കര്‍മ്മം എന്നാല്‍ എന്താണ്? ഒരന്വേഷിയുടെ ജീവിതത്തില്‍ അതിനെന്തു സ്വാധീനമാണുള്ളത്?
കച്ചവടം നടത്താന്‍ ഒരു കട ഉണ്ടായിരിക്കണം. ആ കടയാണ് നിങ്ങളുടെ ജീവിതം.അതുതന്നെയാണ് നിങ്ങളുടെ പ്രാരബ്ധകര്‍മ്മവും. ചില്ലറ കച്ചവടം നടത്താന്‍ നിങ്ങള്‍ക്കനുവദിച്ചു കിട്ടിയിരിക്കുന്ന ഒരു കടയാണ് നിങ്ങളുടെ ശരീരം.

ചോദ്യം: കര്‍മ്മം എന്നാല്‍ എന്താണ്, വ്യത്യസ്തമായ കര്‍മ്മങ്ങളുണ്ടോ? അവ നമ്മുടെ ജീവിതത്തെ ഏതു വിധമാണ് ബാധിക്കുന്നത്?
സദ്ഗുരു: "എന്റെ ജീവിതം" എന്നു നിങ്ങള്‍ പറയുന്നത് കുറെ അറിവുകളാല്‍ നിയന്ത്രിതമായിട്ടുള്ള ഊര്‍ജമാണ്. ഈ അറിവിനെ ഇന്നത്തെ ഭാഷയില്‍ നമുക്ക് സോഫ്റ്റ്വെയര് എന്നു പറയാം. കുറച്ച് ഊര്‍ജ്ജം, കുറച്ചറിവ്, ഇതു രണ്ടും കൂടി ചേര്‍ന്നതാണ് നിങ്ങള്‍.... ഇതും ഒരു വിവരസാങ്കേതിക വിദ്യയാണ്. നിങ്ങളില്‍ ഉള്‍ചേര്‍ന്നിട്ടുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങളുടെ വ്യക്തിത്വം രൂപപ്പെടുന്നത്. നിങ്ങളുടെ പിറവിക്കും മുമ്പിലുള്ളതാണ് നിങ്ങളുടെ ജന്മവാസനകള്. എന്നാല്‍ നിങ്ങളെ സംബന്ധിച്ചിടത്തോളം നിങ്ങളുടെ വ്യക്തിത്വത്തിന് ആധാരമായിരിക്കുന്നത് ജന്മമെടുത്തതിനെ തുടര്‍ന്നുള്ള സംഗതികളാണ്, അതായത് മാതാപിതാക്കന്മാര്, കുടുംബ പാരമ്പര്യം, മതം, വിദ്യാഭ്യാസം, സാമൂഹ്യ സാഹചര്യങ്ങള്‍ തുടങ്ങിയവ. ഇതെല്ലാം നിങ്ങളെ സ്വാധീനിക്കുന്നു എന്നതും വാസ്തവം തന്നെ. ഒരാള്‍ ഒരു പ്രത്യേക വ്യക്തിയായി രൂപപ്പെടുവാനുള്ള പ്രാധാന കാരണം അയാളുടെ മുജ്ജന്മ വാസനയാണെന്ന് നിശ്ചയമായും പറയാം. കര്‍മ്മം എന്ന ആശയംകൊണ്ട് ഉദ്ദേശിക്കുന്നത് ഇതാണ്. കര്‍മ്മത്തില്‍നിന്നും പിറവിയെടുത്ത ഈ ശരീരത്തെ കര്‍മ്മശരീരം എന്നു പറയുന്നു. നമ്മുടെ ജനനത്തിനു മുമ്പുതന്നെ നമ്മളില്‍ ഉള്‍ചേര്‍ത്തിട്ടുള്ള അറിവുകളാണ് കര്‍മ്മം. ഈ കര്‍മ്മമാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ ജന്മത്തിന് കാരണമായിരിക്കുന്നത്.
