सद्गुरु

ചോദ്യം : അദ്ധ്യാത്മീക മാര്‍ഗത്തിലേക്ക് കടന്നു ചെല്ലുന്തോറും മനസ്സില്‍ ആശയക്കുഴപ്പം വര്‍ദ്ധിച്ചു വരികയാണ്. അതേസമയം അവ്യക്തമാണെങ്കിലും ഒരു തെളിച്ചവും കാണാനാകുന്നുണ്ട്. ഒരു ദിവസം എല്ലാം എന്റെ മുന്നില്‍ തെളിഞ്ഞു വരികയില്ലേ? മനസ്സില്‍ ഇപ്പോഴുള്ള ഈ അവ്യക്തത ഒഴിഞ്ഞു കിട്ടാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?

അദ്ധ്യാത്മീകതയെ തേടി ചെല്ലുന്തോറും മനസ്സില്‍ ആശയക്കുഴപ്പം വര്‍ദ്ധിച്ചു വരുന്നു എന്ന്, അല്ലെ? സാരമില്ല, അതൊരു നല്ല ലക്ഷണമാണ്. അബദ്ധ ധാരണകള്‍ വെച്ച് പുലര്‍ത്തുന്നതിലും ഭേദമാണ് ഈ അവ്യക്തത. ജീവിതത്തെപ്രതിയുള്ള തെറ്റായ ധാരണകള്‍ കുറെയൊക്കെ സന്തോഷവും സുഖവും, സമാധാനവും നിങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടാവാം. മിഥ്യയായ ഒരു സുരക്ഷിതത്വവും നിങ്ങള്‍ അനുഭവിച്ചിട്ടുണ്ടാകാം.

uncertainty 1എന്നാല്‍ അദ്ധ്യാത്മീക മാര്‍ഗത്തിലേക്ക് പ്രവേശിക്കുന്നതോടെ അതെല്ലാം തകിടം മറിയുന്നു . ഇതുവരെ സുഖ സൌകര്യങ്ങളായി കണ്ടതൊക്കെയും ശുദ്ധമണ്ടത്തരമായിരുന്നു എന്ന് മനസ്സ് ചൂണ്ടിക്കാട്ടുന്നു. വളരെ സാരമായും വിലപ്പെട്ടതായും കണ്ടിരുന്ന പലതും പെട്ടെന്ന് തീരെ നിസ്സാരമായി തരംതാണ് പോകുന്നു. ഒന്നും പഴയ പടിയില്ല, എല്ലാം തകിടം മറിഞ്ഞു പോയിരിക്കുന്നു.

വളരെ അര്‍ത്ഥവത്തായ ഒരു "സെന്‍" ചിന്ത ഓര്‍മ്മയില്‍ വരുന്നു. "അറിവില്ലാതിരുന്ന കാലത്ത് മലകള്‍ മലകളായിരുന്നു, പുഴകള്‍ പുഴകളായിരുന്നു, മേഘങ്ങള്‍ മേഘങ്ങളായിരുന്നു, മരങ്ങള്‍ മരങ്ങളായിരുന്നു. അദ്ധ്യാത്മീക പാതയിലേക്ക് കടന്നതോടെ മലകള്‍ വെറും മലകള്‍ മാത്രമല്ലാതായി, പുഴകള്‍ വെറും പുഴകള്‍ മാത്രമല്ലാതായി, മേഘങ്ങള്‍ വെറും മേഘങ്ങള്‍ മാത്രമല്ലാതായി, മരങ്ങള്‍ വെറും മരങ്ങള്‍ മാത്രമല്ലാതായി. ജ്ഞാനം പ്രാപ്തമായതോടെ വീണ്ടും മലകള്‍ മലകളായി, പുഴകള്‍ പുഴകളായി, മേഘങ്ങള്‍ മേഘങ്ങളായി, മരങ്ങള്‍ മരങ്ങളായി..."

