ചോദ്യം: ഊർജ്ജത്തെ പ്രതികൂലമായി ഉപയോഗിക്കാമോ, ഉദാഹരണത്തിന് മന്ത്രവാദത്തിനായി? എന്താണ് മന്ത്രവാദം?

സദ്ഗുരു: ഊർജം വെറും ഊർജമാണെന്ന് നിങ്ങൾ മനസ്സിലാക്കണം; അത് ദൈവികമോ പൈശാചികമോ  അല്ല. അതിൽ നിന്ന് നിങ്ങൾക്ക് എന്തിനേയും - ഒരു ദൈവത്തെയോ പിശാചിനെയോ - ഉണ്ടാക്കാം. അത് വൈദ്യുതി പോലെയാണ്. വൈദ്യുതി ദൈവികമാണോ അതോ പിശാചാണോ? അത് നിങ്ങളുടെ വീടിന് വിളക്കു കൊളുത്തുമ്പോൾ അത് ദൈവികമാണ്. അതൊരു വൈദ്യുതക്കസേരയായാൽ അത് പിശാചാണ്. ആ നിമിഷം ആരാണ് അത് പ്രവർത്തിപ്പിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

യഥാർത്ഥത്തിൽ, അയ്യായിരം വർഷങ്ങൾക്ക് മുമ്പ്, അർജ്ജുനൻ കൃഷ്ണനോട് ഇതേ ചോദ്യം ചോദിച്ചു, "എല്ലാം ഒരേ ഊർജ്ജമാണെന്നും എല്ലാം ദൈവികമാണെന്നും അങ്ങ് പറയുന്നു, അപ്പോൾ ദുര്യോധനനിലും ഉള്ളത് അതേ ദൈവികതയാണെങ്കിൽ, അയാൾ എന്തുകൊണ്ടാണ് ഇങ്ങനെ പ്രവർത്തിക്കുന്നത്?" കൃഷ്ണൻ ചിരിച്ചു, കാരണം എല്ലാ പ്രബോധനത്തിന് ശേഷവും അർജ്ജുനൻ ലളിതവും അടിസ്ഥാനപരവും കുട്ടിത്തം നിറഞ്ഞതുമായ ഈ ചോദ്യത്തിലേക്ക് തന്നെ തിരികെവരുകയാണ്. കൃഷ്ണൻ മറുപടി പറഞ്ഞു, "ദൈവം നിർഗുണമാണ്, ദൈവികതയും നിർഗുണമാണ്. അവന് സ്വന്തമായി ഒരു ഗുണവുമില്ല." 

അതിനർത്ഥം അത് ശുദ്ധമായ ഊർജ്ജം മാത്രമാണ്. നിങ്ങൾക്ക് അതിൽ നിന്ന് എന്തും ഉണ്ടാക്കാം. നിങ്ങളെ തിന്നാൻ വരുന്ന കടുവയ്ക്കും അതേ ഊർജമാണ്, രക്ഷിക്കാൻ വരുന്ന ദൈവത്തിനും അതേ ഊർജം തന്നെയാണ്. അവ വ്യത്യസ്ത രീതികളിൽ പ്രവർത്തിക്കുന്നു എന്ന് മാത്രം. നിങ്ങൾ നിങ്ങളുടെ കാർ ഓടിക്കുമ്പോൾ, അത് നല്ലതാണോ ചീത്തയാണോ? അതിന് നിങ്ങളുടെ ജീവിതത്തെ സഹായിക്കാം അല്ലെങ്കിൽ നിങ്ങളുടെ ജീവൻ ഏതു നിമിഷവും അപഹരിക്കാം, അല്ലേ?

