സദ്ഗുരു : “ബ്രഹ്മൻ എന്നാൽ പരമമായത് അല്ലെങ്കിൽ ദൈവീകമായത്, ചര്യ എന്നാൽ പാത. നിങ്ങൾ ദൈവികമായതിന്റെ പാതയിലാണ് എങ്കിൽ നിങ്ങൾ ഒരു ബ്രഹ്മചാരിയാണ്.ദൈവീകമായതിന്റെ പാതയിലാവുക എന്നാൽ നിങ്ങൾക്ക് നിങ്ങളുടേതായ യാതൊരു ഉദ്ദേശ്യങ്ങളും ഇല്ല എന്നതാണ്. എന്താണോ ആവശ്യമായിട്ടുള്ളത് അത് നിങ്ങൾ ചെയ്യുന്നു. നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ എങ്ങോട്ട് പോകണം എന്നോ നിങ്ങൾ എന്തുചെയ്യണമെന്നോ നിങ്ങൾക്ക് ഇഷ്ടമുള്ളത് എന്താണെന്നോ ഇഷ്ടമില്ലാത്തത് എന്താണെന്നോ അങ്ങനെ യാതൊന്നും നിങ്ങൾ തീരുമാനിക്കുന്നില്ല. ഇവയെല്ലാം നിങ്ങളിൽ നിന്നും എടുത്തു മാറ്റപ്പെടുന്നു.ഇഷ്ടമില്ലാതെയാണ് നിങ്ങൾ ഇത് ചെയ്യുന്നതെങ്കിൽ അത് വലിയ ഒരു പീഡനമായി തീർന്നേക്കാം. എന്നാൽ നിങ്ങൾ ഇത് ഇഷ്ടത്തോടെയാണ് ചെയ്യുന്നതെങ്കിൽ അത് നിങ്ങളുടെ ജീവിതം വിസ്മയകരവും മനോഹരവും ആക്കിത്തീർക്കും, കാരണം പിന്നെ നിങ്ങൾക്ക് ഒന്നിനെക്കുറിച്ചും വേവലാതിപ്പെടാനില്ല. എന്താണ് ആവശ്യമായിട്ടുള്ളത് അത് മാത്രം നിങ്ങൾ ചെയ്യുന്നു, ജീവിതം വളരെ ലളിതമായിത്തീരുന്നു. ഒരിക്കൽ നിങ്ങൾ, നിങ്ങൾ തന്നെ ഇങ്ങനെ സമർപ്പിച്ചു കഴിഞ്ഞാൽ പിന്നെ നിങ്ങൾ ആത്മീയതയെ കുറിച്ചോർത്ത് ചിന്തിക്കേണ്ടതിന്റെയോ നിങ്ങളുടെ ആത്മീയ പാതയെക്കുറിച്ചോർത്ത് വിഷമിക്കേണ്ടതിന്റെയോ കാര്യമില്ല. അത് സംരക്ഷിക്കപ്പെടും. അതുമായി ബന്ധപ്പെട്ട് നിങ്ങൾ ഒന്നും തന്നെ ചെയ്യേണ്ടതില്ല.

ആളുകൾ ചിന്തിച്ചേക്കാം, ഒരു ബ്രഹ്മചാരി എന്നാൽ വലിയ ത്യാഗം ചെയ്യുന്നയാളാണെന്നും അയാൾക്ക് ജീവിതം നഷ്ടപ്പെടുകയാണ് എന്നല്ല. എന്നാൽ അത് ഒരിക്കലും അങ്ങനെയല്ല. നിങ്ങളുടെ സത്തയുടെ ആന്തരിക ആനന്ദം നിങ്ങൾ അനുഭവിച്ചറിഞ്ഞാൽ, പുറത്തുള്ള സന്തോഷം പൂർണമായും അർത്ഥശൂന്യമായിത്തീരും.

