ചോദ്യം: അവിശ്വസനീയമാം വിധം ദുരന്തങ്ങളുടെ പ്രവാഹത്തിലൂടെ കടന്നു പോയ ഒരു കുടുംബത്തില്‍ നിന്നുമാണ് ഞാന്‍ വരുന്നത്. ദുരിതം മാത്രം അനുഭവിക്കുന്നവരെ എങ്ങനെയാണ് സഹായിക്കുന്നത്? 

സദ്ഗുരു: ഇത് നിങ്ങള്‍ക്ക് അനുകമ്പയുള്ളതായി തോന്നില്ലെങ്കിലും, നിങ്ങളിത് മനസ്സിലാക്കണം- നിങ്ങള്‍ക്ക് സാന്ത്വനമാണോ പരിഹാരമാണോ വേണ്ടത്? നിങ്ങള്‍ക്ക് പരിഹാരമാണ് വേണ്ടതെങ്കില്‍, അതിനെ കൈകാര്യം ചെയ്യുന്ന പ്രത്യേക രീതിയൂണ്ട്. നിങ്ങള്‍ക്ക് സാന്ത്വനമാണ് വേണ്ടതെങ്കില്‍, എനിക്കതിനനുസരിച്ചുള്ള ആശ്വസിപ്പിക്കുന്ന, സുന്ദരമായ കാര്യങ്ങള്‍ പറയാനാവുമെങ്കിലും, അതൊരു പരിഹാരമല്ല. നിങ്ങളെയത് തല്ക്കാലത്തെയ്ക്ക് സമാധാനിപ്പിക്കുമെങ്കിലും; അടുത്ത നിമിഷം, എല്ലാം പഴയത് പോലെയാവും. നിങ്ങള്‍ക്ക് പരിഹാരമാണ് വേണ്ടതെങ്കില്‍, നിങ്ങള്‍ മനസ്സിലാക്കണം, നിങ്ങളുടെ ഓര്‍മകളാൽ മാത്രമാണ് നിങ്ങള്‍ കഷ്ടപ്പെടുന്നത്.  

കഷ്ടത പൂര്‍ണ്ണമായും നിങ്ങളുടെ നിര്‍മ്മിതിയാണ്‌. മറ്റുള്ളവര്‍ക്ക് സാഹചര്യങ്ങളെ സൃഷ്ടിക്കാനാവും; അവര്‍ക്ക് നിങ്ങളെയോ എന്നെയോ കഷ്ടപ്പെടുത്തനാവില്ല.  

നിങ്ങളുടെ ഓര്‍മ്മകള്‍ സ്ഥിതിചെയ്യുന്നത് രണ്ടിടത്താണ്- ഒന്ന്‍ നിങ്ങളുടെ ശരീരത്തിലും, മറ്റേത് നിങ്ങളുടെ മനസ്സിലും. കാലങ്ങളായുള്ള നിങ്ങളുടെ സൃഷ്ടിയിലൂടെ അടിഞ്ഞുകൂടിയതാണ് രണ്ടും. നിങ്ങളിപ്പോള്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തെ പോലെയാണത്..... ഇപ്പോള്‍, ഞാന്‍ അയഞ്ഞ വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്, അതുകൊണ്ട് എനിക്കതിന്‍റെ നല്ല ബോധമുണ്ട്. അഥവാ ഞാന്‍ മുറുകിയ നൈലോണ്‍ വസ്ത്രങ്ങളാണ് ധരിച്ചിരുന്നതെങ്കില്‍; അല്‍പ്പം കഴിഞ്ഞാല്‍, ഏതാണ് എന്‍റെ വസ്ത്രമെന്നും ഏതാണ് എന്‍റെ ത്വക്കെന്നും എനിക്കറിയുവാന്‍ സാധിക്കില്ല. അതുമാത്രമാണ് നിങ്ങള്‍ക്ക് സംഭവിച്ചിരിക്കുന്നത്- ഏതാണ് നിങ്ങളെന്നും, ഏതാണ് നിങ്ങളുടെ ശരീരമെന്നും, ഏതാണ് നിങ്ങളുടെ മനസ്സെന്നും- അവയെല്ലാം നിങ്ങളെപ്പോലെ ആയിരിക്കുന്നു കാരണം, നിങ്ങളതിനെ മുറുകെയാണ് ധരിച്ചിരിക്കുന്നത്. നിങ്ങള്‍ ഈശ ക്രിയ ചെയ്തിട്ടുണ്ടെങ്കില്‍, നിങ്ങക്കിത് അറിയാമായിരിക്കും: “ ഞാനീ ശരീരമല്ല; ഞാനീ മനസ്സുപോലുമല്ല.” നിങ്ങളിവിടെ ഇരിക്കുമ്പോള്‍, നിങ്ങള്‍ക്കും നിങ്ങളുടെ ശരീരത്തിനും നിങ്ങള്‍ക്കും നിങ്ങളുടെ മനസ്സിനും ഇടയില്‍ അന്തരം ഉണ്ടെങ്കില്‍- അതാണ് ദുരിതങ്ങളുടെ അന്ത്യം.  

