മനസ്സിനെ നിയന്ത്രിക്കുന്നത് എങ്ങനെ എന്ന ചോദ്യത്തിന് സദ്ഗുരു ഉത്തരം പറയുന്നു, ഒപ്പം, യോഗാസനങ്ങൾ എങ്ങനെ ശരീരത്തെയും മനസ്സിനെയും നിയന്ത്രിക്കുന്ന പ്രക്രിയയായി രൂപാന്തരപ്പെടുന്നു എന്ന് വിശദീകരിക്കുകയും ചെയ്യുന്നു..

ചോദ്യകർത്താവ്: നമസ്കാരം, ദേഷ്യം പോലുള്ള നിഷേധാത്മക വികാരങ്ങളെ നിയന്ത്രിക്കാൻ ഞാൻ ശ്രമിക്കുമ്പോഴെല്ലാം, അത് എന്നിൽ കൂടുതൽക്കൂടുതൽ  കരുത്താർജ്ജിക്കുന്നു, എൻറെ മനസ്സിന്റെ പ്രവർത്തനത്തെ എനിക്കു എങ്ങനെ വരുതിയിലാക്കുവാൻ കഴിയും? 

സദ്ഗുരു: മനുഷ്യമനസ്സിന് ഒരു പ്രത്യേക സ്വഭാവമുണ്ട്. നിങ്ങൾക്ക് വേണ്ടെന്ന് തോന്നുന്നതൊക്കെ നിർത്താൻ ശ്രമിച്ചാൽ, നിങ്ങളുടെ ശ്രമത്തിന്  എതിരായേ സംഭവിക്കൂ. അത് അങ്ങനെ തന്നെ ആയിരിക്കും. യോഗയുടെ മുഴുവൻ സംവിധാനവും നിങ്ങളുടെ ശരീരത്തിന്റെയും മനസ്സിന്റെയും പ്രകൃതത്തെ അനുഭവതലത്തിൽ  പര്യവേക്ഷണം ചെയ്യുന്നതിനാണ്.

നിങ്ങൾ കാലത്ത്  എഴുന്നേറ്റ് യോഗാസനങ്ങൾ ചെയ്യുമ്പോൾ,  ലോകത്തുള്ള പല പമ്പരവിഡ്ഢികളും വിവരിക്കുന്നത് പോലെ അതൊരു വ്യായാമമുറയായല്ല ചെയ്യേണ്ടത്. 

 ഒരു കാര്യം ശരിയാണ്, അതൊക്കെ ചെയ്യാൻ നമ്മുടെ ശരീരം വളക്കുകകയും തിരിക്കുകയും ഒക്കെ ചെയ്യണം, പക്ഷെ, അടിസ്‌ഥാനപരമായി നമ്മൾ ചെയ്യുന്നത് നമ്മുടെ ശരീരത്തെയും മനസ്സിനെയും അതിൻറെ ആഴത്തിൽ അറിയാൻ ശ്രമിക്കുകയാണ്. ഒരു മനുഷ്യൻറെ ഏറ്റവും വലിയ അജ്ഞത എന്നത്, അവന് അവൻറെ ജീവിതത്തിൽ അത്യന്താപേക്ഷിതമായ രണ്ടു പ്രധാന മാധ്യമങ്ങളെപ്പറ്റിയുള്ള മൗലികമായ പരിജ്ഞാനം ഇല്ലാതെ ജീവിതകാലം മുഴുവനും തള്ളി നീക്കുന്നു  എന്നതാണ് - സ്വന്തം ഭൗതിക ശരീരവും മനസുമാണ് അവ രണ്ടും. 