അപ്പോൾ, ആളുകൾക്ക് മന്ത്രവാദം ചെയ്യാൻ കഴിയുമോ? തീർച്ചയായും കഴിയും. അനുകൂലമായി ഉപയോഗിക്കാമെങ്കിൽ പ്രതികൂലമായും ഉപയോഗിക്കാം. ഒരു വേദം, അഥർവണ വേദം, അനുകൂലമായും പ്രതികൂലമായും ഊർജ്ജത്തെ ഉപയോഗിക്കുന്നതിന് വേണ്ടി സമർപ്പിക്കപ്പെട്ടിരിക്കുന്നതാണ്. പക്ഷെ ഞാൻ കണ്ടിട്ടുള്ളത്, മിക്കപ്പോഴും ഈ കാര്യങ്ങൾ മാനസികമാണ് എന്നതാണ്. ഒരു ചെറിയ ഭാഗം ഉണ്ടായിരിക്കാം, പക്ഷേ ബാക്കിയുള്ളത് നിങ്ങളുടെ സ്വന്തം മനസ്സ് നിങ്ങളെ ഭ്രാന്തമാക്കുന്നതാണ്.

എനിക്ക് നിങ്ങളെ ഭ്രാന്തനാക്കണമെങ്കിൽ, എനിക്ക് യഥാർത്ഥ മന്ത്രവാദമൊന്നും ചെയ്യേണ്ടതില്ല. നാളെ രാവിലെ നിങ്ങൾ നിങ്ങളുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ, തലയോട്ടിയും കുറച്ച് രക്തവും അവിടെയുണ്ടെന്ന് കരുതുക, നിങ്ങൾ ഇത് കണ്ടുകഴിഞ്ഞാൽ, എല്ലാം തീർന്നു! നിങ്ങൾ ഒരു രോഗിയാകും, നിങ്ങളുടെ ബിസിനസ്സ് മോശമാകും, ഒരു പ്രത്യേക ഭയം നിങ്ങളെ പിടികൂടുന്നതിനാൽ എല്ലാം പ്രതികൂലമായി നിങ്ങൾക്ക് സംഭവിക്കും. ഒരു മന്ത്രവാദവും ചെയ്തിട്ടില്ല. എന്നാൽ ഇത് ഒരുതരം മന്ത്രവാദമാണെന്ന് തോന്നിപ്പിക്കുന്ന ചില ചിഹ്നങ്ങൾ നിങ്ങളുടെ മനസ്സിനെ നശിപ്പിക്കും.

അതിനാൽ മിക്കപ്പോഴും, ഇത് മാനസികമാണ്. നിങ്ങൾക്കെതിരെ മന്ത്രവാദം പ്രയോഗിച്ചാലും, പത്ത് ശതമാനം മാത്രമായിരിക്കും യഥാർത്ഥമായത്. ബാക്കി നിങ്ങൾ സ്വയം നശിക്കുകയാണ്. അതുകൊണ്ടാണ് ഇത് പ്രതീകാത്മകമാകുന്നത്. നിങ്ങളുടെ സ്വന്തം മനസ്സിന്റെ സ്വാധീനം അവർ മനസ്സിലാക്കി. ആ പ്രതീകാത്മകത സൃഷ്ടിച്ചുകഴിഞ്ഞാൽ, പിന്നെ നിങ്ങൾ സ്വയം നശിപ്പിക്കുകയായി.

മന്ത്രവാദത്തെ എങ്ങനെ നീക്കംചെയ്യാം? എന്നാൽ അതെ, ഒരു വ്യക്തിക്ക് അയാളുടെ ഊർജ്ജത്തെ പ്രതികൂലമായി, മറ്റൊരാൾക്ക് ദോഷം വരുത്തുന്നതിന് വേണ്ടി ഉപയോഗിക്കാവുന്ന ഒരു ശാസ്ത്രമുണ്ട്. എന്താണ് അതിൽനിന്നുള്ള സംരക്ഷണം? ഒരു കാര്യം, നിങ്ങൾ ആദ്ധ്യാത്മിക സാധനയിലാണെങ്കിൽ, ആ കാര്യങ്ങളെക്കുറിച്ചോർത്ത് വിഷമിക്കേണ്ടതില്ല. അത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക പോലും വേണ്ടതില്ല.