രണ്ട് തരത്തിലുള്ള ദുരിതങ്ങളാണ് നിങ്ങള്‍ക്കുള്ളത്, ശാരീരികവും മാനസികവുമായ ദുരിതങ്ങള്‍. നിങ്ങളും നിങ്ങളുടെ മനസ്സും തമ്മിലൊരല്‍പം ദൂരം നിലനിര്‍ത്താമെങ്കില്‍, അതാണ് ദുരിതങ്ങളുടെ അന്ത്യം. മനസ്സെന്നത് അതിശക്തമായ സാധ്യതയാണെങ്കിലും, പലരുമതിനെ ദുരിതങ്ങള്‍ സൃഷ്ടിക്കുന്ന യന്ത്രമായാണ് ഉപയോഗിക്കുന്നത്. ഇന്ന് പോലും ഞാനത് കാണുന്നുണ്ട്, കാരണമെന്തുമായിക്കൊള്ളട്ടെ, ദുരിതങ്ങള്‍ വളരെ സാധാരണമായിരിക്കുന്നു. ആരെങ്കിലും വേദനയെപ്പറ്റി സംസാരിച്ചാല്‍, ആളുകള്‍ കൈയ്യടിക്കുന്നു; ആരെങ്കിലും ഉല്ലാസത്തെപ്പറ്റി സംസാരിച്ചാല്‍, ആളുകള്‍ അവരെ നോക്കി ചിരിക്കുന്നു.  

 

നിങ്ങള്‍ കുട്ടികളായിരുന്നപ്പോഴും, നിങ്ങള്‍ക്കിത് സംഭവിച്ചിട്ടുണ്ട്. നിങ്ങളുടെ മാതാപിതാക്കള്‍ അറിയാതെ തന്നെ ചെയ്യുന്നുണ്ടായിരുന്നു. മിക്കവാറും നിങ്ങളും നിങ്ങളുടെ കുട്ടികളോട് ചെയ്യുന്നുണ്ടാവാം. നിങ്ങളുടെ കുട്ടികള്‍ സന്തോഷത്താല്‍ തുള്ളിച്ചാടുകയും അലറിവിളിക്കുകയും ചെയ്‌താല്‍, നിങ്ങളവരെ നിശബ്ദരാവാന്‍ അജ്ഞാപിക്കും. എന്നാലവര്‍ ഏതെങ്കിലും മൂലയിലിരുന്നാല്‍, എന്ത് പറ്റിയെന്ന് ചോദിക്കും. അതുമുതല്‍, ദുരിതത്തിലായാല്‍ ഗുണങ്ങളുണ്ടെന്നവര്‍ പഠിക്കുന്നു. നിങ്ങള്‍ക്കെന്തോക്കെ ഗുണങ്ങളുണ്ടായാലും, സ്വയം ദുരിതത്തിലാണെങ്കില്‍, എന്താണ് കാര്യം? അതേസമയം നിങ്ങള്‍ ഉല്ലാസത്തിലായിരിക്കുമ്പോള്‍, ഒന്നും കിട്ടിയില്ല- അതിനെന്താണ്? 

