യോഗ / കായിക പരിശീലനം ഏതാണ് കൂടുതല്‍ ശ്രേഷ്ഠം?
ചോദ്യം: മാംസപേശികളെ കരുത്തുറ്റതാക്കുന്ന ആകാരസൌന്ദര്യം ഉണ്ടാക്കാനുതകുന്നതരം വ്യായാമം ചെയ്യുന്നയൊരാള്ക്ക് യോഗയുടെ ആവശ്യമുണ്ടോ? സദ്ഗുരു: ഒന്ന് ആകാരത്തിനെക്കുറിച്ചുമാത്രമാണ് ...

സദ്ഗുരു: ഒന്ന് ആകാരത്തിനെക്കുറിച്ചുമാത്രമാണ്, മറ്റേത് ആകാരത്തിനൊപ്പം ആന്തരികതയെക്കുറിച്ചു കൂടിയാണ്. ഒന്ന് കാഴ്ചയ്ക്കു നല്ലതാണെങ്കില്‍ മറ്റേത് സമഗ്രമായ നന്മയിലേക്കു നയിക്കുന്നു..
മാംസപേശികളെ കരുത്തുറ്റതാക്കുന്ന ആകാരസൌന്ദര്യം ഉണ്ടാക്കാനുതകുന്നതരം വ്യായാമം ചെയ്യുന്നയൊരാള്ക്ക് യോഗയുടെ ആവശ്യമുണ്ടോയെന്ന ചോദ്യത്തിനു സദ്ഗുരു മറുപടി പറയുന്നു.
മനുഷ്യ ശരീരത്തിലെ പേശികളുടെ ഘടന – അതിശയകരമായൊരു പ്രതിഭാസം തന്നെയാണത്! നമ്മുടെ പേശികള്‍ക്കു ചെയ്യാനാവുന്ന കാര്യങ്ങള്‍, ആലോചിച്ചു നോക്കുമ്പോള്‍ അത്ഭുതം, അത്ഭുതം എന്നു മാത്രമേ പറയാനാവൂ. അവയെ കൂടുതല്‍ ദൃഢമാക്കികൊണ്ട് അവയുടെലെതന്നെ അവയെ കൂടുതല്‍ അയവുള്ളതാക്കാനും നമുക്കു സാധിക്കും. ഒരാള്‍ കൂടുതല്‍ ഭാരം പൊക്കിയെടുക്കുന്നത് ശീലമാക്കിയാല്‍ സ്വാഭാവികമായും അയാളുടെ പേശികളും അതിനൊത്ത് വലുപ്പം വെയ്ക്കും. അങ്ങനെയുള്ള പലരേയും നമ്മള് കാണാറുണ്ട്. എന്നാല്‍ അവരിലൊരാള്‍ക്കു പോലും അനായാസമായി ഒന്നു നമസ്കരിക്കാനാവില്ല, കാരണം, അവരുടെ ശരീരം ശരിയായ രീതിയില്‍ വളയുകയില്ല എന്നതുതന്നെ.
നിങ്ങള്‍ക്കാവശ്യം മുഴച്ചു നില്ക്കുന്ന, ഉറപ്പും ബലവുമുള്ള പേശികളാണെങ്കില്, അതു നേടിയെടുക്കാന്‍ ഇക്കാലത്ത് എളുപ്പവഴികള്‍ പലതുമുണ്ട്. മാംസപേശികളെ സംബന്ധിച്ചടത്തോളം, അവയെ നമുക്കു വേണമെങ്കില്‍ മാറ്റിമറിക്കാന്‍ സാധിക്കും. പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല. കോര്ടിസോണുകളും ഹോര്‍മോണുകളും അകത്താക്കുകയേ വേണ്ടു. ഭാരോദ്വഹനവും പതിവായി നടത്തണം. സിലിക്കോണ്‍(അലോഹമൂലകം) നെഞ്ചിലേക്കുമാത്രമല്ല, കൈയ്യിലേയും കാലിലേയും പേശികളിലേക്കും, മറ്റെല്ലായിടങ്ങളിലേക്കും കടന്നു ചെല്ലുന്നു. അത് യാതൊരു പ്രയോജനവുമില്ലാത്ത ഒരു വസ്തുവാണെന്ന കാര്യം വേറെ. വെറുതെ ചന്തമുള്ള ഒരു ശരീരം മാത്രമാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍, അതിനേക്കാളും എളുപ്പമുള്ള മറ്റു പല വഴികളുമുണ്ട്.
ശരിയാണ് – വലുപ്പവും, ഉറപ്പും, ബലവുമുള്ള ഒരു ശരീരത്തിന്റെ ഉടമയാവുക എന്നത് വലിയ ഒരു കാര്യം തന്നെയാണ്. അങ്ങിനെയുള്ളയൊരാള്ക്ക്, താന്‍ എല്ലാവരേക്കാളും ശക്തനാണ് എന്നൊരഹങ്കാരം സ്വാഭാവികമായും ഉണ്ടാവാനിടയുണ്ട്, ആരേയും അടിച്ചമര്‍ത്താം എന്ന മൃഗസഹജമായ ഒരു ധാര്‍ഷ്ട്യം! എന്നാല്‍ ഈ ധാര്‍ഷ്ട്യവും അഹംഭാവവും വരുത്താതെ തന്നെ സുദൃഢമായൊരു ശരീരത്തിന്റെ ഉടമയാവാന്‍ നിങ്ങള്‍ക്കു സാധിക്കും, തികച്ചും വ്യത്യസ്തമായൊരു മാര്‍ഗത്തിലൂടെ. കാഴ്ചയില്‍ നല്ലൊരു മനുഷ്യന് സൌമ്യമായ സ്വഭാവം, അതേസമയം സുന്ദരമായ, ആരോഗ്യ ദൃഡഗാത്രനും. ആലോചിച്ചുനോക്കൂ, എത്ര സുഖകരമാണീ സങ്കല്പം? യാഥാര്‍ത്ഥ്യത്തില്‍ വളരെയേറെ പ്രാധാന്യമര്ഹിക്കുന്നതാണീ ഭാവന.