മറ്റൊരു മാർഗം, നിങ്ങൾക്ക് രുദ്രാക്ഷം പോലെയുള്ള ചില സംരക്ഷണങ്ങൾ ധരിക്കാം, അത് ഏത് തരത്തിലുള്ള നെഗറ്റിവിറ്റിയിൽ നിന്നുമുള്ള ഒരു സംരക്ഷണം പോലെയാണ്. എന്നാൽ അത്തരം കാര്യങ്ങളെക്കുറിച്ച് നിങ്ങൾ വിഷമിക്കേണ്ടതില്ല. ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുക. നിങ്ങൾ സാധനയിലാണെങ്കിൽ, നിങ്ങൾ വ്യാകുലപ്പെടേണ്ടതേയില്ല; അതിനെ കൈകാര്യം ചെയ്തുകൊള്ളും.

ധ്യാനലിംഗം

നിങ്ങൾ അത്തരം സ്വാധീനങ്ങൾക്ക് വിധേയരായിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ധ്യാനലിംഗത്തിന്റെ പരിധിയിൽ വന്ന് ഇരിക്കാം, കാരണം ധ്യാനലിംഗത്തിന് ഇതിനെയെല്ലാം നിഷ്ഫലമാക്കുന്ന ചില മാനങ്ങളുണ്ട്. നിങ്ങളോട് ഇതുപോലെ എന്തെങ്കിലും ചെയ്തുവെന്ന് നിങ്ങൾ ഭയപ്പെടുന്നുവെങ്കിൽ, ഒരു ദിവസം അവിടെ ഇരിക്കുക. അത് വ്യര്‍ത്ഥമാകും. എന്നാൽ ആ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താതിരിക്കുന്നതാണ് നല്ലത്, കാരണം, മറ്റാർക്കും ചെയ്യാൻ കഴിയുന്നതിനേക്കാൾ കൂടുതൽ "മന്ത്രവാദം" നിങ്ങളുടെ മനസ്സ് നിങ്ങളോട് ചെയ്യുന്നുണ്ട്.

ധ്യാനലിംഗത്തിന്റെ കവാടത്തിൽ വനശ്രീ, പതഞ്ജലി ദേവാലയങ്ങളുണ്ട്. ധ്യാനലിംഗത്തിൽ നിന്ന് പതിനഞ്ച് ഡിഗ്രി കോണിലാണ് അവ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടാണ് അവ അവിടെത്തന്നെ സ്ഥിതിചെയ്യുന്നത്. അല്ലാത്തപക്ഷം, വാസ്തുവിദ്യയനുസരിച്ച്, അവരെ കൂടുതൽ അടുത്ത് ഞാൻ പ്രതിഷ്ഠിക്കുമായിരുന്നു.

സാധാരണയായി, ചില ആത്മാക്കളാലോ അല്ലെങ്കിൽ ദുർമന്ത്രവാദത്താലോ ബാധിക്കപ്പെട്ടവരോടും അല്ലെങ്കിൽ അത്തരം പ്രശ്‌നങ്ങൾ ഉള്ളവരോടും, പ്രശ്‌നത്തിന്റെ പ്രകൃതം അനുസരിച്ച്, പതിനഞ്ച് ഡിഗ്രി കോൺ മുന്നോട്ടോ  അല്ലെങ്കിൽ പതിനഞ്ച് ഡിഗ്രി കോൺ പിന്നിലേക്കോ ഇരിക്കാൻ ആവശ്യപ്പെടുന്നു.