അജ്ഞതയില്‍ നിന്നും ജ്ഞാനത്തിലേക്ക് ഒരു വൃത്തം പൂര്‍ണമാകുകയാണ്. തുടങ്ങിയ ഇടത്തേക്ക് തന്നെ തിരിച്ചെത്തുന്നു. പക്ഷെ അതിന് വളരെ വലിയ അന്തരമുണ്ട്. ആ അന്തരമാകട്ടെ അവര്‍ണ്ണനീയവുമാണ്.

അദ്ധ്യാത്മീക മാര്‍ഗത്തിലേക്ക് പ്രവേശിക്കുന്നതോടെ എല്ലാം താറുമാറാകുന്നു. എന്തും ഏതും സംശയമാകുന്നു. അദ്ധ്യാത്മീകതയെ കുറിച്ച് എന്തെങ്കിലും മനസ്സിലാക്കുന്നതിനു മുമ്പ് ജീവിതം ഏറെക്കുറെ സ്വസ്ഥവും, സന്തുഷ്ടവും ആയിരുന്നു. ആകപ്പാടെ ഒരു സംതൃപ്തി അനുഭവപ്പെട്ടിരുന്നു. രാവിലെ സന്തോഷത്തോടെ പ്രാതല്‍ കഴിച്ചു, കാപ്പി കുടിച്ചു. ജീവിതം അങ്ങനെ സുഖമായി പോകുന്നു. ഇങ്ങനെയൊക്കെ മതിയെന്ന തോന്നല്‍. ഇപ്പോഴത്തെ സ്ഥിതി അതല്ല ഉണ്ണണ്ട, ഉറങ്ങണ്ട, ഒന്നിലും താത്പര്യമില്ല, ഉത്സാഹമില്ല, എല്ലാം അര്‍ത്ഥശൂന്യമെന്ന തോന്നല്‍.

അദ്ധ്യാത്മീക മാര്‍ഗത്തിലേക്ക് പ്രവേശിക്കുന്നതോടെ എല്ലാം താറുമാറാകുന്നു. എന്തും ഏതും സംശയമാകുന്നു. അദ്ധ്യാത്മീകതയെ കുറിച്ച് എന്തെങ്കിലും മനസ്സിലാക്കുന്നതിനു മുമ്പ് ജീവിതം ഏറെക്കുറെ സ്വസ്ഥവും, സന്തുഷ്ടവും ആയിരുന്നു.

വാസ്തവം എന്താണെന്നു വച്ചാല്‍, മുമ്പും എല്ലാം അര്‍ത്ഥശൂന്യം തന്നെയായിരുന്നു...

അങ്ങിനെയല്ല എന്ന് നിങ്ങള്‍ സ്വയം കബളിപ്പിക്കുകയായിരുന്നു. അതെല്ലാം അര്‍ത്ഥമുള്ളതായിരുന്നു എങ്കില്‍ എങ്ങിനെ അതെല്ലാം ഇപ്പോള്‍ ഇല്ലാതായി ? നിങ്ങള്‍ അതിനനുവദിക്കുമോ? ഓരോന്നും യഥാര്‍ത്ഥത്തില്‍ എന്താണ് എന്ന് അന്നേ മനസ്സിലാക്കിയിരുന്നു എങ്കില്‍ ഇന്ന് ഈ ആശയക്കുഴപ്പം ഉണ്ടാകുമായിരുന്നുവോ? നിങ്ങള്‍ സംഗതികള്‍ ശരിയായി മനസ്സിലാക്കിയിരുന്നില്ല എന്നതിന് തെളിവാണ് ഇപ്പോള്‍ നേരിടുന്ന ഈ ആശയക്കുഴപ്പം. തല്‍ക്കാലത്തെ സൌകര്യങ്ങളും സുരക്ഷിതത്വവും കണക്കിലെടുത്ത് ഇത്രനാളും പല അബദ്ധ ധാരണകളും നിങ്ങള്‍ മനസ്സില്‍ വെച്ച് പുലര്‍ത്തി എന്നതാണ് സത്യം.

