എങ്ങനെ സന്തുഷ്ടരാകാം?

മാര്‍ക്കറ്റ്, ബസ്സ്റ്റാന്‍ഡ്, കോളേജ്, അമ്പലം, ഇങ്ങനെ ആളുകള്‍ കൂടുന്ന സ്ഥലത്ത് കുറച്ചു സമയം നിന്ന് അവിടെ വരുന്ന ആളുകളുടെ മുഖം ശ്രദ്ധിച്ചു നോക്കൂ. എത്രപേരുടെ മുഖത്താണ് സന്തോഷമുള്ളത്? നൂറുപേരുടെ മുഖം ശ്രദ്ധിച്ചു നോക്കിയാല്‍ കഷ്ടിച്ചു നാലഞ്ചുപേരുടെ മുഖത്തു മാത്രമേ സന്തോഷത്തിന്റെ വെളിച്ചം കാണുന്നുള്ളു.
ഇരുപത്തിയഞ്ചു വയസ്സിനു താഴെയുള്ള ചെറുപ്പക്കാരുടെ മുഖത്തു മാത്രമേ സന്തോഷത്തിന്റെ ഒരു തെളിച്ചമുള്ളു. മുപ്പതു വയസ്സ് കഴിഞ്ഞവരുടെ മുഖത്ത് എല്ലാം നഷ്ടപ്പെട്ടുപോയ ഒരു ഭാവമാണ്. വരണ്ട മുഖത്തോടെ, മരണവീട്ടില്‍ നിന്നിറങ്ങിവരുന്ന ഭാവത്തോടെ, വളരെ ഗൗരവത്തോടെ, അവരെല്ലാം എങ്ങോട്ടെന്നില്ലാതെ പാഞ്ഞുകൊണ്ടിരിക്കുന്നു.
എന്തിനു പുറത്തു പോകണം? സ്വയം കണ്ണാടിയില്‍ ഒന്നു നോക്കൂ. അഞ്ചു വയസ്സുകാരനായി ചിത്രശലഭത്തിന്റെ പിന്നാലെ ഓടിയിരുന്ന കാലത്ത് നിങ്ങളുടെ മുഖത്ത് ഉണ്ടായിരുന്ന ആഹ്ളാദവും ഉല്‍സാഹവും ഇപ്പോഴുണ്ടോ? ചിത്രശലഭത്തെ തൊട്ടു നോക്കിയപ്പോള്‍, അതിന്റെ ശരീരത്തിലെ നിറമുള്ള പൊട്ടുകള്‍ നിങ്ങളുടെ കയ്യില്‍ പറ്റിയപ്പോള്‍, ഇതിനെക്കാള്‍ മഹത്തായതൊന്നും സംഭവിക്കാനില്ല എന്ന മട്ടില്‍ നിങ്ങളുടെ മനസ്സ് ആഹ്ളാദം കൊണ്ട് നിറഞ്ഞു തുളുമ്പിയിരുന്നു. ആ പ്രായത്തില്‍ നിങ്ങളുടെ പക്കല്‍ എന്തുണ്ടായിരുന്നു?
ഇപ്പോഴോ? ഉന്നതവിദ്യാഭ്യാസം, കംമ്പ്യൂട്ടര്‍, വീട്, മോട്ടോര്‍സൈക്കിള്‍, കാര്‍, ഒന്നാം തീയതി ആയാല്‍ ബാങ്ക് അക്കൗണ്ടിലേക്ക് വീഴുന്ന കനത്ത ശമ്പളം, ഉറങ്ങാന്‍ പോകുമ്പോഴും സന്തതസഹചാരിയായി സെല്‍ഫോണ്‍, എത്ര സമ്പാദ്യമാണു നിങ്ങള്‍ നേടിയിരിക്കുന്നത്. ചില നൂറ്റാണ്ടുകള്‍ക്കു മുമ്പ് ലോകം മുഴുവന്‍ കീഴടക്കി എന്ന് വീമ്പിളക്കിയിരുന്ന ചക്രവര്‍ത്തിമാര്‍ക്കു പോലും ഇത്ര സൗകര്യങ്ങള്‍ അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇങ്ങനെ സൗകര്യങ്ങളും സമ്പാദ്യങ്ങളും പെരുകി വളര്‍ന്നപ്പോള്‍ ഒപ്പം നിങ്ങളുടെ സന്തോഷവും പതിന്മടങ്ങ് കൂടിയോ?
