റഷ്യയിൽ നടന്ന ഫിഫ ലോക കപ്പു മത്സരങ്ങൾ കണ്ട് ഞാൻ തിരിച്ചെത്തിയതേയുള്ളൂ. സെമിഫൈനൽ, ഫൈനൽ മത്സരങ്ങളുടെ അന്തരീക്ഷം, തീവ്രത, ആവേശം എന്നിവയെല്ലാം അവിശ്വസനീയമാണെന്നു തന്നെ പറയണം. ഈ മത്സരങ്ങളിൽ മെസ്സിയെപ്പോലുള്ള കരുത്തുറ്റ താരങ്ങൾ ഗോളടിക്കാതിരുന്നപ്പോൾ, എംബപ്പയെ പോലുള്ള പുതിയ താരങ്ങൾ ഉയർന്നു വന്നു. പേരു കേട്ട രാഷ്ട്രങ്ങൾ തകർന്നടിഞ്ഞപ്പോൾ മറ്റു രാജ്യങ്ങൾ ഉയർന്നു വന്നു. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത്, പരിശീലനം തുടങ്ങുവാൻ പറ്റിയ പ്രായത്തിലുള്ള ലക്ഷകണക്കിന് കുട്ടികളുള്ളപ്പോൾ, വരാൻ പോകുന്ന വേൾഡ് കപ്പുകളിൽ പങ്കെടുക്കുക എന്നത് സാധ്യമാണെന്നാണ് എനിക്കു തോന്നുന്നത്. അങ്ങിനെയാണെങ്കിൽ ജയം കൈവരിക്കുവാൻ വേണ്ടത് എന്താണ്? വേണ്ടതിൽ ഒന്ന് കഴിവാണ്, മറ്റേത് കഠിനാദ്ധ്വാനമാണ്.

തുറന്ന മനസ്സോടെ കഠിനമായി അധ്വാനിക്കുവാൻ തയ്യാറാണെങ്കിൽ, നിങ്ങൾക്ക് എന്താണോ ആകേണ്ടത് അതായിത്തീരുവാൻ സാധിക്കും.

ഏതു മേഖലയിലായാലും - വലിയ ഫുട്ബോൾ കളിക്കാരനോ, കലാകാരനോ, അഭിനേതാവോ, സംഗീതജ്ഞനോ, മറ്റാരു തന്നെയോ ആകട്ടെ - എന്‍റെ അഭിപ്രായത്തിൽ അയാളുടെ വിജയത്തിന് പിറകിൽ എൺപതു ശതമാനം കഠിനാദ്ധ്വാനവും ഇരുപതു ശതമാനം കഴിവും ആയിരിക്കും. അസാധാരണമായ കഴിവുള്ള വളരെ കുറച്ചു പേർ ഉണ്ടായിരിക്കും; മറ്റെല്ലാവർക്കും മണിക്കൂറുകളോളം പരിശീലനം ചെയ്തേ മതിയാകു. ലോക കപ്പു കളിക്കുവാനുള്ള നിലവാരത്തിലെത്തുവാൻ ഒരു ഫുട്ബോൾ കളിക്കാരന് ആയിരക്കണക്കിന് മണിക്കൂറുകളുടെ പരിശീലനം ആവശ്യമാണ്. ലോകകപ്പിൽ ഒരു ഗോൾ അടിക്കുവാൻ വേണ്ടി അവർ കൊല്ലങ്ങളായി, ദിവസവും, നാല് മുതൽ ആറ് മണിക്കൂർ വരെ പന്ത് തട്ടിക്കൊണ്ടിരിന്നിട്ടുണ്ടാവും.

മഹാന്മാരായ നടന്മാരെ എടുക്കുകയാണെങ്കിൽ രണ്ട് മണിക്കൂർ നേരം സ്റ്റേജിൽ അഭിനയിക്കുവാനായി അവർ പന്ത്രണ്ടോ പതിനഞ്ചോ വർഷങ്ങൾ എല്ലാ ദിവസവും പരിശീലിച്ചിട്ടുണ്ടായിരിക്കും; അതിന്‍റെ ഗുണം കാണുകയും ചെയ്യും. ഒന്നിനും അസാധാരണമായ വൈഭവം ആവശ്യമില്ല. തുറന്ന മനസ്സോടെ കഠിനമായി അധ്വാനിക്കുവാൻ തയ്യാറാണെങ്കിൽ, നിങ്ങൾക്ക് എന്താണോ ആകേണ്ടത് അതായിത്തീരുവാൻ സാധിക്കും. ഞാൻ സ്‌കൂളിൽ പഠിക്കുന്ന കാലത്ത്, നിങ്ങള്‍ക്ക് എന്തു ചെയ്യുവാൻ സാധിക്കും, എന്ത് ചെയ്യുവാൻ സാധിക്കില്ല എന്ന ചോദ്യം ഉയർന്നു വന്നു. എനിക്കതിൽ വിരസത തോന്നി; എന്തെന്നാൽ എനിക്ക് പലതും ചെയ്യുവാൻ ഉണ്ടായിരുന്നു; അതേ സമയം അവരെല്ലാം എന്ത് ചെയ്യണമെന്നതിനെ പറ്റി സംസാരിക്കുക മാത്രമായിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു, "എനിക്ക് വേണ്ടത്ര പണവും സമയവും നൽകുകയാണെങ്കിൽ ഞാൻ ചന്ദ്രനിലേക്ക് ഒരു ഗോവണി പണിയാം." ഞാൻ അഹങ്കാരിയാണെന്നു അവർ വിചാരിച്ചു. ഞാൻ വീണ്ടും പറഞ്ഞു, "ഇതു വരെ അങ്ങിനെയൊരു കാര്യം ആരും ചെയ്തിട്ടില്ലായിരിക്കാം, പക്ഷെ വേണ്ടത്ര പണവും സമയവും ഉണ്ടെങ്കിൽ അത് നടപ്പാക്കുവാൻ സാധിക്കും." അതിനുള്ള അവസരം ലഭിക്കുമോ എന്നതു മാത്രമാണ് പ്രശ്നം. അല്ലെങ്കിൽ ഒരു മനുഷ്യന് ചെയ്യുവാൻ സാധ്യമല്ലാത്തതായി എന്തുണ്ട്?

