ചോദ്യം:ശരിക്കും നമ്മുടെ മനസ്സ് എപ്പോഴും നമുക്ക് എതിരാണോ? അങ്ങനെയാണെങ്കിൽ അത് എന്തുകൊണ്ടാണ്?

സദ്ഗുരു: ഇപ്പോൾ നിങ്ങൾ ആത്മീയത എന്ന വാക്ക് കേട്ടത് തന്നെ നിങ്ങളുടെ മനസ്സ് കാരണമാണ്. അല്ലെ? നിങ്ങളുടെ മനസ്സുകാരണമാണ് ഞാനിപ്പോൾ പറയുന്നത് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. അതുകൊണ്ട് നിങ്ങളുടെ ചങ്ങാതിയായ ഒന്നിനെ ശത്രുവാക്കാൻ നോക്കരുത്.ദയവുചെയ്ത് നിങ്ങളുടെ ജീവിതം നോക്കിയിട്ട് എന്നോട് പറയൂ, നിങ്ങളുടെ മനസ്സ് ചങ്ങാതിയാണോ അതോ ശത്രുവാണോ? നിങ്ങൾ നിങ്ങളായത് നിങ്ങളുടെ മനസ്സുകൊണ്ട് മാത്രമാണ്, അങ്ങിനെയല്ലെ?. നിങ്ങൾ നിങ്ങളെത്തന്നെ കുഴപ്പത്തിലാക്കി, അത്‌ നിങ്ങളുടെതന്നെ പ്രവർത്തിയാണ്. നിങ്ങൾക്ക് മനസ്സിനെ ഇല്ലാതാക്കി ജീവിക്കണമെങ്കിൽ വളരെ എളുപ്പമാണ്, നിങ്ങളുടെ തലക്ക് നല്ല ഒരടി തന്നാൽ മാത്രം മതി. മനസല്ല ശരിക്കുമുള്ള പ്രശനം. നിങ്ങൾക്ക് നിങ്ങളുടെ മനസ്സിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയില്ല, അതാണ് പ്രശ്നം. അതുകൊണ്ട് മനസ്സിനെക്കുറിച്ച്‌ സംസാരിക്കണ്ട മറിച്ച് മനസ്സിനെ കൈകാര്യം ചെയ്യുന്നതിന്റെ പോരായ്മയിലേക്ക് നോക്കാം. ഒരുകാര്യത്തെക്കുറിച്ച് ഒരു ധാരണയോ അറിവോ ഇല്ലാതെ അതിനെ കൈകാര്യം ചെയ്യാൻ ശ്രമിച്ചാൽ അത് ആകെ കുഴപ്പത്തിലാകും.

.

ഇപ്പോൾ ഉദാഹരണത്തിന് അരി ഉണ്ടാക്കുന്നത്. ഇതൊരു വലിയകാര്യമാണെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ? ഒരു സാധാരണ കർഷകൻ ഇത്‌ ചെയ്യുന്നുണ്ട്. ഞാൻ നിങ്ങൾക്ക് 100 ഗ്രാം നെല്ല്, ആവശ്യത്തിന് സ്ഥലം, നിങ്ങൾക്ക് കൃഷി ചെയ്യാൻ ആവശ്യമുള്ളതെല്ലാം തരാം. നിങ്ങൾ ഒരേക്കർ നെല്ല് കൃഷിചെയ്ത് എനിക്ക് തരൂ. നിങ്ങൾക് കാണാം നിങ്ങൾ എത്രത്തോളം കഷ്ടത അനുഭവിക്കുമെന്ന്. നെൽകൃഷി ചെയ്യുന്നത് ഒരു വലിയാകാര്യമായതുകൊണ്ടല്ല ഇത്, മറിച്ച് നിങ്ങൾക് നെൽകൃഷിയെക്കുറിച്ച് ഒന്നുമറിയാത്തതിനാലാണ്. അതുകൊണ്ടാണ് ഇത് വലിയ ബുദ്ധിമുട്ടായത്. അതുപോലെത്തന്നെ മനസ്സിനെ അന്തരീക്ഷംപോലെ ശൂന്യമായി സൂക്ഷിക്കാൻ ബുദ്ധിമുട്ടുള്ള കാര്യമല്ല. ഇതാണ് ഏറ്റവും എളുപ്പമുള്ള കാര്യം. പക്ഷെ നിങ്ങൾക്ക് മനസ്സിനെക്കുറിച്ച് ഒന്നുമറിയില്ല അതുകൊണ്ടാണ് ഇത് ബുദ്ധിമുട്ടാകുന്നത്. ജീവിതം അങ്ങനെയല്ല നടക്കുന്നത്. നിങ്ങൾക്ക് ഒരുകാര്യം നന്നായി ചെയ്യാനുള്ള കഴിവ് വേണമെങ്കിൽ, നിങ്ങൾക്ക് അതെന്താണെന്നതിനെക്കുറിച്ച് പൂർണമായ ധാരണ ഉണ്ടായിരിക്കണം. അല്ലെങ്കിൽ കാര്യങ്ങൾ ആകസ്മികമായി പലതവണ നിങ്ങൾ കൈകാര്യം ചെയ്തേക്കാം. എല്ലാ തവണയും ഇത് ഫലിക്കില്ല.