ഒരിക്കല്‍ മദ്യപിച്ചു ലക്കുകെട്ട ശങ്കരന്‍പിള്ള ബസ്സ്റ്റാന്റിലെത്തി. അയാള്‍ക്കു പോകേണ്ട ബസ്സ് വന്നു. ഭയങ്കര ആള്‍ക്കൂട്ടത്തിനിടയിലൂടെ തിക്കിതിരക്കി അയാള്‍ ബസ്സിനുള്ളില്‍ കയറിക്കൂടി. കുറേ ആളുകളുടെ കാലില്‍ ചവിട്ടി കുറേ ആളുകളെ കൈമുട്ടു കൊണ്ടു തട്ടി മാറ്റി ഒരു വിധം ബസ്സിന്റെ മധ്യഭാഗത്ത് എത്തി. ഒരു പ്രായമായ സ്ത്രീ ഇരിക്കുന്നതിനു സമീപമുള്ള സീറ്റ് ഒഴിഞ്ഞുവെന്നു കണ്ടപ്പോള്‍ ഉന്തിത്തള്ളി അയാള്‍ അവിടെ എത്തി. മദ്യപാനിയോടു മല്ലിടേണ്ട എന്നു കരുതി മറ്റുള്ളവര്‍ ഒതുങ്ങി നിന്നു.
ശങ്കരന്‍പിള്ള ഗമയോടെ ഒഴിഞ്ഞ സീറ്റിലേക്ക് ഇരുന്നു. ഇരുന്ന ഊക്കില്‍ അടുത്ത സീറ്റിലിരുന്ന വൃദ്ധയുടെ ശരീരത്തിലേക്കു ചാഞ്ഞുവീണു. ആ വീഴ്ചയില്‍ സ്ത്രീയുടെ മടിയില്‍ വച്ചിരുന്ന സാധനങ്ങള്‍ മുഴുവന്‍ താഴേക്ക് തെറിച്ചു. അതെല്ലാം പെറുക്കിയെടുത്ത വൃദ്ധ അയാളെ ക്ഷുഭിതയായി നോക്കി.
"നീ നശിച്ച നരകത്തിലേയ്ക്കാണു പോകുന്നത്" എന്നു ശപിച്ചു. അവരുടെ ക്ഷോഭം മനസ്സിലാക്കാതെ ലക്കു കെട്ടിരുന്ന ശങ്കരന്‍പിള്ള എഴുന്നേറ്റു, “ബസ്സ് നിര്‍ത്തണേ, എനിക്ക് ഗാന്ധിനഗറിലേയ്ക്കാണു പോകേണ്ടത്, ബസ്സ് മാറിക്കേറിപ്പോയെന്നു തോന്നുന്നു"എന്നു വിളിച്ചു പറഞ്ഞു. നിങ്ങളില്‍ പലരും ഇങ്ങനെയാണ്. ഏതു ബസ്സിലാണു കയറിയിരിക്കുന്നത് എന്നറിയാതെ കയറിയും ഇറങ്ങിയും അലയുന്നു.
ആഗ്രഹിച്ചതു കിട്ടാതെ വരുമ്പോള്‍ മുഖം കനപ്പിച്ചു ദുഃഖഭാവത്തോടെ കഴിയുന്നതു മണ്ടത്തരമാണ്. അതേപോലെ ആശിച്ചതു കൈവശമാകുമ്പോള്‍ തികഞ്ഞ സന്തോഷത്തോടെ അത് അനുഭവിക്കാതെ ഉല്കണ്ഠപ്പെടുന്നതെന്തിന്? നിങ്ങള്‍ക്കു ടെണ്ടുള്ക്കറെപ്പോലെ ക്രിക്കറ്റ് കളിക്കാരനാകണം, ഐശ്വര്യ റായിയെപ്പോലെ സുന്ദരിയാവണം, ബില്‍ഗേറ്റ്സിനെപ്പോലെ കോടീശ്വരനാകണം.
