ചോ: ഞാൻ ആത്മീയ പാതയിൽ  സഞ്ചരിക്കുന്തോറും എന്നിൽ ആശയക്കുഴപ്പവും വർദ്ധിക്കുന്നു .ഒപ്പം തന്നെ  ഒരുതരം വ്യക്തതയും ഉണ്ടെന്ന് തോന്നുന്നു - ആശയക്കുഴപ്പത്തിലായ വ്യക്തത. ആശയക്കുഴപ്പം  ഇല്ലാതെ വ്യക്തത ഉണ്ടാകുന്ന ഒരു കാലം വരുമോ?

സദ്‌ഗുരു: നിങ്ങൾ‌ ആത്മീയ പാതയിൽ തുടരുന്തോറും നിങ്ങൾ‌ കൂടുതൽ‌ ആശയക്കുഴപ്പത്തിലാകുന്നു. അതൊരു നല്ല അടയാളമാണ് , കാരണം വിഡ്ഢിത്തം  നിറഞ്ഞ  നിഗമനങ്ങളിൽ ജീവിക്കുന്നതിനേക്കാൾ ആശയക്കുഴപ്പത്തിൽ വർത്തിക്കുന്നതാണ്  എല്ലായ്പ്പോഴും നല്ലത്. നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ നടത്തിയ വിഡ്ഢിത്തം നിറഞ്ഞ നിഗമനങ്ങളിൽ നിന്നും നിങ്ങൾക്കല്പം സുഖവും ആശ്വാസവും  സൗകര്യവും ഉണ്ടായിരുന്നു. അവിടെയൊരു തെറ്റായ സുരക്ഷാ ബോധമുണ്ടായിരുന്നു.

എന്നാൽ ഒരിക്കൽ നിങ്ങൾ ഒരു ആത്മീയപാതയിലേക്ക് കാലെടുത്തുവച്ചാൽ എല്ലാം പ്രക്ഷുബ്ധമാകും. നിങ്ങൾക്ക് സുഖമാണ്‌ എന്ന് തോന്നിയിരുന്ന എല്ലാ കാര്യങ്ങളും ഇപ്പോൾ വിഡ്ഢിത്തമാണ്. നിങ്ങൾ വിലമതിക്കുകയും വളർത്തുകയും ചെയ്തിരുന്ന കാര്യങ്ങൾ പെട്ടെന്ന് നിസ്സാരങ്ങളായി തോന്നുന്നു .എല്ലാം തലകീഴായി മാറി.  മനോഹരമായ ഒരു സെൻ വാക്യമുണ്ട് : “നിങ്ങൾ അജ്ഞരായിരിക്കുമ്പോൾ, പർവതങ്ങൾ പർവ്വതങ്ങളും  നദികൾ നദികളും , മേഘങ്ങൾ മേഘങ്ങളും മരങ്ങൾ മരങ്ങളുമാണ് .ഒരിക്കൽ നിങ്ങൾ ആത്മീയ പാതയിലേക്ക് പ്രവേശിച്ചുകഴിഞ്ഞാൽ, പർവതങ്ങൾ വെറും പർവതങ്ങളല്ല, നദികൾ വെറും നദികളല്ല, മേഘങ്ങൾ വെറും മേഘങ്ങളല്ല, മരങ്ങൾ വെറും മരങ്ങളല്ല. എന്നാൽ വീണ്ടും നിങ്ങൾ തിരിച്ചെത്തുമ്പോൾ   നിങ്ങൾ ബോധോദയം പ്രാപിച്ചു കഴിഞ്ഞാൽ, വീണ്ടും പർവതങ്ങൾ പർവ്വതങ്ങളും , നദികൾ നദികളും , മേഘങ്ങൾ മേഘങ്ങളും , മരങ്ങൾ മരങ്ങളും തന്നെയായി മാറും  . ” അജ്ഞത മുതൽ പ്രബുദ്ധത വരെ, അത് ഒരു പൂർണ്ണ വൃത്തമാണ്.പക്ഷെ അസാമാന്യമായ വ്യത്യാസം ഉണ്ടെന്നു മാത്രം .വിശദീകരിക്കാൻ കഴിയാത്ത ഒരു വ്യത്യാസം . .