 

ജീവിതത്തിൽ എത്ര അനായാസമായി നിങ്ങൾ മുന്നേറുന്നു എന്നതു എത്ര ആഴത്തിൽ നിങ്ങൾ നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും മനസ്സിലാക്കിയിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഒരു യാത്ര സുഗമമാക്കണമെങ്കിൽ, യാത്ര പോകുന്ന വാഹനം നന്നായിരിക്കണം; കൂടാതെ ആ വാഹനത്തെപ്പറ്റി നിങ്ങൾക്ക് നല്ല അറിവും ഉണ്ടായിരിക്കണം - അത് എങ്ങനെ ഒക്കെ പെരുമാറുമെന്നും, അതിന് എന്തൊക്കെ ചെയ്യാൻ പറ്റുമെന്നും, അത് ഇപ്പോൾ ചെയ്യുന്നത് എന്ത് കൊണ്ടാണ് അങ്ങനെ ചെയ്യുന്നത് എന്നും മറ്റും. ശരിയല്ലേ? ഇത് ബോധോദയം ഒന്നുമല്ല - ഇത്രയെങ്കിലും അറിവ്, വെറും അജ്ഞതയിൽ  ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് പോലും ആവശ്യമുള്ളതാണ്. ആളുകൾ പറയുന്നത് കേൾക്കാറുണ്ട്, “അജ്ഞതയാണ് അനുഗ്രഹം” എന്ന്. അത് സത്യമാണെങ്കിൽ പിന്നെ, ഈ പ്രപഞ്ചം മുഴുവനും ഇപ്പോൾ ആനന്ദത്തിൽ ആറാടേണ്ടതല്ലേ ?

 

അജ്ഞതയിൽ ജീവിച്ചു സായൂജ്യം തേടാൻ നിങ്ങൾ തീരുമാനിച്ചു എങ്കിൽ കൂടി, ഈ ലോകത്തു ജീവിക്കണമെങ്കിൽ, സ്വന്തം ശരീരത്തെയും മനസ്സിനെയും പറ്റി അത്യാവശ്യം ഗ്രാഹ്യം വേണ്ടതാണ്. അല്ലെങ്കിൽ, നിങ്ങൾ എന്ത് തന്നെ ചെയ്താലും അതൊരു പ്രശ്നമായി മാറും. ബുദ്ധിപരമായി ഞാൻ കൂടുതൽ വിസ്തരിക്കുന്നില്ല, കാരണം, അപ്പോൾ പിന്നെ നിങ്ങൾക്കെല്ലാം അത് വലിയ വിഷമമുണ്ടാക്കും. അതുകൊണ്ടാണ് യോഗ മാർഗ്ഗം ബുദ്ധിപരമായി അതിലേക്ക് കടക്കാൻ ശ്രമിക്കാതെ ഒരു അനുഭവതലത്തിൽ  പര്യവേക്ഷണം ചെയ്യുന്നത്.


യോഗാസനങ്ങൾ - ശരീരവും മനസ്സും പ്രവർത്തിക്കുന്നതെങ്ങനെ എന്നുള്ള അന്വേഷണം 

 

യോഗാസനങ്ങൾ ചെയ്യുമ്പോൾ, നിങ്ങൾ നിങ്ങളുടെ ശരീരത്തിൻറെയും മനസ്സിൻറെയും അടിസ്ഥാന പ്രകൃതം അന്വേഷിച്ചറിയുകയാണ്. ഇപ്പോൾ, നിങ്ങളുടെ കൈവിരലുകൾ ഒരു പ്രത്യേക രീതിയിൽ ചലിപ്പിക്കുമ്പോൾ, നിങ്ങളുടെ മനസ്സും അതേ പോലെ തന്നെ പ്രവർത്തിക്കുന്നു. അതായത്‌, നിങ്ങളുടെ ശരീരം ഉപയോഗിച്ച് നിങ്ങൾ ചെയ്യുന്ന ഓരോ പ്രവൃത്തിക്കനുസരിച്ചു നിങ്ങളുടെ മനസ്സും  പ്രവർത്തിക്കുകയാണ്. ഒരു പുസ്തകം വായിച്ചതുകൊണ്ട് ഞാൻ പറഞ്ഞത് നിങ്ങൾക്ക് മനസ്സിലാവുകയില്ല. അത് അനുഭവിച്ചു തന്നെ അറിയണം. അതു പോലെ തന്നെ, വെറുതെ കണ്ണടച്ച്, നിർബന്ധപൂർവ്വം ഒരു കാര്യം നിങ്ങളുടെ മനസ്സിൽ നിന്നും നീക്കം ചെയ്യണം എന്ന് വിചാരിച്ചതു കൊണ്ട് മാത്രം നിങ്ങൾ വിജയിക്കുകയുമില്ല. 

