘാതങ്ങളെന്തെല്ലാമെന്നു നിങ്ങള്‍ക്കറിയില്ല. 

തേള്‍ കുത്തുന്നതോ പാമ്പു കടിക്കുന്നതോ മൂലം പലപ്പോഴും ആളുകള്‍ക്ക് രോഗങ്ങള്‍ സുഖപ്പെട്ടിട്ടുണ്ട്. കാരണം, ഇവയുടെ വീര്യമേറിയ വിഷത്തിന് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നുതിനുള്ള കഴിവുണ്ട്. പാമ്പിന്‍ വിഷമുപയോഗിച്ച് ആശ്ചര്യകരമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ഇക്കാലത്ത്, പാമ്പിന്‍ വിഷം ഔഷധമായുപയോഗിക്കുന്ന ധാരാളം ശാസ്ത്രങ്ങള്‍ ഉരുത്തിരിഞ്ഞു കൊണ്ടിരിക്കുകയാണ്. മൂര്‍ഖന്‍ പാമ്പിന്‍റെ വിഷം പല യോഗികളും ഉള്‍ക്കാഴ്ച വര്‍ദ്ധിപ്പിക്കുന്നതിനായി ഉപയോഗിക്കാറുണ്ട്. എന്നാല്‍, കൃത്യമായ അളവില്‍ ശ്രദ്ധയോടെ വേണം ഇതുപയോഗിക്കാന്‍. ഇവയൊന്നും ആളുകളെ രസിപ്പിക്കുന്നതിനു ചെയ്യുന്ന സാഹസകൃത്യങ്ങളുമല്ല. പ്രത്യേകരീതിയില്‍ ഉപയോഗിക്കുന്ന പക്ഷം, ഇവ ശക്തിമത്തായ ഉപാധികളാണ്. 

അതു പോലെ, ചില പ്രത്യേക സ്പന്ദനങ്ങള്‍ ചില പ്രത്യേക ഫലങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടാകാം. എന്നാല്‍, ഇവയുപയോഗിച്ച് എല്ലാ രോഗങ്ങളും സുഖപ്പെടുത്താമെന്ന ധാരണയില്‍, ഇവയുടെ പ്രവര്‍ത്തനതത്വത്തെ അടിസ്ഥാനപ്പെടുത്തി യന്ത്രങ്ങള്‍ നിര്‍മ്മിച്ചു വില്‍ക്കുന്നത് വളരെ ബാലിശമായിരിക്കും. ഇത്തരം യന്ത്രങ്ങളില്‍ ഭൂരിഭാഗവും, അവയുടെ പ്രവര്‍ത്തന ശേഷിയും പാര്‍ശ്വഫലങ്ങളും നിര്‍ണ്ണയിക്കുന്ന പരിശോധനകള്‍ക്കു വിധേയമായിട്ടുണ്ടാകില്ല. 

ഇത്തരമാളുകള്‍ കച്ചവടത്തിനു തിരക്കു കൂട്ടുന്നവരാണ്. ഏതെങ്കിലും സംഗതി അല്‍പം പ്രയോജനപ്രദമാണെന്നു കാണുന്ന പക്ഷം, അവരതു നിങ്ങള്‍ക്കു നല്‍കാനാഗ്രഹിക്കുന്നു. ഒരു പ്രത്യേക നിമിഷത്തില്‍ ഒരു പ്രത്യേക രീതിയില്‍ നിങ്ങളെ സ്പര്‍ശിക്കുന്ന ഏതോരു സംഗതിയും പ്രയോജനകരം തന്നെ. എന്നാല്‍ ഇതിനര്‍ത്ഥം, അതൊരു നിലവാരമുള്ള ചികിത്സാക്രമമാണെന്നല്ല. അവയുടെ ഗുണനിലവാരം ശരിയായ രീതിയില്‍ നിര്‍ണ്ണയിയ്ക്കപ്പെടാത്ത പക്ഷം, അത്തരം ഉപരണങ്ങള്‍ പരീക്ഷിച്ചു നോക്കരുതെന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം. 

ഒരു മനുഷ്യന് ഭൗതികേതരമായതില്‍ വേരുകളുണ്ടെങ്കില്‍ മാത്രമേ, അയാള്‍ ഏതെങ്കിലും തരത്തിലുള്ള ഭൗതികോര്‍ജ്ജം ഉപയോഗിക്കാവൂ.

ഒരു യന്ത്രത്തിന്, അത് ഏതു യന്ത്രവുമാകട്ടെ, ഒരു നിശ്ചിത അളവിലുള്ള ഭൗതികോര്‍ജ്ജത്തെ മാത്രമേ ഉത്പാദിപ്പാദിപ്പിക്കാന്‍ കഴിയൂ – കൂടി വന്നാല്‍, ആളുകള്‍ ജൈവോര്‍ജ്ജമെന്നു വിശേഷിപ്പിക്കുന്ന സംഗതിയെ ഉണ്ടാക്കാന്‍ സാധിക്കുമായിരിക്കും . എങ്കിലും, ഞാന്‍ ഇതു സംബന്ധിച്ച സാങ്കേതിക ഭാഷയിലേക്ക് കടക്കാനുദ്ദേശിക്കുന്നില്ല. ഊര്‍ജ്ജത്തിന് ഒരു ഭൗതികതലവും ഒരു ഭൗതികേതര തലവുമുണ്ട്. നിര്‍ബന്ധമായും, ഒരു മനുഷ്യന് ഭൗതികേതരമായതില്‍ വേരുകളുണ്ടെങ്കില്‍ മാത്രമേ, അയാള്‍ ഏതെങ്കിലും തരത്തിലുള്ള ഭൗതികോര്‍ജ്ജം ഉപയോഗിക്കാവൂ. ഇക്കാരണത്താലാണു ഞാനെപ്പോഴും രോഗശുശ്രൂഷകരെയും മറ്റും നിരുത്സാഹപ്പെടുത്തുന്നത്. സ്വന്തം ഭൗതികോര്‍ജ്ജങ്ങളെ എപ്രകാരമുപയോഗിക്കണമെന്ന് അല്‍പമൊരു ധാരണയുള്ളതു കൊണ്ടു മാത്രം, അവ ഉപയോഗിക്കാതിരിക്കുക. കാരണം, അവക്കു തനതായ സാധ്യതകളും പരിമിതികളും ഗുരുതരമായ പ്രശ്‌നങ്ങളുമുണ്ട്. 

നിങ്ങള്‍ ഭൗതികേതരമായതില്‍ ആഴ്ന്നുവെങ്കില്‍ മാത്രമേ, ഭൗതികമായതിനെ അല്‍പമെങ്കിലും ഉപയോഗിക്കാന്‍ കഴിയൂ. അല്ലാത്ത പക്ഷം അതിനു ശ്രമിക്കാതിരിക്കുക.