ഒരു ദൈവത്തെ മാത്രം വണങ്ങിയാല്‍ മറ്റുള്ള ദൈവങ്ങള്‍ പിണങ്ങുകയില്ലേ
ഹിന്ദു എന്നത് മതവുമായി ബന്ധപ്പെട്ട ഒരു പ്രതീകമല്ല. മറിച്ച് അത് ഒരു സംസ്കാരത്തിന്റെ പ്രതീകമാണ്. സിന്ധു എന്ന വാക്ക് ലോപിച്ചു `ഇന്ദു’വായി, പിന്നീട് `ഹിന്ദു’വായി മാറുകയാണുണ്ടായത്.

ഹിന്ദുമതത്തില്‍ ധാരാളം ദൈവങ്ങള്‍ ഉണ്ടല്ലോ, ഞാന്‍ ഏതു ദൈവത്തെയാണു പ്രാര്‍ത്ഥിക്കേണ്ടത്? ഒരു ദൈവത്തെ മാത്രം വണങ്ങിയാല്‍ മറ്റുള്ള ദൈവങ്ങളെല്ലാം പിണങ്ങുകയില്ലേ; ഇതിനെക്കുറിച്ചു പറയാമോ?
ഹിന്ദു എന്നാല്‍ എന്താണ്? ഹിന്ദു എന്നത് മതവുമായി ബന്ധപ്പെട്ട ഒരു പ്രതീകമല്ല. മറിച്ച് അത് ഒരു സംസ്കാരത്തിന്റെ പ്രതീകമാണ്. സിന്ധു എന്ന വാക്ക് ലോപിച്ചു `ഇന്ദു’വായി, പിന്നീട് `ഹിന്ദു’വായി മാറുകയാണുണ്ടായത്. സിന്ധുനദീതട സംസ്കാരത്തില്‍ പെട്ടവര്‍ ആരായിരുന്നാലും ഹിന്ദുവാണ്. ഹിന്ദുവായിരിക്കാന്‍ യാതൊരു മതവിശ്വാസത്തിന്റേയും ആവശ്യമില്ല. നിങ്ങള്‍ ദൈവ വിശ്വാസിയാണെങ്കില്‍ ഹിന്ദുവായിരിക്കാന്‍ സാധിക്കും. നിങ്ങള്‍ക്ക് ഏതു രീതിയില്‍ വേണമെങ്കിലും ജീവിക്കാം, ഒപ്പം ഹിന്ദുവായിരിക്കാനും സാധിക്കും, എന്തുകൊണ്ടെന്നാല്‍ ഇതൊരു സംസ്കാരത്തിന്റെ പ്രതീകമാണ്. പക്ഷേ ഇപ്പോള്‍ ഹിന്ദു എന്ന വാക്കിനെ ഒരു മതമാക്കി മാറ്റുവാന്‍ ശ്രമം നടക്കുന്നു, അതിനു കാരണം, പുറത്തു നിന്നു വന്ന ചില മതങ്ങള്‍ ബലാല്ക്കാരേണ ജനങ്ങളെ മതപരിവര്‍ത്തനം ചെയ്യിക്കാന്‍ ശ്രമിക്കുന്നു എന്നുള്ളതാണ്. ഇത് ചെറുത്തുനില്ക്കാന് വേണ്ടി ഈ സമൂഹം തീവ്രമായ ശ്രമം നടത്തുന്നു എന്നത് ഖേദകരമാണ്. ഈ സമൂഹത്തിന് ഇങ്ങനെയുള്ള ചിന്തകള്‍ വരരുതായിരുന്നു, എന്തുകൊണ്ടെന്നാല്‍ നമ്മുടെ രാജ്യം ഇരുകൈകളും നീട്ടി എല്ലാറ്റിനെയും സ്വാഗതം ചെയ്യുന്ന രാജ്യമാണ്.
മതസംബന്ധമായ വിഷയങ്ങള്‍ എല്ലാം തന്നെ ശാസ്ത്രീയമായ അടിത്തറയുള്ളവയാണ്. ആ അടിത്തറയുടെ മുകളില്‍ പണിത കഥകളായി അവ പ്രചരിപ്പിക്കപ്പെട്ടു വന്നു. കാലക്രമേണ കഥകള്‍ക്കു മാത്രം പ്രാധാന്യം കൊടുക്കുകയും അടിത്തറ മറക്കപ്പെടുകയും ചെയ്തു. ശാസ്ത്രത്തില്‍ സൃഷ്ടിസ്ഥിതിസംഹാര ശക്തികളുടെ പേര് പ്രോട്ടോണ്‍, ന്യൂട്രോണ്‍, ഇലക്ട്രോണ്‍ എന്നിവയാണ്. ആത്മീയതയില്‍ അവ ബ്രഹ്മാവ്, വിഷ്ണു, ശിവന് എന്നറിയപ്പെടുന്നു. സൃഷ്ടിക്കാവശ്യമായത് ബുദ്ധി, വിദ്യാഭ്യാസം തുടങ്ങിയവ. അതിനായി സരസ്വതി ദേവിയെ സങ്കല്പിച്ച് ബ്രഹ്മാവിന്റെ അരികില്‍ത്തന്നെ ഇരുത്തി. സ്ഥിതിക്കാവശ്യമായത് ധനം. അതിനാല്‍ സ്ഥിതിയുടെ പ്രതീകമായി ലക്ഷ്മീദേവിയെ സങ്കല്പിച്ചു. പിന്നെ, സംഹാരത്തിന്റെ പ്രതീകമായി പാര്‍വതിയെയും.
നമ്മള് ഒരു ശാഖയില്‍, അതായത് വിദ്യ, ധനം, ആരോഗ്യം, ഇങ്ങനെ ഏതിലെങ്കിലും താല്പര്യം കൂടുതല്‍ കാണിച്ചാല്‍ അതില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുകയും മറ്റു ശാഖകളില്‍ താല്പര്യം കുറയുകയും ചെയ്യുന്നു. ഇങ്ങനെയാവുമ്പോള്‍ ഏതെങ്കിലും മേഖലയില്‍ വിജയം കൈവരിക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് ആ മേഖലയുടെ ഈശ്വരന്റെ അപ്രീതിയാണു കാരണമെന്നു പറയുന്നു. പക്ഷേ പൊതുവെ പറയുകയാണെങ്കില്‍ എല്ലാ മേഖലകളിലും സമാനമായ താല്പര്യം ഉണ്ടായിരിക്കേണ്ടതാണ്”
photo credit to : www.flickr.com