ദൈവത്തെ പ്രതി വിട്ടുവീഴ്ചയില്ല

സദ്‌ഗുരു:  അടിസ്ഥാനപരമായി, ഒരു ജീവനായിട്ടാണ് നമ്മൾ ഈ ഭൂമിയിൽ ജനിക്കുന്നത് , ബാക്കിയെല്ലാം നമ്മളെ പഠിപ്പിച്ചതാണ് . നമ്മളെല്ലാവരും നമ്മളല്ലാത്ത എന്തൊക്കെയോ ആയിത്തീർന്നിരിക്കുന്നു. നമ്മളാരാണ് എന്നതാണ് ഈ ലോകത്തിൽ ഇപ്പോൾ പരിഹരിക്കപ്പെടേണ്ട കാര്യം . മനുഷ്യരല്ലാതെ വേറെ എന്തെങ്കിലും ആകാൻ പഠിപ്പിക്കുന്ന എല്ലാത്തിനെയും നമ്മൾ അവസാനിപ്പിക്കണം .തിന്മ ഇതരശക്തികളാലല്ല മറിച്ചു അത് എപ്പോഴും ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനിൽ അടിച്ചേൽപ്പിക്കുന്ന ഒന്നാണ് എന്ന് നാം മനസിലാക്കേണ്ടതുണ്ട് .

ആകാശത്തുനിന്നു ചാടിവന്ന് ആർക്കെങ്കിലും തിന്മ ചെയ്ത ഒരു കയ്യും മനുഷ്യരാശിയുടെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. എല്ലായെപ്പോഴും ഒരു വ്യക്തി മറ്റൊരു വ്യക്തിക്കെതിരെയാണ് ഭയാനകമായ പ്രവൃത്തികൾ ചെയ്യുന്നത്. ഇത് പണത്തിനുവേണ്ടിയോ, അഹംഭാവത്തിനാലോ , സമ്പത്തിനുവേണ്ടിയോ സ്വത്തിനുവേണ്ടിയോ , പല കാര്യങ്ങൾക്കു വേണ്ടിയാകാം. പക്ഷെ തങ്ങളുടെ ദൈവത്തിനു വേണ്ടിയാണു തങ്ങൾ പോരാടുന്നത് എന്ന് ആളുകൾ വിശ്വസിക്കുമ്പോൾ , നാം മനസിലാക്കേണ്ടത്‌ അവിടെ വിട്ടുവീഴ്‍ചയില്ല എന്നതാണ്.

നിങ്ങളൊന്നു ഊഹിച്ച് അത് തന്നെ ഊഹിക്കുന്ന ഒരായിരം പേരെ സംഘടിപ്പിക്കുമ്പോൾ ഞാൻ മറ്റൊന്നൂഹിച്ചു അതുതന്നെ ഊഹിക്കുന്ന പതിനായിരം പേരെ സംഘടിപ്പിക്കുന്ന ക്ഷണം , ഒരു ഏറ്റുമുട്ടൽ അനിവാര്യമാണ്. എനിക്കുറപ്പാണ് .

നിങ്ങൾ നിങ്ങളുടെ ദൈവത്തിനുവേണ്ടി പോരാടുമ്പോൾ നിങ്ങൾക്ക് വിട്ടുവീഴ്‌ച സാധ്യമല്ല. അത് സ്വത്താണെങ്കിൽ ഞാൻ ഒത്തുതീർപ്പിനൊരുക്കമാണ്. പക്ഷെ ഞാൻ പോരാടുന്നത് ഒരിക്കലും സന്ധിയില്ലാത്ത ഒന്നിന് വേണ്ടിയാണു. നിങ്ങൾ ഒന്നിനെയും ഞാൻ മറ്റൊന്നിനെയും പൂർണ്ണമായും വിശ്വസിക്കുമ്പോൾ നമ്മൾ അന്യോന്യം കൊന്നൊടുക്കാൻ, എപ്പോൾ എന്ന ചോദ്യം മാത്രമേയുള്ളൂ എന്ന് മനസ്സിലാക്കണം. ഒന്നുകിൽ നമ്മൾ അല്ലെങ്കിൽ നമ്മളുടെ കുട്ടികൾ അതുമല്ലെകിൽ അവരുടെ കുട്ടികൾ അത് ചെയ്യും. പക്ഷെ അത് സംഭവിക്കുക തന്നെ ചെയ്യും. നിങ്ങളെന്തെങ്കിലും വിശ്വസിക്കുമ്പോൾ, നിങ്ങൾക്ക് അറിയാത്തതിനെ അനുമാനിക്കുക മാത്രമാണ് ചെയുന്നത് എന്നാണ് അർഥം . ഈ അനുമാനത്തെ മനസുകളിൽ ആഴത്തിൽ പതിപ്പിച്ചു, നിങ്ങളുടെ അംഗസംഘ്യ കൂട്ടുകയും ചെയ്യുന്നു . ഇങ്ങനെ നിങ്ങൾ അനുമാനിക്കുന്നതിനെ ശരിവെക്കുന്ന 1000 പേരെ ഒന്നിപ്പിക്കുകയും , എൻ്റെ അനുമാനത്തെ ശരിവെക്കുന്ന പതിനായിരംപേരെ ഒന്നിപ്പിക്കുകയും ചെയ്യുന്ന ക്ഷണത്തിൽ , ഒരു ഏറ്റുമുട്ടൽ അനിവാര്യമാണ് . എന്നെ വിശ്വസിക്കു.

