ചോദ്യം: എന്‍റെ മുന്നിൽ രണ്ടു വഴികളുണ്ട്. ഒന്ന്, ഒരുപാട് ശമ്പളം കിട്ടുന്ന ഒരു ജോലി; മറ്റൊന്ന്, അത്രയൊന്നും ശമ്പളമില്ലാത്ത, പക്ഷെ ഞാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു ജോലി. ഞാൻ ഏതു തിരഞ്ഞെടുക്കണം?

സദ്‌ഗുരു: നിങ്ങൾക്ക് കിട്ടുന്ന പ്രതിഫലം മാത്രം നോക്കി അളക്കേണ്ട ഒന്നല്ല നിങ്ങളുടെ മൂല്യം. അത് നിങ്ങൾക്ക് അനുവദിച്ചു തന്നിരിക്കുന്ന ഉത്തരവാദിത്തങ്ങളെ കണക്കിലെടുത്തു നിർണ്ണയിക്കേണ്ട ഒന്നാണ്. കൂലിയായി കിട്ടുന്ന ദ്രവ്യം വലിയ ഒരു കാര്യമൊന്നുമല്ല. എന്തെങ്കിലുമൊക്കെ സൃഷ്ടിക്കാനുള്ള അധികാരം നിങ്ങൾക്കനുവദിച്ചു തന്നിട്ടുണ്ടോ എന്നതാണ് മാനദണ്ഡമാവേണ്ടത്.

 പണമെന്നത് അതിജീവനത്തിനുള്ള ഒരു മാർഗമാണ്; അതു കൊണ്ടു തന്നെ അതാവശ്യവുമാണ്. പക്ഷെ, എന്താണ് അതിനു പകരമായി നിങ്ങളോടു ചെയ്യാനാവശ്യപ്പെടുന്നതെന്ന് ഇടയ്ക്ക് വിശകലനം ചെയ്യുന്നത് നന്നായിരിക്കും. എന്തെല്ലാം ഉത്തരവാദിത്തങ്ങളാണ് നിങ്ങള്ക്ക് അനുവദിച്ചു തന്നിട്ടുള്ളത്? മറ്റുള്ളവർക്കും നിങ്ങൾക്കു തന്നെയും പ്രയോജനപ്രദമായി എന്തെങ്കിലുമൊക്കെ ചെയ്യാനായി എന്തെല്ലാം അവസരങ്ങളാണ് നിങ്ങൾക്കു മുന്നിലുള്ളത്?  

മറ്റൊരു ജീവനെ തൊട്ടറിയുക

ഈ ലോകത്തു നിങ്ങൾ ചെയ്യുന്ന ഏതൊരു കാര്യവും അര്‍ത്ഥവത്താവുന്നതു മറ്റൊരു ജീവനെ അഗാധമായി സ്പർശിക്കുമ്പോൾ മാത്രമാണ്. ഉദാഹരണത്തിന് - നിങ്ങൾ ഒരു സിനിമ എടുക്കുമ്പോൾ അതാരും കാണാതിരിക്കണമെന്നാണോ നിങ്ങളാഗ്രഹിക്കുക? നിങ്ങൾ ഒരു വീടുണ്ടാക്കുമ്പോൾ അതിലാരും താമസിക്കരുതെന്നു നിങ്ങളാഗ്രഹിക്കുമോ? ഇല്ലല്ലോ? ചെയ്യുന്ന ഓരോ കാര്യവും മറ്റുള്ളവർക്ക് പ്രയോജനകരമായിരിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുക - മറ്റൊരു ജീവനെ അവന്‍റെ ഉള്ളിന്‍റെ ഉള്ളിൽ തൊടാനായി നിങ്ങൾ മോഹിക്കും എന്നതാണ് സത്യം.