ഉദാഹരണത്തിന്, ഒരാൾ എവറസ്റ്റ് കൊടുമുടി കയറാൻ ആഗ്രഹിക്കുന്നുവെന്ന് കരുതുക. അയാൾ വർഷങ്ങളോളം തയ്യാറെടുക്കുന്നു, ഒരുപക്ഷേ ജീവിതകാലം മുഴുവൻ. പിന്നെ അവൻ ഏറ്റവും കഠിനമായ കാലാവസ്ഥയിലാണ്, കുടുംബവും സമൂഹവും നൽകുന്ന ജീവിതത്തിലെ സുഖങ്ങളെല്ലാം ഉപേക്ഷിച്ച്,സാധാരണ ആളുകൾക്ക് ആഗ്രഹമുള്ളതെല്ലാം അവൻ ഉപേക്ഷിച്ചു കൊണ്ട് അയാൾ മുന്നേറുകയാണ്. . എന്നാൽ അയാൾ സ്വയം നിഷേധിക്കുകയാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? അതോ നിങ്ങൾക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ കഴിയാത്ത മറ്റൊരു സാധ്യത അയാൾ തന്റെ ജീവിതത്തിൽ യാഥാർത്ഥ്യമാക്കുകയാണോ? തങ്ങളുടെ ജീവിതത്തിൽ മൂല്യവത്തായ എന്തെങ്കിലും സൃഷ്ടിച്ചിട്ടുള്ള ഏതൊരാളും സ്വാഭാവികമായും മറ്റുള്ളവർക്ക് ലഭിക്കുന്ന നിരവധി ലളിതമായ ആനന്ദങ്ങൾ സ്വയം നിഷേധിക്കുന്നുണ്ട്. ഒരുപക്ഷേ നിങ്ങൾ നന്നായി ഭക്ഷണം കഴിക്കുന്നില്ല, നന്നായി ഉറങ്ങുന്നില്ല, ഉച്ച മയക്കമില്ല, നിങ്ങളുടെ ഭാര്യയുടെയോ ഭർത്താവിന്റെയോ കൂടെ ഇരിക്കുകയോ കുടുംബത്തോടൊപ്പം അത്താഴം കഴിക്കുകയോ ചെയ്യുന്നില്ല. എന്നാൽ നിങ്ങൾ ചിലത് സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നു, അതിനാൽ നിങ്ങൾ എല്ലാം സ്വയം നിഷേധിക്കുന്നു. ജീവിതത്തിൽ മൂല്യവത്തായ എന്തെങ്കിലും സൃഷ്ടിച്ച ഏതൊരു പുരുഷന്റെയോ സ്ത്രീയുടെയോ കാര്യത്തിൽ അത് ശരിയല്ലേ? ബ്രഹ്മചര്യത്തിന്റെ കാര്യവും ഇതുതന്നെയാണ്. അവർ പരമമായ പാതയിലാണ്. അതു കൊണ്ടു തന്നെ ആളുകൾ വിലപ്പെട്ടതായി കരുതുന്ന മറ്റു കാര്യങ്ങളിലേക്ക് അവരുടെ ശ്രദ്ധ തിരിയുന്നില്ല.

ഒരു ഗുരു എന്ന നിലയിലുള്ള എന്റെ ജോലി, ആ പരമമായ ഒരു രുചി നിങ്ങൾക്ക് നൽകുന്നതിന് വേണ്ടിയുള്ളതാണ്, അങ്ങനെ നിങ്ങളുടെ ജീവിതത്തിൽ ഒരു ആകാംക്ഷ ഉണ്ടാവുകയും നിങ്ങൾ അതിലേക്ക് പോകാൻ ആഗ്രഹിക്കുകയും ചെയ്യുന്നുനിങ്ങൾ അതൊരൽപം രുചിച്ചു കഴിഞ്ഞു, ഇപ്പോൾ നിങ്ങൾക്ക് ആ പ്രലോഭനം തടയാൻ കഴിയില്ല. അതിന്റെ ശക്തിയും സൗന്ദര്യവും സന്തോഷവും അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നു. ബ്രഹ്മചാരികൾ അതിന്റെ രുചി അനുഭവിച്ചവരാണ്, ഇപ്പോൾ അവർക്ക് അതെല്ലാം വേണം. അവർ ഭക്ഷണം കഴിക്കുന്നുണ്ടോ ഇല്ലയോ എന്നത് ശ്രദ്ധിക്കുന്നില്ല. അവർ മദ്യപിക്കുന്നുണ്ടോ, പുകവലിക്കുന്നുണ്ടോ, മറ്റ് ആളുകൾക്ക് ആസക്തിയുള്ള മറ്റ് ലളിതമായ ശാരീരിക സുഖങ്ങൾ ആസ്വദിക്കുന്നുണ്ടോ എന്ന് അവർ ശ്രദ്ധിക്കുന്നില്ല. അവർ ആത്യന്തികമായതിന്റെ രുചി അറിഞ്ഞിരിക്കുന്നു. ഇനി അവർക്ക് അത് മുഴുവനായും വേണം. അതിൽ കുറഞ്ഞ ഒന്നിലും അവർ തൃപ്തിപ്പെടുകയില്ല. സുഖത്തിന്റെയും സുരക്ഷിതത്വത്തിന്റെയും പേരിൽ ആളുകൾ അവരുടെ ജീവിതത്തിൽ ഉറങ്ങുകയാണെങ്കിൽ, അവർ അവരുടെ ജീവിതം പാഴാക്കുകയാണ് ചെയ്യുന്നത്. അവർ മുഴുവൻ വഴിയും സഞ്ചരിക്കണം . ഇത് എന്റെ ആഗ്രഹമല്ല, അവരുടെയും ആഗ്രഹമാണ്. ഇന്ന് നിങ്ങൾക്ക് ഒരു ആഗ്രഹം നിറവേറ്റാനുണ്ട്. അതു നിറവേറിയാൽ നിങ്ങൾക്ക് അടുത്തതും അതിന ടുത്തതും അതിനടുത്തതും വേണം. നിങ്ങൾ ആഗ്രഹിക്കുന്ന ഈ പ്രക്രിയ ശ്രദ്ധാപൂർവം നോക്കുകയാണെങ്കിൽ, പരിമിതമായ ഒന്നിനും നിങ്ങൾ തയ്യാറല്ലെന്ന് നിങ്ങൾക്ക് സ്വയം കാണാൻ കഴിയും.

