सद्गुरु

“ഇന്നൊരു നന്നല്ലാത്ത ദിവസമാകുമോ?" എന്നെന്റെ മനസ്സ് ഇടയ്ക്കിടയ്ക്ക് മന്ത്രിക്കും, പ്രത്യേകിച്ച് എന്തെങ്കിലും പ്രധാനപ്പെട്ട മീറ്റിങ്ങോ കൂടിക്കാഴ്ചയോ ഒക്കെയുള്ളപ്പോള്‍. പിന്നെ അന്ന് മുഴുവന്‍ ഒരു തരം ആധിയാണ്. ഇതിനെന്താണൊരു പോംവഴി?

സദ്‌ഗുരു : ദിവസവും രാവിലെ അത്യപൂര്‍വമാം വിധം കൌതുകമുണര്‍ത്തിക്കൊണ്ട് സൂര്യന്‍ ഉദിച്ചുയരുന്നു. ഒരു നിശ്ചിത പരിധിക്കുള്ളില്‍ നിന്നുകൊണ്ട് അത് കറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. നമ്മുടെ സൌരയൂഥത്തിലെ മറ്റെല്ലാ ഗ്രഹങ്ങളും ഇതേ പോലെ കറങ്ങുന്നുമുണ്ട്, നിശ്ചിത പരിധിക്കുള്ളില്‍ നിന്നുകൊണ്ടു തന്നെ. അതുപോലെതന്നെ മറ്റെല്ലാ കാര്യങ്ങളും ഈ സൌരയൂഥത്തില്‍ കൃത്യനിഷ്ഠയോടുകൂടി അതിമനോഹരമായി സംഭവിച്ചുകൊണ്ടിരിക്കുന്നു. സൌരയൂഥത്തില്‍ മാത്രമല്ല, കോടാനുകോടി ഗ്യാലക്സികളുള്ള ഈ മഹാപ്രപഞ്ചമാകെ കൃത്യനിഷ്ഠയോടുകൂടി തത്വാധിഷ്ടിതമായി പ്രവര്‍ത്തിക്കുന്നു. അതുകൊണ്ട് ഈ മഹാ പ്രപഞ്ചത്തെ സംബന്ധിച്ചടത്തോളവും, അതുമായി ബന്ധപ്പെട്ടു കിടക്കുന്ന നമ്മളെ സംബന്ധിച്ചടത്തോളവും ഇന്നെന്നല്ല, ഏത് ദിവസവും വിജയപ്രദമായ ദിവസങ്ങള്‍ തന്നെയാണ്.

ഈ ലോകത്തുള്ള എന്തിനേക്കാളും വലുതായിട്ടാണ് നിങ്ങളുടെ ഉള്ളില്‍ കടന്നു കൂടിയിരിക്കുന്ന എന്തെങ്കിലുമൊരു വേണ്ടാത്ത ചിന്തയെ നിങ്ങള്‍ കാണുന്നത്

എന്നിട്ടും നിങ്ങളുടെ ഉള്ളിലേക്ക് നിഷേധാത്മക ചിന്തകള്‍ ഇഴഞ്ഞു കയറുകയാണ്. അതുകൊണ്ടാണ് നിങ്ങളുടെ മനസ്സില്‍ “ഇന്നൊരു ചീത്ത ദിവസമാകുമോ"എന്ന ആശങ്ക കയറിക്കൂടുന്നത്. പ്രകൃതിയെക്കാളും, ഈ ലോകത്തുള്ള എന്തിനേക്കാളും വലുതായിട്ടാണ് നിങ്ങളുടെ ഉള്ളില്‍ കടന്നു കൂടിയിരിക്കുന്ന എന്തെങ്കിലുമൊരു വേണ്ടാത്ത ചിന്തയെ നിങ്ങള്‍ കാണുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ നിങ്ങള്‍ നിങ്ങളുടെ ചിന്തയില്‍ മാത്രം ഒതുങ്ങി കഴിയുകയാണ്.
അനാവശ്യമായി ടെന്‍ഷന്‍ അടിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല. സ്വയം സൃഷ്ടിച്ച നിഷേധാത്മക ചിന്തമൂലം, ഈ പ്രപഞ്ചമാകെ വ്യാപിച്ചുകിടക്കുന്ന ആകാശ തത്വത്തിന്റെ സൌന്ദര്യത്തെയും, ആകാരസൌഷ്ടവത്തെയും, അതില്‍ നിന്നുളവാകുന്ന അനുഭൂതികളെയും ആസ്വദിക്കാനാവാതെ വെറുതെ ജീവിതം കളഞ്ഞു കുളിക്കുകയാണ്.

