സ്‌ത്രീയും പുരുഷനും സമാനരായിരുന്നു
സ്‌ത്രീകളെ രണ്ടാം കിടക്കാരായി കരുതുന്ന പുരുഷ സമൂഹത്തില്‍ ആത്മീയം വളരാന്‍ സാധിക്കില്ല. സ്‌ത്രീ സമത്വം നഷ്‌ടപ്പെട്ട ഒരു കുടുംബത്തില്‍ ആനന്ദം നിലനില്‍ക്കില്ല.
സൈന്യങ്ങളുടെ വിനാശം വിതയ്ക്കുന്ന ആക്രമണങ്ങള്‍ക്കു ശേഷമാണ് സ്‌ത്രീ അസ്വതന്ത്രയായത്. പുരുഷന്മാര്‍ക്ക് സ്വന്തം രാജ്യത്തെ രക്ഷിക്കേണ്ട ചുമതലയോടൊപ്പം തന്നെ സ്വന്തം സ്‌ത്രീകളെ രക്ഷിക്കേണ്ട ചുമതലയും ഉണ്ടായി. അങ്ങനെ സ്‌ത്രീകള്‍ ഭവനങ്ങളില്‍ അടച്ചിടപ്പെട്ടു.
ഹോള്‍നെസ് ക്ലാസ് നടന്നപ്പോള്‍ ഓലകൊണ്ടുള്ള മേല്‍കൂര തകര്‍ന്നുവീണ കാര്യം നേരത്തേ പറഞ്ഞുവല്ലോ. കനത്ത മഴയും കാറ്റും കാരണം അവിടെ തുടര്‍ന്നു ക്ലാസ്സ് നടത്തുവാന്‍ നിര്‍വാഹമില്ലാതായി. ആ ഇടം നേരെയാക്കേണ്ടതായി വന്നു.
“സദ്‌ഗുരു, അപ്പോള്‍ നാളത്തെ ക്ലാസ് എവിടെ വച്ചാണ്?” എന്നൊരു അനുയായി ആരാഞ്ഞു.
“അതാ അവിടെവച്ച്” എന്ന്‍ വെള്ളിയങ്കിരി മല ചൂണ്ടിക്കാണിച്ച് സദ്‌ഗുരു പറഞ്ഞു.
“തുറസ്സായ സ്ഥലത്ത്, ഈ കനത്ത മഴയില്‍ എങ്ങനെയാണ്” എന്ന് ചിലര്‍ ചോദിച്ചു.
“നിങ്ങളെന്താ ഉപ്പാണോ അല്ലെങ്കില്‍ പഞ്ചസാരയോ, മഴയില്‍ അലിഞ്ഞു പോകാന്‍?” എന്നു പറഞ്ഞ സദ്‌ഗുരു അടുത്ത ദിവസം രാവിലെ അനുയായികളേയും കൂട്ടിക്കൊണ്ട് വെള്ളിയങ്കിരി മലയിലേക്കു തിരിച്ചു.
അവരുടെ കൂട്ടത്തില്‍ പതിനഞ്ചു സ്‌ത്രീകളും ഉണ്ടായിരുന്നു. മൂന്നുദിവസം മലയിലെ തുറസ്സായ പ്രദേശങ്ങളിലും മഴ പെയ്യുമ്പോള്‍ വൃക്ഷത്തിന്‍റെ താഴെയോ പാറകളുടെ അടിയിലോ ക്ലാസുകള്‍ നടത്തി. സര്‍പങ്ങള്‍, വിഷമുള്ള മറ്റു പ്രാണികള്‍, തുടങ്ങിയവയെക്കുറിച്ചോര്‍ത്ത് അനുയായികള്‍ ഭയന്നു, മാത്രമല്ല കാട്ടാനകള്‍ അരികില്‍ വന്നു ഭയപ്പെടുത്തുകയും ചെയ്‌തു.
ഭക്ഷണം പാകം ചെയ്യുമ്പോള്‍ സദ്‌ഗുരുവും കൂട്ടത്തില്‍ കൂടി. അതു കണ്ടപ്പോള്‍ അനുയായികള്‍ ഉത്സാഹഭരിതരായി. വേദകാല സ്‌ത്രീകളുടെ സ്ഥിതി, സ്‌ത്രീകളില്‍ ജ്ഞാനികള്‍ കുറവാകാനുള്ള കാരണം, സ്‌ത്രീകള്‍ രുദ്രാക്ഷം ധരിക്കാമോ എന്നുള്ള സംശയം തുടങ്ങി പലതും ചര്‍ച്ചാവിഷയമായി.