സുഖ സൌകര്യങ്ങള്‍ക്കാണ് നിങ്ങള്‍ മുന്‍ഗണന നല്‍കുന്നതെങ്കില്‍ അതിനായി നിങ്ങള്‍ മനസ്സിനെ പാകപെടുത്തണം. ജീവിതം എല്ലാ വിധത്തിലും അത്യുത്തമം എന്ന വിശ്വാസം മനസ്സിലുണ്ടായിരിക്കണം. “എന്റെ ഭാര്യ ഏറ്റവും സ്നേഹശീല, എന്റെ വീട് ഐശ്വര്യം നിറഞ്ഞത്‌, എന്റെ തൊഴില്‍ തൃപ്തികരമായത്, എന്റെ കുഞ്ഞുങ്ങള്‍ വാത്സല്യഭാജനങ്ങള്‍, എന്തിന് എന്റെ വളര്‍ത്തു നായ പോലും ഒന്നാന്തരത്തില്‍ ഒന്നാന്തരം. ഇതില്‍ കൂടുതലൊന്നും എനിക്കാശിക്കാനില്ല, ജീവിതം നൂറു ശതമാനവും സന്തുഷ്ടമാണ്." ഇങ്ങനെ എല്ലാ ദിവസവും പലവട്ടം ഉരുവിട്ടുകൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാം. അതില്‍ തെറ്റൊന്നും ഇല്ല!

പക്ഷെ അതില്‍ പരിമിതികളുണ്ട് എന്നതാണ് സത്യം. പരിമിതികളില്‍ ഒതുങ്ങി നില്‍ക്കുക മനസ്സിന്റെ സ്വഭാവമല്ല. എന്തെല്ലാം വിധത്തില്‍ സ്വയം പറഞ്ഞു ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചാലും എന്തോ ചില പോരായ്മകള്‍ എപ്പോഴും ബാക്കി നില്‍ക്കും. സ്വന്തം നേട്ടങ്ങളെ എണ്ണി എണ്ണി പറഞ്ഞോളൂ, ഇനിയൊന്നും നേടാനില്ലെന്നും സ്വയം വിശ്വസിപ്പിച്ചു കൊള്ളൂ, അപ്പോഴും ഉള്ളിന്റെ ഉള്ളില്‍ ഒരു നൊമ്പരം, അത് നീറി നീറി നില്‍ക്കുന്നുണ്ടാകും. കാരണം കൃത്യമായി വിവരിക്കാനാകാത്ത എന്തോ ഒന്നിന് വേണ്ടി മനസ്സ് എപ്പോഴും വെമ്പിക്കോണ്ടിരിക്കുന്നു. വിവരിക്കാനാകാത്ത എന്തിന്റെയോ അഭാവം. അതാണ്‌ ആ നോവിനു കാരണമാകുന്നത്. ഉള്ളില്‍ നിന്ന് കുമിഞ്ഞു വരുന്ന ഈ നൊമ്പരം തിരിച്ചറിയാന്‍ തന്നെ പല ജന്മങ്ങള്‍ എടുക്കേണ്ടി വരും.

ആദ്ധ്യാത്മീക മാര്‍ഗത്തില്‍ പ്രവേശിക്കുന്നതോടെ ആ "നൊമ്പരം" നിങ്ങള്‍ കൃത്യമായി അനുഭവിക്കാന്‍ തുടങ്ങുന്നു. ഇത്ര നാളും സ്വയം അറിയാതെയാണ് വേദനിച്ചു കൊണ്ടിരുന്നത്. ഇപ്പോള്‍ നിങ്ങള്‍ അതിനേക്കുറിച്ച് ബോധവാനായിരിക്കുന്നു. അറിയാത്ത വേദനയെക്കാള്‍ പല മടങ്ങ് തീവ്രമാണ് അറിഞ്ഞുകൊണ്ടുള്ള വേദന, എന്നാലും അതാണ്‌ നല്ലത്, കാരണം നിങ്ങള്‍ അത് തിരിച്ചറിഞ്ഞിരിക്കുന്നല്ലോ. തിരിച്ചറിയാത്തിടത്തോളം കാലം വേദന പരിഹാരമില്ലാതെ അതേ പടി നിലനില്‍ക്കും. തിരിച്ചറിഞ്ഞു കഴിഞ്ഞാലോ, പിന്നെ നൊന്തു കഴിയേണ്ട കാര്യവുമില്ല, അതിനു പരിഹാരം കണ്ടെത്താന്‍ നിങ്ങള്‍ക്ക് സാധിക്കും.