വ്യത്യസ്തമായ കര്‍മ്മങ്ങള്‍
കര്‍മ്മങ്ങള്‍ പലതരത്തിലുള്ളവയാണ്. പ്രധാനമായും നാലു തലങ്ങളാണുള്ളത്. അവയില്‍ രണ്ടെണ്ണത്തിന് തല്ക്കാലം പ്രസക്തിയില്ല. മറ്റു രണ്ടു കര്‍മ്മങ്ങളെ കുറിച്ച് നമുക്ക് അല്പമൊന്നു മനസ്സിലാക്കാന്‍ ശ്രമിക്കാം. ഒന്ന് സഞ്ചിത കര്‍മ്മമാണ്. ഇത് വളരെ വളരെ പുരാതനമായ ഒരു കലവറയാണ്. മനുഷ്യന് ഏകകോശജീവിയായിരുന്നു. അതിപ്രാചീന കാലത്തോളം അതിനു പഴക്കമുണ്ട്. ജീവന് രൂപപ്പെടും മുമ്പ് അചേതന വസ്തുവായിരുന്ന കാലത്തോളം പഴക്കം അന്നു മുതലുള്ള എല്ലാ അറിവുകളും ഈ കലവറയില്‍ നിക്ഷിപ്തമാണ്. കണ്ണടച്ചിരുന്ന് പൂര്‍ണമായ ഏകാഗ്രതയോടെ ഉള്ളിലേക്കു തിരിഞ്ഞു നോക്കിയാല്‍ നിങ്ങളുടെ ബോധത്തില്‍ സര്‍വവും തെളിഞ്ഞുവരും. അതൊരു ഉള്‍കാഴ്ചയാണ്, ബാഹ്യനേത്രങ്ങള്‍കൊണ്ട് കാണാനാവുന്നതല്ല. ആ അറിവുകള്‍ കൊണ്ടാണ് നിങ്ങളുടെ ശരീരം രൂപപ്പെട്ടിട്ടുള്ളത്. അതായത് അറിവുകളെല്ലാം നിങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്നു. ഈ അറിവിനെയാണ് സഞ്ചിതകര്‍മ്മം എന്നു പറയുന്നത്. എന്നാല്‍ ഈ അറിവു കൈമുതലാക്കികൊണ്ട് ചില്ലറ കച്ചവടം ചെയ്യാന്‍ നിങ്ങള്‍ക്കാവില്ല. ആദ്യമായി കച്ചവടം നടത്താന്‍ ഒരു കട ഉണ്ടായിരിക്കണം. ആ കടയാണ് നിങ്ങളുടെ ജീവിതം.അതുതന്നെയാണ് നിങ്ങളുടെ പ്രാരബ്ധവും. ചില്ലറ കച്ചവടം നടത്താന്‍ നിങ്ങള്‍ക്കനുവദിച്ചു കിട്ടിയിരിക്കുന്ന ഒരു കടയാണ് നിങ്ങളുടെ ശരീരം.
ഈ ജീവിതത്തില്‍ അനുഭവിച്ചു തീര്‍ക്കാന്‍ പ്രത്യേകമായി അനുവദിക്കപ്പെട്ടിട്ടുള്ള അറിവാണ് പ്രാരബ്ധം. ആകെയുള്ളതിന്റെ കുറെ, അല്ലെങ്കില്‍ കുറച്ചു ഭാഗം. ജീവിതത്തിന്റെ ശക്തിക്കും ശേഷിക്കുമനുസരിച്ചായിരിക്കും പ്രാരബ്ധത്തിന്റെ അളവ്. വളരെ കാരുണ്യത്തോടെയാണ് ഓരോന്നും സൃഷ്ടിക്കപ്പെടുന്നത്. എല്ലാ പ്രാരബ്ധവും കൂടി ഒരുമിച്ച് ആരുടേയും തലയില്‍ കെട്ടിവെക്കപ്പെടുന്നില്ല. അങ്ങനെയായാല്‍ ജീവിതം അപ്പോഴേ ഒടുങ്ങും. ഈ ജന്മത്തില്ത്തന്നെ മുപ്പതോ നാല്പതോ കൊല്ലം കഠിനമായ യാതനകള്‍ അനുഭവിക്കേണ്ടിവരുന്നവരെ കാണാം. അതില്‍ കൂടുതലായാലോ... അതവര്‍ക്ക് താങ്ങാനാവുകയില്ല. അതുകൊണ്ട് പ്രകൃതി വളരെ കനിവോടെ ഓരോരുത്തര്‍ക്കും താങ്ങാനാവുന്ന വിധത്തില്‍ മാത്രമേ പ്രാരബ്ധം അളന്നു കൊടുക്കൂ.
സത്യാന്വേഷകന്റെ വഴിയില്‍ കര്‍മത്തിനുള്ള സ്ഥാനം
ആദ്ധ്യാത്മീക മാര്‍ഗ്ഗത്തിലേക്കു പ്രവേശിക്കുന്ന ഏതൊരു സാധകന്റെ മനസ്സിലുമുള്ള ചിന്ത ഇതാണ്, "കഴിയുന്നതും വേഗം എനിക്ക് ലക്ഷ്യത്തിലെത്തിച്ചേരണം.” അതിനുവേണ്ടി നൂറു ജന്മം കാത്തിരിക്കാന്‍ തയ്യാറല്ല. ഈ നൂറു ജന്മത്തിനിടയില് ഒരായിരം ജന്മം അനുഭവിച്ചു തീര്‍ക്കാനുള്ള കര്‍മ്മഫലം സ്വരൂപിക്കാനിടയുണ്ട്. അതുകൊണ്ടാണ് ഈ തിടുക്കം. ആദ്ധ്യാത്മികതയിലേക്കു പ്രവേശിക്കാനായി ദീക്ഷ സ്വീകരിക്കുന്നതോടെ, നിങ്ങളുടെ മുമ്പില്‍ പുതിയ കവാടങ്ങള്‍ തുറക്കപ്പെടുകയുണ്ടായി. പുതിയ മാനങ്ങളിലേക്ക് നിങ്ങളെ എത്തിക്കാനുള്ള കവാടങ്ങള്‍. അത് ഈ ഒരു മാര്‍ഗത്തില്‍ മാത്രം ഉള്ളതാണ്. ആദ്ധ്യാത്മീകതയിലേക്കു തിരിഞ്ഞില്ലായിരുന്നുവെങ്കില്‍ കൂടുതല്‍ ശാന്തമായ ഒരു ജീവിതം നയിക്കുമായിരുന്നു. എന്നാല്‍ അതില്‍ ജീവിത ചൈതന്യത്തിന്റെ നിറവുണ്ടാകുമായിരുന്നില്ല. അതില്‍ കൂടതല്‍ അടുപ്പം മരണത്തോടാകുമായിരുന്നു. മൗലീകമായ മാറ്റങ്ങള്‍ നിങ്ങളുടെ മനസ്സില്‍ അതുളവാക്കുമായിരുന്നില്ല. കാര്യമായ അല്ലലൊന്നുമില്ലാത്ത ഒരു സാധാരണ ജീവതമായി അത് കഴിഞ്ഞുപോകുമായിരുന്നു.