“വേദകാലങ്ങളില്‍, ബ്രാഹ്മണര്‍ ധരിക്കുന്നതുപോലെ സ്‌ത്രീകളും പൂണൂല്‍ ധരിച്ചിരുന്നു. അന്നത്തെ കാലത്ത് പൂണൂല്‍ ധരിക്കാതെ വേദേതിഹാസങ്ങളെ തൊടാന്‍ പാടില്ല എന്നൊരു കീഴ്‌വഴക്കം ഉണ്ടായിരുന്നു. ആത്മീയം എന്നത് പുരുഷനു മാത്രമല്ല സ്‌ത്രീക്കും അര്‍ഹമാണ് എന്നതുകൊണ്ട് സ്‌ത്രീയും പൂണൂല്‍ അണിഞ്ഞിരുന്നു. അതുമാത്രമല്ല ആത്മീയ ജീവിതത്തില്‍ പുരുഷനു സമമായി സ്‌ത്രീയെയും കരുതിയിരുന്നു.”
"ഒരിക്കല്‍ ജനക മഹാരാജാവ് ഒരു ആത്മീയചര്‍ച്ച തുടങ്ങിവച്ചു. അതില്‍ പങ്കെടുക്കാന്‍ പണ്ഡിതന്മാരായ ഋഷികളും ജ്ഞാനികളും സന്യാസികളും മിഥിലയില്‍ വന്നു ചേര്‍ന്നു. ജീവിതത്തിലെ സത്യാസത്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയായിരുന്നു അത്. ജനക മഹാരാജാവു തന്നെ മഹാപണ്ഡിതനും ആത്മീയവാദിയുമായിരുന്നു. ആരംഭത്തില്‍ പലര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ തുടങ്ങിയ ചര്‍ച്ച, പിന്നീട് പണ്ഡിതന്മാര്‍ക്കു മാത്രം മനസ്സിലാകുന്ന രീതിയിലായി മാറി. വാദപ്രതിവാദങ്ങളുടെ അവസാനഘട്ടത്തില്‍ രണ്ടുപേര്‍ മാത്രം അവശേഷിച്ചു. അവര്‍ യാജ്ഞവല്‍ക്യനും മൈത്രേയിയുമായിരുന്നു. ആ രണ്ടുപേരും തമ്മില്‍ കടുത്ത വാദപ്രതിവാദം നടന്നു. ഭക്ഷണം ഉറക്കം എന്നിവ കൂടെ ഇല്ലാതെ അഭിപ്രായങ്ങള്‍ പറഞ്ഞും വാദിച്ചും ദിവസങ്ങള്‍ കടന്നുപോയി. ഒരു ഘട്ടത്തില്‍ മൈത്രേയിയുടെ ഒരു ചോദ്യത്തിനു മറുപടി പറയാന്‍ യാജ്ഞവല്‍ക്യനു കഴിഞ്ഞില്ല. അദ്ദേഹമാണെങ്കിലോ ആത്മീയാചാര്യനാകാന്‍ വേണ്ടി രാജപദവി പോലും ഉപേക്ഷിച്ച ആളാണ്. പക്ഷേ മൈത്രേയിയുടെ ചോദ്യത്തിനുത്തരം നല്‍കാന്‍ പറ്റാത്ത അവസ്ഥയില്‍ അദ്ദേഹത്തിന് കഠിനമായ ക്ഷോഭമുണ്ടായി. അദ്ദേഹം ക്ഷോഭിച്ച്, സമനില നഷ്‌ടപ്പെട്ട്, “ഇനി ഒരു ചോദ്യം ചോദിച്ചാല്‍ നിന്‍റെ ശിരസ്സ് ചിതറിത്തെറിച്ചുപോകും” എന്ന്‍ മൈത്രേയിയെ നോക്കി ആക്രോശിച്ചു.