ഒരു ദിവസം കർശനമായി മതം വ്യാഖ്യാനിക്കുന്ന ഒരു പള്ളിയിൽ, ഒരു പുരോഹിതൻ സൺഡേ സ്കൂൾ കുട്ടികളോട് ആരാധനക്ക് മുൻപ് സംസാരിക്കുകയായിരുന്നു. നിങ്ങൾക്കറിയാമല്ലോ ഇവരെല്ലാം ഊർജ്ജസ്വലരായ ആൾക്കാരാണ്. അതുകൊണ്ട് ഇദ്ദേഹം നല്ല ശക്തിയിൽ സംസാരിച്ചുകൊണ്ടിരിക്കയായിരുന്നു. അപ്പോഴാണ് അദ്ദേഹം ചിലകുട്ടികൾ കുറച്ച് താത്പര്യമില്ലാതെ ഇരിക്കുന്നത് ശ്രദ്ധിച്ചത്. കുട്ടികളോട് ഒരു കടങ്കഥ ചോദിച്ച് കാര്യങ്ങൾ കുറച്ചുകൂടി രസകാരമാക്കാം എന്നു തീരുമാനിച്ചു. "ഞാൻ നിങ്ങൾക്ക് ഒരു കടങ്കഥ തരാൻ പോകുകയാണ്. ഇത് തണുപ്പുകാലത്തേക്ക് കായ ശേഖരിക്കുന്നു, മരങ്ങൾ കയറുന്നു, ഓടി ചാടി നടക്കുന്നു ഇതിന് രോമാവൃതമായ ഒരു വാലുമുണ്ട്. ഇത് എന്താണ്?".ഒരു ചെറിയ പെങ്കുട്ടി കൈ ഉയർത്തി. "ശരി പറയൂ എന്താണ് ഉത്തരം?".അവൾ പറഞ്ഞു "ഉത്തരം എനിക്കറിയാം അത്‌ ജീസസ് ആണ്, പക്ഷെ പറഞ്ഞുകേട്ടടത്തോളം എനിക്ക് ഒരണ്ണാനാണെന്നാണ് തോന്നിയത്." അതെ നിങ്ങൾക്കിതുവരെ കിട്ടിയ മിക്ക വിദ്യാഭ്യാസവും ഈ തരത്തിലാണ്. എന്താണ് ശരിയും തെറ്റും, എന്താണ് ദൈവവും പിശാചും, എല്ലാം ഈ തരത്തിലാണ് പഠിപ്പിച്ചു തന്നിട്ടുള്ളത് അല്ലാതെ സ്വന്തം ജീവിത അനുഭവത്തിലൂടെ അല്ല..

