സദ്ഗുരു:  നിങ്ങൾക്ക് നിങ്ങളുടെ ചുറ്റുപാടുമായി അഭേദ്യമായ ബന്ധമുണ്ട്. നിങ്ങളുടെ ശരീരവും പ്രപഞ്ചവും അഞ്ച് ഘടകങ്ങളാലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. യോഗ സമ്പ്രദായത്തിൽ, ഈ ഉള്ളിലുള്ള അഞ്ച് ഘടകങ്ങളെ നിയന്ത്രിക്കാൻ പഠിക്കുന്നതോടെ, ഉള്ളിലെയും പുറത്തെയും അന്തരീക്ഷത്തെ നിയന്ത്രിക്കാം, ഇവ രണ്ടും വ്യത്യസ്ഥമല്ല. എന്നാൽ മനുഷ്യബോധം വളരെയധികം ശിഥിലങ്ങളായാണ് വളർന്നു വന്നത് എന്നതിനാൽ ഈ പരസ്പര ബന്ധം ഒരു സിദ്ധാന്തമല്ല പകരം ഒരേയൊരു യാഥാർഥ്യമാണ് എന്ന കാര്യം മറന്നു പോയിരിക്കുന്നു. യോഗ എന്നാൽ, അതിന്റെ അനുഭവപരമായ വശമിതാണ്, നിങ്ങളുടെ ചെറുവിരലിനെ അനുഭവിക്കുന്നത് പോലെ തന്നെ നിങ്ങളീ ഭൂമിയെ അനുഭവിക്കുന്നു- നിങ്ങളുടെ വേർതിരിപ്പിക്കാനാവാത്ത ഭാഗമായി തന്നെ.

ഈശ ഫൗണ്ടേഷന്റെ 'റാലി ഫോർ ദി റിവേഴ്‌സ്' എന്ന സംരംഭത്തിന്റെ ഉത്ഭവം തന്നെ, വ്യക്തിയെയും ഭൂമിയെയും, വേർതിരിപ്പിക്കാനാവില്ല എന്ന നൈസർഗ്ഗികമായ തിരിച്ചറിവിൽ നിന്നുമാണ്. ജലത്തിന്റെയും മണ്ണിന്റെയും നശീകരണത്തിനെതിരെയുള്ള നമ്മുടെ ഈ കരുതൽ, ആദർശപരമായി മഹത്വപ്പെടാനോ രാഷ്ട്രീയ മേഖലയിൽ ശ്രദ്ധയാകർഷിക്കാനോ അല്ല, ഈ കരുതലിന് പാരിസ്ഥിതികം എന്നത് പോലെ തന്നെ അസ്തിത്വപരവുമായ പ്രാധാന്യമുണ്ട്. മണ്ണും ജലവും വെറും പദാർത്ഥങ്ങളല്ല , ജീവനെ സൃഷ്ടിക്കുന്ന ഘടകങ്ങളാണ്. മനുഷ്യശരീരത്തിലെ 72% ഘടകം ജലവും, 12% ഭൂമിയുമാണ്.

ഒരു ശക്തമായ അടിത്തറ

നമുക്ക് പരിസ്ഥിതിയുമായുള്ള സൂക്ഷ്മ ബന്ധത്തെ തിരിച്ചറിഞ്ഞാൽ മാത്രമേ , നമ്മളിലെ ഉയർന്ന തലങ്ങളെ അന്വേഷിക്കാനുള്ള സാഹചര്യമൊരുക്കാൻ സഹായിക്കുന്ന , ശക്തമായ അടിത്തറ സൃഷ്ടിക്കാൻ നമുക്ക് സാധിക്കുകയുള്ളൂ.

സൂക്ഷ്മ ശരീരത്തിലെ മൂലാധാര ചക്രത്തിന്റെ സവിശേഷത തന്നെ ഇതാണ് സ്ഥിരതയുള്ള ഒരു അടിത്തറയില്ലാതെ പരിണമിക്കുക എന്നത് അസാധ്യമാണ്. പക്ഷെ നമ്മൾ അതിനെ വക വയ്ക്കാതെ, ഭൗതീകവും അസ്തിത്വപരവുമായ യാഥാർത്ഥ്യത്തെ അവഗണിച്ചു , മാനസികമായി സൃഷ്ടിച്ച ലോകത്തിൽ ജീവിക്കാൻ തീരുമാനിച്ചു . പ്രകൃതി മനുഷ്യന് അതിശയകരമായ ആത്മജ്ഞാനത്തിന്റെ തലത്തിലേക്ക് പരിണമിക്കാനുള്ള അവസരം നൽകിയെങ്കിലും , നമ്മൾ ആ സ്ഥാനക്കയറ്റത്തെ അംഗീകരിക്കുന്നില്ല. പരിസ്ഥിതിയുടെ നിലവിലെ സ്ഥിതി ശ്മശാന തുല്യമാണ്. കോടാനുകോടി വർഷങ്ങൾ എടുത്ത് പ്രകൃതി ഒരുക്കി തന്നത്, നമ്മൾ ഒരൊറ്റ തലമുറകൊണ്ട് നാമാവശേഷമാക്കുകയാണ്. 2030 ആവുമ്പോഴേക്കും ഈ രാജ്യത്ത് നമ്മൾക്കാവശ്യമായതിൽ 50% ജലം മാത്രമേ അവശേഷിക്കുകയുള്ളു എന്നാണ് കണക്കാക്കപ്പെടുന്നത്.