അപ്പോള്‍ ജനക മഹാരാജാവ് ഇടപെട്ട്, “താങ്കള്‍ക്ക് എല്ലാം അറിയാമെന്നു തോന്നുന്നുവെങ്കിലും അനുഭവയോഗത്തില്‍ എല്ലാം അറിയില്ല. അതുകൊണ്ടാണ് ചോദ്യങ്ങള്‍ക്കുത്തരം പറയാന്‍ സാധിക്കാത്തത്” എന്നു പറഞ്ഞു.
വാദപ്രതിവാദത്തില്‍ വിജയിച്ച മൈത്രേയിക്ക് സമ്മാനങ്ങള്‍ നല്‍കി രാജാവ് ആദരിച്ചു. സ്വന്തം ന്യൂനതകളെക്കുറിച്ച് മനസ്സിലാക്കിയ യാജ്ഞവല്‍ക്യന്‍ മൈത്രേയിയെ നമസ്‌കരിച്ച്, തന്നെയും ഒരു ശിഷ്യനായി കരുതണമെന്ന്‍ അഭ്യര്‍ത്ഥിച്ചു. തന്നോളം പാണ്ഡിത്യമില്ലെങ്കിലും, പണ്ഡിതനായ യാജ്ഞവല്‍ക്യനെ മൈത്രേയി ഭര്‍ത്താവായി സ്വീകരിച്ചു കുടുംബം നടത്തി. കുറേക്കാലത്തിനുശേഷം യാജ്ഞവല്‍ക്യന്‍ തന്‍റെ പത്‌നിയോട്
“എന്‍റെ പക്കലുള്ളതെല്ലാം എടുത്തുകൊള്‍ക. ഞാന്‍ വനാന്തരേ വസിക്കുവാന്‍ ആഗ്രഹിക്കുന്നു” എന്നു പറഞ്ഞു.
“ഈ അല്‍പവിഷയങ്ങള്‍ക്കുവേണ്ടി ഞാന്‍ ഇവിടെയിരിക്കുമെന്ന്‍ നിങ്ങള്‍ കരുതുന്നുണ്ടോ?” എന്നു പറഞ്ഞുകൊണ്ട് മൈത്രേയിയും ഭര്‍ത്താവിനോടൊപ്പം കാനനത്തില്‍ വസിക്കുവാന്‍ തുടങ്ങി.
.B.C. 3000–ലുള്ള ചരിത്രം നമുക്കു ചൂണ്ടിക്കാണിക്കുന്നത് അക്കാലത്ത് സ്‌ത്രീയും പുരുഷനും സമാനരായിരുന്നു എന്നാണ്. സൈന്യങ്ങളുടെ വിനാശം വിതയ്ക്കുന്ന ആക്രമണങ്ങള്‍ക്കു ശേഷമാണ് സ്‌ത്രീ അസ്വതന്ത്രയായത്.പുരുഷന്മാര്‍ക്ക് സ്വന്തം രാജ്യത്തെ രക്ഷിക്കേണ്ട ചുമതലയോടൊപ്പം തന്നെ സ്വന്തം സ്‌ത്രീകളെ രക്ഷിക്കേണ്ട ചുമതലയും ഉണ്ടായി. അങ്ങനെ സ്‌ത്രീകള്‍ ഭവനങ്ങളില്‍ അടച്ചിടപ്പെട്ടു. അവര്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു. പ്രതികൂല സാഹചര്യങ്ങളും ബാഹ്യഘടകങ്ങളും കാരണം അസ്വതന്ത്രയായ സ്‌ത്രീ പിന്നീട് എന്നെത്തേക്കും അസ്വതന്ത്രയായി തുടര്‍ന്നു. സ്‌ത്രീ ഭവനത്തിലെ നാലു ചുവരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ടു.