അതിരുകൾ ഇഷ്ടപ്പെടാത്ത എന്തോ ഒന്ന് നിങ്ങളുടെ ഉള്ളിലുണ്ട്. ആത്യന്തികമായതിനെ എപ്പോഴും കൊതിക്കുന്ന എന്തോ ഒന്ന് നിങ്ങളുടെ ഉള്ളിലുണ്ട്. നിങ്ങൾ പരമമായത് അന്വേഷിക്കണം എന്നത് എന്റെ ആശയമോ തത്വശാസ്ത്രമോ അല്ല. എന്തായാലും അബോധാവസ്ഥയിൽ നിങ്ങൾ പരമമായത് തേടുകയാണ്. നിങ്ങൾ അബോധാവസ്ഥയിൽ അന്വേഷിക്കുകയാണെങ്കിൽ, നിങ്ങൾ എല്ലായ്പ്പോഴും നിരാശരായി തുടരും, അത് കണ്ടെത്താനുള്ള സാധ്യത വിദൂരമാണ്. ബോധപൂർവ്വവും ശ്രദ്ധ കേന്ദ്രീകരിച്ചും നിങ്ങൾക്ക് ആവശ്യമുള്ളത് അന്വേഷിക്കുന്നതാണ് നല്ലത്. എല്ലാവരും ബ്രഹ്മചാരികളാകണം എന്നാണോ? എല്ലാവരും ബ്രഹ്മചാരികളാകണം, ജീവിതശൈലിയുടെ കാര്യത്തിലല്ല, ആന്തരികമായി. എല്ലാവരും ദൈവിക പാതയിലായിരിക്കണം. ബ്രഹ്മചര്യം എന്നാൽ ലൈംഗികതയുടെ നിഷേധം മാത്രമല്ല. അത് ഒരു പിന്തുണാ സംവിധാനമായി എടുത്തിട്ടുള്ള ഒരു വശം മാത്രമാണ്. ഒരു ബ്രഹ്മചാരി ആകുക എന്നതിനർത്ഥം നിങ്ങൾ നിങ്ങളുടെ സ്വന്തം പ്രകൃതത്തിൽ തന്നെ ഉന്മത്തനാണ് എന്നാണ്. നിങ്ങൾ വിവാഹിതനാണെങ്കിലും ബ്രഹ്മചാരിയാകാം. നിങ്ങളുടെ സ്വപ്രാകൃതത്തിൽ തന്നെ നിങ്ങൾ സന്തോഷവാനാണെങ്കിൽ ഇത് സാധ്യമാണ് - നിങ്ങളുടെ ഭർത്താവിൽ നിന്നോ ഭാര്യയിൽ നിന്നോ സന്തോഷം ചോർത്താൻ നിങ്ങൾ ശ്രമിക്കുന്നില്ല. ഇങ്ങനെയാണ് അത് വേണ്ടത്. ലോകം മുഴുവൻ ബ്രഹ്മചാരികളാകണം. ഓരോരുത്തരും അവരവരുടെ സ്വപ്രകൃതത്തിൽ തന്നെ സന്തോഷിക്കണം. രണ്ടുപേർ ഒരുമിച്ചാൽ അത് സന്തോഷത്തിന്റെ പങ്കുവയ്ക്കലായിരിക്കണം, അല്ലാതെ പരസ്‌പരം സന്തോഷം ഊറ്റിയെടുക്കുകയല്ല വേണ്ടത്.

