• കാശി കർവത്ത്

സദ്ഗുരു: നിങ്ങൾ സ്വന്തം വിമോചനത്തിനായി പരിശ്രമിക്കുന്നിടത്തോളം കാലം, നിങ്ങൾ എന്ത് ചെയ്യുന്നു അല്ലെങ്കിൽ എങ്ങനെ ചെയ്യുന്നു എന്നത് പ്രധാനമല്ല. നിങ്ങളുടെ അടിസ്ഥാന ഉദ്ദേശ്യം അലിഞ്ഞു പോകാനാണെങ്കിൽ, അത് ഏതു വിധത്തിലാണ് ചെയ്യുന്നത് എന്നത് പ്രശ്നമല്ല. കാശിയിൽ ഒരു പ്രത്യേക ക്ഷേത്രം ഉണ്ട്. നിങ്ങൾക്ക് മുക്തിയടയണമെങ്കിൽ അവർക്ക് ഒരു ഈർച്ചവാളുണ്ട്. അതിനെ പ്രാദേശിക ഭാഷയിൽ കർവത്ത് എന്ന് വിളിക്കുന്നു.

ഇന്നും ആ ലിംഗത്തെ കർവത്ത് ലിംഗം എന്നാണ് വിളിക്കുന്നത്. ആളുകൾ വളരെ ദൂരം യാത്ര ചെയ്ത്  കർവത്തിനായി അവിടെ വന്നു; അതായത്, ക്ഷേത്രത്തിലെ ലിംഗത്തിന് മുന്നിൽ വെച്ചു സ്വയം രണ്ട് കഷണങ്ങളായി മുറിക്കപ്പെടാൻ ആവശ്യപ്പെട്ടുകൊണ്ട്. ഈ ലിംഗം അതിനായി നിർമ്മിച്ചതാണ്. അവർ ആ ഈർച്ചവാൾ ഒരു മനുഷ്യനെ തലയുടെ മുകളിൽ നിന്ന് മുറിക്കാൻ വേണ്ടി ഉപയോഗിച്ചു. തുടക്കത്തിൽ, സഹസ്രാർ തുറക്കുന്നതിനായി ഒരു നിശ്ചിത സ്ഥാനം വരെ മാത്രം വെട്ടുകയാണ് ചെയ്തിരുന്നത്.

ജീവനെ മോചിപ്പിക്കാൻ എന്തു ചെയ്യണമെന്ന് അറിയാവുന്ന ആളുകൾ ഇത് ശ്രദ്ധാപൂർവ്വം ചെയ്തിരുന്നു. നിങ്ങളുടെ രണ്ട് മാനങ്ങളെ വ്യക്തമായി വേർതിരിച്ച്‌ നിങ്ങളെ മുക്തിയിലേക്ക്  നയിച്ചു. ഇപ്പോൾ ഇത് ചെയ്യാൻ ശ്രമിക്കരുത്! ഇത് കുറച്ചുകാലമായി നിരോധിക്കപ്പെട്ടിരിക്കുന്നു. ഞാൻ നിങ്ങളോട് പറയാൻ ശ്രമിക്കുന്നത്, അവർ എത്രത്തോളം പോകാൻ തയ്യാറായിരുന്നുവെന്നതാണ്, കാരണം, മുക്തി എന്നത് അത്രയ്ക്ക് 
പ്രാധാന്യമർഹിച്ചിരുന്നു - ഈ ജീവിതത്തിൽ തന്നെ നേടണം എന്ന്.

കാശി കാർവത്തിനെ പരാമർശിച്ച ധാരാളം ഋഷിമാരും വിശുദ്ധരുമുണ്ട്, ഉദാഹരണത്തിന് മിരാബായി, സൂർദാസ്. മിരാബായ് കൃഷ്ണനെ ഇപ്രകാരം ഭീഷണിപ്പെടുത്തുന്നു, "താങ്കൾ വന്നില്ലെങ്കിൽ ഞാൻ കാശി കർവത്തിലേക്ക് പോകും." അതായത്, "നിങ്ങൾ എനിക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടില്ലെങ്കിൽ, ഞാൻ ഈർച്ചവാൾ കൊണ്ട് സ്വയം മുറിക്കാൻ പോവുകയാണ്," എന്ന് അവർ കൃഷ്ണനെ ഭീഷണിപ്പെടുത്തുന്നു.