സംഭവിക്കാന്‍ പാടില്ലാത്തതെന്തോ സംഭവിച്ചു അല്ലെങ്കില്‍ നിങ്ങള്‍ കരുതിയിരുന്നതുപോലെ സംഗതികള്‍ നടന്നില്ല എന്നൊന്ന് മനസ്സില്‍ ഇടം പിടിച്ചു കഴിഞ്ഞാല്‍, പിന്നെ വേറൊന്നിനും നിങ്ങളുടെ മനസ്സില്‍ ഇടം കാണുകയില്ല. ചിന്തിച്ചതിനെപ്പറ്റി തന്നെ അയവിറക്കി കൊണ്ടേയിരിക്കും. അതു കൊണ്ടെന്തു നേടാനാവും? ചിന്ത ഒന്നിനും ഒരു പ്രതിവിധിയല്ലല്ലോ. ജീവിതാവശ്യങ്ങളെല്ലാം നിറവേറ്റാനായി കഴിഞ്ഞാല്‍ പിന്നെ നാം സാങ്കല്പികമായി മെടഞ്ഞു വരിഞ്ഞിരിക്കുന്ന ഈ കവചം തല്ലിതകര്‍ത്ത് ജീവിതത്തിന്റെ വിശാലസാദ്ധ്യതകളെ കുറിച്ചറിയാനുള്ള ഇച്ഛയ്ക്ക് ദിനംപ്രതിയെന്നോണം തീവ്രത കൂട്ടുകയാണ് വേണ്ടത്.

ഞാനൊരു തമാശ പറയാം - ഒരു രോഗി ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നതിനായി ഒരു ഡോക്ടറെ കാണുവാന്‍ ചെന്നു. അപ്പോള്‍ ഡോക്ടര്‍ പറഞ്ഞു, "എനിക്ക് താങ്കളോട് ഒരു നല്ല കാര്യവും, ഒരു നന്നല്ലാത്ത കാര്യവും പറയുവാനുണ്ട്” എന്ന്. ഇത് കേട്ട രോഗി ചോദിച്ചു, “എന്താണ് സര്‍ നന്നല്ലാത്ത കാര്യം?” ഇതിനുത്തരമായി ഡോക്ടര്‍ പറഞ്ഞത് "നിങ്ങള്‍ക്കറിയാമല്ലോ ഇതൊരു കുഴഞ്ഞു മറിഞ്ഞ ശസ്ത്രക്രിയ ആണെന്നത്? ഇത്തരം ശസ്ത്രക്രിയകള്‍ നൂറില്‍ ഒന്ന് മാത്രമേ വിജയിക്കാന്‍ സാദ്ധ്യതയുള്ളു എന്നാണ് വൈദ്യശാസ്ത്രം പറയുന്നത്.”

ഇത് കേട്ട രോഗി ഭയം കൊണ്ടാകെ തളര്‍ന്നുപോയി, എന്നിട്ടും രോഗി ചോദിച്ചു, "എന്താണ് സര്‍ നല്ല വര്‍ത്തമാനം?”

ഇതിനു മറുപടിയായി ഡോക്ടര്‍ പറഞ്ഞത്, "ഇതുവരെ ഞാന്‍ ചെയ്ത ശസ്ത്രക്രിയകളില്‍ 99% പേരും മരിച്ചു എന്നുള്ളതാണ്.”

