സമ്പൂർണ ഐക്യം
പ്രപഞ്ച ഘടനയുടെ പിന്നിലെ ജ്യാമിതി അടിസ്ഥാനമാക്കി യോഗയെ കുറിച്ച് സദ്ഗുരു സംസാരിക്കുന്നു
യോഗയെ ഉദ്ധരിച്ചു കൊണ്ട്, പ്രപഞ്ചത്തിന്റെ ഘടനയ്ക്ക് പിന്നിലെ ജ്യാമിതിയെ അടിസ്ഥാനമാക്കി സദ്ഗുരു സംസാരിക്കുന്നു.
സദ്ഗുരു: ഇപ്പോഴത്തെ അവസ്ഥയിൽ, ജീവിതത്തിന് ഒരിക്കലും പൂർണത കൈവരിക്കാൻ കഴിയില്ല- മെച്ചപ്പെടുത്താൻ ഇപ്പോഴും സാധ്യതയുണ്ട്. എന്നാൽ സൃഷ്ടിയുടെ പിന്നിലെ ജ്യാമിതി എല്ലാം തികഞ്ഞ ഒരു നിശ്ചിത അവസ്ഥയിലാണ്. ഇങ്ങനെ പരിപൂർണ്ണമായ ജ്യാമിതികൊണ്ടു മാത്രമാണ് ജീവൻ ഇപ്പോളത്തെ രീതിയിൽ അഭിവൃദ്ധി പ്രാപിച്ചിരിക്കുന്നത്. മനുഷ്യജീവിതത്തെ നിങ്ങൾ നിരീക്ഷിക്കുകയാണെങ്കിൽ നിങ്ങൾക്ക് കാണാം, അതെത്ര നിർമ്മലമാണെന്ന്, അതെ സമയം തന്നെ ദൃഢമാണെന്നും- എന്തെല്ലാമാണ് ഒരു മനുഷ്യന് ചെയ്യാൻ സാധിക്കുന്നത്. ഇതിനെല്ലാം കാരണം സൃഷ്ടിയുടെ പിന്നിലെ ഏറ്റവും മികച്ച ജ്യാമിതീയ രൂപകല്പനയാണ്.
ഒരു ചെറിയ പ്രാണി മുതൽ ഒരു ആനയെയും വൃക്ഷത്തെയും നദിയെയും സമുദ്രത്തെയും ഗ്രഹ വ്യവസ്ഥകളെയും ഈ മൊത്തം പ്രപഞ്ചത്തിന്റെയും വരെ എല്ലാ രൂപങ്ങളുടെയും അറ്റോമിക ഘടനയുടെയും തന്മാത്രാ ഘടനയുടെയും ജ്യാമിതിയെ കുറിച്ച് പഠിക്കാൻ ഇന്ന് ഒരു വലിയ ശാസ്ത്ര ശാഖ തന്നെയുണ്ട്. അടിസ്ഥാനപരമായ സാരാംശം നോക്കിയാൽ, ആറ്റം മുതൽ പ്രപഞ്ചം വരെയുള്ള ഈ രൂപങ്ങളുടെയെല്ലാം ജ്യാമിതി ഒരുപോലെയാണ്, ഈ പരിപൂർണ്ണമായ ജ്യാമിതിയാലാണ് ജീവൻ വളരെ സൗമ്യവും ലോലവും എന്നാൽ അതേ സമയം വളരെ ദൃഢവും മനോഹരവുമായിരിക്കുന്നത്
ഒരാൾ തന്റെ ജീവിതത്തിൽ ജ്യാമിതിയുടെ അടിസ്ഥാനപരമായ പൂർണ്ണത പ്രകടമാക്കാനുള്ള ശ്രമഫലമായി സങ്കീർണ്ണവും ലൗകികജ്ഞാനമുള്ളതുമായ യോഗ സമ്പ്രദായത്തിലേക്ക് നയിക്കപ്പെടുന്നു. യോഗചര്യയെന്നത് പൂർണ്ണമായും നിങ്ങളുടെ - ഭൗതിക ശരീരം, മാനസിക ഘടന വൈകാരിക ഘടന, കാർമ്മീക ഘടന, അടിസ്ഥാനപരമായ ഊർജ്ജഘടന- എന്നിവയുൾപ്പെടുന്ന മൊത്തം ശരീര ഘടനയെ എങ്ങനെ സമ്പൂർണ്ണമായ ജ്യാമിതീയ സമനിലയിലേക്ക് എത്തിക്കാമെന്നും, അതിലൂടെ പ്രപഞ്ചവുമായി നിങ്ങൾക്ക് എങ്ങനെ ഐക്യത്തിലാവാമെന്നുമാണ് പ്രതിപാദിക്കുന്നത്.
