ജീവിതത്തിലെ കയറ്റവും ഇറക്കവും

ചോദ്യം: സദ്ഗുരോ, ചില ദിവസങ്ങളില്‍ ഞാന്‍ അങ്ങേയറ്റം സന്തോഷവാനാണ്. എന്നാല്‍ മറ്റു ചില ദിവസങ്ങളില്‍ വളരെയധികം ദു:ഖിതനും. എങ്ങനെയാണ് ഞാന്‍ ഈ അവസ്ഥകള്‍ നേരിടേണ്ടത്?
സദ്ഗുരു: ദക്ഷിണേന്ത്യയില്‍ ഒരു വിശ്വാസമുണ്ട് "വല്ലാതെ ചിരിക്കേണ്ട പിന്നീട് ദു:ഖിക്കേണ്ടിവരും." എപ്പോഴോ എങ്ങനേയോ സമൂഹമനസ്സില്‍ കടന്നുകൂടിയ നിര്‍ഭാഗ്യകരമായ ഒരു വിശ്വാസമാണിത്. ഇന്ന് വല്ലാതെ സന്തോഷിച്ചാല് നാളെ നിശ്ചയമായും സങ്കടപ്പെടേണ്ടിവരും. ആളുകള്‍ അതിരു വിട്ടു ചിന്തിക്കുന്നതിന്റെ ഫലമായി ഉരുത്തിരിഞ്ഞതാണ് ഈ ആശയം. സന്തോഷമായാലും സങ്കടമായാലും അതിനെ പെരുപ്പിക്കുക ഒരു സാമാന്യ സ്വഭാവമാണ്. "ഇങ്ങനെ ചെയ്തില്ലെങ്കില്‍ ജീവിതത്തിലെന്താണൊരു രസം?" ചിലരെങ്കിലും അങ്ങനെ ചോദിച്ചേക്കാം. അതിനുള്ള ഉത്തരം "ജീവിതം സ്വതവേ രസമുള്ളതാണ്. നിങ്ങളായിട്ട് അതിന്റെ മുഖം മിനുക്കാന്‍ നോക്കേണ്ട"
ജീവിതം അടിസ്ഥാനപരമായി എന്താണെന്ന് ആരും മനസ്സിലാക്കുന്നില്ല. അതുകൊണ്ടാണ് മനസ്സില്‍ പലതും സങ്കല്പിച്ച് അതാണ് സത്യമെന്ന് ധാരണവെച്ചു പുലര്‍ത്തുന്നത്. നിങ്ങളുടെ ശാരീരികവും മാനസികവുമായ ഭാവങ്ങള്‍ ആവര്‍ത്തന സ്വഭാവമുള്ളതാണ്. സന്തോഷവും വിഷാദവും മാറിമാറി വന്നുപോയ്ക്കൊണ്ടിരിക്കും. ഒരുവിധം എല്ലാ മനുഷ്യരും അനുഭവിക്കുന്നതാണ് ഈ ചക്രം തിരിച്ചില്‍. അതിന് കാരണമായി ബാഹ്യമായ പല സംഗതികളും നിങ്ങള്‍ കണ്ടെത്തുന്നു. എന്നാല്‍ വാസ്തവമെന്താണെന്നൊ? ബാഹ്യമായ ഒരുവക ഇടപെടലിനും അവസരം കൊടുക്കാതെ ഒരു മുറിയില്‍ തനിയെ വാതിലടച്ചിരുന്നാലും മനസ്സില്‍ ഈ സുഖദു:ഖ ഭാവങ്ങള്‍ വന്നുംപോയുമിരിക്കും. ചിലപ്പോള്‍ സന്തോഷം അതുകഴിഞ്ഞ് സങ്കടം അതുപോലെത്തന്നെ ശരീരവും അനുഭവിക്കുന്നുണ്ട് സുഖവും അസുഖവും. പലപ്പോഴും ശരീരത്തിന്റേയും മനസ്സിന്റേയും അവസ്ഥകള്‍ പരസ്പരം ബന്ധപ്പെട്ടതായിരിക്കും രണ്ടും അന്യോന്യം സ്വാധീനിക്കുന്നു. നിലവില്‍ ഏതിനാണ് കൂടുതല്‍ വീര്യം എന്നതിനെ ആശ്രയിച്ചായിരിക്കും അതിന്റെ ഫലം.