 

എല്ലാവരും എത്തിച്ചേരേണ്ട ഏറ്റവും അടിസ്ഥാനപരവും, അതേ സമയം തന്നെ ഏറ്റവും പ്രധാനപ്പെട്ടതുമായ സാക്ഷാത്ക്കാരവും ഇത് തന്നെയാണ്. ഈ തിരിച്ചറിവ് ഇല്ലാത്തിടത്തോളം നിങ്ങൾ സ്വയം നിങ്ങളെ കുഴപ്പത്തിലാക്കിക്കൊണ്ടിരിക്കും. നിങ്ങൾക്ക് അധികം ബുദ്ധികൂർമ്മതയില്ലെങ്കിൽ  കുഴപ്പമില്ല. എന്നാൽ, നിങ്ങൾ വളരെ കൂർമ്മ ബുദ്ധിയുള്ള ഒരു ആളാണെങ്കിൽ, നിങ്ങൾ നിങ്ങളെ തന്നെ കീറി മുറിച്ചു നാനാ വിധമാക്കി, മറ്റാർക്കും രക്ഷിക്കാൻ കഴിയാത്ത രീതിയിൽ സ്വയം വികലമാക്കിയിട്ടുണ്ടായിരിക്കും. അത്തരം വികലമാക്കപ്പെട്ട ജന്മങ്ങൾ ഓരോ ദിവസവും എൻറെ മുന്നിൽ വന്ന് അപേക്ഷിക്കാറുണ്ട്, “സദ്ഗുരു, എനിക്ക് ജ്ഞാനോദയത്തിൽ താല്പര്യമുണ്ട്, എന്നെ രക്ഷിക്കൂ”. ആദ്യമേ വേണ്ടത്, വരുത്തി വെച്ച ഇപ്പോഴത്തെ മുറിവുകൾ സ്വയം തുന്നിക്കെട്ടുകയാണ്, അതുമല്ലെങ്കിൽ കൂടുതൽ മുറിവുകൾ വരുത്താതിരിക്കുകയെങ്കിലും ചെയ്യേണ്ടേ? നിങ്ങളുടെ കൈയിലുള്ളത് വളരെ മൂർച്ചയേറിയ ഒരു കത്തിയാണ് എന്ന് ഓർമ്മ വേണം. 

ഒന്ന് ക്ഷൗരം ചെയ്യുമ്പോൾ പോലും ആളുകൾ സ്വന്തം മുഖം കീറിമുറിച്ചു നാനാ വിധമാക്കാറുണ്ട്. മുഖം മുറിഞ്ഞു ചോരയൊലിക്കുന്ന എത്രയോ മനുഷ്യരെ ഞാൻ കണ്ടിട്ടുണ്ട്, നന്നായി ചേർത്ത് വടിക്കുമ്പോൾ, അളവിട്ടതിലും കൂടുതൽ ചേർത്ത് വടിച്ചു മുറിഞ്ഞു പോവുന്നതായിരിക്കാം. മൗലികമായ കാര്യങ്ങൾ മനസിലാക്കുന്നതിനും, സ്വന്തം മനസ്സ് പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് ഗ്രഹിക്കുന്നതിനും, ബുദ്ധിപരമായ അപഗ്രഥനം മതിയാവില്ല - അതൊരു പര്യവേഷണമാണ്. നിങ്ങൾ ചെയ്യേണ്ടത് ഇതാണ്. ശരീരത്തെ ഒരു നിലയിൽ  വെയ്ക്കുക, അപ്പോൾ മനസ്സ് ഒരു പ്രത്യേക രീതിയിൽ ആണ് പ്രവർത്തിക്കുന്നത് എന്ന് കാണുക. ഇനി ശരീരം വേറൊരു നിലയിലേക്ക് കൊണ്ട് വരിക, അപ്പോൾ മനസ്സിന്റെ പ്രവർത്തനവും മാറുന്നതായി അറിയുക.