 

മതത്തെ വ്യക്തിപരമായ വ്യവഹാരമാക്കുക 

ഇതുപോലെ ഭയാനകമായ സംഭവങ്ങൾ നടക്കുമ്പോൾ ,എല്ലാവരും കുറച്ചു ദിവസത്തേക്ക് ശക്തമായി വികാരം കൊള്ളുകയും , പിന്നീട് സാധാരണഗതിയിലേക്കു മടങ്ങുകയും ചെയ്യുന്നു .അവിടെയും ഇവിടെയും ഒരല്പം സമാധാനം സൃഷ്ടിക്കുന്നതിനെക്കുറിച്ചുള്ള ഈ ചർച്ചകളൊന്നുംതന്നെ ഒരു പരിഹാരം അല്ല. നിങ്ങൾക്ക് ഈ ലോകത്തിന്റെ ഭാവിയെക്കുറിച്ചു യഥാർത്ഥമായി ആശങ്ക ഉണ്ടെങ്കിൽ , നിങ്ങളുടെ മതം നിങ്ങളുടെ വ്യക്തിപരമായ കാര്യമാണ് എന്ന് സ്ഥാപിക്കുകയാണ് ,അടിസ്ഥാനപരമായി അടുത്ത ഇരുപത്തിയഞ്ചു വർഷങ്ങൾക്കുള്ളിൽ നമ്മൾ ചെയ്യേണ്ടത് . നിങ്ങൾ ആഗ്രഹിക്കുന്ന എന്തുചെയ്താലും മതം ഒരു ദേശീയ അല്ലെങ്കിൽ ആഗോള അജണ്ട ആകാൻ പാടില്ല.

 

ഇത് നൂറു ശതമാനം ഉറപ്പാക്കണം. നമ്മളിതു ചെയ്തില്ലെങ്കിൽ , ഏതാനും പള്ളികൾ പൊട്ടിത്തെറിക്കുന്നതോ , ആരെങ്കിലും ഒരു മുസ്ലിം പള്ളിയിൽ നിറയൊഴിക്കുന്നതോ , മാത്രമല്ല കാണാൻ പോകുന്നത് . രാജ്യങ്ങൾ ചിന്നിച്ചിതറാം , കാരണം വാള് കൊണ്ടുളള യുദ്ധങ്ങളുടെ കാലം കഴിഞ്ഞു. നിങ്ങൾക്ക് സങ്കല്പിക്കാനാവാത്ത കാര്യങ്ങൾ ചെയ്യുവാൻ കഴിവുള്ള ഒരു മാരക ബട്ടൻറെ കാലമാണിത്. ഒരു വലിയ വിഭാഗം മനുഷ്യർ ഛിന്നഭിന്നമായി പോകാം , കാരണം സാങ്കേതികവിദ്യയിൽ അത്തരത്തിലുള്ള ശാക്തീകരണമാണ് നമുക്കുള്ളത് . അത് നിങ്ങൾ വാളെടുത്തു ഒരു നൂറു പേരെ കൊല്ലുന്നതു പോലെയല്ല. നിങ്ങൾ ഒരേ സമയം ദശലക്ഷക്കണക്കിന് ആളുകളുടെ ജീവനാണ് അപഹരിക്കാൻ പോകുന്നത് .

 

 

 

സാങ്കേതികവിദ്യയാൽ ലോക പരിവർത്തനം

സങ്കേതികവിദ്യയിലുണ്ടായ ഇതേ പുരോഗതിയാണ് നമുക്ക് ഇവിടെ ഇരുന്നുകൊണ്ട് ലോകത്തോട് മുഴുവൻ സംസാരിക്കുവാൻ സാധിക്കുന്നതിനു കാരണം. ലോകത്തിലെ 57 ശതമാനം ആളുകൾക്ക് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 12 വർഷങ്ങൾക്കു മുമ്പ്, ഞാൻ യുണൈറ്റഡ്‌ സ്റ്റേറ്റ്സിലെ ഇന്റർനെറ്റിനെക്കുറിച്ചു അത്യാവശം വൈദഗ്ധ്യമുള്ള ഉള്ള ഒരാളോട് സംസാരിക്കുകയായിരുന്നു. ഈ ആളുകൾ മണിക്കൂറുകളോളം ഇൻറർനെറ്റിൽ എന്താണ് തിരയുന്നത് എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. വളരെ നിസ്സാരമായി , സദ്‌ഗുരു 70 ശതമാനം അശ്ളീല ചിത്രമാണെന്നു അദ്ദേഹം പറഞ്ഞു. ഞാനതു വിശ്വസിക്കാൻ ആഗ്രഹിച്ചില്ല . ഇത് സാധ്യമല്ല , അത് 70 ശതമാനം ആകാൻ വഴിയില്ല. പക്ഷെ പിന്നീട് ഞാൻ വേറെ ചിലരോട് അന്വേഷിച്ചപ്പോഴും ,70 ശതമാനം അശ്ലീലചിത്രമാണെന്നു എല്ലാവരും ശെരിവെച്ചു.