സുഖാസുഖങ്ങളുടെ ഈ ചാക്രിക സ്വഭാവം മനുഷ്യന് അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. സുഖത്തിന്റെ പിന്നാലെ അസുഖമുണ്ട് എന്ന് അവന് മനസ്സുകൊണ്ട് നിശ്ചയിച്ചു കഴിഞ്ഞിട്ടുള്ളതാണ്. അത് അങ്ങനെത്തന്നെ സംഭവിക്കുകയും ചെയ്യും. എന്നാല്‍ സ്വന്തം സുഖ ദു:ഖങ്ങള്‍ക്കു കാരണം താന്‍ മാത്രമാണ് മറ്റൊന്നുമല്ല എന്നറിഞ്ഞിരിക്കണം. സന്തോഷമായിരിക്കാന്‍ മനുഷ്യന് ശ്രമിക്കുന്നു. അതുതന്നെ വലിയൊരു തെറ്റാണ്. താന്‍ സന്തോഷമായിരുന്നാല്‍ മാത്രം പോരാ, അയല്ക്കാരനേക്കാള് ഒരുപടി മേലേയാവണം എന്ന ചിന്തയും കൂടെയുണ്ട്. അതാണ് കൂടുതല്‍ പ്രശ്നമുണ്ടാക്കുന്നത്. സന്തോഷം അവനവനായി ഉണ്ടാക്കാന്‍ ശ്രമിക്കേണ്ട, താന്‍തന്നെയാണ് തന്റെ സന്തോഷത്തിനു കാരണം എന്ന് ഓര്‍മ്മയുണ്ടായാല്‍ മതി. ആ ഓര്‍മ്മ നിലനിര്‍ത്താനായാല്‍ മനസ്സില്‍ എപ്പോഴും സന്തോഷം മാത്രമേ അനുഭവപ്പെടൂ. മാനത്തേക്ക് ഉയര്‍ന്നു പറക്കില്ല, താഴെവീണ് ഉരുളുകയുമില്ല, എന്നും എപ്പോഴും ആനന്ദാനുഭവം മാത്രം. ഈ ആനന്ദാവസ്ഥ ഓരോരുത്തരിലും വ്യത്യസ്ത നിലകളിലായിരിക്കും. അതാശ്രയിച്ചിരിക്കുന്നത് ഓരോ വ്യക്തിയുടേയും പ്രാണോര്‍ജ്ജത്തിന്റെ വീര്യത്തേയാണ്, അളവിനെയാണ്, എന്നാലും ഊര്‍ജ്ജം തന്നെയാണ് മാനസിക ഭാവങ്ങള്‍ക്കുള്ള ദൃഢമായ അടിത്തറ. സന്തോഷത്തിന്റെ ഉച്ചിയിലെത്തി തിരിച്ചു വരണൊ, അങ്ങനെയാവാം. വിഷാദത്തിന്റെ കുണ്ടില്വീണ് തിരിച്ചു കയറണോ, അതുമാവാം. രണ്ടിനും ആധാരമായിരിക്കുന്നത് സ്വന്തം പ്രാണോര്ജ്ജമാണ്.