അതുകൊണ്ട് നിങ്ങളുടെ ദുരിതങ്ങളെ പ്രണയിക്കേണ്ടതില്ല- അതൊരു മഹത്തായ കാര്യമൊന്നുമല്ല. മാത്രമല്ല നിങ്ങളോട് തന്നെയാണത് നിങ്ങള്‍ ചെയ്യുന്നത്. ഈ നിമിഷം നിങ്ങള്‍ ദുരിതത്തിലാണോ ഉല്ലാസത്തിലാണോ എന്നത് തീര്‍ച്ചയായും നിങ്ങളുടെ തീരുമാനമാണ്. മറ്റുള്ളവര്‍ക്ക് സുഖകരമോ അല്ലാത്തതോ ആയ സാഹചര്യങ്ങളെ, പുറത്ത് മാത്രമേ സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളൂ. ദുരിതമനുഭവിക്കുക എന്നത് പൂര്‍ണ്ണമായും നിങ്ങളുടെ തീരുമാനമാണ്. മറ്റുള്ളവര്‍ക്ക് സാഹചര്യങ്ങള്‍ സൃഷ്ടിക്കാനവും; അവര്‍ക്ക് നിങ്ങളെയോ എന്നെയോ ദുരിതത്തിലാക്കാന്‍ സാധിക്കില്ല. 

നിങ്ങള്‍ ആരാലും ദു:ഖിതരാവുന്നില്ല; നിങ്ങള്‍ സ്വയം നിങ്ങളുടെ തന്നെ സൃഷ്ടിയാൽ ദു:ഖിതരാണ്. .

യാതന എന്നത് നിങ്ങള്‍ തന്നെ തിരഞ്ഞെടുക്കുന്നതാണ്. നിങ്ങള്‍ “ബുദ്ധ” എന്ന്‍ കേട്ടിട്ടുണ്ടോ. മിക്കവാറും പേരും ഗൗത മബുദ്ധന്‍ എന്നായിരിക്കും ചിന്തിക്കുന്നതെങ്കിലും, ഒരേയൊരു ബുദ്ധന്‍ ഗൗതമന്‍ മാത്രമായിരുന്നില്ല. അദ്ദേഹത്തിന് മുമ്പും അദ്ദേഹത്തിന് ശേഷവും, പലരുമുണ്ടായിട്ടുണ്ടെന്ന് മാത്രമല്ല, ഇപ്പോഴും ഉണ്ട്. “ബുദ്ധ” എന്നാല്‍ ഇതു മാത്രമാണ്: ബു- എന്നാല്‍ ബുദ്ധി അഥവാ “ചിന്താശക്തിയും”, ദ്ധാ- എന്നാല്‍ “മുകളിലെത്തിയ ആള്‍”. ആരാണോ തന്‍റെ ബുദ്ധിയുടെ തലത്തിന് മുകളിലെത്തിയത് അവരാണ് ബുദ്ധ. ആരാണോ തന്‍റെ ചിന്തകളുടെ തലത്തിലിരിക്കുന്നത് , അവരെപ്പോഴും അവസാനമില്ലാത്ത ദുരിതമനുഭവിക്കുന്നവരാണ്. എന്തെങ്കിലും സംഭവിച്ചാല്‍ അവര്‍ ദുരിതമനുഭവിക്കും, ഒന്നും സംഭവിച്ചില്ലെങ്കിലും അവര്‍ ദുരിതമനുഭവിക്കും. എന്തിനെയും ദുരിതമാക്കാന്‍ അവര്‍ക്കറിയാം. നിങ്ങള്‍ ചിന്തകള്‍ക്കപ്പുറം ആണെങ്കില്‍, നിങ്ങളത്രയോന്നും ദുരിതമനുഭവിക്കില്ല. 