ഇതുപോലെയൊരു വീട്, അതുപോലൊരു കാര്‍, മറ്റൊരാളെപ്പോലെ ജീവിതം എന്നിങ്ങനെ പല രീതിയില്‍ ഉള്ള പ്രതിഫലേച്ഛകളുമായി നിങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു. നിങ്ങളുടെ യോഗ്യതകളുമായി ഈ പ്രവര്‍ത്തനം ചേര്‍ന്നുപോകുന്നുണ്ടോ എന്നൊന്നും ചിന്തിക്കാതെ നിങ്ങള്‍ ഫലംമാത്രം പ്രതീക്ഷിച്ചു പ്രവര്‍ത്തനം തുടങ്ങുന്നു.
"തമിഴ്നാട്ടിലിപ്പോള്‍ സോഫ്റ്റ് വെയര്‍ ബിസിനസ്സാണ് നന്നായി പോകുന്നത്"എന്ന് ആരോ ഉപദേശിച്ചാല്‍ നിങ്ങള്‍ അതിന്റെ തയ്യാറെടുപ്പു തുടങ്ങുന്നു.
അപ്പോള്‍ നിങ്ങളെ സഹതാപത്തോടെ നോക്കി മറ്റൊരാള്‍ പറയും"ദേ, അവിടെ, നിറം മങ്ങിയ കുപ്പായമിട്ട് ഒരാള്‍ അലയുന്നതു കണ്ടോ, അമേരിക്കയില്‍ സോഫ്റ്റ് വെയര്‍ ഇന്ജിനീയര് ആയിരുന്ന ആളാണ്. അയാളെ അവിടെ നിന്നും പറഞ്ഞു വിട്ടു. ഇപ്പോള്‍ തട്ടുകട വച്ചു ജീവിക്കാമോ എന്ന് ചിന്തിച്ച് അലയുകയാണ്. പാവം. അതുകൊണ്ട് മറ്റൊന്നും ആലോചിക്കാതെ ഷെയര്‍ ബിസിനസ്സ് ചെയ്തോളു.”
ഷെയര്‍ ബിസിനസ്സിലെ തേളും പാമ്പും നിങ്ങളെ വെറുതെ വിടുമോ?
ടെണ്ഡുല്ക്കര് ധരിക്കുന്ന ഷൂ ധരിച്ച്, അതുപോലുള്ള പാഡുകള്‍ കാലില്‍ കെട്ടിയാല്‍ ക്രിക്കറ്റ് കളിക്കാനാവുമോ? അദ്ദേഹത്തിന്റെ സ്വന്തം ബാറ്റ് ടെണ്ഡുക്കല്ക്കര് നിങ്ങള്‍ക്കു തന്നാലും അദ്ദേഹം കളിക്കുന്നതുപോലെ നിങ്ങളെക്കൊണ്ട് ക്രിക്കറ്റ് കളിക്കാനാവുമോ?
മറ്റൊരാളുടെ ജീവിതം കണ്ട് അതുപോലെ സ്വന്തം ജീവിതവും രൂപപ്പെടുത്താന്‍ തുടങ്ങിയാല്‍, പരിണാമത്തിന്റെ ഈ കാലഘട്ടങ്ങളെയെല്ലാം പിന്തള്ളിക്കൊണ്ട് നിങ്ങള്‍ നമ്മുടെ പൂര്‍വ്വ പിതാമഹന്മാരായ കുരങ്ങനെപ്പോലെ പ്രാകൃതമായി പൊരുമാറുന്നുഎന്ന് പറയേണ്ടി വരും. മറ്റുള്ളവര്‍ ചെയ്യുന്നത് അതേപോലെ അനുകരിക്കുന്ന കുരങ്ങനാവാതെ സ്വന്തം കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തി മുന്നേറുക എന്നതായിരിക്കണ്ടേ നിങ്ങളുടെ ലക്ഷ്യം?