നിങ്ങൾ തെറ്റായ രീതിയിൽ നിങ്ങളല്ലാത്ത കാര്യങ്ങൾ നിങ്ങളായി ധരിച്ചാൽ നിങ്ങൾക്ക് നിങ്ങളുടെ മനസ്സിനെ പിടിച്ചുനിർത്താൻ കഴിയില്ല

അപ്പോൾ ഈ മനസ്സിനെ എങ്ങനെ നിശ്ചലമാക്കാം? നിങ്ങൾ നിങ്ങളല്ലാത്തകാര്യങ്ങളുമായി ഒന്നായി ചേർന്നിരിക്കുന്നു. നിങ്ങൾ നിങ്ങളല്ലാത്ത കാര്യങ്ങൾ നിങ്ങളാണെന്ന് ധരിക്കുന്ന നിമിഷം മുതൽ മനസ്സ് അനിയന്ത്രിതമായി സഞ്ചരിച്ചുകൊണ്ടേയിരിക്കും. നിങ്ങളിപ്പോൾ എണ്ണമയമുള്ള ഒരുപാട് ഭക്ഷണം കഴിച്ചാൽ, നിങ്ങൾക്ക് ഗ്യാസുണ്ടാകും. ഇപ്പോൾ നിങ്ങൾ ഗ്യാസിനെ വിടാതെ പിടിച്ചുനിർത്താൻ ശ്രമിച്ചു നോക്കൂ, നിങ്ങൾക്ക് കഴിയില്ല. നിങ്ങൾ ശരിയായ ഭക്ഷണം കഴിച്ചു നോക്കൂ, നിങ്ങൾക്ക് ഒന്നും പിടിച്ചുനിർത്തേണ്ടിവരില്ല, നിങ്ങളുടെ ശരീരം സുഖമായിട്ടിരിക്കും. ഇതുപോലെതന്നെയാണ് നിങ്ങളുടെ മനസ്സും. നിങ്ങൾ തെറ്റായ രീതിയിൽ നിങ്ങളല്ലാത്ത കാര്യങ്ങൾ നിങ്ങളായി ധരിച്ചാൽ നിങ്ങൾക്ക് നിങ്ങളുടെ മനസ്സിനെ പിടിച്ചുനിർത്താൻ കഴിയില്ല.

നിങ്ങൾ നിങ്ങളല്ലാത്തതിനെ മാറ്റി നിർത്തിയാൽ നിങ്ങൾക്ക് കാണാം നിങ്ങളുടെ മനസ്സ് ശൂന്യവും നിശ്ചലവുമാവും. നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ മനസിനെ ഉപയോഗിക്കാം അല്ലെങ്കിൽ അതു താനേ ശൂന്യമായിരിക്കും. അത് അങ്ങനെതന്നെ ആയിരിക്കണം. മനസ്സിന്‌ വേറെ ഒരു രീതിയിൽ ആകേണ്ട ആവശ്യമില്ല. പക്ഷെ ഇപ്പോൾ നിങ്ങൾ നിങ്ങളല്ലാത്ത ഒരുപാട് കാര്യങ്ങൾ നിങ്ങളാണെന്ന ധാരണയിലാണ്. ഒന്നു നോക്കൂ എന്തെല്ലാം കാര്യങ്ങളാണ് നിങ്ങൾ നിങ്ങളാണെന്ന് ധരിച്ചുവെച്ചിരിക്കുന്നത്, നിങ്ങളുടെ ശരീരത്തിൽ തുടങ്ങി നിരവധി കാര്യങ്ങൾ നിങ്ങൾ നിങ്ങളാണെന്ന് ധരിച്ചുവച്ചിരിക്കുന്നു, എന്നിട്ട് നിങ്ങൾ മനസ്സിനെ നിശ്ചലമാക്കാൻ ശ്രമിക്കുന്നു പിന്നെ ധ്യാനം ചെയ്യാൻ ശ്രമിക്കുന്നു. ഇത്‌ പ്രാവർത്തികമല്ല. ഒന്നുകിൽ നിങ്ങളെന്താണെന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ തെറ്റായ ധാരണകൾ നിങ്ങളായിത്തന്നെ മാറ്റിവെക്കുക അല്ലെങ്കിൽ ജീവിതം നിങ്ങളോടത് ചെയ്യും. നിങ്ങളെന്താണെന്നുള്ള എന്തെല്ലാം ധാരണകൾ നിങ്ങൾ വെച്ച് പുലർത്തിയോ അതെല്ലാം മരണം വന്നു ചേരുന്നതോടുകൂടി ഇടിഞ്ഞ് ഇല്ലാതാകുന്നു. അങ്ങനെ അല്ലെ?. അതുകൊണ്ട് മറ്റൊരു തരത്തിലും നിങ്ങൾ പഠിച്ചില്ലെങ്കിൽ മരണം വന്ന് നിങ്ങളെ പഠിപ്പിക്കും ഇങ്ങനെയൊന്നുമല്ല കാര്യങ്ങൾ എന്ന്. നിങ്ങൾക്ക് കുറച്ച്‌ വിവേകമുണ്ടെങ്കിൽ നിങ്ങൾ ഇപ്പോഴേ പഠിക്കുക. നിങ്ങൾ ഇപ്പോൾ പഠിച്ചില്ലെങ്കിൽ മരണം വന്നത് ചെയ്യും.