എന്തുകൊണ്ടാണ് ബ്രഹ്മചര്യം പ്രധാനപ്പെട്ടതായിരിക്കുന്നത്

എന്തുകൊണ്ടാണ് ബ്രഹ്മചാരികൾക്ക് ഒരു പ്രത്യേക ജീവിത ക്രമം സ്ഥാപിച്ചത്? ഒരാൾ തന്റെ ജീവിതാവസാനത്തിൽ മാത്രം സാക്ഷാത്കാരം തേടാൻ ആഗ്രഹിക്കുകയാണെങ്കിൽ, അതിനെ പല തരത്തിൽ കൈകാര്യം ചെയ്യാം. ആ ദിവസത്തേക്ക് ഞാൻ നിങ്ങൾക്ക് വേണ്ടി ഒരു തീയതി നിശ്ചയിക്കാം! എന്നാൽ ഒരാൾ പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പര്യവേക്ഷണം മാത്രമല്ല അത് മറ്റ് പലർക്കും സംഭവിക്കാൻ ഒരു ഉപയോഗപ്രദമായ ഉപകരണമാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ബ്രഹ്മചര്യം പ്രാധാന്യമർഹിക്കുന്നു. ബ്രഹ്മചാരികൾ ഭാവിയിലേക്കുള്ള നിക്ഷേപമാണ്, ആത്മീയതയെ അതിന്റെ തനതായ പരിശുദ്ധിയിൽ നിലനിർത്താനും അത് തലമുറകളിലേക്ക് കൈമാറാനും. ഒരു ചെറിയ കൂട്ടം ആളുകൾ ആവശ്യമാണ്. ഒരു പ്രത്യേക രീതിയിലാണ് അവർ ദീക്ഷ സ്വീകരിക്കുന്നത്,അത് അവരുടെ ഊർജ്ജത്തെ തികച്ചും വ്യത്യസ്തമായ ദിശയിലേക്ക് മാറ്റുന്നു. എല്ലാവരും ആ ഒരു ചുവട് വയ്ക്കണം എന്നില്ല. അത് അത്യാവശ്യമല്ലാത്തതിനാൽ ഞങ്ങൾ എല്ലാവരേയും എടുക്കുകയുമില്ല, മാത്രമല്ല ആവശ്യമായ സാധനയിലൂടെ അവരെ കടത്തി വിടാനും സാധ്യമല്ല.നമ്മളെല്ലാവരും മാമ്പഴം കഴിച്ചിട്ടുണ്ട്, എന്നാൽ നമ്മളിൽ എത്ര പേർ മാവ് നട്ട് വളർത്തിയ ശേഷം മാമ്പഴം കഴിച്ചിട്ടുണ്ട്? മാമ്പഴം മറ്റാരോ നട്ടുപിടിപ്പിച്ചതിനാലാണ് മിക്കവരും മാമ്പഴം കഴിച്ചത്. ഓരോ സമൂഹത്തിലും ആയിരം പേരിൽ പത്തു പേരെങ്കിലും മാവ് നടാൻ ശ്രദ്ധിക്കണം. അതുപോലെ കുറച്ചുപേർക്ക് ബ്രഹ്മചര്യം സ്വീകരിക്കേണ്ടി വരുന്നു. മറ്റുള്ളവരുടെ നന്മയ്ക്കായി സ്വയം സമർപ്പിക്കാൻ തയ്യാറുള്ളവരാണ് സമൂഹത്തിൽ വേണ്ടത്.