നിങ്ങളുടെ കഷ്ടപ്പാടുകളെക്കുറിച്ച് ബോധവാന്മാരാകുക

നിങ്ങൾ ആത്മീയ പാതയിലേക്ക് പ്രവേശിച്ചുകഴിഞ്ഞാൽ, എല്ലാം കുഴപ്പത്തിലാണ്, എല്ലാം ചോദ്യം ചെയ്യപ്പെടുന്നു. നിങ്ങൾ എവിടെ നിൽക്കുന്നുവെന്ന് നിങ്ങൾക്കറിയില്ല - നിങ്ങൾക്ക് ഒന്നും അറിയില്ല. Yആത്മീയതയെക്കുറിച്ച് എന്തെങ്കിലും അറിയുന്നതിനുമുമ്പ്, നിങ്ങൾ കുറഞ്ഞത്  സംതൃപ്തവും സുഖകരവുമായ ജീവിതം നയിക്കുകയായിരുന്നു. നിങ്ങൾ രാവിലെ പ്രഭാതഭക്ഷണം കഴിക്കുന്നു , ചായ  കുടിക്കുന്നു.. അതെല്ലാം നിങ്ങൾക്ക്  ആത്യന്തികമായ കാര്യങ്ങളായിരുന്നു .ഇപ്പോൾ, ഒന്നിലും  ഒരർത്ഥവും കാണാൻ കഴിയുന്നില്ല . നിങ്ങൾക്ക് ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ ഒന്നും ചെയ്യാൻ  തോന്നുന്നില്ല, കാരണം ഒന്നും ആത്യന്തികമായി  പ്രയോജനകരമല്ല. പക്ഷെ, അതങ്ങനെയാണെന്ന് വിശ്വസിച്ച് നിങ്ങൾ സ്വയം വഞ്ചിക്കുകയായിരുന്നു . ഇത് ശരിക്കും മൂല്യവത്തായിരുന്നെങ്കിൽ, അത് എങ്ങനെയാണ് ഇല്ലാതായത് ? അത് എന്താണെന്ന് നിങ്ങൾക്ക് ശരിക്കും അറിയാമായിരുന്നെങ്കിൽ, നിങ്ങൾ എങ്ങനെ ആശയക്കുഴപ്പത്തിലായി ? നിങ്ങൾ ആശയക്കുഴപ്പത്തിലായി എങ്കിൽ അതിന്റെ അർത്ഥം നിങ്ങൾക്ക് ഒന്നും അറിയില്ല എന്നുള്ളതാണ്.സൗകര്യത്തിനും സുരക്ഷിതത്വത്തിനും വേണ്ടി മാത്രമായി നിങ്ങൾ തെറ്റായ നിഗമനങ്ങളിൽ ചെന്നെത്തി .

സുഖസൗകര്യങ്ങൾ മാത്രമാണ് നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ, നിങ്ങൾ ഇപ്പോൾതന്നെ പൂർണ്ണനാണെന്ന് സ്വയം വിശ്വസിപ്പിക്കണം. അതായത് നിങ്ങളുടെ ജീവിതത്തിൽ എല്ലാം ശരിയാണ്‌.  “എന്റെ വീട് നല്ലതാണ്, എന്റെ ഭർത്താവ് ഏറ്റവും മികച്ചതാണ്, എന്റെ ജീവിതം സമ്പന്നമാണ്,  എന്റെ കുട്ടികൾ മിടുക്കന്മാരാണ്, എന്റെ പട്ടി പോലും വളരെ കുസൃതിയാണ് . ഇത് ദിവസവും സ്വയം പറഞ്ഞു കൊണ്ടിരിക്കുക.അതുമായി മുന്നോട്ടു പോവുക . അതു വളരെ നല്ലതാണ്. അതിൽ തെറ്റൊന്നുമില്ല. പക്ഷെ ഇത് പരിമിതമായ കാര്യമാണ്. മാത്രമല്ല,നമ്മുടെ സ്വത്വം പരിമിതമായ  ഒന്നിലും  തൃപ്തിപ്പെടില്ല. നിങ്ങൾ സ്വയം വഞ്ചിക്കാൻ എങ്ങനെയെല്ലാം  ശ്രമിച്ചാലും,  എവിടെയെങ്കിലും ആ പരിമിതിയെ ലംഘിക്കാനൊരാഗ്രഹമുണ്ടാവും.നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ അനുഭവിച്ച  എല്ലാ സന്തോഷങ്ങളും ശ്രദ്ധാപൂർവ്വം നോക്കുക. ഉപരിതലത്തിൽ സന്തോഷമുണ്ട്, എന്നാൽ ഉള്ളിൽ എവിടെയോ , എല്ലാത്തിലും ഒരു പ്രത്യേക കഷ്ടപ്പാടുണ്ട്. കഷ്ടപ്പാടിന്റെ  കാരണമിതാണ്, നിങ്ങളുടെ സ്വത്വം  വികാസം  പ്രാപിക്കാനായി ആഗ്രഹിക്കുന്നു. ഈയൊരു ബുദ്ധിമുട്ടിനെക്കുറിച്ച് ബോധവാൻമാരാകാൻ  പോലും ആളുകൾ നിരവധി ജന്മമെടുക്കുന്നു.