നിങ്ങൾ ചെയ്യുന്ന ഏതൊരു കാര്യമെടുത്തുനോക്കിയാലും ഒന്ന് നിങ്ങള്‍ക്ക് മനസിലാവും, നിങ്ങളുടെ പ്രവൃത്തി മറ്റൊരു ജീവന് ഉപകാരപ്രദമാവണമെന്ന് ആത്മാർഥമായി നിങ്ങളാഗ്രഹിക്കുന്നുണ്ടെന്ന്. പലരും അവരുടെ ജീവിതത്തെ രണ്ടായി പകുത്തു ജോലിക്കായി ഒരു പകുതിയും കുടുംബത്തിനായി മറ്റേ പകുതിയും നീക്കി വെക്കുന്നു, ഇതിൽ ജോലി എന്നത് ധനമുണ്ടാക്കാൻ വേണ്ടി മാത്രം ചെയ്യുന്ന ഒരു കർമ്മമായും കുടുംബത്തിനായി ചെയ്യുന്ന കര്‍മ്മം കുറെ ജീവിതങ്ങളെ സ്പര്ശിക്കാനുള്ള ഒരു മാർഗമായും പിന്തുടരാറുണ്ട്. നിങ്ങൾ ചെയ്യുന്ന എല്ലാ കർമ്മങ്ങളും കുടുംബത്തിന് വേണ്ടി കർമ്മം ചെയ്യുന്ന അതേ ലാഘവത്തോടെ നോക്കിക്കാണാവുന്നതേയുള്ളൂ. കർമ്മം, അതെന്തുമാകട്ടെ അത് മറ്റുള്ളവർക്ക് ഉപകാരപ്രദമാവണമെന്നതാണ് അതിന്‍റെ ശരി.

മറ്റൊരാളുടെ ജീവിതത്തെ നിങ്ങളെങ്ങനെ സ്വാധീനിക്കുന്നു എന്നത് നിങ്ങൾ അവർക്കു വേണ്ടി ചെയ്യുന്ന പ്രവൃത്തിയിൽ എത്ര മാത്രം തല്പരനാണ് എന്നതിനെ ആശ്രയിച്ചിരിക്കും. അത്യഗാധമായി മുഴുകിയാണ് നിങ്ങളത് ചെയ്യുന്നതെങ്കിൽ സ്വാഭാവികമായും നിങ്ങളുടെ പ്രവൃത്തി വളരെ വ്യത്യസ്തമാവുകയും നിങ്ങളുടെ കഴിവിനനുസരിച്ചുള്ള പ്രവൃത്തി ഫലം ഉറപ്പായും ലഭിച്ചിരിക്കുകയും ചെയ്യും. ചിലപ്പോൾ ഒരു വിലപേശലിന്‍റെ ആവശ്യം വരുമായിരിക്കാം അതുമല്ലെങ്കിൽ നിങ്ങള്‍ക്ക് നിങ്ങളുടെ മേലധികാരികളെ ഓര്മപ്പെടുത്തേണ്ടി വരുമായിരിക്കാം. സാധാരണയായി കണ്ടു വരുന്നത്, ഓരോ കമ്പനിക്കും അല്ലെങ്കിൽ വ്യവസായത്തിനും അത്യാവശ്യമാണെന്ന് തോന്നുകയാണെങ്കിൽ അതിനനുസരിച്ചുള്ള പ്രതിഫലം അതര്‍ഹിക്കുന്നവന് ലഭിച്ചിരിക്കും.