മറ്റ് പ്രാണികളൊന്നും നിങ്ങളോളം ദുരിതമനുഭവിക്കുന്നില്ല. അവരുടെ, ശാരീരിക ആവശ്യങ്ങള്‍ നേടിക്കഴിഞ്ഞാല്‍, അവര്‍ ശാന്തരാണ്. വയറ് നിറഞ്ഞാല്‍, അവര്‍ നല്ലവരാണ്. പക്ഷെ നിങ്ങള്‍ അങ്ങനെയല്ല- നിങ്ങള്‍ വിശപ്പിനെ ഒരു തരത്തില്‍ അനുഭവിക്കുന്നു; നിങ്ങള്‍ ദഹനമില്ലായ്മയെ മറ്റൊരു തരത്തില്‍ അനുഭവിക്കുന്നു. ദയവായി നിങ്ങളുടെ ദുരിതത്തെ നിങ്ങള്‍ പ്രണയിക്കരുത്. നിങ്ങള്‍ എല്ലാ പേരെയും കൊണ്ട് ദു:ഖിതരാവുന്നില്ല; നിങ്ങളുടെ സൃഷ്ടിയാൽ ദു:ഖിതനാണ് നിങ്ങള്‍. നിങ്ങള്‍ക്കിത് തീരെയും അനുകമ്പയില്ലാത്തതായി തോന്നുമെങ്കിലും, നിങ്ങള്‍ക്കൊരു പരിഹാരമാണ് വേണ്ടതെങ്കില്‍, നിങ്ങള്‍ മനസ്സിലാക്കണം നിങ്ങളുടെ ദുരിതങ്ങളുടെ ഉത്ഭവം നിങ്ങളാണ്, നിങ്ങള്‍ മാത്രം. മറ്റുള്ളവര്‍ക്ക് അതിനുള്ള സാഹചര്യം മാത്രമേ ഉണ്ടാക്കാനാവൂ. അവരെന്തെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്തേക്കാം, പക്ഷെ നിങ്ങളതിലൂടെ ദുരിതമനുഭവിക്കണോ വേണ്ടയോ എന്നത്, നിങ്ങളുടെ താല്‍പര്യമാണ്.

നിങ്ങളൊരു തെരുവിലൂടെ പോകുമ്പോള്‍ ആരെങ്കിലും നിങ്ങളെ പേരുകള്‍ വിളിക്കുന്നത് പോലെയാണ്; ഉദാഹരണത്തിന് നിങ്ങളെയവര്‍ വിഡ്ഢിയെന്ന്‍ വിളിച്ചു. വേണമെങ്കില്‍ നിങ്ങള്‍ക്ക് ഉള്ളില്‍കിടന്ന് തിളയ്ക്കാം, “ആരാണീ എന്നെ വിഡ്ഢിയെന്നു വിളിക്കുന്ന മണ്ടന്‍. അവനൊരു വലിയ വിഡ്ഢിയാണ്; അവന്‍......” എന്തെക്കൊയോ നിങ്ങള്‍ വിചാരിക്കുന്നു. രാവിലെ 2 മണിക്കും, കിടക്കയില്‍ മറിഞ്ഞും തിരിഞ്ഞും കിടക്കുമ്പോള്‍, ആ വിഡ്ഢിയെന്നു വിളിച്ചവനെപ്പറ്റി ചിന്തിക്കുക തന്നെ ചെയ്യും. അയാള്‍ വെറും ഒരുവാക്ക് പറഞ്ഞിട്ട് പോയി എങ്കിലും നിങ്ങളില്‍ വലിയൊരു ആഘാതം സൃഷ്ടിച്ചിരിക്കുന്നു. അങ്ങനെയെങ്കില്‍ അയാള്‍ പറഞ്ഞത് സത്യമായിരിക്കണം. ആര്‍ക്ക് വേണമെങ്കിലും നിങ്ങളെ ദുരിതത്തിലാഴ്ത്താം. അഥവാ അവിടെ ആരുമില്ലെങ്കില്‍, നിങ്ങള്‍ തന്നെ സ്വയം അത് ചെയ്യുന്നു. ദയവായി അത് നിര്‍ത്തൂ. ദുരിതമനുഭവിക്കുന്നതില്‍ പ്രണയമോന്നുമില്ല. അഥവാ നിങ്ങള്‍ക്ക് ദാരുണമായ ഒരു ജീവിതത്തിന്‍റെ സുഖമാണ് അനുഭവിക്കേണ്ടതെങ്കില്‍, സന്തോഷിച്ചുകൊള്ളൂ; പക്ഷെ അതില്‍ പരാതിപ്പെടരുത്. . 