അദ്ധ്യാത്മീക മാര്‍ഗത്തിലേക്ക് തിരിയുക... അതൊരു സാദ്ധ്യതയാണ്. ഒരു ഗുരുവിനെ കണ്ടെത്താനാവുക... അതും ഒരു സാദ്ധ്യതയാണ്.

ഈ സാദ്ധ്യതകള്‍ യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ആദ്യം വേണ്ടത് സര്‍വതിനെയും അതാതിന്റെ രീതിയില്‍ കാണാനുള്ള കഴിവ് നേടുക എന്നതാണ്‌. അവനവന്റെ പരിമിതികളെ തിരിച്ചറിയാന്‍ തയ്യാറാവണം. പരിമിതികളെ മറച്ചു പിടിക്കാന്‍ ശ്രമിച്ചുകൊണ്ട്‌, എങ്ങിനെയാണ് സ്വാതന്ത്ര്യം നേടാനാവുക? പരിമിതികളില്‍ തൃപ്തി അടയുന്നവന്‍ മോചനത്തിനുള്ള സാധ്യതകളെ പാടെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.

ഇപ്പോള്‍ നിങ്ങള്‍ ബന്ധനാണ്. എന്നെങ്കിലും നിങ്ങള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കണമെങ്കില്‍ ആദ്യമുണ്ടാകേണ്ടത് ഞാന്‍ ബന്ധനാണ് എന്ന ബോധമാണല്ലോ. ഞാന്‍ അടിമയാണ് എന്ന് സ്വയം അറിയാത്തവന്, സ്വതന്ത്രനാവണം എന്ന ചിന്ത എങ്ങിനെയുണ്ടാവാന്‍? ഞാന്‍ ബന്ധനാണ് എന്ന തിരിച്ചറിവുണ്ടാകുമ്പോള്‍ നിശ്ചയമായും പ്രയാസങ്ങളും വേദനകളും ഉണ്ടാകും. കെട്ടുകളെ പൊട്ടിച്ചെറിയാനുള്ള തിടുക്കവും, അതെങ്ങിനെ സാധിക്കും എന്നതിനെക്കുറിച്ചുള്ള ഊഹോപോഹങ്ങളും ഉയര്‍ന്നുവരും. പഴയ ഓര്‍മ്മകള്‍ തേട്ടി വരും, എന്നിട്ടു മനസ്സ് പറയും, “ഒരു കുഴപ്പവുമില്ലാതെ കഴിയുകയായിരുന്നില്ലേ - ഇപ്പോള്‍ ആകെ സ്വസ്ഥത ഇല്ലാതായി ."

ഞാന്‍ ബന്ധനാണ് എന്ന തിരിച്ചറിവുണ്ടാകുമ്പോള്‍ നിശ്ചയമായും പ്രയാസങ്ങളും വേദനകളും ഉണ്ടാകും. കെട്ടുകളെ പൊട്ടിച്ചെറിയാനുള്ള തിടുക്കവും, അതെങ്ങിനെ സാധിക്കും എന്നതിനെക്കുറിച്ചുള്ള ഊഹോപോഹങ്ങളും ഉയര്‍ന്നുവരും

അത് മനസ്സിന്റെ പതിവ് രീതിയാണ്. ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്ത് തോന്നാറില്ലേ , നര്‍സറി സ്കൂളില്‍ എന്തു രസമായിരുന്നു എന്ന്. അതുപോലെ തന്നെ കോളേജില്‍ ചേര്‍ന്നപ്പോള്‍ മനസ്സ് പറഞ്ഞിരുന്നില്ലേ, ഇതിലും നല്ലത് സ്ക്കൂള്‍ കാലമായിരുന്നു എന്ന്. പഠിപ്പ് കഴിഞ്ഞു ഉദ്യോഗമായപ്പോഴും മനസ്സ് പിറുപിറുത്തു, “കോളേജ് കാലം എത്ര രസകരമായിരുന്നു!”