സത്യം പറഞ്ഞാല്‍, ആകെയുള്ള ഒരു ചീത്ത വര്‍ത്തമാനം എന്താണെന്ന് വച്ചാല്‍, 'മിക്കവാറും ആരും തന്നെ പ്രകൃതി നിയമത്തിന്റെ ചട്ടക്കൂട് ഇതുവരെ പൊട്ടിച്ചിട്ടില്ല' എന്നതാണ്. നല്ല വര്‍ത്തമാനമോ, 'നിങ്ങള്‍ തയ്യാറാണെങ്കില്‍, ഞങ്ങളതിനെ പൊട്ടിച്ചു തരാം'എന്നുള്ളതാണ്. അപ്രകാരം പൊട്ടിക്കപ്പെട്ടവരാരും നിങ്ങളുടെ കൂട്ടത്തിലില്ല. അവരെല്ലാം സ്ഥലം വിട്ടു കഴിഞ്ഞു. പിന്നെ 'ഞങ്ങള്‍' എന്നു ഞാന്‍ പറഞ്ഞതിനു കാരണം, എന്നെപ്പോലെ വളരെ കുറച്ചുപേര്‍ മാത്രമാണ് അതു കഴിഞ്ഞിട്ടും, ജീവിതകാലം മുഴുവനും ഇവിടെത്തന്നെ നില്‍ക്കാന്‍ തീരുമാനമെടുത്തിട്ടുള്ളത് എന്നുള്ളതുകൊണ്ടാണ്.

ഞാനിവിടെ വന്നത് ഏതോ ഒരു കാരണവശാല്‍ ഞാന്‍ ഇവിടെ തിരിച്ചു വരുന്നതിനുവേണ്ടി ആരോ നിശ്ചയിച്ചത് കൊണ്ടാണ്, അല്ലാതെ ആരുടെയും ചട്ടക്കൂട് പോളിച്ചുകളയാനല്ല. ഇത് എന്റെ മൂന്നാമത്തെ ഊഴമാണ്. ഈ മൂന്നു ജന്മത്തിനിടയില്‍ പലവിധത്തിലുള്ള മാനസികമായി പിരിവെട്ടുള്ളവരെയും മറ്റനേകം വിചിത്ര ജീവികളെയും കണ്ടിട്ടുണ്ട്. ഇതിന്റെയെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഏതോ അസാധാരണ ശക്തികളുടെ പ്രവര്‍ത്തനമാണ് എന്നെനിക്കറിയാം.

നിങ്ങളെയും ഭൂമിദേവിയെയും തമ്മില്‍ വേര്‍തിരിക്കത്തക്കവണ്ണം ഒരു കോണ്‍ക്രീറ്റ് മറ ഉണ്ടെന്നു നിങ്ങള്‍ സങ്കല്‍പ്പിക്കുന്നു. അങ്ങനെയുള്ള യാതൊരുവിധ മറയ്ക്കും വേര്‍തിരിക്കുവാന്‍ കഴിയാത്ത വിധമാണ് ഭൂമിദേവി നിങ്ങളെ ഓരോരുത്തരെയും പരിചരിക്കുന്നത്. അതായത്, താനാകുന്ന വൃക്ഷത്തില്‍ വളര്‍ന്നു നില്‍ക്കുന്നതും യാതൊന്നിനാലും വേര്‍തിരിക്കുവാന്‍ കഴിയാത്തതുമായ വൃക്ഷ ശിഖരങ്ങളായിട്ട്.

തന്റേതായ ഒരു ശരീരം ഭൂമിദേവിക്കുണ്ട്. നിങ്ങള്‍ക്കൊരു രക്തചംക്രമണ സംവിധാനമുള്ളതുപോലെതന്നെ ഭൂമിദേവിക്കും സമാനമായ ഒരു സംവിധാനമുണ്ട്