അതിന്റെ അര്‍ത്ഥം അദ്ധ്യാത്മിക മാര്‍ഗത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് പ്രയാസങ്ങളും പ്രതിസന്ധികളുമാണ് എന്നാണൊ? അതല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. ജീവിതരീതി പെട്ടെന്ന് അതിവേഗത്തിലാവുമ്പോള് ചുറ്റുമുള്ളവരേക്കാള്‍ നിങ്ങളുടെ ജീവിതവേഗം അധികമാവുമ്പോള്‍ എന്തോ അഹിതം സംഭവിക്കാന്‍ പോകുന്നു എന്ന തോന്നല്‍ ഉണ്ടാകാനിടയുണ്ട്. അങ്ങനെയൊരു ആശങ്ക വേണ്ട. കൂടെയുള്ളവര്‍ ഇഴഞ്ഞു നീങ്ങുമ്പോള്‍ നിങ്ങള്‍ കുതിച്ചുപായുന്നു എന്നുമാത്രം ധരിച്ചാല്‍ മതി.
നിങ്ങള്‍ ആത്മാര്‍ത്ഥമായും അദ്ധ്യാത്മിക മാര്‍ഗത്തിലാണ് എങ്കില്‍ ഒന്നും സ്പഷ്ടമായിരിക്കുകയില്ല. എല്ലാറ്റിനും ഒരു മങ്ങലായിരിക്കും. ആദ്ധ്യാത്മികതയിലേക്കു തിരിഞ്ഞു കഴിഞ്ഞാല്‍ എല്ലാം സ്പഷ്ടവും ശാന്തവുമാകുമെന്നാണ് സാമാന്യ ധാരണ. അതു ശരിയല്ല. ഏതെങ്കിലും കൃത്യമായ ഒരു പ്രമാണത്തില്‍ വിശ്വസിച്ച് അതില്‍തന്നെ മനസ്സുറപ്പിച്ച് മുന്നോട്ടു പോവുകയാണെങ്കില്‍ ഏല്ലാം വ്യക്തവും ഭദ്രവുമായിരിക്കും. എന്നാല്‍ കേവലമായ ആദ്ധ്യാത്മികത മാത്രമാണ് നിങ്ങളുടെ മനസ്സിലുള്ളത് എങ്കില്‍ അവ്യക്തതയും ആശയകുഴപ്പവുമായിരിക്കും നിങ്ങളുടെ അനുഭവം.
ഇതാണൊ ശരിയായ മാര്‍ഗം? അല്ല എന്നു തോന്നുന്നുണ്ടെങ്കില്‍ ആദ്യം മുതലേ തുടങ്ങാം. പരിണാമം തുടങ്ങിയിടത്തുനിന്നും പടിപിടായി ഉയരാം. പക്ഷെ അതിന് ഒരു കോടി ജന്മങ്ങള് എടുക്കേണ്ടി വന്നേക്കും.
വേഗത്തില്‍ ലക്ഷ്യം പ്രാപിക്കണമെന്നുള്ളവര്ക്ക് ഒരു മാര്‍ഗമേയുള്ളു. തിടുക്കമില്ലാത്തവര്ക്ക് വേറെയും ഒരു വഴിയുണ്ട്. ഏതാണ് വേണ്ടത് എന്നുറപ്പിച്ചു തീരുമാനിക്കണം. അതിവേഗപാതയില്‍ പ്രവേശിച്ച് സാവധാനം പോകുക സാദ്ധ്യമല്ല, അതപകടമാണ്. സാമാന്യവഴിയില് കൂടി അതിവേഗം പോകാന്‍ ശ്രമിക്കുന്നത് കുറ്റകരവുമാണ്. ഏതുവഴിക്കു പോകണം എന്നത് സാധകന്റെ തീരുമാനമാണ്. വഴിയോരക്കാഴ്ചകള്‍ ആസ്വദിക്കണോ അതോ അതിവേഗം ലക്ഷ്യത്തിലെത്തണോ?