ആളുകള്‍ക്ക് പ്രണയകഥകള്‍ ഇഷ്ടമാണ്; ചിലര്‍ക്ക് തമാശയാണ് (കോമഡി) ഇഷ്ടം; മറ്റുചിലര്‍ക്ക് പ്രേതകഥകളാണ് താല്‍പര്യം. നിങ്ങള്‍ക്ക് ദുരിതമാണ്‌ ഇഷ്ടമെങ്കില്‍, ആയിക്കൊള്ളട്ടെ, പക്ഷെ നിങ്ങള്‍ അതില്‍ ആനന്ദിക്കണം. ആളുകള്‍ ഷേക്സ്പിയറിന്റെ ദുരന്തകഥകള്‍ കണ്ട് സന്തോഷിക്കുന്നു, കാരണം അവര്‍ക്ക് മറ്റുള്ളവരുടെ കഷ്ടതകള്‍ ഇഷ്ടമാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ തന്നെ ദുരിതങ്ങളെ ഇഷ്ടമാണെങ്കില്‍, അതില്‍ സുഖിക്കൂ- അത് നിങ്ങളുടെ താല്പര്യമനുസരിച്ചാണ് എങ്കിലും, സ്വയം ദുരിതങ്ങളെ സൃഷ്ടിച്ച ശേഷം, അത് മറ്റാരോ ആണ് നിങ്ങളില്‍ ചെയ്യുന്നതെന്ന്‍ ചിന്തിക്കരുത്. ഇന്നത്തെ ലോകത്തില്‍, ആരെങ്കിലും നിങ്ങളെ ശാരീരികമായി ശല്യപ്പെടുത്തിയാല്‍, എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങള്‍ക്കറിയാം. മറ്റാരോ ആണ് മാനസികമായി നിങ്ങളെ ശല്യപ്പെടുത്തുന്നതെന്ന് ചിന്തിക്കരുത്. ആരും തന്നെ നിങ്ങളെ മാനസികമായി ശല്യപ്പെടുത്തുന്നില്ല. അവര്‍ക്കറിയാവുന്ന ഏറ്റവും നല്ല കാര്യങ്ങള്‍ മാത്രമാണ് അവര്‍ ചെയ്യുന്നത്. നിങ്ങളെ സ്വയം നിങ്ങളാണ് ശല്യപ്പെടുത്തുന്നത്. ഉദാഹരണത്തിന് എനിക്ക് അസഭ്യം മാത്രമേ അറിയൂ എന്നിരിക്കട്ടെ. ഞാന്‍ ഇവിടെ നിന്നുകൊണ്ട് വാതോരാതെ നിങ്ങള്‍ക്കെതിരെ അസഭ്യം മാത്രം പറഞ്ഞുകൊണ്ടിരിക്കും. മാലിന്യം എന്‍റെ വായിലാണ്, നിങ്ങളുടെ മനസ്സിലല്ല.  

ദുരിതത്തിലാഴുക എന്ന അസുഖത്തില്‍ പെടാതിരിക്കൂ. നിങ്ങള്‍ മറ്റാരാലും അല്ലാതെ നിങ്ങളാല്‍ മാത്രമാണ് ദുരിതമനുഭവിക്കുന്നത്. അത് പൂര്‍ണ്ണമായും നിങ്ങളുടെ മാത്രം നിര്‍മ്മിതിയാണ്. അത് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നത് വരെ, അതിന് പുറത്ത്‌ പോകാന്‍ ഒരു മാര്‍ഗ്ഗവുമില്ല. ഏറ്റവും അടിസ്ഥാനമായി നിങ്ങള്‍ കണ്ടിരിക്കെണ്ടത് ഇത് തന്നെയാണ്: ഈ നിമിഷം നിങ്ങള്‍ എന്തൊക്കെയാണ് എന്നതും, ഈ നിമിഷം നിങ്ങള്‍ എന്തൊക്കെ അല്ല എന്നതും, അടിസ്ഥാനപരമായി നിങ്ങളുടെ ഉത്തരവാദിത്വമാണ്. ദയവായി നിങ്ങള്‍ അക്കാര്യം പ്രാവര്‍ത്തികമാക്കൂ.