 

ആത്മീയ പാതയിലേക്ക് പ്രവേശിക്കുക എന്നതിനർത്ഥം നിങ്ങളുടെ കഷ്ടപ്പാടുകളെക്കുറിച്ച് നിങ്ങൾ ബോധവാന്മാരായിത്തീർന്നിരിക്കുന്നു എന്നാണ്. നിങ്ങൾ അറിയാതെ കഷ്ടപ്പെടുകയായിരുന്നു; ഇപ്പോൾ നിങ്ങൾ അതിനെക്കുറിച്ച് ബോധവാന്മാരായി. ബോധപൂർവമായ കഷ്ടപ്പാടുകൾ എല്ലായ്പ്പോഴും അബോധാവസ്ഥയേക്കാൾ ആഴമുള്ളതാണ്. പക്ഷേ അത് നല്ലതാണ്, കുറഞ്ഞത് അതിനെക്കുറിച്ച് നിങ്ങൾ ബോധവാനെങ്കിലുമാണല്ലോ. നിങ്ങൾ ബോധവാന്മാരല്ലാത്തിടത്തോളം കാലം കഷ്ടപ്പാടുകൾ നിലനിൽക്കും. ഒരിക്കൽ നിങ്ങൾ ബോധവാന്മാരായിക്കഴിഞ്ഞാൽ, അതിന് പിന്നെ  എന്നെന്നേക്കുമായി നിലനിൽക്കേണ്ടി വരില്ല . അങ്ങനെയൊരു  സാധ്യതയുണ്ട്, അല്ലേ?

ആത്മീയ പാതയിലേക്ക് പ്രവേശിക്കുക എന്നതിനർത്ഥം നിങ്ങളുടെ കഷ്ടപ്പാടുകളെക്കുറിച്ച് നിങ്ങൾ ബോധവാന്മാരായിത്തീർന്നിരിക്കുന്നു എന്നാണ്.

 