 

15 വയസ്സിനു താഴെ പ്രായമുള്ള, ഏകദേശം 1 .2 ദശലക്ഷം കുട്ടികൾ ഓരോ വർഷവും ഇന്റർനെറ്റ് വഴി വിൽക്കപ്പെടുന്നു എന്ന് അവരെന്നോട് പറയുന്നു . നമുക്കെന്താണ് കുഴപ്പം ? സാങ്കേതികവിദ്യയുടെ ഇത്രയും മഹത്തായ ഉപകരണം നമ്മൾക്ക് ലഭ്യമാകുമ്പോൾ നമ്മളുടെ കുട്ടികളെ വിൽകാനാണോ ആഗ്രഹിക്കുന്നത്? ഈ രീതിയിലാണോ ഇതുപയോഗിക്കേണ്ടത്? ഞങ്ങൾ ഇതിനെ മാറ്റാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് കഴിഞ്ഞ 10 വർഷമായി ഞാൻ ഇൻറർനെറ്റിലൂടെ വ്യാപകമായി സംസാരിക്കുന്നതു. നമ്മൾ ഇത്തരം വിഷയങ്ങളെ എതിർക്കുകയും ഒരു ബദൽ വാഗ്ദാനം ചെയ്യുകയും വേണം.

 

കുറച്ചു വർഷങ്ങൾക്കു മുൻപ് ഞാൻ ബാംഗ്ലൂരിൽ കൂടി നടക്കുമ്പോൾ ഏതാണ്ട് 12 - 13 വയസ്സ് പ്രായമുള്ള ആൺകുട്ടികൾ , ഹേയ് സദ്‌ഗുരു ,സദ്‌ഗുരു എന്ന് പറഞ്ഞുകൊണ്ട് എൻ്റെ അടുത്തേക്ക് ഓടിവന്നു. ഹേയ് ,നിങ്ങൾക്കെങ്ങനെ ഞാൻ ആരാണ് എന്നറിയാം എന്ന് ഞാൻ ചോദിച്ചു . ഞങ്ങൾ താങ്കളുടെ വീഡിയോകൾ കാണാറുണ്ട് സദ്‌ഗുരു എന്നവർ പറഞ്ഞു. നിങ്ങളുടെ അമ്മമാർ എൻ്റെ വീഡിയോകൾ കാണാൻ നിങ്ങളെ നിർബന്ധി ക്കുന്നുണ്ടായിരിക്കും എന്ന് ഞാൻ പറഞ്ഞു . അല്ല , അവരുടെ ക്ലാസ്സിൽ എല്ലാവരും താങ്കളുടെ വിഡിയോകൾ കാണാറുണ്ട് എന്നവർ പറഞ്ഞു. ഞാൻ ശ രിക്കാന്വേഷിച്ചപ്പോൾ, ഞാൻ പോകുന്ന എല്ലാ സ്‌കൂളുകളിലും കുറഞ്ഞ പക്ഷം 20 തൊട്ടു 30 ശതമാനം കുട്ടികൾ ഞങ്ങളുടെ വിഡിയോകൾ കാണുന്നുണ്ട് എന്ന് ഞാൻ മനസ്സിലാക്കി. എനിക്ക് 15 വയസുള്ളപ്പോൾ ആർക്കുംതന്നെ എന്നെ ഒരു ആത്മീയ വീഡിയോ കാണാൻ ഒരു വിധത്തിലും പ്രേരിപ്പിക്കാൻ കഴിയുമായിരുന്നില്ല.

നമുക്ക് മനസുകളെ സ്വാധീനിക്കുവാനും ലോകത്തെ പരിവർത്തനം ചെയ്യുവാനും സാങ്കേതികവിദ്യ ഇന്നു സാധ്യമാക്കിയിരിക്കുന്നു . അത് സാധ്യമാക്കാൻ നമ്മൾ പ്രതിജ്ഞാബദ്ധരാണോ എന്നത് മാത്രമാണ് ചോദ്യം.

ഭൂമിയിൽ ഇത് നമ്മുടെ സമയമാണ് , മാനവികതയുടെ ഏറ്റവും മികച്ച കാലമായി നമുക്കിതിനെ മാറ്റാം . നമ്മൾ വളരെയേറെ ശാക്തീകരിക്കപ്പെട്ട ഒരു തലമുറയാണ് , ഇത് എല്ലാവരുടെയും ക്ഷേമത്തിനായി ഉപയോഗിക്കേണ്ട സമയമായിരിക്കുന്നു. നമുക്കെല്ലാവർക്കും ചേർന്ന് ഇത് സാധ്യമാക്കാം .