സ്വന്തം കഴിവുകള്‍ അറിയാതെ മുന്നോട്ടു പോയാല്‍, കാറ്റിനെതിരെ തുഴയുന്ന വള്ളക്കാരനെപ്പോലെ ജീവിതം വിഫലമാകും.
ഒരിക്കല്‍ ശങ്കരന്‍പിള്ള തന്റെ രണ്ടു സുഹൃത്തുക്കളോടൊത്ത് റെയില്‍വേ സ്റ്റേഷനിലെത്തി. മൂന്നുപേര്‍ക്കും കൂടി ഒരു ടിക്കറ്റും വാങ്ങി. അയാളുടെ പിറകില്‍ നിന്നിരുന്ന മൂന്നു ഗ്രാമീണര്‍ ഇതു ശ്രദ്ധിച്ചു. ഒരു ടിക്കറ്റു കൊണ്ട് മൂന്നുപേര്‍ യാത്ര ചെയ്യുന്നത് എങ്ങനെയെന്നറിയാന്‍ അവര്‍ ശങ്കരന്‍പിള്ളയെ തന്നെ നിരീക്ഷിച്ചുകൊണ്ടിരുന്നു.
ടിക്കറ്റ് പരിശോധകന് വരുന്നതു കണ്ടപ്പോള്‍ മൂന്നുപേരും കൂടി കുളിമുറിയില്‍ കയറി ഒളിച്ചിരുന്നു. മറ്റുള്ളവരുടെ ടിക്കറ്റുകള്‍ പരിശോധിച്ചുകഴിഞ്ഞ് ആ ഉദ്യോഗസ്ഥന് കുളിമുറിയുടെ കതകില്‍ മുട്ടി. അകത്തു നിന്ന് ഒരു കൈ ടിക്കറ്റുമായി പുറത്തേക്കു നീണ്ടു. ഉദ്യോഗസ്ഥന് അതു പരിശോധിച്ചു പോയതിനു ശേഷം മൂന്നുപേരും ബാത്ത്റൂമില്‍ നിന്നും പുറത്തേക്ക് ഇറങ്ങി വന്നു സീറ്റില്‍ ഇരുന്നു.
ഗ്രാമീണര്‍ക്കു ശങ്കരന്‍പിള്ളയുടെ സൂത്രം പിടികിട്ടി. "കൊള്ളാമല്ലോ, നല്ല പ്ളാനാണല്ലോ" എന്ന് അവര്‍ ചിന്തിച്ചു.
യാത്ര കഴിഞ്ഞ് അവര്‍ക്ക് തിരികെ മടങ്ങേണ്ട ദിവസമായി. മൂന്നു പേര്‍ക്കും കൂടി ഒരു ടിക്കറ്റ് വാങ്ങി. ശങ്കരന്‍പിള്ളയും രണ്ടു സുഹൃത്തുക്കളും അവര്‍ക്കു പിന്നാലെ ടിക്കറ്റൊന്നും വാങ്ങാതെ തീവണ്ടിയില്‍ കയറുന്നത് അവര്‍ കണ്ടു. അവര്‍ക്കു പരിഭ്രമമായി. ടിക്കറ്റ് പരിശോധകന് വരുമ്പോള്‍ ശങ്കരന്‍പിള്ള എന്തു ചെയ്യും എന്ന് ആലോചിച്ച് അവര്‍ ഉല്‍കണ്ഠപ്പെട്ടു.
ടിക്കറ്റ് പരിശോധകന് വരുന്നതുകണ്ടപ്പോള് മൂന്നു ഗ്രാമീണരും ഒരു ടോയ്ലറ്റിനകത്തുകയറി ഒളിച്ചു. ശങ്കരന്‍പിള്ള തന്റെ രണ്ടു കൂട്ടുകാരോടൊപ്പം എഴുന്നേറ്റു. ആ രണ്ടുപേരും മറ്റൊരു ടോയ്ലറ്റിനകത്തു കയറി ഒളിച്ചു. ശങ്കരന്‍പിള്ള ഗ്രാമീണര്‍ ഒളിച്ചിരുന്ന ടോയ്ലറ്റിന്റെ കതകില്‍ മുട്ടി. " അകത്ത് ആര്, ടിക്കറ്റ് തരിക" എന്നു പറഞ്ഞു.