ഓരോ കാലത്തിനുമുണ്ടായിരുന്നു അതാതിന്റെ പ്രയാസങ്ങള്‍. എത്ര ബുദ്ധിമുട്ടിയും മിനക്കെട്ടുമാണ് പഠിപ്പ് പൂര്‍ത്തിയാക്കിയത്, പരീക്ഷകള്‍ പാസായത്, എന്നിട്ടും തിരിഞ്ഞു നോക്കുമ്പോള്‍ തോന്നുന്നു അതായിരുന്നു ഏറ്റവും സന്തോഷകരമായ കാലമെന്ന്. അത് ഓര്‍മ്മയുടെ ഒരു സൂത്രപ്പണിയാണ്, അത് നിലനില്‍പ്പിന്റെ ഒരാവശ്യമാണ് - അസുഖകരമായ പലതും മായ്ച്ചുകളയുക. ഇപ്പൊഴത്തേക്കാള്‍ നല്ലത് പഴയതായിരുന്നു എന്ന് തോന്നിപ്പിക്കുക. ഈ ഒരു കഴിവ് മനസ്സിന് ഇല്ലായിരുന്നുവെങ്കില്‍ മനുഷ്യന്‍ പലപ്പോഴും മാനസികമായി തളര്‍ന്നു പോകുമായിരുന്നു. തിരിഞ്ഞു നോക്കിപ്പറയാന്‍ എന്തെങ്കിലുമൊക്കെ ഉണ്ടാവണം, “അന്നത്തെ കാലം എന്തുരസമായിരുന്നു!”

അവ്യക്തമായ വ്യക്തത

പക്ഷെ ഇപ്പൊഴോ? ഇപ്പോള്‍ ഏതാണ്ടൊക്കെ മനസ്സിലാകുന്നുണ്ട് അല്ലെ? എന്നാല്‍ ഒന്നിനും ഒരു വ്യക്തത ഇല്ല. സാരമില്ല മങ്ങിയതാണെങ്കിലും ഒരു തെളിച്ചം കാണുന്നുണ്ടല്ലോ.

ഒരു ദിവസം ഒരു കൃഷിക്കാരന്‍ വണ്ടി നിറയെ കോഴികളും പന്നികളും മറ്റുമായി പട്ടണത്തിലെ ചന്തയിലേക്ക് പുറപ്പെട്ടു . അവയെ ലേലത്തില്‍ വില്‍ക്കാനായിരുന്നു ഉദ്ദേശം. വഴിയില്‍ കിട്ടുന്ന വാഹനത്തില്‍ കയറി ഉല്ലാസയാത്ര നടത്തുന്ന ഒരാളും ആ വണ്ടിയില്‍ കയറി. കൃഷിക്കാരന്‍ മദ്യപിച്ചിരുന്നു. വണ്ടി നിയന്ത്രണം വിട്ടു ഒരു വലിയ കുഴിയില്‍ ചെന്ന് ചാടി.

കൃഷിക്കാരന് സാരമായ പരിക്കൊന്നും പറ്റിയില്ല. എന്നാല്‍ യാത്രക്കാരന്റെ സ്ഥിതി ദയനീയമായിരുന്നു . ദേഹമാസകലം മുറിവും ചതവും. കൈയും കാലും ഒടിഞ്ഞിരുന്നു. വണ്ടിയിലുണ്ടായിരുന്ന മൃഗങ്ങളുടെ കാര്യവും കഷ്ടത്തിലായിരുന്നു.