വിജയം എന്നത് ഒരു പ്രത്യേക നേട്ടത്തിൽ അവസാനിക്കുന്ന ഒരു പ്രക്രിയയല്ല; നിങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നത് നേടുവാനുള്ള അശ്രാന്ത പരിശ്രമമാണ്.

അവസരം ലഭിക്കുമോ ഇല്ലയോ എന്നത് പല സംഗതികളെ ആശ്രയിച്ചിരിക്കും. സന്ദർഭം ലഭിച്ചാൽ നിങ്ങൾ അതിനു തയ്യാറാണോ? അവിടെയാണ് വിജയവും പരാജയവും തമ്മിലുള്ള അന്തരം വരുന്നത്. വിജയിക്കണമെങ്കിൽ ഉത്സാഹവും പ്രയത്നിക്കുവാനുള്ള സന്നദ്ധതയും ആവശ്യമാണ്. ജീവിതത്തെക്കുറിച്ച് ആവേശമുള്ള ഒരാൾക്ക് വെറുതെ കളയുവാൻ സമയമുണ്ടാകില്ല. എപ്പോഴും എന്തെങ്കിലും ചെയ്യുവാൻ ഉണ്ടായിരിക്കും. അത് എപ്പോഴും അവന്‍റെ ജോലിയായിരിക്കണമെന്നില്ല. നിങ്ങൾക്കിഷ്ടമുള്ള കാര്യം ചെയ്യുമ്പോൾ അത് ഒരു ജോലിയായി തോന്നുകയില്ല. അത് ഒരിക്കലും ഒരു ഭാരമായി തോന്നിക്കുകയില്ല. ഇഷ്ടപ്പെട്ടു ചെയ്യുകയാണെങ്കിൽ ഇരുപത്തിനാലു മണിക്കൂറും അതു ചെയ്യുവാൻ നിങ്ങൾ തയ്യാറായിരിക്കും. വ്യത്യസ്തമായ എന്തെങ്കിലും ഒന്ന് ചെയ്യണമെന്ന് തോന്നുന്നുണ്ടെങ്കിൽ - വായിക്കുകയോ, പാട്ടു പാടുകയോ, നൃത്തം വെക്കുകയോ, കളിക്കുകയോ, എന്തെങ്കിലും സൃഷ്ടിക്കുകയോ, പുതിയതായി എന്തെങ്കിലും കണ്ടുപിടിക്കുവാൻ ശ്രമിക്കുകയോ - ആകട്ടെ, അതു നല്ലതാണ്. പക്ഷെ വെറുതെ നിൽക്കുകയാണെങ്കിലോ? നിങ്ങളുടെ ശരീരവും ബുദ്ധിയും അവയുടെ കഴിവിന്‍റെ പരമാവധി പ്രവർത്തിക്കുവാൻ തക്കവണ്ണം ഉപയോഗിക്കണം.

നിങ്ങൾക്ക് ഒന്നും ചെയ്യുവാനില്ല എങ്കിൽ നിങ്ങളുടെ ജീവിതം സ്തംഭനത്തിലായി എന്നാണർത്ഥം. അങ്ങിനെയൊരു കാര്യം നിങ്ങൾക്കുണ്ടാകരുത് എന്നു ഞാൻ ആശിക്കുന്നു. നിങ്ങൾ ഒരു നദിയെ പോലെ ഒഴുകി കൊണ്ടിരിക്കുകയാണെങ്കിൽ, എന്തെങ്കിലും എപ്പോഴും ചെയ്യുവാൻ ഉണ്ടായിരിക്കും. നിങ്ങൾ അത് അറിയുന്നതിന് മുൻപ് തന്നെ ജീവിതം അവസാനിച്ചിരിക്കും. നിങ്ങൾ നൂറു വയസ്സ് വരെ ജീവിക്കുകയും, മുഴുവൻ സമയവും പണിയെടുത്തു കൊണ്ടിരിക്കുകയും ചെയ്‌താൽ പോലും, മനുഷ്യന്‍റെ ബുദ്ധിയുടെയും മനസ്സിന്‍റെയും എല്ലാ ഭാഗങ്ങളും മനസ്സിലാക്കുവാൻ സാധ്യമല്ല. ഇപ്പോഴത്തെ സമയം പ്രവർത്തിക്കുവാനുള്ളതാണ്; വിശ്രമിക്കുവാനുള്ളതല്ല. നിങ്ങളെ ഞങ്ങൾ ശവക്കുഴിയിൽ വെച്ചു കഴിയുമ്പോൾ വിശ്രമിക്കുവാനുള്ള സമയം ലഭിക്കും. വിജയം എന്നത് ഒരു പ്രത്യേക നേട്ടത്തിൽ അവസാനിക്കുന്ന ഒരു പ്രക്രിയയല്ല; നിങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നത് നേടുവാനുള്ള അശ്രാന്ത പരിശ്രമമാണ്.

സ്നേഹവും  അനുഗ്രഹങ്ങളും

Love & Grace