സന്ദേഹവാദം ഒരു മോശം കാര്യമല്ല, സന്ദേഹത്തിന്റെ അർത്ഥമെന്താണെന്ന് നിങ്ങൾ മനസ്സിലാക്കണം. സന്ദേഹവാദം എന്നാൽ, നിങ്ങൾക്കറിയില്ല, അതിനാൽ നിങ്ങൾക്ക് എല്ലാ കാര്യങ്ങളെക്കുറിച്ചും സന്ദേഹമാണ്. സന്ദേഹവാദം, എല്ലാറ്റിനെയും കുറിച്ചുള്ള സ്ഥിരമായ സംശയമായി മാറുകയാണെങ്കിൽ, അതൊരു രോഗമാണ്. സംശയം എന്നാൽ നിങ്ങൾ ഒരു മുൻകൂർ നിഗമനം ചെയ്തു എന്നാണ്. സന്ദേഹം എന്നാൽ നിങ്ങൾ ഇപ്പോഴും നോക്കുന്നുണ്ട് എന്നാണ്. നിങ്ങൾ ഇപ്പോഴും കാര്യങ്ങൾ വിശകലനം ചെയ്യാൻ തയ്യാറാണ്, എന്നാൽ നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ നിങ്ങൾ ഒന്നും വിശകലനം ചെയ്യില്ല, കാരണം, എല്ലാ കാര്യങ്ങളെക്കുറിച്ചും നിങ്ങൾക്ക്  മുൻകൂട്ടിയുള്ള ഒരു നിഗമനമുണ്ട്.

അതിനാൽ, സന്ദേഹം നിങ്ങളുടെ ആത്മീയ വളർച്ചയെ മന്ദഗതിയിലാക്കില്ല. വാസ്തവത്തിൽ, അത് നിങ്ങളുടെ ആത്മീയ വളർച്ചയെ വേഗത്തിലാക്കും. യഥാർത്ഥ സന്ദേഹവാദികൾ മാത്രമാണ് ആത്മീയതയിലേക്ക് തിരിയുന്നത്, കാരണം അവർ എന്തോ ഒന്ന് അന്വേഷിക്കുകയാണ്. മറ്റുള്ളവർ എല്ലാറ്റിനെക്കുറിച്ചും മണ്ടത്തരമായ നിഗമനങ്ങളിൽഎത്തുകയാണ്. സംശയരോഗികൾ നിഷേധാത്മകമായ നിഗമനങ്ങളിൽ എത്തിച്ചേർന്നിരിക്കുന്നു, വിശ്വാസികൾ പോസിറ്റീവ് നിഗമനങ്ങളിൽ എത്തിച്ചേർന്നു, എന്നാൽ അവർ രണ്ടുപേരും ഒരേ കൂട്ടത്തിലാണ്. പ്ലസോ മൈനസോ, എന്തായാലും ശരി, അവരെല്ലാവരും ഒരേ കളിയാണ് കളിക്കുന്നത്, എണ്ണത്തിന്റെ കളി."

സന്ദേഹവാദം നിങ്ങളുടെ ആത്മീയ വളർച്ചയെ മന്ദഗതിയിലാക്കില്ല. വാസ്തവത്തിൽ, അത് നിങ്ങളുടെ ആത്മീയ വളർച്ചയെ ധ്രുതഗതിയിലാക്കും. യഥാർത്ഥ സന്ദേഹവാദികൾ മാത്രമാണ് ആത്മീയതയിലേക്കു തിരിയുന്നത്, കാരണം അവർ എന്തോ ഒന്നിനെ അന്വേഷിക്കുകയാണ്.

ഒരു സന്ദേഹവാദി, കൂട്ടിച്ചേർക്കാൻ തയ്യാറല്ല, കുറയ്ക്കാൻ തയ്യാറല്ല, എല്ലാം അതേപടി കാണാൻ ആഗ്രഹിക്കുന്നു. അതൊരു ആത്മീയ പ്രക്രിയയാണ്. ആത്മീയപ്രക്രിയ എന്നാൽ അർത്ഥമാക്കുന്നത്, "ജീവിതം ഉള്ളതുപോലെ തന്നെ കാണാൻ ഞാൻ തയ്യാറാണ്. ഞാൻ ഇതിലേക്ക് ഒന്നും ചേർക്കേണ്ടതില്ല, അതിൽ നിന്ന് ഒന്നും കുറയ്ക്കേണ്ടതില്ല, എല്ലാത്തിനെയും ഉള്ളതുപോലെ തന്നെ കാണാൻ ഞാൻ തയ്യാറാണ്.” അതുതന്നെയാണ് ഒരു സന്ദേഹവാദിയുടെ അടിസ്ഥാനപരമായ മാനസികാവസ്ഥയും.