15,000 വർഷങ്ങൾക്കുമുമ്പ് മഹാദേവൻ- ആദിയോഗി ശിവൻ പൂർണ്ണതയുടെ ഈ അവസ്ഥയിലെത്തി. അദ്ദേഹം ശരിക്കും ജീവനോടെയാണോ ഇരിക്കുന്നത് എന്ന് കാണുന്നവർക്ക് മനസിലാക്കാനായില്ല. ജീവന്റെ ഏക അടയാളം അദ്ദേഹത്തിന്റെ കവിളിലൂടെ ഒഴുകുന്ന ആനന്ദാശ്രുക്കൾ മാത്രമായിരുന്നു. സമ്പൂർണ്ണ നിശ്ചലതയുടെ ഈ അവസ്ഥയിൽ നിന്ന് ആദിയോഗി പെട്ടെന്ന് ആനന്ദനൃത്തമാടുന്നു. ഈ ശിവതാണ്ഡവം- അദ്ദേഹം തനിക്കുള്ളിൽ നേടിയ ജ്യാമിതീയ പൂർണ്ണതക്ക് യാതൊരു അതിരുകളുമില്ലെന്ന് പ്രകടമാക്കുന്നു- അദ്ദേഹം ഒരിടത്ത് തന്നെ ഇരിക്കേണ്ടതില്ല, അദ്ദേഹത്തിന് പൂർണ്ണമായും സ്വയം പരിത്യജിച്ച് വന്യമായി നൃത്തം ചെയ്യാം, അപ്പോഴും താനും പ്രപഞ്ചവുമായുള്ള തികഞ്ഞ ജ്യാമിതീയ ഐക്യമെന്ന അവസ്ഥ നഷ്ടമാവുന്നില്ല.
ഈ താണ്ഡവം- ഭാവം എന്നറിയപ്പെടുന്ന ആന്തരിക അനുഭവങ്ങളുടെയും, രാഗം എന്നറിയപ്പെടുന്ന സൃഷ്ടി ക്രമീകരിച്ചിരിക്കുന്ന ധ്വനിയുടെയും, താളം എന്നറിയപ്പെടുന്ന പ്രപഞ്ച സ്വഭാവവുമായി ഒരാൾ സമന്വയിക്കുന്ന ലയത്തിന്റെയും സമ്മേളനത്തിന്റെ പരമാനന്ദകരമായ പ്രകടനമാണ്. ഭാവം എന്നത് പല ഘടകങ്ങളുടെയും അനന്തരഫലമാണ്. രാഗം എന്നത് സൃഷ്ടാവ് മുൻകൂട്ടി ക്രമീകരിച്ചതാണ്. എന്നാൽ നിങ്ങൾ വന്യമായി നൃത്തം ചെയ്താലും പ്രപഞ്ചത്തിലെ മറ്റുള്ളവയുമായി സമനിലയിലായി നിശ്ചലമായിരുന്നാലും, ശരിയായ ലയം അല്ലെങ്കിൽ താളം കണ്ടത്തേണ്ടത് ആരാണ്? നിരവധി യോഗികളും, ഋഷിമാരും എല്ലാറ്റിനുമുപരിയായി ശിവന്റെ എല്ലാ ഭക്തന്മാരും ഈ സാധ്യത പ്രകടമാക്കിയിട്ടുണ്ട്.
യോഗ എന്നാൽ ഐക്യം- സാധാരണ സ്വന്തം ശരീരത്തിന്റെയും സംവേദനങ്ങളുടെയും പരിധിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന ഒരു വ്യക്തി എപ്പോൾ തന്റെ ഉള്ളിൽ ഒരു പൂർണ്ണത കൈവരിക്കുന്നോ, എപ്പോൾ സ്വന്തം അനുഭവത്തിൽ അവൻ ചുറ്റുമുള്ളതുമായി ഒന്നായിത്തീരുന്നോ, അപ്പോൾ അവൻ യോഗയില് ആവുന്നു. ഈ സാധ്യതയുടെ വിത്ത് ഒരു മനുഷ്യൻ അവന്റെ/ അവളുടെ ഉള്ളിൽ കൊണ്ടുനടക്കുന്നുണ്ട്. അതിനായി പരിശ്രമിക്കാൻ നിങ്ങൾ തയ്യാറായാൽ ഈ പ്രപഞ്ചത്തെ മുഴുവൻ നിങ്ങളുടെ ഉള്ളിൽ അനുഭവിക്കാൻ കഴിയും. യോഗയുടെ ഈ അവസ്ഥയെക്കുറിച്ച് നിരവധി കഥകളുണ്ട്. ഉദാഹരണത്തിന് കൃഷ്ണന്റെ വായിൽ പ്രപഞ്ചം കാണുന്ന യശോദ, മൊത്തം പ്രപഞ്ചമെന്നു വിശദീകരിക്കുന്ന ശിവന്റെ ശരീരം.