 


നിങ്ങൾ ആസനങ്ങൾ ചെയ്യുമ്പോൾ, നിങ്ങൾ നിങ്ങളുടെ ശരീരത്തിൻറെയും മനസിൻറെയും അടിസ്ഥാന സ്വഭാവത്തെ അന്വേഷിച്ചറിയുകയാണ്.


 

ഏതെങ്കിലും ഒരു യോഗാസന നിലയിലായിക്കൊണ്ട് ശരിയാം വണ്ണം  ശ്വസിക്കുമ്പോൾ, നിങ്ങൾ ഈ പ്രക്രിയയിലൂടെ കടന്നു പോകുമ്പോൾ, നിങ്ങളുടെ മനസ്സ് മറ്റു പല അവസ്ഥകളിലൂടെയും കടന്നു പോകും. യോഗയുടെ അടിസ്ഥാനപരമായ തലം  ഈ പര്യവേഷണമാണ്. ഹഠയോഗ എന്നത് യോഗയുടെ പാരമ്യമല്ല മറിച്ച്, അത് പ്രാരംഭമാണ്. 

ഈ പ്രാരംഭ ചുവടു വെയ്പുകളില്ലാതെ നിങ്ങൾ മുകളിലേക്ക് പോകുവാൻ തുനിഞ്ഞാൽ നിങ്ങൾ തകർന്നു പോയേക്കാം.

ശരീരം പാകപ്പെടുത്തിയെടുക്കാതെ നേരിട്ട് ധ്യാനത്തിലേക്ക് പോകുവാൻ  80 ശതമാനം ജനങ്ങൾക്ക്‌ പോലും സാധിക്കുകയില്ല. അവർ ഇരിക്കുന്നത് കണ്ടാൽ, അവർ അവരുടെ ശരീരം ചലിപ്പിക്കുന്നത് കണ്ടാൽ തന്നെ അറിയാം എത്ര തന്നെ പരിശ്രമിച്ചാലും അവർക്കത് സാധ്യമാവുകയില്ല എന്ന്. അൽപ്പം ശാരീരിക തയ്യാറെടുപ്പുകൾ അത്യാവശ്യം തന്നെയാണ്, കാരണം, ശരീരവും മനസ്സും രണ്ടു വ്യത്യസ്ത കാര്യങ്ങളല്ല - അതല്ല, നിങ്ങളുടെ തലച്ചോറ് ശരീരത്തിന് പുറത്താണ് സ്ഥിതി ചെയ്യുന്നത് എന്നുണ്ടോ?

 