അങ്ങനെയുള്ള അവസ്ഥയില്‍ സ്‌ത്രീക്ക് ആദ്യമായി നഷ്‌ടപ്പെട്ടത് പൂണൂലാണ്. ഒരു സ്‌ത്രീക്ക് മോക്ഷപ്രാപ്‌തി കിട്ടണമെങ്കില്‍ അവള്‍ ഭര്‍ത്തൃപൂജ ചെയ്‌താല്‍ മാത്രം മതിയെന്ന്‍ അന്നത്തെ പുരുഷ സമൂഹം തീരുമാനിച്ച് അതിനനുസരിച്ചുള്ള നിയമങ്ങള്‍ കൊണ്ടുവന്നു. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ സന്യാസം സ്വീകരിക്കലും പുരുഷനു മാത്രമാണെന്നു വന്നു. പക്ഷേ വേദകാലത്തില്‍ സ്‌ത്രീക്ക് ഈ അവകാശം ഉണ്ടായിരുന്നു. ഓരോ പുരുഷന്‍റെ ജീവിതത്തിലും ഒരു സ്‌ത്രീയുടെ പങ്കാളിത്തം പ്രാധാന്യമേറിയതാണ്.
``സ്‌ത്രീകളെ രണ്ടാം കിടക്കാരായി കരുതുന്ന പുരുഷ സമൂഹത്തില്‍ ആത്മീയം വളരാന്‍ സാധിക്കില്ല. സ്‌ത്രീ സമത്വം നഷ്‌ടപ്പെട്ട ഒരു കുടുംബത്തില്‍ ആനന്ദം നിലനില്‍ക്കില്ല. ഒരാള്‍ സ്വതന്ത്രനും മറ്റേയാള്‍ അസ്വതന്ത്രനുമായിരിക്കുന്ന സ്ഥലം പരസ്‌പരം അവിശ്വാസവും ആശങ്കയും മറ്റും ചേര്‍ന്ന്‍ അശാന്തിയുടെ ഇരുപ്പിടമായി മാറുന്നു. സ്‌ത്രീയുടെ കഴിവും സാമര്‍ത്ഥ്യവും അംഗീകരിക്കാത്ത ഒരു പുരുഷനും കുടുംബ ജീവിതത്തിലും, സ്വയം മനസ്സിലാക്കുന്ന പ്രക്രിയയിലും വിജയം കൈവരിക്കാന്‍ സാധിക്കുകയില്ല”. ``സ്‌ത്രീകളെ പുരുഷന്മാര്‍ പുനരുദ്ധരിക്കേണ്ട കാര്യമില്ല” എന്ന്‍ വിവേകാനനന്ദന്‍ പ്രസ്‌താവിച്ചിട്ടുള്ളതും സദ്‌ഗുരു ചൂണ്ടിക്കാട്ടി. ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ വിവേകാനന്ദനോട് “സാമൂഹ്യ പരിഷ്‌ക്കരണം നടത്തി സ്‌ത്രീകളെ സഹായിക്കാന്‍ ഉദ്ദേശിക്കുന്നു” എന്നു പ്രസ്‌താവിച്ചു. അതിന് അദ്ദേഹം, “`സ്‌ത്രീകള്‍ വളരെ പക്വമതികളാണ്. അവര്‍ക്കു സന്ദര്‍ഭം നല്‍കിയാല്‍ അവര്‍ സ്വയം പരിഷ്‌കരിച്ചോളും?” എന്നു പറഞ്ഞുവത്രേ.
ഒരു സ്‌ത്രീ സ്വന്തം അറിവ് പ്രകടിപ്പിച്ചാല്‍ അവളെ മന്ത്രവാദിനി എന്നു പറഞ്ഞു കൊന്നുകളയും. യൂറോപ്പില്‍ നൂറുകണക്കിനു സ്‌ത്രീകളെ അസാന്മാര്‍ഗികള്‍ എന്നു മുദ്രകുത്തി പീഡിപ്പിച്ചിരുന്നു. ഇന്ന്‍ കൊലപാതകം നിയമപരമായി ശിക്ഷാര്‍ഹമാണെന്നതിനാല്‍ അത്തരത്തിലുള്ള ഹീനകൃത്യത്തിനു പകരം, അവരെ സമൂഹത്തില്‍ നിന്നും ഭ്രഷ്‌ടരാക്കുന്നു. “സമൂഹത്തിന്‍റെ സഹകരണമുണ്ടെങ്കില്‍ നല്ല സ്‌ത്രീഗുരുക്കള്‍ ഉണ്ടാകാന്‍ സാധിക്കും. ഭാവിയില്‍ അങ്ങനെയൊരു സഹകരണം ഉണ്ടായെങ്കില്‍, സ്‌ത്രീഗുരുക്കളെ കാണാന്‍ സാധിക്കും.”