മറ്റുള്ളവരുടെ ക്ഷേമത്തെക്കുറിച്ച് ആരും ചിന്തിക്കുന്നില്ലെങ്കിൽ, ആ സമൂഹം തീർച്ചയായും നാശത്തിലേക്കാണ് പോകുന്നത്. അതാണ് ഇപ്പോൾ സമൂഹത്തിന് സംഭവിച്ചിരിക്കുന്നത്. എല്ലാവരുടെയും നന്മയെക്കുറിച്ച് ചിന്തിക്കുന്നവർ വളരെ കുറവാണ്.

എന്തുകൊണ്ട് ബ്രഹ്മചാരികൾ ആവശ്യമാണ്

അടിസ്ഥാനപരമായി, ഈ മനുഷ്യ സംവിധാനം ഒരു നിശ്ചിത ഊർജ്ജ സംവിധാനമാണ്. നിങ്ങൾക്ക് ഇത് നിരവധി കവാടങ്ങളായി നിലനിർത്താനും ഒരു പ്രത്യേക രീതിയിൽ ലോകവുമായി ഇടപാട് നടത്താനും കഴിയും. അല്ലെങ്കിൽ നിങ്ങൾക്ക് ഇത് ഒരു ക്ലോസ്-സർക്യൂട്ട് സിസ്റ്റമാക്കി മാറ്റാം, അങ്ങനെ അത് വളരെ സംയോജിതമാകും. ഒരു റോക്കറ്റ് മുകളിലേക്ക് പോകുന്നത് അത് ഒരു വശത്ത് മാത്രം അഗ്നിയുതിർക്കുന്നതു കൊണ്ടാണ്. അത് എല്ലാ വശങ്ങളിലും അഗ്നിയുതിർക്കുന്നു എന്ന് കരുതുക, അത് എവിടെയും പോകില്ല, അത് സ്വയം ചിതറിപ്പോകും. അല്ലെങ്കിൽ ദിശയില്ലാതെ എവിടെയെങ്കിലും പോയി ചിതറി വീഴും. ഒരു ബ്രഹ്മചാരിയിൽ നിന്ന് നമ്മൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നത് അയാൾ ഒരു വശത്ത് മാത്രം അഗ്നിയുതിർക്കുന്നു എന്നതാണ്. ഒരു വശത്ത് മാത്രം തീ കത്തുന്ന ഒന്ന് നേരെ മുകളിലേക്ക് പോകും, അത്തരമൊരു സംവിധാനം സൃഷ്ടിക്കുന്നതിന് ഒരു പ്രത്യേക ഉദ്ദേശ്യമുണ്ട്.

നിങ്ങൾക്ക് അത്തരത്തിലുള്ള ഒരു ക്ലോസ്-സർക്യൂട്ട് സിസ്റ്റം ഉള്ളപ്പോൾ, അത് ശക്തമായ ഒരു ഉപകരണമാണ്. ഈ ഉപകരണം വ്യത്യസ്ത രീതികളിൽ ഉപയോഗിക്കുകയോ വിന്യസിക്കുകയോ ചെയ്യാം. ഒരു ആത്മീയ പ്രക്രിയയിലൂടെ നിങ്ങൾക്ക് ലോകത്തെ സ്വാധീനിക്കാൻ കഴിയുന്ന ഒരു ആയുധമാണിത്.

എല്ലാ സംസ്കാരത്തിലും സന്യാസിമാർ ഉണ്ടായിരുന്നു, കാരണം ഒരു യഥാർത്ഥ പ്രബുദ്ധമായ പ്രക്രിയ എവിടെയായിരുന്നാലും, എല്ലായ്‌പ്പോഴും പൂർണ്ണമായും ചില സംയോജിത സംവിധാനങ്ങൾ ഉണ്ടാകണമെന്ന് അവർ ആഗ്രഹിക്കുന്നു. പുറം ലോകവുമായ ഇടപാടുകളൊന്നുമില്ല. അത് പൂർണ്ണമായും ഒറ്റയ്ക്കാണ്. ഒരു പ്രത്യേക രീതിയിൽ ലോകത്തെ ചലിപ്പിക്കാനും ചില പ്രക്രിയകൾ സൃഷ്ടിക്കാനും ചില കാര്യങ്ങൾ ആക്‌സസ് ചെയ്യാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ആ സംവിധാനങ്ങൾ ആവശ്യമാണ്. അന്തരീക്ഷത്തിനപ്പുറം ഉപഗ്രഹം സ്ഥാപിക്കണമെങ്കിൽ റോക്കറ്റ് വേണം. അന്തരീക്ഷത്തിൽ വെറുതെ പറക്കാൻ മാത്രമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, ഒരു വിമാനം മതിയാകും. അതാണ് വ്യത്യാസം. ചില പരിമിതികൾക്കപ്പുറമുള്ള എന്തെങ്കിലും ചെയ്യാൻ നിങ്ങൾ ആസൂത്രണം ചെയ്യുകയാണെങ്കിൽ അതിന് ബ്രഹ്മചാരികൾ ആവശ്യമാണ്.