നിങ്ങളുടെ ചെറു വിരലിനു സംഭവിക്കുന്നതെന്തും നിങ്ങളുടെ തലച്ചോറിനും സംഭവിക്കുന്നുണ്ട്. അതേ പോലെ തന്നെ, നിങ്ങളുടെ തലച്ചോറിനു സംഭവിക്കുന്നതെന്തും നിങ്ങളുടെ ചെറു വിരലിനും സംഭവിക്കുന്നുണ്ട്. ഇത് രണ്ടു ദിശകളിലും സംഭവിയ്ക്കുന്നു. തലച്ചോറിനു സ്വതന്ത്രമായി ഒരു നിലനില്പില്ല. ഡോക്ടർമാർ മനുഷ്യ ശരീരത്തെക്കുറിച്ച്  പഠിച്ചത് ശവശരീരം കീറി മുറിച്ചു പരിശോധിച്ചിട്ടാണ് - നിങ്ങൾ ഒരു ശവ ശരീരം കീറി മുറിച്ചു ഓരോ അവയവങ്ങളും പല ഭാഗത്ത് വെച്ചു നോക്കിയാൽ അവയെല്ലാം വ്യത്യസ്തമാണ്. പക്ഷെ, അത് പോലെ അല്ല നിങ്ങളുടെ ശരീരം - ശരീരം വ്യത്യസ്തമല്ല, ഒന്നാണ്. വിവേചനമുള്ള ഒരു കത്തിക്ക് അത് വ്യത്യസ്തമായിരിക്കും, പക്ഷെ, ജീവിച്ചിരിക്കുന്ന ഒരു മനുഷ്യന്, എല്ലാം ഒന്നാണ്. അതു കൊണ്ടാണ് യോഗ സമ്പ്രദായത്തിന്റെ   രൂപകൽപന ഇപ്രകാരമായിരിക്കുന്നത്.

 

ഇനി പറയുന്നത് നിങ്ങൾക്ക് ചെയ്തു നോക്കാനുള്ള ഒരു പരീക്ഷണമാണ്; നിങ്ങൾക്ക് ആവശ്യമുള്ള എന്തെങ്കിലും ഒരു കാര്യത്തിൽ സ്വയം ഒരു പ്രതിരോധം ഏർപ്പെടുത്തി നോക്കുക - അപ്പോൾ, അവ നിങ്ങളുടെ ഉള്ളിൽ ശക്തമായി തന്നെ പ്രകടമാവുന്നത് കാണാനാവും. നിങ്ങൾക്ക് എന്തെങ്കിലും കാര്യം സാധിക്കണം എന്നുണ്ടെങ്കിൽ, അത് നിറവേറാതിരിക്കാനായി പരിശ്രമിക്കുക - അപ്പോൾ അത് ശരിക്കും സംഭവിച്ചിരിക്കും. അതിനു കാരണം, നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ ഇതാണ് - നിങ്ങൾക്ക് എന്തെങ്കിലും ഒരു കാര്യം ചെയ്യാനായി നിങ്ങളുടെ മനസ്സിനെ ഒന്നാം ഗിയറിലേക്ക് മാറ്റണമെന്നുണ്ടെങ്കിൽ, ഉടനെ തന്നെ അത് റിവേഴ്‌സ് ഗിയറിൽ ഓടാൻ തുടങ്ങുന്നു.. ഇത്  കാര്യങ്ങൾ ചെയ്യുവാനുള്ള ഒരു മികച്ച രീതിയല്ല, എങ്കിലും ഇതാണ് ഇപ്പോഴത്തെ നിങ്ങളുടെ അവസ്ഥ എന്ന് മനസ്സിലാക്കുന്നതിനായി നിങ്ങൾക്ക് ഇങ്ങനെയൊന്നു ശ്രമിച്ചു നോക്കാം. എന്തെങ്കിലും ഒന്നിനെ പ്രതിരോധിക്കാനായി നിങ്ങൾ ശ്രമിച്ചാൽ പിന്നെ അത് മാത്രമായിരിക്കും നിങ്ങൾക്ക് സംഭവിക്കുക. 


നിങ്ങളുടെ സാധന ചെയ്യുക - അത് ഫലിക്കും!