ആത്മീയ പാതയിലേക്ക് പ്രവേശിക്കുന്നത് ഒരു സാധ്യതയാണ്, ഒരു ഗുരുവിനൊപ്പം ആയിരിക്കുക എന്നത് ഒരു സാധ്യതയാണ്. സാധ്യത യാഥാർത്ഥ്യമാകണമെങ്കിൽ, ആദ്യം വേണ്ടത് നിങ്ങൾ എല്ലാത്തിനെയും അവയെന്താണോ അതായിത്തന്നെ  കാണാൻ തയ്യാറാവുക  എന്നതാണ്. നിങ്ങൾക്ക് നിങ്ങളുടെ പരിമിതികളെ  മറച്ച് വെക്കണമെങ്കിൽ, അവിടെ പിന്നെ സ്വാതന്ത്ര്യത്തിന്റെ  ചോദ്യം ഉദിക്കുന്നില്ല. നിങ്ങളാ സാധ്യത പൂർണ്ണമായും നശിപ്പിച്ചു. നിങ്ങൾ ഇപ്പോൾ ചങ്ങലയിൽ ബന്ധിക്കപെട്ടിരിക്കുകയാണ് ,  നിങ്ങൾക്ക് ഒരു ദിവസം സ്വാതന്ത്ര്യം വേണം എന്നുണ്ടെങ്കിൽ, ആദ്യം വേണ്ടത് നിങ്ങൾ ബന്ധിതനാണ് എന്നുള്ള സത്യം തിരിച്ചറിയുക എന്നുള്ളതാണ്. അതിനെ കാണാൻ നിങ്ങൾ നിരസിക്കുകയാണെങ്കിൽ, പിന്നെ സ്വയം സ്വാതന്ത്ര്യം നേടുക എന്നുള്ള ഒരു പ്രശ്നം ഉദിക്കുന്നില്ല. നിങ്ങൾ ചങ്ങലയിലാണെന്ന് മനസ്സിലാക്കുമ്പോൾ, വേദനയും കഷ്ടപ്പാടും ഉണ്ടാകും, പോരാട്ടവും ആശയക്കുഴപ്പവും ഉണ്ടാകും. പഴയ ഓർമ്മകൾ‌ പറയും, “ മുമ്പ്‌ ഞാൻ‌ വളരെ സുഖത്തിലായിരുന്നു.” ഇതാണ് നിങ്ങളുടെ മനസ്സിന്റെ രീതി .  നിങ്ങൾ ഹൈസ്കൂളിൽ പഠിക്കുമ്പോൾ, നിങ്ങളുടെ മനസ്സ് നിങ്ങളോട് പറഞ്ഞു, “ഓ, ബാലവാടി  വളരെ മനോഹരമായിരുന്നു.” നിങ്ങൾ എങ്ങനെയാണ് ബാലവാടിയിലേക്ക് പോയതെന്ന് നിങ്ങൾക്കറിയാം! നിങ്ങൾ കോളേജിൽ ചെന്നപ്പോൾ പറഞ്ഞു, “ഓ, എന്റെ ഹൈസ്കൂൾ ദിനങ്ങൾ വളരെ അത്ഭുതകരമായിരുന്നു. പക്ഷെ നിങ്ങൾ എങ്ങനെയാണു ഹൈ സ്കൂളിലേക്ക് പോയത്എന്ന് നമുക്കറിയാം.നിങ്ങളുടെ വിദ്യാഭ്യാസം പൂർത്തിയാക്കിയപ്പോൾ നിങ്ങൾ പറഞ്ഞു, “എന്റെ സർവ്വകലാശാലാ ദിനങ്ങൾ ഏറ്റവും ആനന്ദദായകമായ ദിവസങ്ങളായിരുന്നു!” നിങ്ങളുടെ അസൈന്മെന്റുകൾ  എഴുതാനും ലൈബ്രറിയിൽ നിങ്ങൾക്കു വേണ്ട പുസ്തകം കണ്ടെത്താനും നിങ്ങൾ എങ്ങനെ കഷ്ടപ്പെട്ടുവെന്ന് നമുക്കറിയാം. ക്ലാസ് റൂമുകളും, പ്രൊഫസർ മാരെയും നിങ്ങൾ എങ്ങനെയാണ് സഹിച്ചത് എന്നും നമുക്കറിയാം. പക്ഷേ ഇപ്പോൾ അതെല്ലാം കഴിഞ്ഞു. ഇപ്പോൾ നിങ്ങൾ പറയുന്നു അതെല്ലാം വളരെ മനോഹരങ്ങളായിരുന്നു എന്ന്. നിങ്ങളുടെ അതിജീവനത്തിന്റെ  ഭാഗമായി, ചില അസുഖകരമായ കാര്യങ്ങൾ മായ്‌ക്കാനും പഴയത് എല്ലായ്‌പ്പോഴും നിലവിലുള്ളതിനേക്കാൾ മനോഹരമാക്കാനും ഓർമ്മയ്ക്ക്  ഒരു മാർഗമുണ്ട്. ഇത് അതിജീവനത്തിന്റെ ഒരു തന്ത്രമാണ്. അല്ലെങ്കിൽ മാനസികമായി  നിങ്ങൾ ബുദ്ധിമുട്ടും. പിന്തിരിഞ്ഞു നോക്കുമ്പോൾ മനോഹരമായിരുന്നു എന്ന് നിങ്ങൾക്ക് തോന്നുന്ന എന്തെങ്കിലും ഒന്ന് അവിടെ ഉണ്ടാവും.ഓഹ്!അത് വളരെ മനോഹരമായിരുന്നു എന്ന് നിങ്ങള്ക്ക് തോന്നുന്ന എന്തെങ്കിലും ഒന്ന് അവിടെയുണ്ടാകും

ആശയക്കുഴപ്പം നിറഞ്ഞ  വ്യക്തത

നിങ്ങൾ ബോധവാന്മാരല്ലാത്തിടത്തോളം കാലം കഷ്ടപ്പാടുകൾ നിലനിൽക്കും.