ആളുകൾക്ക് അത് പ്രയോജനപ്പെടുത്താൻ കഴിയുന്ന തരത്തിലാണ് ആ ഇടം പ്രത്യേകം സൃഷ്ടിച്ചിരിക്കുന്നത്. നിങ്ങൾ അതിനെക്കുറിച്ച് ബോധവാനാണെങ്കിലും അല്ലെങ്കിലും, ദുർമന്ത്രവാദം പോലെയുള്ള ഊർജ്ജത്തിന്റെ പ്രതികൂലമായ ഉപയോഗം നടക്കുന്നുണ്ട്. പതിനഞ്ച് ഡിഗ്രി കോണിലാണ് വാതിൽ ഉള്ളത്. നിങ്ങൾ അതിനെക്കുറിച്ച് ബോധവാനാണെങ്കിലും അല്ലെങ്കിലും, ധ്യാനലിംഗത്തിലേക്ക് പ്രവേശിക്കുന്ന എല്ലാവരിലുമുള്ള പ്രതികൂല സ്വാധീനങ്ങൾ ഉപേക്ഷിക്കപ്പെടുന്നു. അത്തരം സ്വാധീനങ്ങൾ ഉപേക്ഷിച്ച ആയിരക്കണക്കിന് ആളുകൾ ഉണ്ട്. അതുകൊണ്ടാണ് ധ്യാനലിംഗത്തിൽ പോയിട്ടുള്ള ആളുകൾക്ക് പെട്ടെന്ന് ജീവിതം മാറിയതായി അനുഭവപ്പെടുന്നത്. കാരണം, അവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതെല്ലാം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു.

'പ്രതികൂലമായ ആഘാതം' എന്ന് പറയുമ്പോൾ, അത് ആരെങ്കിലും നിങ്ങളെ പ്രതികൂലമായി എന്തെങ്കിലും ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണമെന്നില്ല. പല തരത്തിൽ, നിങ്ങൾ ചില പ്രതികൂല വിഷയങ്ങൾ  സ്വീകരിച്ചിരിക്കാം. നോക്കൂ, ആരെങ്കിലും പഴത്തിൽ വിഷം നൽകി നിങ്ങൾക്ക് നൽകേണ്ട ആവശ്യമില്ല. പഴത്തിൽ പ്രകൃതിദത്തമായ വിഷാംശം ഉണ്ടായിരിക്കാം, ഞാനത് കഴിക്കുമ്പോൾ അത് എന്റെ ശരീരത്തിൽ പ്രവേശിക്കുന്നു. അതുപോലെ, ജീവിതത്തിന്റെ നെഗറ്റീവ് വശങ്ങൾ പല തരത്തിൽ നിങ്ങളിൽ പ്രവേശിക്കാം. ആരെങ്കിലും നിങ്ങൾക്കെതിരെ ഗൂഢാലോചന നടത്തേണ്ട ആവശ്യമില്ല.

അതിനാൽ, ധ്യാനലിംഗത്തിന്റെ പ്രവേശന കവാടത്തിൽ നിന്ന് ആദ്യത്തെ പതിനഞ്ച് ഡിഗ്രി കോൺ ഈ ആവശ്യത്തിനായി സൃഷ്ടിക്കപ്പെട്ടതാണ്, ആളുകൾ മറ്റെന്തെങ്കിലും അന്വേഷിക്കുന്നതിനുമുമ്പ്, ഈ കാര്യങ്ങൾ ഇല്ലാതാകണം. അവർക്ക് ആ സ്ഥലത്ത്, ഏകദേശം അറുപതോ എഴുപതോ അടി നടക്കണം, അത് തന്നെ ഈ പ്രതികൂല ശക്തികളെ ഇല്ലാതാക്കുന്നു.

പ്രസാധക കുറിപ്പ്: "മിസ്റ്റിക്സ് മ്യൂസിംഗുകൾ" എന്നതിൽ മനുഷ്യ ഊർജ്ജ വ്യവസ്ഥയെക്കുറിച്ചുള്ള സദ്ഗുരുവിന്റെ കൂടുതൽ ഉൾക്കാഴ്ചകൾ ഉൾപ്പെടുന്നു. സൗജന്യ സാമ്പിൾ വായിക്കുക അല്ലെങ്കിൽ ഇബുക്ക് വാങ്ങുക.