 

നാളെ മുതൽ, കാലത്തു അഞ്ചു മണിക്ക് എഴുന്നേൽക്കുക, തണുത്ത വെള്ളത്തിൽ കുളിയ്ക്കുക, കൃത്യം 5.30 ന് സാധന ചെയ്തു തുടങ്ങുക. നിങ്ങളുടെ മനസ്സിനെ എല്ലായ്‌പ്പോഴും അലട്ടിക്കൊണ്ടിരുന്ന ഒരു പാട് കാര്യങ്ങളിൽ നിന്നും അൽപ്പസമയത്തിനുള്ളിൽ തന്നെ നിങ്ങൾക്ക് മോചനം കിട്ടും. ഒരു മണിക്കൂർ വീതം ദിവസേന ഹഠയോഗ ചെയ്യുക - നിങ്ങൾക്ക് ഫലം കിട്ടും. പക്ഷെ, അത് എങ്ങനെയാണ് ഫലിക്കുന്നത് എന്ന് അറിയണമെങ്കിൽ, അതിൻറെ പ്രവർത്തനവും മറ്റു അനുബന്ധ പ്രക്രിയകളും മനസിലാക്കണമെന്നുണ്ടെങ്കിൽ, അതിനു ഒരു പാട് സമയവും അദ്ധ്വാനവും അത്യാവശ്യമാണ്. അത് നടത്തിച്ചു കാണിക്കാൻ വലിയ ബുദ്ധിമുട്ട് ഒന്നും ഇല്ല. പക്ഷെ, എന്താണ് സംഭവിക്കുന്നത് എന്നും, അത് എങ്ങനെയാണ് സംഭവിക്കുന്നത് എന്നും, എന്ത് കൊണ്ടാണ് സംഭവിക്കുന്നത് എന്നും, ഒരു പ്രത്യേക തരത്തിലുള്ള ആസന ചെയ്താൽ അതിൻറെ പരിണതഫലം എന്തു കൊണ്ട് ഇത്തരത്തിൽ ഉള്ളതായി എന്നും മറ്റും ഉള്ളതിൻറെ മുഴുവൻ സങ്കീർണ വശങ്ങളും അനുഭവിച്ചറിയണമെന്നുണ്ടെങ്കിൽ, അതിന് ജന്മങ്ങൾ നീളുന്ന പഠനമാണ്. 

 

ഈ സാങ്കേതിക വിദ്യയുടെ ഫലം അനുഭവിച്ചറിയാനായി, ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് അറിഞ്ഞിരുന്നാൽ മാത്രം  മതി. ഈ സാങ്കേതിക വിദ്യയുടെ അടിസ്ഥാനവും, ശാസ്ത്രവും മുഴുവനും അറിയണമെന്നുണ്ടെങ്കിൽ അത്  അനേകം മനുഷ്യായുസ്സിന്റെ ശ്രമമാണ്. എൻറെ മൂന്നു മനുഷ്യായുസ്സുകൾ വേണ്ടി വന്നു എനിക്കിത് മനസിലാക്കി എടുക്കാൻ. എന്നേക്കാൾ മിടുക്കരാണ് നിങ്ങൾ എന്ന് ഞാൻ അനുമാനിക്കുന്നു, കാരണം, ഇത്രയും അപ്രിയ കാര്യങ്ങളൊക്കെ ഞാൻ ചെയ്തിട്ടും നിങ്ങൾ എൻറെ അടുക്കലേക്ക് തന്നെ വന്നുവല്ലോ - ഒട്ടും മാധുര്യമില്ല, സ്വർഗ്ഗരാജ്യം വാഗ്‌ദാനം ചെയ്യുന്നില്ല, മഹാദ്‌ഭുതങ്ങളൊന്നും ഇല്ല, മാധുര്യമുള്ള ഒരു വാക്ക് പോലും ഇല്ല, നിങ്ങളെ പുൽകുന്നില്ല - എന്നിട്ടും  ഇതാ നിങ്ങൾ ഇവിടെയുണ്ട്. അതു കൊണ്ട്, നിങ്ങൾ മിടുക്കരാണെന്ന അനുമാനത്തിൽ, ഇത് ഒരു മനുഷ്യായുസ്സിൻറെ പ്രയത്നമാണ്.

Find Hatha Yoga Program Near You

This article is based on an excerpt from the December 2014 issue of Forest Flower. Pay what you want and download. (set ‘0’ for free). Print subscriptions are also available.