ചിറകും കാലും ഒടിഞ്ഞു അനങ്ങാന്‍ വയ്യാത്ത സ്ഥിതി. കൃഷിക്കാരന്‍ വിചാരിച്ചു, “ഇവയെ ഇനി ആര് വാങ്ങിക്കാന്‍?”വണ്ടിയില്‍ നിന്നും തോക്കെടുത്ത് കൊണ്ടുവന്നു കോഴികളെയൊക്കെ അയാള്‍ കശാപ്പു ചെയ്തു. അപ്പോഴാണ്‌ പന്നികളുടെ നേരെ ശ്രദ്ധ തിരിഞ്ഞത്. അവയും ചോര ഒലിപ്പിച്ചു കൊണ്ട് നില്‍ക്കുകയായിരുന്നു. “ഇനി ഇവറ്റയെ എന്തിനുകൊള്ളാം?”പന്നികളെയും ഒന്നൊന്നായി അയാള്‍ വെടിവെച്ചു കൊന്നു . അതുകഴിഞ്ഞപ്പോഴാണ് ആടുകളെ കണ്ടത്. അവയ്ക്കും പലവിധത്തിലുള്ള പരിക്കുകള്‍ പറ്റിയിരുന്നു. രണ്ടാമതൊന്ന് ആലോചിക്കാതെ കൃഷിക്കാരന്‍ ആടുകളുടെ കഥയും കഴിച്ചു.

ഇതെല്ലാം കണ്ടു പേടിച്ചു വിറച്ചു ചാലില്‍ കിടക്കുകയായിരുന്നു ആ യാത്രക്കാരന്‍. ചാലിലേക്കെത്തിനോക്കി കൃഷിക്കാരന്‍ ചോദിച്ചു "തനിക്കൊന്നും പറ്റിയിട്ടില്ലല്ലോ, സുഖം തന്നെയല്ലേ?”

ചാലില്‍ നിന്നും ഞെരങ്ങി നീങ്ങി പുറത്ത് വന്ന യാത്രക്കാരന്‍ പറഞ്ഞു, "അതെയതെ, സുഖം, പരമ സുഖം. ഭാഗ്യം, ഒന്നും പറ്റിയിട്ടില്ല എനിക്ക്!”

പ്രയാസങ്ങള്‍ ഉണ്ട് എന്ന് സ്വയം അറിയണം. അപ്പോഴേ അതിനൊരു അറുതി വരുത്താന്‍ നമ്മള്‍ ശ്രമിക്കൂ, അല്ലെങ്കില്‍ പ്രയാസങ്ങള്‍ അതിന്റെ പടി തുടര്‍ന്നുപോകും. നരകത്തില്‍ കൊണ്ടുപോയി ഇട്ടാലും യാതൊരു യാതനയും അനുഭവിക്കാത്ത ചിലരുണ്ട്. അതാണ്‌ വേണ്ടത്. നരകത്തില്‍ പോകേണ്ടിവന്നാലും ആരും യാതന അനുഭവിക്കാന്‍ ഇടവരരുത്. അതിനുതക്കവണ്ണമുള്ള മനോഭാവം സ്വായത്തമാക്കണം. അത് നിങ്ങളില്‍ ഉളവാക്കുക, അതാണ്‌ എന്റെ ലക്ഷ്യം, അതാണ്‌ യഥാര്‍ത്ഥത്തിലുള്ള സ്വാതന്ത്ര്യം.

എന്തെല്ലാം കെട്ടുപാടുകള്‍ക്കിടയിലാണെങ്കിലും മനസ്സുകൊണ്ട് സര്‍വദാ സ്വതന്ത്രനായിരിക്കുക. സ്വര്‍ഗം പ്രാപിക്കണമെന്ന മോഹം, അതുതന്നെയും ഒരു ബന്ധനമാണ്. ആ വിചാരവുമായി നിങ്ങള്‍ തെറ്റായ ഒരിടത്ത് ചെന്ന് പെട്ടാലോ? സ്വര്‍ഗത്തിലേക്കുള്ള യാത്രക്കിടയില്‍ ആരോ നിങ്ങളുടെ വിമാനം റാഞ്ചുന്നു . അയാള്‍ വിമാനം തകര്‍ത്തില്ല. പക്ഷെ മറ്റെവിടെയോ ബലമായി ഇറക്കി. മോഹം തകര്‍ന്നില്ലേ?