അതായത്,  ആരെങ്കിലും  നിങ്ങളെ നരകത്തിലേക്ക് വലിച്ചെറിഞ്ഞാലും  നിങ്ങൾ അവിടെ സന്തോഷവാനായിരിക്കും . ആളുകളെ സ്വർഗത്തിലേക്ക് അയയ്‌ക്കാൻ എനിക്ക് താൽപ്പര്യമില്ല. അവർ നരകത്തിലേക്ക് പോയാലും ആർക്കും അവരുടെ സന്തോഷം എടുത്തു കളയാൻ കഴിയാത്ത രീതിയിൽ അവരെ പ്രാപ്തരാക്കാൻ ആണ് എനിക്ക് താല്പര്യം. അതാണ് സ്വാതന്ത്ര്യം. “എനിക്ക് സ്വർഗത്തിലേക്ക് പോകണം” എന്നത് ഒരു വലിയ അടിമത്തമാണ്. സ്വർഗത്തിലേക്കുള്ള വഴിയിൽ, നിങ്ങൾ എങ്ങനെയോ മറ്റൊരു സ്ഥലത്ത് എത്തിപ്പെട്ടു എന്നു കരുതുക. സ്വർഗത്തിലേക്കുള്ള വഴിയിൽ ആരെങ്കിലും നിങ്ങളുടെ വിമാനം ഹൈജാക്ക് ചെയ്തുവെന്ന് കരുതുക. അവൻ അത് ക്രാഷ് ചെയ്തിട്ടില്ല, അയാൾ അത് തെറ്റായ സ്ഥലത്ത് ലാൻഡ് ചെയ്തു എന്ന് കരുതുക. നിങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനം ആകും. മറ്റൊരാൾക്ക് നിങ്ങളിൽ നിന്ന്  എടുത്തുകളയാൻ കഴിയുന്ന കാര്യങ്ങളുമായാണ്  നിങ്ങൾ എല്ലായ്പ്പോഴും ജീവിക്കുന്നത് . യഥാർത്ഥ സ്വാതന്ത്ര്യം എന്നാൽ നിങ്ങളിൽ നിന്ന് ആർക്കും അത് എടുക്കാൻ കഴിയാൻ പാടില്ല. അങ്ങനെ നിങ്ങളിൽ നിന്ന് ആർക്കും എടുക്കാൻ കഴിയാത്ത ഒരു കാര്യമാണ് നിങ്ങളുടെ പരമാനന്ദം.ദുരിതത്തിലാവാനുള്ള നിങ്ങളുടെ കഴിവില്ലായ്മ . "എനിക്ക് സ്വർഗ്ഗത്തിലേക്ക് പോകണം" എന്നാൽ നിങ്ങൾക്ക്  ഇപ്പോഴും ദുരിതത്തിൽ ആവാനുള്ള  കഴിവുണ്ട് എന്നാണ്  . അതുകൊണ്ടാണ് നിങ്ങൾ അൽപം കൂടി മെച്ചപ്പെട്ട സ്ഥലത്തേക്ക് പോകാൻ ആഗ്രഹിക്കുന്നത് .

ഗൗതമ ബുദ്ധൻ  ആവർത്തിച്ചു പറയുമായിരുന്നു , “എനിക്ക് സ്വർഗത്തിൽ പോകാൻ ആഗ്രഹമില്ല. എനിക്ക് നരകത്തിൽ പോകണം. ”അദ്ദേഹം  ഭ്രാന്തനാണെന്ന് ആളുകൾ കരുതി, പക്ഷേ  ഒരു വിമോചിത മനുഷ്യൻ അങ്ങനെയാണ്. “നരകവുമായി എന്റെ പ്രശ്നം എന്താണ്? എന്തായാലും അവിടെ ആർക്കും എന്നെ ബുദ്ധിമുട്ടിക്കാൻ കഴിയില്ല പിന്നെ എന്താണ് എനിക്ക് നഗരത്തിൽ പോയാൽ? ഈ മനുഷ്യൻ സ്വതന്ത്രനാണ്. അപ്പോൾ  ആശയക്കുഴപ്പം നിറഞ്ഞ വ്യക്തത നിങ്ങൾക്കുണ്ടെങ്കിൽ , അത് നല്ലതാണ്. “എന്റെ ആശയക്കുഴപ്പങ്ങളെല്ലാം എപ്പോൾ നീങ്ങും? എപ്പോഴാണ് സമ്പൂർണ്ണ വ്യക്തത വരുന്നത്? ” ഒരു തീയതി പറയാൻ  ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ ഞാൻ നിങ്ങളെ അനുഗ്രഹിക്കുന്നു, അത് ഇന്നുതന്നെ സംഭവിക്കട്ടെ. എന്തിനാണ് നാളേക്ക് വെക്കുന്നത്? ഇന്ന് ഒരുപാട് സമയം ബാക്കിയുണ്ട്. അത് ഇന്ന് തന്നെയാവട്ടെ.

Editor’s Note:  ഇന്നർ എഞ്ചിനീയറിംഗ് ഓൺലൈൻ പ്രോഗ്രാം ഇപ്പോൾ മലയാളത്തിൽ ലഭ്യമാണ്.  സന്ദർശിക്കൂ.