സുവര്‍ണമാര്‍ഗം
നിറവാര്‍ന്ന ആനന്ദാനുഭൂതി എന്നാണിതിന്റെ അര്‍ത്ഥം. ബുദ്ധനും മറ്റു പല ആചാര്യന്മാരും ചൂണ്ടിക്കാട്ടുന്ന മദ്ധ്യമ മാര്‍ഗം പലരും പലവഴികളിലൂടെ ഇത് പ്രാപിക്കുന്നു. മന്ദവും സൗമ്യവുമായ ഒരവസ്ഥയല്ല ഇത്, ഏറ്റവും ഊര്‍ജ്ജ്വസ്വലവും പ്രസന്നവുമാണ് മംഗളകരമായ ഒരു പ്രഭാതംപോലെ തേജോമയം. ഇടിയും, മിന്നലും, കാറും കോളുമൊന്നുമില്ല. എല്ലാം ശുഭകരമായി മുന്നോട്ടുപോകുന്ന അവസ്ഥ. "ഗുഡ് മോണിങ്ങ്" എന്ന പ്രയോഗം മാനസികാവസ്ഥയില്‍ നിന്നും രൂപം കൊണ്ടതാണ്. ലോകാനുഭവങ്ങളില്‍ നിന്നും തീര്‍ത്തും വിട്ടൊഴിഞ്ഞ് ഒരു രാത്രി കഴിയുന്നു. രാവിലെ ഉറക്കം തെളിയുമ്പോള്‍ ആകപ്പാടെ ഒരു സുഖം, ശുഭ പ്രതീക്ഷ, മദ്ധ്യാഹ്നവും, സായാഹ്നവും മറ്റുനേരങ്ങളുമൊക്കെ പ്രസന്നം. എന്നാല്‍ ഇതെല്ലാം ശ്രദ്ധയില്‍ പേടണമെങ്കില് ഒന്ന് മാറിയിരുന്ന് നിരീക്ഷിക്കണം. അഞ്ചുദിവസം കഞ്ഞിമാത്രം കുടിച്ച് ആറാം ദിവസം വയറുനിറച്ച് ചോറുണ്ണുമ്പോഴത്തെ അനുഭവം. ഓര്‍ക്കാപ്പുറത്ത് ചോറിന് ഇത്ര സ്വാദോ എന്ന് തോന്നിപ്പോകും. ജീവിതത്തിലെ ഓരോ നിമിഷവും അതിന്റേതായ മട്ടില്‍ സുന്ദരമാണ്, എന്നാല്‍ ആ ഭംഗി നുകരണമെങ്കില്‍ തെല്ലകന്നു നിന്ന് നോക്കണം.
ഒന്നിലും പങ്കു ചേരാതിരിക്കുകയില്ല സുവര്‍ണമാര്‍ഗം. സന്തോഷമോ സങ്കടമോ ഇഷ്ടത്തിനൊത്തവിധം അനുഭവിക്കാം. പക്ഷെ അടിത്തറക്ക് ഇളക്കം സംഭവിക്കരുത്. അത് സദാ ആനന്ദത്തിന്റേതാണ്. ഈ ആനന്ദം അനുഭവഭേദ്യമാവുക. അതിന് നിങ്ങളെ സഹായിക്കുന്നതാണ് ക്രിയ. ക്രിയകള്‍ മുറപോലെ അനുഷ്ഠിക്കുകയാണെങ്കില്‍ അത് നിങ്ങളെ സുവര്‍ണ മാര്ഗത്തിലെത്തിക്കും പിന്നീട് വഴിതെറ്റുകയുമില്ല. അതില്‍നിന്നും കൂടുതല്‍ ആനന്ദാനുഭൂതിയിലേക്കുള്ള പടികള്‍ ക്രമത്തില്‍ കയറാനാകും. ഇതുവരെ അറിയാത്ത ആത്മനിര്വൃതിയിലേക്കാണത് നിങ്ങളെ നയിക്കുക. നിങ്ങളുടെ സുഖമാര്‍ന്ന മാര്‍ഗത്തിന്റെ ഏറ്റകുറച്ചിലുകള്‍ നിര്‍ണയിക്കുന്നത് നിങ്ങളുടെ തന്നെ ഊര്‍ജ്ജസ്വലതയും ആത്മവീര്യവുമാണ്. ഏതു രീതിയിലുള്ളതായാലും ആ മാര്‍ഗം തെളിഞ്ഞു കിട്ടുക അതിമനോഹരമായ ഒരനുഭവമാകും. സദാ നുരഞ്ഞുപൊങ്ങുന്ന ആനന്ദലഹരിയായി അതിനെ കാണരുത്. ആ ആനന്ദമൂര്‍ച്ഛ നിലനിര്‍ത്തുക സാദ്ധ്യമല്ല, അഥവാ അതിനു സാധിച്ചുവെന്നാല് ജീവിത വ്യാപാരങ്ങള്‍ നടത്തികൊണ്ടുപോകാന്‍ സാദ്ധ്യമാവില്ല. ആനന്ദലഹരിയില്‍ എപ്പോഴും ഉന്മത്തനായിരിക്കുന്നയാള് എങ്ങനെയാണ് തന്റെ മറ്റു കടമകള്‍ നിര്‍വഹിക്കുക!