യോഗാവസ്ഥയെന്നാൽ ഒരാൾ തലകുത്തനെ നിൽക്കുന്നതോ, രണ്ടുകാലിനു പകരം ഒറ്റക്കാലിൽ നിൽക്കുന്നതോ ഒന്നുമല്ല- യോഗ എന്നാൽ എല്ലാതുമായി ഒന്നാകുന്ന അവസ്ഥയാണ്. ജ്യാമിതിയുടെ ഈ പൂർണത പലവിധത്തിൽ നേടാനാകും. ബുദ്ധിയിലൂടെ, വികാരത്തിലൂടെ, ഊർജ്ജത്തിലൂടെ, പ്രവൃത്തിയുടെ പൂർണ്ണതയിലൂടെ, എല്ലാറ്റിനുമുപരിയായി ഭക്തിയിലൂടെ- ഇതെല്ലാം പരിത്യാഗത്തിന്റെ അവസ്ഥയിലേക്ക് എത്താനുള്ള ഉപകരണങ്ങളാണ്. കാർമ്മിക ധാരണകളുടെ കൂമ്പാരമായ നിങ്ങളുടെ വ്യക്തിത്വത്തെ ഉപേക്ഷിക്കാൻ കഴിഞ്ഞാൽമാത്രം നിങ്ങൾ പ്രപഞ്ചത്തിലെ മറ്റുള്ളവയുമായി ഒന്നായിത്തീരുന്ന അവസ്ഥയിലെത്തുന്നു.
ഏകീകൃത അവസ്ഥയിൽ മാത്രമേ ഒരു മനുഷ്യന് പരിപൂർണ്ണതയുടെ വളർച്ച അനുഭവപ്പെടുകയുള്ളൂ. ഏകീകരണത്തിനുള്ള ഈ ആഗ്രഹം ശാരീരിക ആവിഷ്കാരം കണ്ടെത്തുമ്പോൾ അതിനെ ലൈംഗികത എന്ന് വിളിക്കുന്നു. അത് വൈകാരിക ആവിഷ്കാരം കണ്ടെത്തുമ്പോൾ അതിനെ സ്നേഹം അല്ലെങ്കിൽ അനുകമ്പ എന്ന് വിളിക്കുന്നു. ഒരാളുടെ മാനസിക ചട്ടക്കൂടിനുള്ളിൽ അത് ആവിഷ്കാരം കണ്ടെത്തുകയാണെങ്കിൽ, അതിനെ വിജയം, അല്ലെങ്കിൽ ഇക്കാലത്ത് അതിനെ ഷോപ്പിംഗ്, എന്ന് വിളിക്കുന്നു. എന്നാൽ ഒരാളുടെ നിലനിൽപ്പിൽ അത് ആവിഷ്കാരം കണ്ടെത്തുകയാണെങ്കിൽ, അതിനെ യോഗ എന്ന് വിളിക്കുന്നു.
ഐക്യത്തിനായുള്ള ആഗ്രഹം എല്ലായ്പ്പോഴും നിങ്ങളിലുണ്ട്. ആരെങ്കിലും സ്വത്ത്, പണം, കാര്യസിദ്ധി, വിജയം, ആനന്ദം അല്ലെങ്കിൽ ലഹരി എന്നിവയ്ക്ക് പിന്നാലെ ഓടുന്നുണ്ടോ- അത് ഐക്യത്തിനായുള്ള ആഗ്രഹo കൊണ്ടാണ്. എന്നാൽ ഇവയെല്ലാം ഐക്യത്തിനായുള്ള അപര്യാപ്തമായ വഴികളാണ്. കാര്യക്ഷമതയില്ലായ്മയോടല്ലാതെ മറ്റൊന്നിനും യോഗ എതിരല്ല. ഈ ഭൂമിയിൽ പരിണാമത്തിന്റെ ഏറ്റവും മുകളിൽ നിൽക്കുന്നതിനാൽ തന്നെ, മനുഷ്യരായ നമ്മൾ കുറച്ചു കൂടി ബുദ്ധിപരമായും മികവുറ്റ രീതിയിലും പ്രവർത്തിക്കേണ്ടിയിരിക്കുന്നു. കാലങ്ങളായി ആളുകൾ ആ രീതിയിൽ ഐക്യമെന്ന അവസ്ഥയിലേക്ക് വരാൻ ശ്രമിച്ചുവെങ്കിലും അത് ഒരിക്കലും ആർക്കും ഫലം കണ്ടിട്ടില്ല. ഒരു തലമുറയെന്ന നിലയിൽ നിങ്ങളെല്ലാവരും കാര്യങ്ങൾ നിരന്തരമായ സഹനശക്തിയോടെ ചെയ്യുമെന്ന പ്രതിജ്ഞ എടുക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നാം എല്ലാത്തിനോടും ഐക്യം നേടിയാൽ, അത് എന്നെന്നേക്കും നിലനിൽക്കുന്ന രീതിയിലായിരിക്കും. ഇത് നിങ്ങളുടെ ഹൃദയത്തിലേക്കും മനസ്സിലേക്കും ആഴത്തിൽ പതിയേണ്ട ഒരു കാര്യമാണ്.
Editor’s Note: Get the latest updates from the Isha Blog. Twitter, facebook, rss or browser extensions, take your pick.
This article is based on an excerpt from the April 2014 issue of Forest Flower. Pay what you want and download. (set ‘0’ for free). Print subscriptions are also available.