നമ്മളെല്ലാം ജീവിക്കുന്നത് ആ തരത്തിലാണ്. എന്തെല്ലാമോ നമ്മുടെ സ്വന്തമായി കൈവശമുണ്ട്. പക്ഷെ ഏതു നിമിഷവും അതില്‍ ഏതു വേണമെങ്കിലും നഷ്ടപ്പെടാനും സാധ്യതയുണ്ട്. ആര്‍ക്കും ഒരു കാലത്തും എന്നില്‍ നിന്നും ഒന്നും കവര്‍ന്നെടുക്കാനാവില്ല എന്ന ദൃഡമായ ബോധം, അതാണ്‌ യഥാര്‍ത്ഥത്തിലുള്ള സ്വാതന്ത്ര്യം.

അങ്ങിനെ ഒരു കാലത്തും ഒരു വിധത്തിലും നഷ്ടപ്പെടാതിരിക്കുന്ന വസ്തു, അതെന്താണ്? അതാണ്‌ ആത്മ നിര്‍വൃതി - ഒന്നിനെകുറിച്ചും ദു:ഖമോ, നഷ്ടബോധമോ, വേദനയോ തോന്നാത്ത അവസ്ഥ. സ്വര്‍ഗം പ്രാപിക്കണമെന്ന മോഹംപോലും നിങ്ങളുടെ ദു:ഖത്തിനു തെളിവാണ്. ഇവിടെ സുഖം പോരാ, കൂടുതല്‍ സുഖകരമായ ഒരു സ്ഥലത്ത് എത്തിച്ചേരണം എന്ന ആഗ്രഹമാണല്ലോ അതിനു പിന്നിലുള്ളത്.

ഗൌതമബുദ്ധന്‍ ആവര്‍ത്തിച്ചു പറയാറുണ്ട്‌, “എനിക്ക് സ്വര്‍ഗത്തിലേക്ക് പോകേണ്ട, നരകത്തിലേക്ക് പോയാല്‍ മതി.” അദ്ദേഹത്തിനു ബുദ്ധിഭ്രമം സംഭവിച്ചു എന്നാണ് ജനം പറഞ്ഞത്.

അങ്ങനെയല്ല... പൂര്‍ണമായും മുക്തനായ ഒരു വ്യക്തിയുടെ മനോഭാവമാണത്. “നരകത്തില്‍ പോയാലെന്താ പ്രശ്നം, അവിടെപ്പോയാലും ഒരു തരത്തിലും ആര്‍ക്കും എന്നെ പീഡിപ്പിക്കാനാവില്ല. അപ്പൊ പിന്നെ ഞാന്‍ അങ്ങോട്ട്‌ തന്നെ പോയേക്കാം," ഇങ്ങനെ പറയാന്‍ സാധിക്കുന്ന മനുഷ്യനാണ് മുക്തന്‍. അതുകൊണ്ടാണ് പറയുന്നത്, ആശയകുഴപ്പം കാര്യമാക്കേണ്ട. സംഗതി മനസ്സിലാക്കി കഴിഞ്ഞല്ലോ, നന്നായി.

ഇനി നിങ്ങളുടെ ചോദ്യം,"എപ്പോഴാണ് എല്ലാ അവ്യക്തതയും ഇല്ലാതായി പൂര്‍ണമായ പ്രബുദ്ധത കൈവരിക?” അതിനു ദിവസവും സമയവും കുറിക്കാന്‍ ഞാനാളല്ല.എന്നാലും ഞാന്‍ സര്‍വാത്മനാ ആഗ്രഹിക്കാം.... അതിനായി അനുഗ്രഹിക്കാം...

അത് ഇന്ന് തന്നെ സംഭവിക്കട്ടെ... എന്തിനു നാളേക്കാക്കണം? ഇന്നുതന്നെ ധാരാളം സമയം ബാക്കിയുണ്ടല്ലോ. അതേ , അത് ഇന്ന് തന്നെ സംഭവിക്കട്ടെ....

https://www.publicdomainpictures.net