ബ്രഹ്മചര്യം എന്ന പാതയിൽ എന്താണ് ഉൾപ്പെടുന്നത്?

ചോദ്യം:  ബ്രഹ്മചര്യം എന്ന പാതയിൽ എന്താണ് ഉൾപ്പെടുന്നത്? അങ്ങനെ ജീവിക്കാൻ ഒരാൾക്ക് കഴിയുമോ എന്ന് എങ്ങനെ അറിയാൻ കഴിയും?

സദ്ഗുരു: ബ്രഹ്മചര്യം എന്നാൽ കാറ്റ് പോലെ ആയിരിക്കുക - അതായത്, നിങ്ങൾ ഒന്നിലും പറ്റിനിൽക്കരുത്. കാറ്റ് എല്ലായിടത്തും പോകുന്നു, പക്ഷേ ഇപ്പോൾ എവിടെ നിന്നാണ് വരുന്നതെന്ന് നിങ്ങൾക്ക് അറിയില്ല. അത് സമുദ്രങ്ങൾ കടന്ന് വന്നിരിക്കുകയാണ് , ഇതാ ഇപ്പോൾ അത് ഇവിടെയുണ്ട് , അത് വീണ്ടും ഒഴുക്ക് തുടരുന്നു. ബ്രഹ്മചര്യം എന്നാൽ കേവലം ജീവനായിരിക്കുക- നിങ്ങൾ ജനിച്ച രീതിയിൽ തന്നെ ജീവിക്കുക - ഒറ്റയ്ക്ക്.നിങ്ങളുടെ അമ്മ ഇരട്ടക്കുട്ടികളെയാണ് പ്രസവിച്ചതെങ്കിലും നിങ്ങൾ ഒറ്റയ്ക്കാണ് ജനിച്ചത്. അതിനാൽ ബ്രഹ്മചര്യം എന്നാൽ ദൈവവുമായി വളരെ അടുത്ത ബന്ധം പുലർത്തുക എന്നാണ് - അങ്ങനെ ജീവിക്കുക. ബ്രഹ്മചര്യം വലിയൊരു ചുവടു വയ്പ്പൊന്നുമല്ല. ജീവൻ എങ്ങനെയോ അങ്ങിനെ നിലനിൽക്കുക എന്നത് മാത്രമാണ്. വിവാഹം ഒരു വലിയ ചുവടു വയ്പ്പാണ് - നിങ്ങൾ വളരെ വലിയ എന്തോ ഒന്ന് ചെയ്യാൻ ശ്രമിക്കുകയാണ്! കുറഞ്ഞത്, ആളുകൾ അങ്ങനെ വിശ്വസിക്കുന്നു. ബ്രഹ്മചര്യം എന്നാൽ നിങ്ങൾ ഒന്നും ചെയ്യുന്നില്ല, സ്രഷ്ടാവ് നിങ്ങളെ സൃഷ്ടിച്ചത് പോലെ നിങ്ങളുടെ ജീവിതം സംഭവിക്കാൻ നിങ്ങൾ അനുവദിച്ചു - നിങ്ങൾ അതിൽ നിന്ന് ഒന്നും ഉണ്ടാക്കുന്നില്ല.

അതുകൊണ്ട് ചുവടു വയ്പ്പൊന്നുമില്ല. നിങ്ങൾ ഒന്നും ചെയ്യുന്നില്ലെങ്കിൽ, നിങ്ങൾ ഒരു ബ്രഹ്മചാരിയാണ്.