യോഗയും ചെയ്യുന്നത് ഇതുതന്നെയാണ്. നിങ്ങളുടെ സ്വന്തം ശരീരത്തെ വ്യായാമത്തിലൂടെ കൂടുതല്‍ ഉറപ്പും അതേസമയം അയവുള്ളതും ആക്കിത്തീര്‍ക്കുന്നു. “അംഗമര്‍ദ്ദനം” എന്നതുകൊണ്ടുദ്ദേശിക്കുന്നത് അവനവന്റെ ശരീരഭാഗത്തെ പ്രയോജനപ്പെടുത്തിക്കൊണ്ട് വ്യായാമങ്ങള്‍ ചെയ്യുക എന്നതാണ്. വ്യായാമം ചെയ്യാനുള്ള പ്രത്യേകം സ്ഥലങ്ങളൊന്നും ചുറ്റുവട്ടത്തിലില്ല എന്ന് ഒഴികഴിവു പറയേണ്ടി വരികയുമില്ല. ഇവിടെ ആവശ്യം നിങ്ങളുടെ ശരീരം മാത്രമാണ്. അതാണെങ്കില്‍ നിങ്ങള്‍ എവിടെയുണ്ടോ അവിടെയുണ്ടു താനും. ശരീരം സുദൃഢമാകാന്‍ ഇതു തന്നെ ധാരാളം. അല്ലാതെ ഒരു ഭാരവും എടുത്തു പൊന്തിക്കേണ്ട കാര്യമില്ല. ഈ രീതിയുടെ പ്രധാന ഗുണം അത് ശരീരത്തെ ഒരു വിധത്തിലും ബുദ്ധിമുട്ടിപ്പിക്കുന്നില്ല എന്നതാണ്. മറ്റൊന്ന്, നിങ്ങളുടെ മുഖത്തിന് ഒരു മൃഗീയഭാവവും വരുത്തിവെക്കുന്നില്ല എന്നത്. വിവേകവും, തന്റേടവുമുള്ള ശരിയായൊരു മനുഷ്യന്റെ ഭാവം, അതോടൊപ്പം ഉറപ്പും ഒതുക്കവുമുള്ള ആകര്‍ഷകമായ ശരീരവും – ഒന്നാലോചിച്ചു നോക്കൂ, ഈ വാഗ്ദാനങ്ങള്‍ക്കു നേരെ മുഖം തിരിക്കാന്‍ ആരെങ്കിലും തയ്യാറാവുമൊ?
അപ്പോള്‍ പറഞ്ഞു വരുന്നത്, ഇരുമ്പുണ്ട ഒന്നും എടുത്തു പൊന്തിക്കേണ്ട എന്നതാണൊ? വേണമെങ്കില്‍ ആവാം. കാരണം, ആധുനിക സാങ്കേതികശാസ്ത്രം വികസിച്ചു വികസിച്ച് നമുക്കെല്ലാവര്‍ക്കും കാര്യമായി മേലനങ്ങാതെ ജീവിക്കാമെന്ന നിലയിലായിരിക്കുന്നു. ഒരു കുടം വെള്ളം പോലും കുമ്പിട്ടെടുക്കേണ്ടതില്ല. എന്തും ഏതും ചെയ്യാന്‍ നമുക്കു ചുറ്റും യന്ത്രങ്ങളുണ്ട്. ഒരു ഐഫോണല്ലാതെ പ്രത്യേകിച്ചൊന്നും ചുമന്നു നടക്കേണ്ടതില്ല. അതുകൊണ്ടാണ് പറഞ്ഞത്, പ്രത്യേകിച്ചു വ്യായാമമൊന്നുമില്ലാത്ത ശരീരത്തിന് ചെറിയ തോതില്‍ ചില ഭാരമുയര്ത്തലുകളൊക്കെ ആവാമെന്ന്.
ശാരീരികമായ സൌഖ്യം – അതിനു പല തലങ്ങളുണ്ട്. സാമാന്യമായ ആരോഗ്യം, കാര്യക്ഷമത, ഊര്‍ജ്ജ്വസ്വലത, മാനസികവും, ആദ്ധ്യാത്മികവുമായ വികാസം തുടങ്ങിയവയൊക്കെ അതിലുള്‍പെടുന്നു. എന്നും രാവിലെ അരമണിക്കൂറൊ, ഒരു മണിക്കൂറൊ യോഗക്കുവേണ്ടി ചിലവഴിക്കുന്നതുകൊണ്ട് നമ്മള് നേടുന്നത് ഏതാനും തടിച്ചുരുണ്ട മാംസപേശികളല്ല, മറിച്ച് ഒരു വ്യക്തി എന്ന നിലയില്‍ നമുക്കോരോരുത്തര്‍ക്കും അവകാശപ്പെട്ട സമഗ്രമായ സ്വാസ്ഥ്യമാണ്!