നിങ്ങൾ ചെയ്യുന്ന കർമ്മത്തിൽ പ്രാവീണ്യം നേടാനായാൽ, അത് നാൾ തോറും വികസിപ്പിച്ചെടുത്താൽ, ഏതെങ്കിലും ഒരു ദിവസം, നിങ്ങൾക്കാവശ്യമുള്ളപ്പോൾ, ഒരു പദവിയിൽ നിന്നും മറ്റൊരു പദവിയിലേക്ക് മാറാനും അതു വഴി നിങ്ങൾക്കിപ്പോൾ കിട്ടുന്ന സമ്പത്തിൽനിന്നും പത്തിരട്ടി ധനം സമ്പാദിക്കാനും സാധിച്ചേക്കാം. ഉദാഹരണത്തിന്, നിങ്ങളിപ്പോൾ ഒരു കമ്പനിയുടെ മേധാവിയായി ജോലി ചെയ്യുകയും അവർ നിങ്ങളർഹിക്കുന്ന പ്രതിഫലം തരാതിരിക്കുകയുമാണെന്നിരിക്കട്ടെ. എന്നാൽ, ആ കമ്പനിയുടെ പൂർണ ഉത്തരവാദിത്വം നിങ്ങൾക്കനുവദിച്ചു തന്നിട്ടുണ്ടെന്നുമിരിക്കട്ടെ. നിങ്ങൾ നന്നായി ജോലി ചെയ്യുകയും ലോകം മുഴുവൻ അത് കണ്ടുകൊണ്ടിരിക്കുകയുമാണ്. നാളെ മറ്റൊരാൾ എന്ത് പ്രതിഫലം തന്നും നിങ്ങളെ അവരുടെ കമ്പനിയിലേക്ക് കൊണ്ടു പോകാൻ തയ്യാറായിരിക്കും. അതു കൊണ്ടു തന്നെ പൈസ മാത്രം നോക്കി ഒരു ജോലിയെയും അളക്കേണ്ടതില്ല.

 

എന്തുകൊണ്ട് കമ്പനികൾ?

ഒരാൾക്ക് ഒറ്റയ്ക്ക് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ഒരു കൂട്ടായ്മയിലൂടെ നേടിയെടുക്കാൻ വേണ്ടിയാണു നമ്മൾ കമ്പനികൾ ഉണ്ടാക്കുന്നത്. നമുക്കേവർക്കും ഒറ്റക്കൊറ്റക്ക് ഇത്തരം വ്യവസായ സ്ഥാപനങ്ങൾ ഉണ്ടാക്കാവുന്നതേയുള്ളു - കാലാകാലമായി നമ്മളങ്ങിനെയാണ് പ്രവർത്തിച്ചിരുന്നത്. ഓരോരുത്തരും ഏതെങ്കിലും ഒരു ഉല്പന്നത്തിന്‍റെ ഉല്പാദകനും അതെ സമയം തന്നെ ഒരു വ്യാപാരിയുമായിരുന്നു. പക്ഷെ ഒരായിരം മനസുകൾ ഒന്നിക്കുമ്പോൾ, അവരൊന്നിച്ചു ഒരേ ദിശയിൽ പ്രവർത്തിക്കുമ്പോൾ, നേടാനാവുന്നതു ബൃഹത്തായൊരു സാമ്രാജ്യമായിരിക്കും. ഓരോ കമ്പനിയിലും നിങ്ങളിലേൽപ്പിക്കപ്പെട്ടിരിക്കുന്ന ചുമതലകളിലും നിങ്ങൾക്ക് തരുന്ന വിശ്വാസ്യതയിലുമാണ് നിങ്ങളുടെ യഥാർത്ഥ മൂല്യമിരിക്കുന്നത്. അതിനു നിങ്ങള്‍ക്ക് കിട്ടുന്ന പ്രതിഫലം പ്രാധാന്യമേറിയതു തന്നെ - പക്ഷെ അത് എല്ലാമാണെന്നു കരുതണ്ട. ഓരോ ജോലിക്കും നിങ്ങൾക്ക് തരുന്ന ഉത്തരവാദിത്വങ്ങളിലൂടെയും അതുപയോഗിച്ചു നിങ്ങൾ നിങ്ങൾക്കും മറ്റുള്ളവർക്കുമായി നിർമ്മിക്കുന്ന ഉചിതമായ ഉത്പന്നങ്ങളിലൂടെയുമാണ് നിങ്ങൾ നിങ്ങളുടെ മൂല്യം വിലയിരുത്തേണ്ടത്. ;