ദുരന്തത്തിലേക്കുള്ള പോക്ക്

നമ്മുടെ ഭൂരിഭാഗം നദികളും വനങ്ങളാൽ പോഷിപ്പിക്കപ്പെടുന്നവയായതിനാൽ, അവയെ പുനരുജ്ജീവിപ്പിക്കാനുള്ള ഉത്തമമായ വഴി, ഹരിതമേഖലയെ വർദ്ധിപ്പിക്കുക എന്നതാണ്. പക്ഷെ മണ്ണിലെ ജൈവ ഘടകം ഭയനകമാം വിധത്തിൽ നശിച്ചിരിക്കുന്നതിനോടൊപ്പം, ദ്രുതഗതിയിലുള്ള മരുഭൂമീകരണവും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. മണ്ണിന്റെ നിലവാരം എത്രത്തോളം പരിതാപകരമാണ് എന്ന് വച്ചാൽ, അടുത്ത മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ ഇപ്പോഴുള്ളതിന്റെ 25% കൃഷിസ്ഥലം കൃഷിയോഗ്യമല്ലാതെയാവും. നാൽപ്പത് വർഷത്തിൽ 60% കൃഷിസ്ഥലവും കൃഷിയോഗ്യമല്ലാതെയാവുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

ജൈവ ഘടകങ്ങൾ വർദ്ധിക്കാൻ ആകെയുള്ള ഒരു സ്രോതസ്, മരങ്ങളും മൃഗങ്ങളുടെ വിസർജ്ജ്യവുമാണ്. ഭക്ഷണം ഉൽപാദിപ്പിക്കാനുള്ള നമ്മുടെ കഴിവിനെ നാം നശിപ്പിക്കുകയാണെങ്കിൽ നാം ദുരന്തത്തിൽ കലാശിക്കുകയെ ഉള്ളൂ. മരങ്ങളുടെ കുറവും, വിവേചനമില്ലാത്ത നഗരവൽക്കരണവും നമ്മെ വരൾച്ചയുടെയും, വെള്ളപ്പൊക്കത്തിന്റെയും ഭീകരദൃശ്യങ്ങൾക്ക് സാക്ഷികളാക്കി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 12 വർഷമായി ഏകദേശം മൂന്നു ലക്ഷം കർഷകർ ആത്മഹത്യചെയ്തു . കൃഷി എന്ന് പറയുന്നത് തീർത്തും വേദനാജനകമായ ഒരു പ്രക്രിയയായി മാറിയിരിക്കുകയാണ്.

ഉണരാനുള്ള സമയമായി

എന്നാൽ പ്രതീക്ഷ ഇനിയും അസ്തമിച്ചിട്ടില്ല. ഇത് അസാധാരണമായ പ്രതികരണ ശേഷിയുടെയും, ചലനാത്മകതയുടെയും അവിശ്വസനീയമായ രീതിയിലുള്ള ജൈവവൈവിദ്ധ്യത്തിന്റെയും നാടാണ്. പൗരാണിക സന്യാസിമാർ ഇതിനെ പുണ്യസ്ഥലം എന്ന് വിളിച്ചത് വെറും ഒരു അതിശയോക്തിയല്ല. ഒരൽപം ശ്രദ്ധയും, സമയോചിതമായ പ്രവൃത്തിയും ഉണ്ടെങ്കിൽ ഈ നാടിനെ ഭൂമിയിലെ മറ്റേതൊരു സ്ഥലത്തേക്കാളും വേഗത്തിൽ പുനരുജ്ജീവിപ്പിക്കാനാവും.

സങ്കുചിതവും വിഭാഗീയവുമായ അഭിപ്രായങ്ങൾക്കതീതമായി നമുക്കുയരാം. നമ്മുടെ ശരീരത്തിലെ ഓരോ അണുവും പ്രപഞ്ചവുമായി നിരന്തരമായ വിനിമയത്തിലാണ് എന്ന് നാം ശരിക്കും തിരിച്ചറിഞ്ഞാൽ, നമുക്കെല്ലാവർക്കും ഉണർന്നെണീക്കാനുള്ള സമയമായി എന്ന് വ്യക്തമാവും. നമ്മുടെ നദികൾ നമ്മുടെ ജീവ നാഡികളാണ്. അവയുടെ ശോഷണം ഒരു അന്ത്യശാസനമായി നമ്മെ അഭിമുഖീകരിച്ചു നിൽക്കുകയാണ്. നമ്മുടെ ഉത്തരവാദിത്വത്തെ ഇനിയും കണ്ടില്ലെന്നു നടിക്കാനാകില്ല. ഉത്തരവാദിത്വത്തോടെയുള്ള പ്രവർത്തനം ഈ സാഹചര്യത്തെ മറികടക്കാൻ നമ്മെ സഹായിക്കും.

Editor’s Note: Learn more about how you can support Rally for Rivers at Rallyforrivers.org

A version of this article was originally published in Speaking Tree.