ടിക്കറ്റ് പരിശോധകനാണ് കതകില്‍ മുട്ടുന്നതെന്ന് കരുതിയ ഗ്രാമീണരിലൊരാള്‍ പുറത്തേക്ക് ഒരു ടിക്കറ്റ് നീട്ടി. അതു കൈക്കാലാക്കിയ ശങ്കരന്‍പിള്ള പെട്ടന്നു കൂട്ടുകാര്‍ കയറിയ ടോയ്ലറ്റില് കയറി കതകടച്ചു. യഥാര്‍ത്ഥ ടിക്കറ്റ് പരിശോധകന് വന്ന് ഗ്രാമീണര്‍ ഒളിച്ചിരിക്കുന്ന ബാത്റൂമിന്റെ കതകില്‍ മുട്ടുമ്പോള്‍ അവര്‍ക്ക് കാട്ടുവാന്‍ ഇപ്പോള്‍ കൈവശം ഒരു ടിക്കറ്റു പോലുമില്ല. പിടിക്കപ്പെട്ടാല്‍ കുടുങ്ങിയതു തന്നെ.
മറ്റുള്ളവരെ അനുകരിച്ചു പ്രവര്‍ത്തിച്ചാല്‍ അവര്‍ക്കു കിട്ടുന്ന രീതിയിലുള്ള ഫലം തന്നെ നമുക്കും കിട്ടണമെന്നില്ല. ശങ്കരന്‍പിള്ളയെപ്പോലെ റെയില്‍വേ വകുപ്പിനെ കബളിപ്പിക്കാന്‍ ശ്രമിച്ച ഗ്രാമീണര്‍ക്ക് കയ്യിലുണ്ടായിരുന്ന ഒരേയൊരു ടിക്കറ്റും നഷ്ടപ്പെട്ടു.
ചെറുപ്പം മുതല്ക്കു തന്നെ മറ്റുള്ളവരെ ചൂണ്ടിക്കാട്ടി അയാളെപ്പോലെ ആകണം, ഇയാളെപ്പോലെയാകണം എന്നു നിങ്ങളുടെ വീട്ടിലെ മുതിര്‍ന്നവര്‍ നിങ്ങളെ നിരന്തരം ഉപദേശിച്ചിട്ടുണ്ട്. ആ ഉപദേശം കേട്ടുകേട്ടു നിങ്ങള്‍ക്കുണ്ടായ രോഗമാണ് ഈ അനുകരണം. വലിയ കുഴപ്പങ്ങളുണ്ടാക്കുന്നതിനുമുന്പുതന്നെ ഈ അസുഖത്തിന്റെ വേരറുത്തു കളയുക.
കോടിക്കണക്കിനു ജനങ്ങളുള്ള ഈ ലോകത്ത് ഒരാളുടെ കഴിവുപോലെയല്ല മറ്റൊരാളുടെത്. ഒരു പ്രത്യേക സന്ദര്‍ഭത്തില്‍, അല്ലെങ്കില്‍ അവസ്ഥയില്‍ ഒരാള്‍ പ്രതികരിക്കുന്നതുപോലെയോ, പ്രവര്‍ത്തിക്കുന്നതുപോലെയോ ആയിരിക്കില്ല മറ്റൊരാള്‍ പ്രതികരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും.
ജീവിതത്തില്‍ മഹത്തായ വിജയം കൈവരിച്ചവര്‍ നമുക്ക് പ്രചോദനമാവണം. അല്ലാതെ അവരാണ് വിജയത്തിന്റെ സൂത്രധാരന്‍ എന്നു കരുതുന്നത് മണ്ടത്തരമാണ്. ജീവിതത്തില്‍ വിജയം കൈവരിക്കണമെങ്കില്‍ സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ്, അവ പരമാവധി പുഷ്ടിപ്പെടുത്തി,മുഴുവനായും പ്രയോജനപ്പടുത്തണം.