ജീവിതത്തില്‍ നിന്നും തീര്‍ത്തും വിട്ടുനില്‍ക്കാനാണ് താല്പര്യമെങ്കില് സുവര്‍ണ മാര്‍ഗത്തില്‍ത്തന്നെ പറ്റിനില്‍ക്കാം, ആത്മ നിര്‍വൃതിയില്‍ മുങ്ങി കഴിയാം. പരമാനന്ദം എന്നല്ലാതെ മറ്റൊരു വാക്ക് എനിക്കു പറയാനാകുന്നില്ല. സ്വാഭാവികമായ ശാന്തിയുടേയും സന്തുഷ്ടിയുടേയും നിറവ്. രാവിലെ എഴുന്നേറ്റ് നിങ്ങള്‍ പതിവു ദിനചര്യകളില്‍ മുഴുകുന്നു, പ്രാതല്‍ പാകം ചെയ്യുന്നു, അറിയാതെ മൂളിപ്പാട്ട് പാടുന്നു. മനസ്സില്‍ എന്തിനെന്നില്ലാത്ത ഒരു സന്തോഷം, ഉത്സാഹം ഇതുതന്നെയാണ് ആനന്ദം. സന്തോഷംകൊണ്ട് സ്വയം മറക്കുന്ന അവസ്ഥയുമുണ്ട് അതാണ് ആനന്ദമൂര്ഛ. ആ സ്ഥിതി നിലനിര്‍ത്തിപ്പോരണമെങ്കില്‍ അത്രയും ഉയര്‍ന്ന നിലയിലുള്ള ഊര്‍ജ്ജം നിങ്ങളിലുണ്ടായിരിക്കണം അവധൂതന്മാര് എന്ന പേരില്‍ അറിയപ്പെടുന്ന യോഗികള്‍ നമ്മുടെ നാട്ടിലുണ്ട്. ഊണും ഉറക്കവും പോലും മറന്ന് സദാ ആനന്ദലഹരിയില്‍ നിമഗ്നരായി കഴിയുന്നവരാണവര്‍. തീരെ ശരീരബോധമില്ലാതെയാണവര് കഴിയുന്നത്. എല്ലാ കാര്യങ്ങളും മറ്റുള്ളവര്‍ ചെയ്തുകൊടുക്കുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത് ഈ അവസ്ഥയിലെത്തിയവരെ ശ്രദ്ധിക്കാന്‍ ആരും ഉണ്ടായെന്നുവരില്ല. അതുകൊണ്ട് ഉചിതമായ വിധത്തില്‍ ആനന്ദലഹരിയില്‍ മുഴുകാം. ഒപ്പം സ്വന്തം ആവശ്യങ്ങളും നിറവേറ്റാം
ഉറച്ച അടിത്തറ
തീര്‍ച്ചയായും സുവര്‍ണ മാര്ഗത്തിലെത്തിച്ചേരണം. പാദങ്ങളും കാല്മുട്ടുമൊക്കെ വേദനിക്കും. എന്നാലും നിശ്ചലനായി ഒരേ മട്ടില്‍ വെറുതെ ഇരിക്കണം. അതുതന്നെ നിങ്ങള്‍ക്ക് ആനന്ദം നല്‍കും. ഒരു ഭാഗം സ്വര്‍ഗത്തില്‍ മറുഭാഗം നരകത്തില്‍. ഇടയില്‍ സുവര്‍ണമാര്‍ഗം. ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്ന ധ്യാനാവസ്ഥ അത് ഏറ്റവും ആനന്ദദായകമാണ്. ശേഷിക്കുന്ന സമയം നിങ്ങള്‍ക്ക് ലോകവ്യാപാരങ്ങളില്‍ മുഴുകാം. അത് നിങ്ങള്‍ക്ക് ദോഷം ചെയ്യുകയില്ല, അതേസമയം നിങ്ങള്‍ സന്തോഷമനുഭവിക്കുകയും ചെയ്യുന്നു, കാരണം സ്വന്തമായി നിങ്ങള്‍ക്ക് ഉറപ്പുള്ള ഒരടിത്തറയുണ്ട്. അതുകൊണ്ടു നിങ്ങള്‍ക്കു വഴിതെറ്റുകയില്ല. ഇന്നത്തെ ലോകത്തില്‍ പലവിധ നിയന്ത്രണങ്ങള്‍ക്കു വിധേയമാണ് ജീവിതം. തീവ്രമായ അനുഭവങ്ങള്‍ക്ക് സാധാരണ ഗതിയില്‍ സ്ഥാനമില്ല. എന്നാല്‍ ഏതെങ്കിലും വനത്തില്‍ നിങ്ങള്‍ ഏകാന്ത ജീവിതം നയിക്കുകയാണെങ്കില്‍, നിങ്ങളുടെ സുവര്‍ണമാര്‍ഗം നിങ്ങളുടെ ജാഗ്രതക്ക് മൂര്‍ച്ച കുട്ടും. ആത്മരക്ഷക്കുള്ള ശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
നിങ്ങള്‍ വിഷാദത്തിലും നൈരാശ്യത്തിലുമാണ്ടിരിക്കുകയാണെങ്കില് നിങ്ങളില്‍ ‘നിലനിന്നുപോകണം’ എന്ന ആശ ഉണ്ടാവുകയില്ല. എല്ലാം വേഗം അവസാനിപ്പിക്കാനായിരിക്കും താല്പര്യം. ഒരു പക്ഷെ ഒരു വന്യമൃഗത്തിന്റെ ഉച്ചഭക്ഷണമായിത്തീര്ന്നേക്കാം. എന്നാല്‍ ആനന്ദോന്മത്തനായിരിക്കുമ്പോള് പുലിയുടെ വായില്‍ അകപ്പെട്ടാല്‍ തന്നേയും അത് നിങ്ങളെ ഭയപ്പെടുത്തുന്നില്ല. സുവര്‍ണ മാര്ഗത്തിലിരിക്കേ മാത്രമേ നിലനില്പിന്റെ വാസന ജ്വലിച്ചു നില്ക്കൂ. ഏതു സാഹചര്യത്തിലും, ഏതു പ്രതിസന്ധിയിലും നിങ്ങള്‍ സന്തോഷവാനായിരിക്കും. എല്ലാവരോടും സൗഹൃദപൂര്‍വം പെരുമാറുകയും ചെയ്യും. ഈ ലോകജീവിതത്തില്‍ അത് വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്. എപ്പോഴും ആനന്ദോത്മത്തതയില് കഴിയുന്നവര്‍ ലോകജീവിതത്തില്‍ നിന്ന് പിന്‍വാങ്ങുന്നു. ചുറ്റുപാടും നടക്കുന്നതെന്താണെന്ന് അറിയുന്നില്ല. അവര്‍ അധികകാലം ജീവിച്ചിരിക്കുകയില്ല. ചെറുപ്പത്തിലേ മരണമടയുന്നു. അതില്‍ ഖേദിക്കേണ്ടതില്ല. പരമാന്ദരസം നുകര്ന്നറിഞ്ഞവരാണവര്. സ്വയം മറന്ന് ആനന്ദാനുഭൂതിയില് ആണ്ടിരിക്കുന്നവര്‍ ഏതു നിമിഷവും പൊട്ടിപ്പോകാവുന്ന ഒരു നീര്കുമിളയാണ് അവരുടെ ജീവിതം. അമ്പതുവര്‍ഷം ജീവിക്കുന്നതിനു