ഏതുനിമിഷം നിങ്ങളെ ഭൂമിദേവി തിരിച്ചെടുക്കുവാന്‍ നിശ്ചയിക്കുന്നുവോ, ആ നിമിഷം അമ്മ തിരിച്ചു വിളിച്ചിരിക്കും, അതിന് യാതൊരു സംശയവും വേണ്ട. 'ഞാന്‍' എന്ന ഭാവം മൂലം, ഞാന്‍ ആരോ ആണ്, അഥവാ മറ്റെന്തോ ആണ് എന്നൊക്കെ മനസാ ധരിച്ച്‌ ജീവിച്ചു പോയാലും ശരി, സമയമാകുമ്പോള്‍ ദേവി തിരിച്ചു വിളിച്ചിരിക്കും, കാരണം തന്റെ തന്നെ ഒരംശമായിട്ടാണ് ദേവി നിങ്ങളെ കാണുന്നത്. ഭൂമി ദേവിയുമായിട്ടുള്ള യഥാര്‍ത്ഥ ബന്ധം തിരിച്ചറിയാന്‍ നിങ്ങള്‍ക്കാവുന്നില്ല എങ്കില്‍പ്പോലും ജലം, ഭൂമി, വായു, അഗ്നി, ആകാശം എന്നീ പഞ്ചഭൂതങ്ങള്‍ തന്നെയാണ് ഭൂമീദേവിയും എന്ന കാര്യം വിസ്മരിക്കരുത്. നിങ്ങളും അതേ പഞ്ചഭൂതങ്ങളാല്‍ തന്നെ സൃഷ്ടിക്കപ്പെട്ടതാണ്‌.

തന്റേതായ ഒരു ശരീരം ഭൂമിദേവിക്കുണ്ട്. അതുകൊണ്ടാണ് നിങ്ങള്‍ക്കും അതില്‍ നിന്നൊരു ശരീരത്തെ സൃഷ്ടിച്ചെടുക്കുവാന്‍ കഴിഞ്ഞത്. നിങ്ങള്‍ക്കൊരു രക്തചംക്രമണ സംവിധാനമുള്ളതുപോലെതന്നെ ഭൂമിദേവിക്കും സമാനമായ ഒരു സംവിധാനമുണ്ട്. നിങ്ങള്‍ക്ക് ചിത്തവും ചിന്തയും ഉള്ളത് പോലെതന്നെ ഈ ഭൂമിയാകുന്ന ഗ്രഹത്തിനും അതിനെ പരിപാലിച്ചു നിലനിര്‍ത്തുന്ന പ്രപഞ്ചത്തിനും അതിന്റേതായ ചിന്തയും ചിത്തവും ഉണ്ട്. നിങ്ങള്‍ നിങ്ങളെകുറിച്ച് മാത്രം ചിന്തിച്ചു കൊണ്ടിരിക്കുന്ന അവസരത്തില്‍ സ്രഷ്ടാവിന്റെയും സൃഷ്ടിയുടെയും അതിബ്രഹത്തായ ചിന്താസരണിയെ കുറിച്ച് അറിയാനോ വ്യക്തമായി മനസ്സിലാക്കാനോ കഴിയാതെ പോകുന്നു. പ്രപഞ്ച സൃഷ്ടിക്ക് തനതായി ഒരു ചിത്തമില്ലെങ്കില്‍ പിന്നെ എവിടെ നിന്നാണ് നിങ്ങള്‍ക്ക് ചിന്ത കിട്ടുന്നത്? നിങ്ങള്‍ ഈ സൃഷ്ടിയുടെ അതിസൂക്ഷ്മമായ അനേകം പ്രതിഭാസങ്ങളില്‍ ഒന്ന് മാത്രമാണ്.

മുന്‍പോ പിന്‍പോ നോക്കാതെ, എന്റേതു മാത്രം എന്ന രീതിയില്‍ ഏതോ ചിന്ത നിങ്ങളുടെ ഉള്ളില്‍ കടന്നുകൂടുമ്പോഴാണ്, നിങ്ങള്‍ അസ്തിത്വത്തില്‍ നിന്നും വേര്‍പെട്ട ഏതോ ഒന്നാണെന്ന് ചിന്തിക്കുന്നത്. യാതൊരു ഉത്തരവാദിത്വ ബോധവുമില്ലാതെ ഇപ്പറഞ്ഞ ചിന്തകള്‍ വെച്ചു പുലര്‍ത്തുമ്പോഴോ, പരിപോഷിപ്പിക്കുമ്പോഴോ ആണ് ഞാനിതില്‍ നിന്നെല്ലാം വ്യത്യസ്തനായ ഒരു മനുഷ്യനാണെന്ന തോന്നല്‍ ഉണ്ടാകുന്നത്.