ബ്രിട്ടീഷ് ഭരണ കാലഘട്ടത്തിൽ അവർ ഈ ആചാരത്തെ നിരോധിച്ചു, എങ്കിലും ആളുകൾ പോയി ആ ഈർച്ചവാളിന്റെ മേൽ വീണുകൊണ്ടിരുന്നു. അപ്പോൾ അവർ ആ ഈർച്ചവാളിനെ അവിടെനിന്നും നീക്കം ചെയ്തു. ഇപ്പോൾ ആ ഈർച്ചവാൾ ഏതോ ഒരു ബ്രിട്ടീഷ് മ്യൂസിയത്തിലുണ്ടെന്ന് പറയപ്പെടുന്നു.

  • പഞ്ചക്രോഷി യാത്ര


തീർഥാടകർ പവിത്രമായ കാശി മണ്ഡലത്തിന് ചുറ്റും ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട പാദയാത്രകളിൽ ഒന്നാണ് പഞ്ചക്രോശി യാത്ര. 108 ക്ഷേത്രങ്ങളുള്ള ഈ വഴിയിൽ തീർത്ഥാടകർ കാൽനടയായി സഞ്ചരിക്കുന്നു. തീർഥാടകർക്ക് വിശ്രമിക്കാനും രാത്രി താമസിക്കാനും സൗകര്യമുള്ള പ്രധാനപ്പെട്ട അഞ്ച് ഗ്രാമങ്ങളവിടെയുണ്ട്. നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് രാജാക്കന്മാർ നിർമ്മിച്ച സത്രങ്ങൾ ഇന്നും നിലവിലുണ്ട്. പഞ്ചക്രോഷി പാതയിൽ ഘടികാരദിശയിൽ സഞ്ചരിക്കുമ്പോൾ, എല്ലാ ക്ഷേത്രങ്ങളും റോഡിന്റെ വലതുവശത്ത്, പഞ്ചക്രോഷി മണ്ഡലത്തിന്റെ പുറം അതിർത്തി അടയാളപ്പെടുത്തികൊണ്ട്   സ്ഥിതിചെയ്യുന്നു.

മണികർണിക ആറ്റുപടിക്കെട്ടിൽ നിന്ന് ഗംഗാ നദിയിൽ മുങ്ങികൊണ്ടാണ് പഞ്ചക്രോശി യാത്ര ആരംഭിക്കുന്നത്. ഈ വഴിയിലെ ആദ്യത്തെ പ്രധാന ക്ഷേത്രം ആധികർമാദേശ്വർ ക്ഷേത്രമാണ്. ഇവിടത്തെ ലിംഗത്തെ കർമദേശ്വർ മുനിയാണ് പ്രതിഷ്ഠിച്ചത്. കാശി ഖണ്ട പുരാണത്തിൽ, യക്ഷസ്സുകളും ഗാണങ്ങളും എല്ലായിപ്പോഴും മരങ്ങളിലും ജലാശയങ്ങൾക്കരികിലുമാണ് താമസിക്കുക എന്ന് പറയുന്നു. ഈ പാതയിൽ, അവരുടെ ക്ഷേത്രങ്ങളും അതേ രീതിയിൽ സ്ഥാപിച്ചിട്ടുണ്ട്.

ഈ വഴിയിലെ രണ്ടാമത്തെ ക്ഷേത്രം ഭീമചണ്ടി മന്ദിർ ആണ്. ദേവിയെ ആരാധിച്ചിരുന്ന ഒരു ഗന്ധർവനാണ് ഈ ദുർഗ ക്ഷേത്രം സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു. അവളുടെ കൃപ തേടുന്ന എല്ലാ ഭക്തരെയും സ്വന്തം കുഞ്ഞിനെപോലെ സംരക്ഷിക്കുകയും, അവരുടെ ആരോഗ്യത്തിനും ക്ഷേമത്തിനുമായി അനുഗ്രഹിക്കുകയും ചെയ്യുന്നു