പകരം അഞ്ചുവര്‍ഷം മാത്രം ജീവിച്ച് പരമാനന്ദമനുഭവിച്ച് അവര്‍ മരണമടയുന്നു. അത് വളരെ സ്വാഭാവികമാണ്. അത്ഭുതപ്പെടേണ്ടതില്ല. കൂടുതലൊന്നും അവര്‍ക്കു നേടാനില്ല. ഒരു മനുഷ്യായുസ്സിന്റെ സാഫല്യം അവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
ഭാവസ്പന്ദന പരിപാടിയുടെ ഉദ്ദേശ്യം പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ നിങ്ങള്‍ക്കും ആനന്ദാനുഭൂതിയില് അലിയാമെന്ന് മനസ്സിലാക്കിത്തരാനാണ്. അത് നല്ലൊരു കാര്യമാണ്. എന്നാല്‍ ആ നിലയില്‍ തുടരാന്‍ നിങ്ങള്‍ക്കാവില്ല. വര്‍ഷത്തില്‍ ഏതാനും ദിവസം ധ്യാനിച്ചതുകൊണ്ടു മാത്രം സുദൃഢമായ ഒരു അടിത്തറ പണിതുണ്ടാക്കാന് നിങ്ങള്‍ക്കാവില്ല. സുവര്‍ണ മാര്‍ഗത്തിന്റെ നിര്‍വൃതിയും നുകരാനാവില്ല. ഉറപ്പുള്ള ഒരടിത്തറയുണ്ടെങ്കില് മാത്രമേ ആ ആനന്ദമൂര്ഛ നിലനിര്ത്തികൊണ്ടുപോകാനാകൂ. സാധനയെ നിങ്ങളുടെ ജീവിതത്തിലേക്ക് പരിചയപ്പെടുത്തുകയാണ് നമ്മുടെ ലക്ഷ്യം. നിങ്ങളുടെ ജീവിതത്തിലെ ചൈതന്യപൂര്‍ണമായ ഒരു യാഥാര്‍ത്ഥ്യമായിരിക്കും ഞാന്‍. ഈ നിമിഷം നിങ്ങളുടെ ജീവിതത്തില്‍ ഞാന്‍ ഒരോര്‍മ മാത്രമായിരിക്കും, അല്ലെങ്കില്‍ ഒരു ചിന്ത. നിങ്ങളില്‍ ഞാന്‍ ഒരു യാഥാര്‍ത്ഥ്യമായി നിലനില്ക്കുന്നുവെങ്കില്, അതിനായി ഒരു മുതല്‍ മുടക്കേണ്ടതുണ്ട്. സ്വയം ആരാണെന്ന് കൃത്യമായി അറിഞ്ഞിരിക്കണം. അവനവനെ കുറിച്ചുള്ള ബോധത്തിന് തെളിച്ചമില്ലെങ്കില്‍ ഞാന്‍ ആരാണെന്ന അറിവും നിങ്ങള്‍ക്ക് നഷ്ടപ്പെടും. ഈശ്വരന്റെ കാരുണ്യം സ്പര്‍ശിക്കാത്ത ഒരു മുക്കും മൂലയും ഈ പ്രപഞ്ചത്തിലില്ല. ഓരോ അണുവിലും ആ ചൈതന്യം സ്പന്ദിക്കുന്നു. വ്യക്തമായ ആത്മബോധമില്ലാത്തവര്ക്ക് അതറിയാനാവുന്നില്ലെന്നു മാത്രം ആ പ്രശ്നമാണ് ആദ്യം പരിഹരിക്കേണ്ടത്. അതോടെ മറ്റെല്ലാം തന്നെ വ്യക്തമായിത്തീരും. ജീവിതമാകെത്തന്നെ നിങ്ങള്‍ക്ക് പുതിയൊരനുഭവമാകും.