എന്നാൽ സാധനയുണ്ട്, മറ്റ് അച്ചടക്കങ്ങളുണ്ട്, അത് എന്തിനെക്കുറിച്ചാണ്? അത് നിങ്ങളെ അങ്ങനെ തുടരാൻ സഹായിക്കുന്നതിന് വേണ്ടി മാത്രമാണ്, കാരണം നിങ്ങൾ ഈ ഗ്രഹത്തിൽ നിന്ന് വസ്തുക്കൾ എടുത്താൽ, ഈ ഗ്രഹത്തിന്റെ ഗുണങ്ങൾ നിങ്ങളിലേക്ക് പ്രവേശിച്ച് നിങ്ങളെ ഭരിക്കാൻ ശ്രമിക്കും. ഒരു അടിസ്ഥാന ഗുണം, നിങ്ങൾ ഭൂമിയുടെ ഒരംശം എടുത്തുകഴിഞ്ഞാൽ, ജഡത്വം എന്ന് വിളിക്കപ്പെടുന്ന ഒന്ന് ഉണ്ട്. രാവിലെ എഴുന്നേൽക്കാൻ പോലും ജഡത്വം ഉണ്ട് . ദൈവിക പാതയിലായിരിക്കുക എന്നതിനർത്ഥം ഭൂമിയുടെ വഴിക്ക് വഴങ്ങാതിരിക്കുക എന്നാണ്.

ഒരു കാര്യം ജഡത്വമാണ്, മറ്റൊരു കാര്യം നിർബന്ധിത ചലനമാണ്. ഈ ഭൂമിയുടെ ഒരു കഷണം എടുത്താൽ നിങ്ങൾ ഭൂമി പോലെയാകും. ഇത് നിങ്ങളെ ഒരു വൃത്തത്തിൽ കൊണ്ടുപോകാൻ ശ്രമിക്കുന്നു. പ്രപഞ്ചത്തിലെ ഭൗതികമെന്ന് നിങ്ങൾ വിളിക്കുന്ന എല്ലാറ്റിന്റെയും അടിസ്ഥാനം ചാക്രിക ചലനമാണ്.

നിങ്ങൾ ഒരു വൃത്തത്തിൽ നീങ്ങുകയാണെങ്കിൽ, വൃത്തം എത്ര വലുതാണെങ്കിലും, നിങ്ങൾ എല്ലായ്പ്പോഴും തിരികെ വരും. നിങ്ങളെ ക്ഷണിച്ചില്ലെങ്കിലും! ലോകം നിങ്ങളെ വേണോ വേണ്ടയോ എന്ന് നിങ്ങൾക്ക് അറിയില്ല, പക്ഷേ നിങ്ങൾ ഒരു വൃത്തത്തിൽ ആയതിനാൽ നിങ്ങൾ എന്തായാലും തിരികെ വരും. തങ്ങൾ ഇവിടെ ശരിക്കും ആവശ്യമില്ലെന്ന് തിരിച്ചറിഞ്ഞവർ, നേരായ പാതയിൽ സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവർ, അവർക്ക് ഇത് ദൈവിക പാതയാണ്, ഭ്രമണപഥമല്ല. s. 

ഒരു വ്യക്തി ജീവിതത്തിന്റെ ചാക്രികമായ ചലനത്തിലേക്ക് കടക്കാതിരിക്കാൻ, ഒരു സ്വാഭാവിക പ്രക്രിയ എന്നതിനുപകരം ബ്രഹ്മചര്യം ഒരു പാതയായും അച്ചടക്കമായും എടുക്കുന്നു. ഇതിന് കീഴടങ്ങാൻ അവർ ആഗ്രഹിക്കുന്നില്ല. അതിൽ എന്താണ് ഉൾപ്പെടുന്നത്? നിങ്ങൾ വളരെ ബോധവാനാണെങ്കിൽ, അതിൽ ഒന്നും ഉൾപ്പെടുന്നില്ല, അത് വളരെ ലളിതമാണ്. നിങ്ങൾ ജനിച്ചതുപോലെ എല്ലാ ദിവസവും രാവിലെ ഉണരും, നിങ്ങൾ മരിക്കും പോലെ ഉറങ്ങാൻ പോകുന്നു. അതിനിടയിൽ, എല്ലാവർക്കും ഉപയോഗപ്രദമായത് എന്താണോ അത് നിങ്ങൾ ചെയ്യുന്നു, കാരണം പ്രവർത്തനമില്ലാതെ നിങ്ങൾക്ക് നിലനിൽക്കാൻ കഴിയുന്ന സ്ഥലത്ത് നിങ്ങൾ ഇതുവരെ എത്തിയിട്ടില്ല - നിങ്ങൾ എന്തെങ്കിലും ചെയ്യേണ്ടതുണ്ട്.