മൂന്നാമത്തേത് ദേഹാലി വിനായക് ക്ഷേത്രമാണ്. യാത്രയുടെ പകുതി അടയാളപ്പെടുത്തുന്ന ഈ ക്ഷേത്രം കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ അതെ വരിയിലാണ് സ്ഥിതിചെയ്യുന്നത്. കാശിയിൽ പ്രവേശിക്കുന്നതിനുമുമ്പ് ശ്രീരാമൻ ഇവിടെ ധ്യാനിച്ചുവെന്ന് പറയപ്പെടുന്നു.

നാലാമത്തേത് രാമേശ്വരം ക്ഷേത്രമാണ്. ഈ ക്ഷേത്രം ദക്ഷിണേന്ത്യയിലെ രാമേശ്വരം ക്ഷേത്രത്തിന്റെ പ്രതിരൂപമാണെന്ന് പറയപ്പെടുന്നു. വരുണ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം യാത്രയുടെ വടക്കേ അറ്റത്തെ അടയാളപ്പെടുത്തുന്നു.

കാശി മണ്ഡലത്തിലെ എല്ലാ ലിംഗങ്ങളും നാൽപത്തിരണ്ട് തരങ്ങളിൽ പെടുന്നുവെന്ന് വേദഗ്രന്ഥങ്ങളിൽ പറയുന്നു. കപിലധാര ക്ഷേത്രത്തിൽ ഈ നാൽപത്തിരണ്ട് തരങ്ങളും ഒരൊറ്റ രൂപത്തിലാണുള്ളത്. പസപാനി വിനായക ക്ഷേത്രവും, കപിലധാര ക്ഷേത്രവും  പഞ്ചക്രോഷി യാത്രയുടെ അവസാനം കുറിക്കുന്നു.

  • കാല ഭൈരവൻ

കാശി - കാലഭൈരവ - ക്ഷേത്രം

സദ്ഗുരു: നിങ്ങളെ ഭയത്തിനതീതമായി കൊണ്ടുപോകുന്നയാളാണ് ഭൈരവൻ. കാല ഭൈരവൻ സമയത്തിന്റെ ഭയമാണ് - മരണഭയമല്ല - കാരണം, സമയമാണ് ഭയത്തിന്റെ  അടിസ്ഥാനം. നിങ്ങൾക്ക് അനന്തമായ സമയം ഉണ്ടെങ്കിൽ, അത് ഒരു പ്രശ്നമാവില്ലല്ലോ, അല്ലേ? സമയഭയത്തിൽ നിന്ന് നിങ്ങൾ സ്വതന്ത്രരാണെങ്കിൽ, നിങ്ങൾ ഭയത്തിൽ നിന്നും  തികച്ചും മുക്തരാണ്.

ശിവന്റെ മാരകമായ രൂപമാണ് കാല ഭൈരവൻ. നിങ്ങൾ ജീവിതകാലം മുഴുവനും തന്നെ ഒരു വൃത്തികെട്ട സൃഷ്ടിയായിരുന്നെങ്കിലും, കാശിയിലേക്ക് വന്നാൽ നിങ്ങൾ മുക്തി കൈവരിക്കും എന്ന ഉറപ്പുണ്ടായിരുന്നു. അതിനാൽ വൃത്തികെട്ട ആളുകളെല്ലാം ഇവിടേക്ക് വരാൻ തുടങ്ങി, കാരണം, അവർ വളരെ മോശമായി ജീവിച്ചു, എന്നാൽ അവർക്ക്  മഹത്വത്തോടെ മരിക്കണം. അപ്പോൾ അദ്ദേഹം പറഞ്ഞു, “എന്തെങ്കിലുമൊരു നിയന്ത്രണം ആവശ്യമാണ്.” ശിവൻ കാല ഭൈരവന്റെ രൂപമെടുത്തു,ഭൈരവി യതാന എന്നറിയപ്പെടുന്ന പ്രക്രിയ നടത്താൻവേണ്ടി.