ഒരു ആത്മീയ പ്രക്രിയയ്ക്ക് ഇത് സമ്പൂര്‍ണ്ണമാതൃകയായ ഒരു ചിന്താഗതിയാണെന്ന് ഞാൻ കരുതുന്നു - നിങ്ങൾക്ക് ഒന്നും പെരുപ്പിച്ചു കാണിക്കേണ്ട ആവശ്യമില്ല, ഒന്നും താഴ്‌ത്തേണ്ട ആവശ്യമില്ല. എല്ലാ കാര്യങ്ങളും ഉള്ളതുപോലെ കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നു, എന്നാൽ എല്ലാ കാര്യങ്ങളിലും നിങ്ങൾക്ക് സന്ദേഹമുണ്ട്. നിങ്ങൾക്ക് സന്ദേഹമില്ലെങ്കിൽ, നിങ്ങൾ നിരീക്ഷിക്കുകയില്ല. നിരീക്ഷിക്കുക എന്നത്  തേടുക എന്നതിന്റെ പരുക്കൻ പദമാണ്.

ഒരു വിധത്തിൽ, തേടുന്ന ഒരാൾ ഒരു നിരീക്ഷകനാണ്. എന്നുവച്ചാൽ, ഒരു യഥാർത്ഥ നിരീക്ഷകൻ സത്യാന്വേഷിയാണെന്നർത്ഥം. ആരെങ്കിലുംനിരീക്ഷണത്തിലാണ്, അല്ലെങ്കിൽ നിങ്ങൾ ആരെയെങ്കിലും നിരീക്ഷിക്കുകയാണ് എന്ന് പറഞ്ഞാൽ അതിനർത്ഥം നിങ്ങൾക്ക് കാര്യത്തിന്‍റെ സത്യാവസ്ഥ അറിയണം എന്നാണ്. അത് നിരീക്ഷണമാണ്, അത് തേടലും കൂടി ആണ്. ആത്മീയ തേടൽ എന്നത് നിരീക്ഷണമാണ്, ഒരു വ്യക്തിയെ കുറിച്ചല്ല, മറിച്ച് അസ്തിത്വത്തെ കുറിച്ച്. നാം അസ്തിത്വത്തെ തന്നെ നിരീക്ഷിക്കുകയാണ്. ഇത് ആത്മീയാന്വേഷണമാണ്.

നിങ്ങൾ ഒരു സന്ദേഹവാദിയല്ലെങ്കിൽ നിങ്ങൾക്ക് ഒരിക്കലും നിരീക്ഷിക്കാൻ കഴിയില്ല. നിങ്ങൾ നിഗമനങ്ങളിലേക്ക് എടുത്തുചാടും. മരണം നിങ്ങളെ അഭിമുഖീകരിക്കുകയാണെങ്കിൽ, എല്ലാ നിഗമനങ്ങളും അവസാനിക്കും. ആളുകൾ അവരുടെ സ്വപ്നലോകത്തെ മരണത്തിനപ്പുറത്തേക്കും നീട്ടാൻ ശ്രമിക്കുകയാണെന്ന് എനിക്കറിയാം, എന്നാൽ മരണത്തെ ഈ ക്ഷണം നേരിടുന്ന ഒരാൾക്ക് സ്വപ്നലോകം  പ്രവർത്തിക്കില്ല.

തങ്ങൾ അനശ്വരരാണെന്ന് വിശ്വസിക്കുന്ന ആളുകൾക്കു മാത്രമേ അത്  പ്രവർത്തിക്കൂ. നിങ്ങൾ സ്വന്തം ജീവിതത്തിന്റെ നശ്വരമായ സ്വഭാവം മനസ്സിലാക്കുകയാണെങ്കിൽ, പിന്നെ എല്ലാ നിഗമനങ്ങളും ജീവിതത്തിൽ നിന്ന് അപ്രത്യക്ഷമാകും. നിങ്ങൾ ജീവിതത്തിന്‍റെ നിരീക്ഷകനാകും, അല്ലെങ്കിൽ ഒരു സത്യാന്വേഷിയാകും, കാരണം, അവ രണ്ടും വ്യത്യസ്ത കാര്യങ്ങളല്ല.

നിങ്ങൾ സന്ദേഹം കൊണ്ട് നൈരാശ്യത്തിലേക്ക് വഴുതരുത്, ജീവിതത്തിന്‍റെ കോണിലേക്ക് സ്വയം തള്ളിവിടരുത് എന്നുമാത്രം. നിങ്ങൾ ആനന്ദത്തോടെയുള്ള ഒരു സന്ദേഹവാദിയാണെങ്കിൽ, നിങ്ങൾ ഒരു ഗംഭീര ആത്മീയ അന്വേഷകനാണ്. വിഷാദത്തോടെയുള്ള ഒരു സന്ദേഹവാദിയാണെങ്കിൽ, ഒരു മനോരോഗചികിത്സകന് പറ്റിയ കക്ഷിയാണ് നിങ്ങൾ. നിങ്ങൾക്ക് ആനന്ദത്തോടെ ഒരു സന്ദേഹവാദിയാകാൻ കഴിയുമെങ്കിൽ, നിങ്ങൾ ഒരു ആത്മീയ അന്വേഷകനാണ്, മാത്രമല്ല, അതാണ് സത്യം അന്വേഷിക്കുന്നതിന് മാതൃകാപരമായ മാനസികാവസ്ഥയും.