അതുകൊണ്ട് നിങ്ങൾ നിങ്ങളെത്തന്നെ അകറ്റി നിർത്തേണ്ടിയിരിക്കുന്നു. എല്ലാ ദിവസവും രാവിലെ 10 മിനുട്ട് ചെലവഴിക്കുക എന്നിട്ട് നോക്കുക എന്തെല്ലാമാണ് നിങ്ങൾ നിങ്ങളല്ലാത്ത കാര്യങ്ങൾ നിങ്ങളായി ധരിച്ചുവെച്ചിരിക്കുന്നത്. നിങ്ങൾ തന്നെ അത്ഭുതപ്പെട്ടുപോകും എന്തെല്ലാം വിഡ്ഢിത്തരമായ വഴികളിലൂടെയും കാര്യങ്ങളുമായും നിങ്ങൾ നിങ്ങളെത്തന്നെ ചേർത്തുവച്ചിരിക്കുന്നത് എന്ന്. വെറുതെ മനസിൽ നിങ്ങളുടെ വീട്ടിലുള്ള എല്ലാ സാധനങ്ങളും ഉടക്കുന്നതായി സങ്കല്പിച്ചു നോക്കൂ. നിങ്ങളുമായി ബന്ധിച്ചുകിടക്കുന്ന എല്ലാ വസ്തുക്കളും. നിങ്ങൾക്ക് കാണാം.ചെറിയ കാര്യങ്ങൾ, വലിയ കാര്യങ്ങൾ, നിങ്ങളുടെ വീട്, നിങ്ങളുടെ കുടുംബം, എല്ലാം, മനസ്സിൽ തകർക്കുക എന്നിട്ട് നോക്കൂ. നിങ്ങളെ വിഷമിപ്പിക്കുന്ന എല്ലാം തീർച്ചയായും നിങ്ങളുമായി വളരെ ബന്ധപ്പെട്ടു കിടക്കുന്നതാണ്. ഒരു തവണ നിങ്ങൾ നിങ്ങളല്ലാത്ത ഒരു കാര്യത്തെ നിങ്ങളാണെന്ന് ധരിച്ചുവെച്ചാൽ പിന്നെ മനസ്സ് നിങ്ങൾക്ക് നിർത്താൻ പറ്റാത്ത ഒരു എക്സ്പ്രസ് ട്രെയിൻ ആണ്. നിങ്ങൾ എന്ത് വേണമെങ്കിലും ചെയ്തു കൊള്ളു, നിങ്ങൾക്ക് അതിനെ നിർത്താൻ കഴിയില്ല. അതായത് നിങ്ങൾ നിങ്ങളുടെ മനസ്സിനെ ഫുൾ സ്പീഡിൽ ആക്കുകയും അതേ സമയം ബ്രേക്ക് ചവിട്ടുകയും ചെയ്യുന്നു, ഇത് പ്രാവർത്തികമല്ല. നിങ്ങൾ ഏതു വാഹനത്തിന്റെയും ബ്രേക്ക് ചവിട്ടുന്നതിന് മുന്നോടിയായി ആദ്യം ആക്സിലറേറ്ററിൽ നിന്നും കാലെടുക്കുക തന്നെ വേണം.