അതിനർത്ഥം, മരണ ക്ഷണം അടുക്കുമ്പോൾ, നിങ്ങൾ എപ്രകാരം ജീവിച്ചിരുന്നെങ്കിലും, ഒരു നിമിഷത്തിൽ നിങ്ങളുടെ പല ജന്മങ്ങൾ വളരെ തീവ്രതയോടെ കടന്നുപോകുന്നു. നിങ്ങൾ അനുഭവിക്കേണ്ട ആനന്ദവും വേദനയുമെല്ലാം നിങ്ങൾക്ക് സംഭവിക്കും. നിരവധി ജന്മങ്ങളിൽ അനുഭവിക്കേണ്ടതെല്ലാം ഒരു മൈക്രോസെക്കൻഡിൽ നിങ്ങൾക്ക് സംഭവിക്കും, പക്ഷെ, നിങ്ങൾക്ക് താങ്ങാൻ കഴിയാത്ത തരത്തിലുള്ള തീവ്രതയോടെയായിരിക്കും അത്. യാതന എന്നാൽ ആത്യന്തികമായ കഷ്ടത എന്നാണ്. ഇത് നരകത്തിൽ സംഭവിക്കുന്ന ഒന്നാണ്, പക്ഷേ അദ്ദേഹം അത് നിങ്ങൾക്ക് ഇവിടെ തന്നെ അനുഭവമാക്കും.

നിങ്ങൾക്ക് അത്തരത്തിലുള്ള ഒരു ജോലി ചെയ്യണമെങ്കിൽ അതിനു ചേർന്ന വസ്ത്രധാരണം ആവശ്യമാണ്. ശിവൻ, ശരിയായ രൂപമെടുത്ത്‌, കാല ഭൈരവനായി - നിങ്ങൾക്ക് ഭൈരവി യാതന സൃഷ്ടിക്കുന്നതിന്. നിങ്ങൾ സാധ്യമെന്നു സങ്കൽപ്പിക്കാത്ത തരത്തിൽ അത്യധികം  വേദന അവൻ നിങ്ങൾക്ക് അനുഭവപ്പെടുത്തുന്നു, പക്ഷേ ഒരേയൊരു നിമിഷത്തേക്ക് മാത്രം. അതിനുശേഷം ഭൂതകാലത്തെ യാതൊന്നും നിങ്ങളിൽ അവശേഷിക്കില്ല.

  • കാശിയിലുള്ള കാലഭൈരവ ക്ഷേത്രങ്ങൾ

ആ മണ്ഡലത്തെ മുഴുവനും സംരക്ഷിച്ചുകൊണ്ട്, എട്ട് കാലഭൈരവ ക്ഷേത്രങ്ങൾ കാശിയുടെ എട്ട് പ്രധാന ദിശകളിലായി സ്ഥിതിചെയ്യുന്നു. ഉന്മത് ഭൈരവ, ക്രോധന ഭൈരവ, കപാല ഭൈരവ, അസിതങ്ക ഭൈരവ, ചണ്ട ഭൈരവ, രുരു ഭൈരവ, ഭീഷണ ഭൈരവ, സംഹാര ഭൈരവ എന്നിവയാണവ.

കാശി ഘണ്ട പുരാണത്തിൽ, കാശി ക്ഷേത്രം ശിവന്റെ തൃശൂലത്തിന്റെ മുകളിലും, പ്രധാനപ്പെട്ട മൂന്ന് ക്ഷേത്രങ്ങൾ തൃശൂലത്തിന്റെ മൂന്ന് മുനയറ്റത്തിലുമാണെന്ന് പറയുന്നു. ഈ മൂന്ന് പ്രധാന ക്ഷേത്രങ്ങൾ ആ മണ്ഡലത്തിന്റെ ഊന്നായി പ്രവർത്തിക്കുന്നു. വടക്കിൽ ഓംകാരേശ്വരൻ, നടുവിൽ വിശ്വേശ്വരൻ, തെക്കിൽ കേദാരേശ്വരനും. ഇതിൽ ഓരോ ക്ഷേത്രവും സ്വയം ഒരു  ഘണ്ഡമാവുന്നു - അതായത്, അതിന്റെ സ്വാധീന മേഖലയാണ്.